TopTop

സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍

സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍
മലയാളത്തിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളായ സുഭാഷ് ചന്ദ്രന്‍ എഴുതിയ 'സമുദ്രശില' വായനക്കാരിലേക്ക് എത്തുന്നതിനിടെ വിവാദമായിരിക്കുകയാണ്. നോവലിലെ ഏതെങ്കിലുമൊരു ഭാഗമോ പരാമര്‍ശമോ ഒന്നുമല്ല ഇവിടെ വിവാദമായിരിക്കുന്നത്. പകരം, സുഭാഷ് ചന്ദ്രന്‍ തന്നെ നോവലിനെ വിവരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്ത 'സമുദ്രശിലയുടെ പെണ്‍കാമന' എന്ന പരിപാടിയിലെ എഴുത്തുകാരന്റെ തന്നെ ഒരു പരാമര്‍ശമാണ് വിവാദത്തിലാകുന്നത്.

''സമുദ്രശില' വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കല്ലില്‍ പോയി ഒരു രാത്രി, ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സര്‍വതന്ത്രസ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു, അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില് ഡൗണ്‍ സിന്‍ട്രോം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള് പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്''(മിനിറ്റ് 16.00 മുതല്‍ 18 വരെ) എന്നാണ് പ്രസ്തുത പ്രസ്താവന. വിവാഹത്തിന് പത്തു ദിവസം മുമ്പ് നോവലിലെ പ്രധാന കഥാപാത്രമായ അംബ കാമുകനുമൊത്ത് വെള്ളിയാങ്കല്ലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു എന്ന കാര്യം നോവലില്‍ പറയുന്നുണ്ട്. എന്നാല്‍ ഓട്ടിസ്റ്റിക് ആയ കുട്ടി ഉണ്ടായത് ഭര്‍ത്താവില്‍ നിന്നാണെന്നും ആ ദാമ്പത്യ ജീവിതം തിക്തമായ അനുഭവമാണെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കാമുകനുമൊത്തുള്ള സന്തോഷകരമായ രീതിയില്‍ അല്ല ഒട്ടിസ്റ്റിക് ആയ കുട്ടി ഉണ്ടായതെന്നും മറിച്ച് അങ്ങനെയല്ലാതെ ഭര്‍ത്താവുമൊത്തുള്ള രീതിയിലാണെന്നും പറയുന്നതിലൂടെ തന്റെ സിദ്ധാന്തത്തിന് അടിവരയിടുകയാണ് സുഭാഷ് ചന്ദ്രന്‍ ചെയ്യുന്നത് എന്നാണ് വിമര്‍ശനം ഉയരുന്നത്. നോവലിനെ വിവരിക്കാന്‍ എഴുത്തുകാരന്‍ ശാസ്ത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്തിനാണെന്ന ചോദ്യവുമായി ഡോക്ടര്‍മാരും രംഗത്തെത്തുകയാണ്.

സുഭാഷ് ചന്ദ്രന്റെ നോവലിന് ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. നോവലില്‍ സൃഷ്ടിച്ച സാഹചര്യം എഴുത്തുകാരന്റെ ചിന്തയില്‍ നിന്നുണ്ടായതാണ്. അത് അദ്ദേഹത്തിന്റെ ആര്‍ട്ടാണ്. എന്നാല്‍ അതിന് തെറ്റായ രീതിയില്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ എസ്എസ് പറയുന്നു. കാരണം അയാള്‍ ഒരു ശാസ്ത്രജ്ഞനുമല്ല, ശാസ്ത്രവുമായി ഒരു ബന്ധമുള്ള മനുഷ്യനുമല്ല. ഈ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. നോവലില്‍ കുട്ടിയ്ക്ക് ഓട്ടിസമുണ്ടെങ്കില്‍ അത് സാഹിത്യത്തിന്റെ ഭാഗം മാത്രമാണ്. അതിനെ ന്യായീകരിക്കാന്‍ ഓട്ടിസത്തെ കൂട്ടുപിടിക്കരുതായിരുന്നു. മോഹനന്‍ വൈദ്യര്‍ ചെയ്യുന്നത് തന്നെയാണ് സുഭാഷ് ചന്ദ്രന്‍ ഇവിടെ ചെയ്തിരിക്കുന്നത്. അല്ലാതെ മറ്റെന്താണ് പറയേണ്ടത്. സന്തോഷമായി രതിയിലേര്‍പ്പെട്ടാല്‍ മിടുക്കനായ പുത്രന്‍ ഉണ്ടാകുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമല്ലേ? ജനിക്കുന്നത് പുത്രിയോ അല്ലെങ്കില്‍ പൂര്‍ണആരോഗ്യവാനായ കുട്ടിയോ അല്ലെങ്കില്‍ രതി സന്തോഷകരമായിരുന്നില്ലെന്നാണോ ഇയാള്‍ ഉദ്ദേശിക്കുന്നത്. സന്തോഷകരമല്ലാത്ത ബന്ധത്തിലുണ്ടാകുന്ന കുട്ടികളെല്ലാം ഓട്ടിസം ബാധിച്ചവരാണെന്നാണോ ഇയാള്‍ വിചാരിക്കുന്നത്. സുഭാഷ് ചന്ദ്രന് എന്തും എഴുതാം. എന്നാല്‍ അതിന്റെ ആധികാരികതയ്ക്കായി യാതൊരു വിവരവുമില്ലാതെ എന്തിനാണ് ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സമൂഹത്തിലെ ഉത്തരവാദിത്വപ്പെട്ട ഒരാളില്‍ നിന്നും ഇത്തരമൊരു അസംബന്ധം പുറത്തുവരുന്നത് ഒരു ക്രിമിനല്‍ക്കുറ്റമായി കണക്കാക്കണമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥിനി വീണ ജെ എസ് പറയുന്നത്. തന്റെ കഥാപാത്രത്തിന്റെ ഓട്ടിസ്റ്റിക് അവസ്ഥയെ ന്യായീകരിക്കാന്‍ ഇത്തരം അബദ്ധങ്ങളൊന്നും ഒരു എഴുത്തുകാരനും സമൂഹത്തോട് വിളിച്ചുപറയരുത്. പ്രത്യേകിച്ചും ഓട്ടിസം എന്ന അവസ്ഥയുടെ കാരണങ്ങള്‍ ഇന്നും കണ്ടെത്താത്ത അവസ്ഥയില്‍. ഓട്ടിസ്റ്റിക് എന്ന് മാത്രമല്ല, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഏതൊരു കുട്ടിയോടും പല ആളുകള്‍ക്കും മോശം സമീപനമാണ് ഉള്ളത്. ഡോക്ടറെന്നതിനേക്കാള്‍ ശാസ്ത്രം പിന്തുടരുന്ന ഒരു മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഈ വിഷയത്തെ നോക്കിക്കാണുന്നതെന്നും അവര്‍ പറയുന്നു. വ്യക്തിപരമായി ഈ പ്രസ്താവന വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. ശാസ്ത്രത്തെ മുന്‍നിര്‍ത്തി റദ്ദ് ചെയ്യാന്‍ പറ്റുന്ന ഒരു പ്രസ്താവനയല്ല അത്. ഇത്തരത്തിലുള്ള വാക്കുകള്‍ പറയുന്നവര്‍ ഇനിയും ഇതൊക്കെ തന്നെ പറഞ്ഞുകൊണ്ടിരിക്കും. മാനവികത എന്തെന്നത് ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹമായി മാറിയാല്‍ മാത്രമേ നമുക്ക് ഇതിനെയൊക്കെ മാറ്റിനിര്‍ത്താന്‍ സാധിക്കൂ. വ്യക്തിപരമായ സംഭാഷണങ്ങളില്‍ ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയാല്‍ അത് സമൂഹത്തെ യാതൊരു വിധത്തിലും ബാധിക്കണമെന്നില്ല. എന്നാല്‍ വലിയൊരു എഴുത്തുകാരന്‍ വലിയൊരു പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ഇത് വിളിച്ചുപറയുമ്പോള്‍ അത് വിശ്വസിക്കാനും കുറെ ആളുകള്‍ കാണും.

സ്ത്രീകളെ എല്ലാത്തിലും കുറ്റപ്പെടുത്തുന്ന ഒരു സമൂഹം കൂടിയാണ് ഇത്. ഒരു കുട്ടി മോശമായി ജനിച്ചുകഴിഞ്ഞാല്‍ അവളുടെ കുറ്റമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിലേക്കാണ് ഇത്തരം പ്രസ്താവനകള്‍ എത്തുന്നതെന്ന് കൂടി ഓര്‍ക്കണമെന്നും ഡോ. വീണ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ അപമാനിക്കുന്നതും ഇതില്‍ ശ്രദ്ധേയമാണ്. സാധാരണ കുടുംബങ്ങളിലേക്ക് ഇതെത്തുമ്പോള്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. ഇത്തരം കുട്ടികള്‍ ജനിക്കുമ്പോള്‍ അവിടെ സ്ത്രീ ഒറ്റപ്പെടാനും ചിലപ്പോള്‍ കുട്ടികളെ കൊല്ലാന്‍ തന്നെയും ഈ പ്രസ്താവന കാരണമാകും. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇത് സൃഷ്ടിക്കുക. മാനവികത കൊണ്ട് മാത്രമാണ് ഇതിനെ തരണം ചെയ്യാനാകുക. ശാസ്ത്രത്തെ കൂട്ടുപിടിക്കുകയെന്നത് വലിയൊരു മാര്‍ക്കറ്റിംഗ് തന്ത്രം കൂടിയാണ്. എന്തും വാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന കേരള സമൂഹത്തില്‍ ഇതുപോലുള്ള കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ വിറ്റുപോകുമെന്ന് ഉറപ്പാണ്. അത് സുഭാഷ് ചന്ദ്രനെന്നല്ല, തന്ത്രമുള്ള ഏതൊരാള്‍ക്കും അക്കാര്യം ഉറപ്പാണ്. ഓട്ടിസത്തിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നത് അത്യാവശ്യം വായനയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്ര വിവരം ഇല്ലാത്ത ആളൊന്നുമല്ലല്ലോ സുഭാഷ് ചന്ദ്രന്‍? സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരാള്‍ ഇത്തരമൊരു വിവാദത്തിലൂടെ മാര്‍ക്കറ്റിംഗ് നടത്തുമ്പോള്‍ അതില്‍ കുറ്റകൃത്യ മനോഭാവം കൂടിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദാമ്പത്തിക ബന്ധത്തില്‍ തന്നെ ബലാത്സംഗം നടക്കുന്നുവെന്ന ഒരുപാട് കേസുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അതില്‍ നല്ല കുഞ്ഞുങ്ങള്‍ ഒരുപാട് ജനിക്കുന്നുണ്ടെന്നും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല ചൂണ്ടിക്കാട്ടുന്നു. അതിനെ സുഭാഷ് ചന്ദ്രന്‍ എങ്ങനെ കാണുമെന്നും കല ചോദിക്കുന്നു. സുഭാഷ് ചന്ദ്രന്റെ വ്യക്തിത്വത്തെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും കല വ്യക്തമാക്കി. രാഷ്ട്രീയത്തിലും കലാസാഹിത്യത്തിലുമെല്ലാം ഇവരെ പോലുള്ള ധാരളം വ്യക്തികളുണ്ട്. പടികള്‍ കയറിക്കയറി മുകളിലെത്തുമ്പോള്‍ പിന്നീട് അവര്‍ക്കൊരു തിമിരം ബാധിക്കുകയാണ്. ഒരുതരം വിഭ്രാന്തിപോലെയാകും ഇവര്‍ക്ക്. യഥാര്‍ത്ഥത്തില്‍ ബോധമില്ലാത്ത അവസ്ഥയില്‍ സംസാരിക്കുന്നതാണ് അത്. എന്തെങ്കിലും ആകണം എന്ന ആഗ്രഹത്തില്‍ നിന്നും തുടങ്ങി കരുതുന്നതിനും അപ്പുറത്തേക്ക് എത്തിക്കഴിയുമ്പോള്‍ പിന്നെ പറയുന്നതിനും ഒന്നുമൊരു ബോധമുണ്ടാകില്ല. അത് ഒഴിവാക്കാനായി അവനവന്‍ തന്നെ ചിന്തിച്ചില്ലെങ്കില്‍ ഇതുപോലുള്ള ഒരുപാട് ദുരന്തങ്ങളുണ്ടാകുമെന്നും കല പരിഹസിക്കുന്നു. ഇയാളെ ആരാധിക്കുന്ന എത്രയോ പേരുണ്ട്? വന്ന വഴി മറന്നുപോകുകയെന്നതാണ് ഇവര്‍ക്ക് സംഭവിക്കുന്നത്. തുടക്കക്കാരായിരിക്കുമ്പോള്‍ എല്ലാത്തിനോടും വൈകാരികതയും സഹാനുഭൂതിയുമെല്ലാം കാണും. എന്നാല്‍ പിന്നീട് ഉയരങ്ങള്‍ കയറുമ്പോള്‍ പിന്നെ സഹാനുഭൂതിയെന്ന സംഭവമേയുണ്ടാകില്ല. പിന്നെ എന്തും പറയാനും അതിലൂടെ പബ്ലിസിറ്റി നേടാനും അത് നിലനിര്‍ത്താനുമാണ് ഇവര്‍ നോക്കുന്നത്- അവര്‍ വ്യക്തമാക്കി.

also read:സ്ത്രീ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയപുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഓട്ടിസ്റ്റിക് ആയ കുട്ടിയുണ്ടാകില്ലെന്ന് സുഭാഷ് ചന്ദ്രന്‍

Next Story

Related Stories