UPDATES

ട്രെന്‍ഡിങ്ങ്

വയൽക്കിളികളെ വിഴുങ്ങാൻ വെട്ടുക്കിളികളെ അനുവദിക്കാതിരിക്കുക

വയൽ നികത്തി ബൈപാസ് പണിയുന്നതിന് ഞാൻ എതിരല്ല, പക്ഷെ എത്ര കുറച്ചു നികത്താമോ അത്രയും നികത്തുക എന്നതായിരിക്കണം വേണ്ടത്

പരിസ്‌ഥിതി അപകടാവസ്‌ഥയിൽ എത്തി നിൽക്കുന്ന അവസ്‌ഥയിൽ മനുഷ്യൻ അതിനെക്കുറിച്ച് പറയുമ്പോൾ പണ്ടെങ്ങനെ ആയിരുന്നു എന്ന ചോദ്യം എന്നെ സംബന്ധിച്ച് അസംബന്ധമാണ്. എന്നുവച്ചാൽ മലബാർ കുടിയേറ്റം കുടിയേറ്റ പരമ്പരയിൽപ്പെട്ട എനിക്ക് സ്വീകാര്യമാണ്, പക്ഷെ ഇന്ന് അത്തരമൊരു കുടിയേറ്റത്തെ ഞാൻ അനുകൂലിക്കില്ല.

ബാക്കിയുള്ള തണ്ണീർത്തടങ്ങളും ചതുപ്പുകളും വയലുകളും സംരക്ഷയ്ക്കപ്പെടണം എന്നുതന്നെയാണ് നിലപാട്. പക്ഷെ അതുചെയ്യുമ്പോഴും മനുഷ്യരുടെ അത്യാവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. കേരളത്തിന്റെ തെക്കുമുതൽ വടക്കുവരെ വൃത്തിയായ ഒരു നാലുവരിപ്പാത എന്നത് ആർഭാടമല്ല. എന്നുമാത്രമല്ല, അത് വരാതിരിക്കുന്തോറും ഫോസിൽ fuel കൂടുതൽ കത്തിച്ചു കൂടുതൽ അപകടം ഉണ്ടാക്കുകയായിരിക്കും ചെയ്യുക.

അതുകൊണ്ടു വയൽ നികത്തി ബൈപാസ് പണിയുന്നതിന് ഞാൻ എതിരല്ല, പക്ഷെ എത്ര കുറച്ചു നികത്താമോ അത്രയും നികത്തുക എന്നതായിരിക്കണം വേണ്ടത്. (ഏട്ടനെ വേദനിപ്പിക്കാതെ കൊല്ലണേ എന്ന് പറഞ്ഞ തമ്പുരാട്ടിയുടെ അതേ മനസ്സ്) വേറെ ഏതെങ്കിലും ഓപ്‌ഷനുണ്ടെങ്കിൽ വയൽ നികത്തുകയുമരുത്. നീരൊഴുക്ക് തടയുന്ന രീതിയിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിനോട് യോജിപ്പില്ല.

ഇപ്പോൾ കേൾക്കുന്നതനുസരിച്ച് നീരൊഴുക്ക് തടയാതെ ഒരു കിലോമീറ്ററോളം ആകാശപ്പാത നിർമ്മിച്ച് ബാക്കി നികത്തുക എന്നത് നടപ്പാക്കാവുന്ന ഒരു ഓപ്‌ഷനായി തോന്നുന്നു. അല്ലെങ്കിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നിർദ്ദേശിച്ച ഓപ്‌ഷൻ കൂടി പരിഗണിക്കുക. അവിടെ വീടുകൾ കുറച്ച് പൊളിക്കേണ്ടിവരും എന്ന് തോന്നുന്നു.അവർക്കു ന്യായവുമായ നഷ്ടപരിഹാരം ഉറപ്പുവരുത്താൻ പറ്റിയാൽ അതും പരിഗണിക്കാവുന്നതാണ്. (നിതിൻ ഗഡ്കരിയുടെ പല പത്രസമ്മേളനങ്ങൾ ഞാൻ സംബന്ധിച്ചിട്ടുണ്ട്. നഷ്ടപരിഹാരകാര്യത്തിൽ ഒരു പിശുക്കും കാണിക്കില്ല, പക്ഷെ നിങ്ങൾ സ്‌ഥലം എടുക്കൂ എന്ന് പല പ്രാവശ്യം അദ്ദേഹം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആൾ കാര്യങ്ങൾ നടത്തിയയെടുക്കാൻ മിടുക്കനാണ്)

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

ചുരുക്കത്തിൽ,
ഒന്ന്: മുഴുവനായി നികത്തി നീരൊഴുക്ക് തടയുന്ന നിർമ്മാണത്തോട് യോജിപ്പില്ല
രണ്ട്: ഇപ്പോൾ കേൾക്കുന്ന രൂപത്തിൽ ഒരു കിലോമീറ്ററോളം ആകാശപാത നിർമ്മിച്ച് ബാക്കി നികത്തുന്നത് പരിഗണിക്കേണ്ട ഓപ്‌ഷനാണ്.
മൂന്ന്: ശാസ്ത്ര സാഹിത്യ പരിഷത്ത് നിർദ്ദേശിച്ച മറ്റൊരു ഓപ്‌ഷൻ ഉണ്ടെങ്കിൽ അതും പരിഗണിക്കണം. പ്രകൃതിയെ തൊടാൻ പാടില്ലാ എന്നൊരു നിലപാടില്ല. തൊട്ടാൽ പിന്നെ മറ്റൊന്നും നോക്കില്ല എന്നൊരു നിലപാടും ഇല്ല.
നാല്: വയൽക്കിളികളോട് അന്നും ഇന്നും അനുഭാവമാണ്. അവിടെ ഒരു വിഷയമുണ്ടെന്നും, മറ്റു മാർഗ്ഗങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും സമൂഹത്തെയും സർക്കാരിനെയും ബോധ്യപ്പെടുത്തിയത് അവരാണ്.

എത്രവേണമെങ്കിലും വയൽ നികത്താം എന്ന തോന്നൽ ഭരണകൂടത്തിന് ഉണ്ടാകരുതല്ലോ. പക്ഷെ ആകാശപാത പോലും അനുവദിക്കില്ല എന്ന് പറയുമ്പോൾ വയൽക്കിളികളുടെ അജണ്ട വെട്ടുകിളികൾ തട്ടിയെടുത്തു എന്നൊരു തോന്നലുണ്ട്. ഇന്നലെ പറന്നെത്തിയ ചിലരെ കണ്ടപ്പോൾ അതൊന്നുകൂടെ കനത്തു. പുറത്തുനിന്നുവരുന്നവർ സമരം ചെയ്യരുതെന്ന നിലപാട് അസംബന്ധമാണ്; പക്ഷെ വരുന്നവരുടെ അജണ്ട എന്താണ് എന്ന്കൂടി പരിശോധിച്ചിട്ടു കൂടെ കൂട്ടുന്നതായിരിക്കും അവർക്കും നാടിനും മെച്ചം.

വയൽക്കിളികളെ വിഴുങ്ങാൻ വെട്ടുക്കിളികളെ അനുവദിക്കാതിരിക്കുക.

(കെ ജെ ജേക്കബ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍