UPDATES

സോഷ്യൽ വയർ

‘പ്രയാസങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ, അതൊന്നും പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ തടസ്സപ്പെടുത്തില്ല’; മൂന്നു മാസത്തെ ക്ഷേമ പെന്‍ഷന്‍ തുക വിതരണത്തിന് നല്‍കിയെന്ന് ധനമന്ത്രി

മൂന്നു മാസത്തെ പെന്‍ഷന്‍ തുക സര്‍ക്കാര്‍ വിതരണത്തിനായി നല്‍കിക്കഴിഞ്ഞുവെന്നകാര്യം അഭിമാനത്തോടെ എല്ലാവരെയും അറിയിക്കുകയാണ്.

പ്രളയം കേരളത്തെ ഉലച്ചെങ്കിലും ഓണമെത്തും മുന്‍പേ ക്ഷേമ പെന്‍ഷനുകള്‍ എത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക്കാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പങ്കു വെച്ചത്. പ്രയാസങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ, അതൊന്നും നാട്ടിലെ പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കരുതെന്നും ഇടതുപക്ഷ മുന്നണിയുടെ വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ കഠിനമായിത്തന്നെ പരിശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രയാസങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ, അതൊന്നും നാട്ടിലെ പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കരുത്. ഇടതുപക്ഷ മുന്നണിയുടെ ഈ വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ കഠിനമായിത്തന്നെ പരിശ്രമിക്കുകയാണ്. ഏറ്റവും വലിയ നടപടി സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളാണ്. മൂന്നു മാസത്തെ പെന്‍ഷന്‍ തുക സര്‍ക്കാര്‍ വിതരണത്തിനായി നല്‍കിക്കഴിഞ്ഞുവെന്നകാര്യം അഭിമാനത്തോടെ എല്ലാവരെയും അറിയിക്കുകയാണ്.

പെന്‍ഷന്‍ വിതരണം എല്ലാവര്‍ക്കും അറിയുന്നതുപോലെ മൂന്ന് തരത്തിലാണ് നടക്കുന്നത്. ബാങ്ക് അക്കൌണ്ടുകളില്‍ പെന്‍ഷന്‍ ആവശ്യപ്പെട്ടവര്‍ക്ക് ഡയറക്ട് ബെനിഫിഷ്യറി ട്രാന്‍സ്ഫറായിട്ടാണ് പെന്‍ഷന്‍ നല്‍കുന്നത്. വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ നേരിട്ട് എത്തിക്കുമെന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പോസ്റ്റോഫീസും മറ്റും വഴിയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം സമ്പൂര്‍ണ്ണമായും താളംതെറ്റിയ ഘട്ടത്തിലാണല്ലോ ഇടതുമുന്നണി സര്‍ക്കാര്‍ ചുമതലയേറ്റത്. പല വഴികളും ആലോചിച്ചു. ഒടുവില്‍ കണ്ടെത്തിയതാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ (PACS) വഴിയുള്ള പെന്‍ഷന്‍ വിതരണ സമ്പ്രദായം.

ഏറ്റവും ഫലപ്രദമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നത് ഈ PACS ശ്രംഖലയുടെ കാര്യക്ഷമതമൂലമാണ്. സഹകരണ പ്രസ്ഥാനം എത്രമേല്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട് നമ്മുടെ നാട്ടില്‍ എന്നതുകൂടി തെളിയിച്ചതായിരുന്നു കഴിഞ്ഞ പ്രളയകാലത്തെ പെന്‍ഷന്‍ വിതരണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തിരിച്ചറിയല്‍ നടത്തി ഒരു പരാതിക്കുപോലും ഇടനല്‍കാതെ ആ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കി. ഇങ്ങനെ ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നേരിട്ട് വീടുകളില്‍ എത്തിക്കുന്ന (Direct to Home) സമ്പ്രദായമാണ് മറ്റൊരു രീതി. സാമൂഹ്യക്ഷേമ ബോര്‍ഡുകള്‍ തങ്ങളുടെ അംഗങ്ങള്‍ക്കു നല്‍കുന്ന പെന്‍ഷനാണ് മറ്റൊന്ന്. ഇത് ബാങ്കു വഴിയുമുണ്ട്. നേരിട്ടു നല്‍കുന്നവയുമുണ്ട്. ഇവയ്ക്കും നല്ലൊരു പങ്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ചെലവ് നല്‍കുകയാണ് ചെയ്യുന്നത്.

ബാങ്കുകള്‍ വഴി ഇത്തവണ 23,50,838 പേര്‍ക്കാണ് പെന്‍ഷന്‍ അയച്ചിട്ടുള്ളത്. ഇതിന് ആവശ്യമായ 825,27,31,800 രൂപ ആഗസ്റ്റ് 30 ന് ബാങ്കിന് കൈമാറിക്കഴിഞ്ഞു. 31 മുതല്‍ ഗുണഭോക്താക്കള്‍ക്ക് അക്കൌണ്ടുകളില്‍ എത്തിത്തുടങ്ങും. PACS വഴി 21,18,895 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതിനു വേണ്ടത് 753,76,55,600 രൂപയാണ്. ഇത് ആഗസ്റ്റ് 27നു തന്നെ കൈമാറിത്തുടങ്ങി. ചുമതലയുള്ള സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്കാണ് സര്‍ക്കാര്‍ പണം കൈമാറുക. ഓരോ തദ്ദേശഭരണ പ്രദേശത്തും ഏതേത് സംഘമാണ് പെന്‍ഷന്‍ വിതരണമെന്നത് ചിട്ടപ്പെടുത്തി ഉത്തരവുണ്ട്. ഇതിനോടകം കുറ്റമറ്റതെന്ന് തെളിയിക്കപ്പെടുന്ന നിശ്ചിത സംവിധാനത്തിലൂടെ ഈ ജോയിന്റ് രജിസ്ട്രാര്‍മാരാണ് സംഘങ്ങള്‍ക്ക് പണം കൈമാറുന്നത്. ബാങ്കിലെ ജീവനക്കാര്‍ അവരുടെ അധിക ജോലിയായി പെന്‍ഷന്‍ വീടുകളില്‍ എത്തിക്കും. വിതരണത്തിന്റെ കണക്കും സെറ്റില്‍മെന്റുമെല്ലാം നടത്താന്‍ നിശ്ചിത സോഫ്ട് വെയര്‍ ക്രമീകരണമുണ്ട്. തദ്ദേശഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെന്‍ഷന്‍ സെല്ലും ഐകെഎംന്റെ കമ്പ്യൂട്ടര്‍ സെല്ലും അതാത് ദിവസം തന്നെ ഇവ ക്രോഡീകരിച്ച് ധനകാര്യ വകുപ്പിനു നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസവും മറ്റും കൈകാര്യം ചെയ്യുന്ന ധനവകുപ്പിലെ എസ്.എഫ്.സി ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനം.

ആഗസ്റ്റ് 29 വരെ ഒത്തുനോക്കിയ വിതരണ കണക്കുകള്‍ എന്റെ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. ഒരു ദിവസംകൊണ്ട് 1,80,279 പേര്‍ക്ക് പണം നല്‍കി കണക്കും ഹാജരാക്കി. ഇനിയുള്ള ഓരോ ദിവസവും ഈ മോണിറ്ററിംഗ് കൃത്യമായി നടക്കും. വലിയ തുകയാണ് ഈ ശ്രംഖല കൈകാര്യം ചെയ്യുന്നത്. ഗണ്യമായ ഒരു പരാതിയും ഇന്നേവരെ ഉണ്ടായില്ല. പണം ദുരുപയോഗം ചെയ്തതിന്റെയോ മറ്റോ പരാതികള്‍ ഉണ്ടായില്ലായെന്നത് അഭിമാനകരമാണ്. സഹകരണസംഘ ശ്രംഖലയിലെ മുഴുവന്‍ പേരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ആകെ 44,69,733 പേര്‍ക്കാണ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഇത്തവണ നല്‍കിയത്. 1579,03,87,400 രൂപ ഇതിനോടകം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.

ഇനിയുള്ളത് ക്ഷേമബോര്‍ഡുകള്‍ക്കുളള പെന്‍ഷന്‍ സഹായമാണ്. 226 കോടി രൂപയാണ് ഇതിനു വേണ്ടത്. ഇന്ന് (31ന്) ഇത് ബന്ധപ്പെട്ട ബോര്‍ഡുകളുടെ അക്കൌണ്ടുകളിലേയ്ക്ക് കൈമാറും. അവര്‍ വിതരണത്തിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കയര്‍, മത്സ്യം തുടങ്ങിയ പ്രധാന ക്ഷേമബോര്‍ഡുകളെല്ലാം ബഹുഭൂരിപക്ഷം പേര്‍ക്കും ബാങ്ക് അക്കൌണ്ടുകളിലേയ്ക്ക് നേരിട്ട് പണം നല്‍കുകയാണ് ചെയ്യുന്നത്. ഏതാണ്ട് 10 ലക്ഷത്തിനടുത്താണ് ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഈ വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും പെന്‍ഷന്‍ കൈകളിലെത്തും.

ഇതര വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഓണക്കാലത്തു നല്‍കുന്ന ആനുകൂല്യങ്ങളും ഒന്നൊന്നായി വിതരണം പുരോഗമിക്കുകയാണ്. കൂട്ടത്തില്‍ പറയട്ടെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, ഓണം അഡ്വാന്‍സ് എന്നിവയെല്ലാം നിശ്ചയിച്ച പ്രകാരം തന്നെ അവരുടെ അക്കൌണ്ടുകളിലെത്തും. മാന്ദ്യകാലമെന്നു പറഞ്ഞ് മലയാളിക്ക് മാവേലിയെ വരവേല്‍ക്കാതിരിക്കാനാകില്ലല്ലോ. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ഓണം ആശംസിക്കുന്നു.

Read More :42 വര്‍ഷം കൊണ്ടു പണിത കനാല്‍ 14 മണിക്കൂറുകൊണ്ട് തകര്‍ന്ന് ഒലിച്ചുപോയി; എലിമാളങ്ങളാണ് കാരണമെന്ന് അധികൃതര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍