UPDATES

ട്രെന്‍ഡിങ്ങ്

ബല്‍റാം നിങ്ങളിത്ര ബോറനാണെന്ന് കരുതിയില്ല; അഴിമുഖത്തിലെ അനുഭവക്കുറിപ്പ് ചൂണ്ടിക്കാട്ടി ഐസകിന്റെ മറുപടി

ആദ്യത്തെ നിങ്ങളുടെ കമന്റ് ഒരു ചെറുഗ്രൂപ്പിലെ വീണ്ടുവിചാരമില്ലാത്ത ഒരാളുടെ ലൈംഗീക തമാശ ആയേ കണ്ടുള്ളൂ

കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെയും ഭാര്യയും മുന്‍ മന്ത്രിയുമായ സുശീല ഗോപാലനെയും അധിക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിനെ വിമര്‍ശിച്ച് ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് രാവിലെ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് ഐസക് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. സഖാവ് ഭഗീരഥി അമ്മ അഴിമുഖത്തോട് പങ്കുവച്ച അനുഭവസാക്ഷ്യമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മിസ്റ്റര്‍ ബല്‍റാം നിങ്ങളിത്ര ബോറനാണെന്ന് കരുതിയില്ല എന്നും വയലാര്‍ രവിയുടെ അമ്മയുടെ വീട്ടില്‍ സഖാവ് എകെജി ഒളിവില്‍ ഇരുന്നതിന്റെ ഒരു അനുഭവസാക്ഷ്യം അഴിമുഖത്തില്‍ വന്നത് വായിച്ചോളൂ എന്നാണ് ഐസക് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

മിസ്ടര്‍ ബല്‍റാം , നിങ്ങള്‍ ഇത്ര ബോറനാണെന്ന് കരുതിയില്ല. ആദ്യത്തെ നിങ്ങളുടെ കമന്റ് ഒരു ചെറുഗ്രൂപ്പിലെ വീണ്ടുവിചാരമില്ലാത്ത ഒരാളുടെ ലൈംഗീക തമാശ ആയേ കണ്ടുള്ളൂ. പക്ഷെ പിന്നീടാണ് മനസ്സിലായത് പഠിച്ചും തെളിവുകള്‍ എല്ലാം കണ്ടെത്തിയുമുള്ള ഒരു ഒളിഞ്ഞുനോട്ടമായിരുന്നു അതെന്ന്. നിങ്ങളോട് പ്രതികരിച്ച കെ ജെ ജേക്കബ്, കെ എ ഷാജി , ദീപ നിഷാന്ത് എന്നിവരുടെ പോസ്റ്റുകള്‍ ഒന്ന് കൂട്ടിവായിക്കൂ. ഇനി കൂടുതല്‍ വായനയ്ക്ക് തയ്യാര്‍ ആണെങ്കില്‍ വയലാര്‍ രവിയുടെ അമ്മയുടെ വീട്ടില്‍ സഖാവ് എ കെ ജി ഒളിവില്‍ ഇരുന്നതിന്റെ ഒരു അനുഭവ സാക്ഷ്യം അഴിമുഖം പോര്‍ട്ടലില്‍ വന്നത് കൂടി വായിച്ചോളൂ .
———————————————————————————–

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു
———————————————————————————-

സര്‍ സിപിയുടെ പട്ടാളത്തോക്കുകള്‍ വയലാറിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരുടെ ഇടനെഞ്ചു നോക്കി ഗര്‍ജ്ജിച്ചതിനു സാക്ഷികളായാവരില്‍ ബാക്കിയാവുന്നവരിലൊരാളാണ് സഖാവ് ഭാഗീരഥിയമ്മ. പ്രായത്തിന്റെ അവശതയിലും മനസിലെ വിപ്ലവവീര്യം ചോരാത്ത സഖാവ്. കൃഷ്ണപിള്ളയും എകെജിയുമൊക്കെ ഇന്നും സിരകളിലെ ഊര്‍ജ്ജപ്രവാഹമാണ് ഭാഗീരഥിയമ്മയ്ക്ക്. അതുകൊണ്ട് തന്നെ വി.ടി ബല്‍റാം എംഎല്‍എ, എകെജിയെ കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സഖാവ് ഭാഗീരഥിയമ്മയുടെ ശബ്ദം വിറച്ചിരുന്നു…

മനുഷ്യനെ അറിഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു സഖാവ് എകെജി. ആ സഖാവിനെ കുറിച്ച് ഇത്തരത്തിലോരൊന്നും പറഞ്ഞു കേള്‍ക്കുമ്പോള്‍, സഹിക്കാന്‍ കഴിയില്ല.

സ്റ്റേജില്‍ നിന്നും പ്രസംഗിക്കുന്ന എകെജിയെയാണ് ഞാന്‍ ആദ്യം കാണുന്നത്. എകെജിയുടെയും ഇംഎസ്സിന്റെയുുമൊക്കെ പ്രസംഗമുണ്ടെന്ന് കേട്ടാല്‍ ഞങ്ങളെല്ലാവരും പോകും. ഉത്സവത്തിന് പോകുന്നപോലെയാണത്. ഒരിക്കല്‍ വയലാറിനടുത്തുള്ള കൊല്ലപ്പള്ളിയില്‍ എകെജിയുടെ പ്രസംഗമുണ്ടായിരുന്നു. ഇന്നും ഞാനോര്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന് പശു നമുക്ക് പാലു തരും, പാലു കുടിക്കാഞ്ഞാല്‍ അമ്മ കരയും, അമ്മ കരഞ്ഞാല്‍ ഞാന്‍ പാലു കുടിക്കും. ഇതുവായിച്ചു പഠിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പാലിന്റെ നിറം എന്താണെന്നുപോലും അറിയില്ല’, അദ്ദേഹത്തിന്റെ വാക്കുകളാണിത്; ഭാഗീരഥിയമ്മ ഓര്‍ത്തെടുക്കുന്നു.

പലരും അന്നു പറയുമായിരുന്നു എകെജിയുടെ കാലം കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്ന്. അന്നൊക്കെ ഞങ്ങള്‍ പറയും, ഒരിക്കലുമില്ല, അദ്ദേഹം കൊളുത്തി തന്നിട്ടുള്ള ജ്വാല കെടാതെ സൂക്ഷിക്കാന്‍ പതിനായിരങ്ങള്‍ പുറകിലുണ്ടെന്ന്. ഈ പ്രസ്ഥാനം ഇന്നും ശക്തിയോടെ നിലനില്‍ക്കുന്നത് ഈ നാട്ടിലെ സാധാരണക്കാര്‍ സഖാവ് എകെജിയോടും കൃഷ്ണപിള്ള സഖാവിനോടും ഈയെമ്മിനോടുമൊക്കെ പുലര്‍ത്തുന്ന വിശ്വാസം കൊണ്ടാണ്. ബല്‍റാമിനെ പോലുള്ളവര്‍ അപമാനിക്കുന്നത് ഈ സാധാരണക്കാരെയാണ്.

കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതിനെ പരിഹസിക്കുന്ന ബല്‍റാമിനെ പോലുള്ളവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണം. എന്റെ വീട്ടിലും സഖാക്കന്മാര്‍ ഒളിച്ചു താമസിച്ചിട്ടുണ്ട്, ഞാനവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്… എന്നോടവരാരും ഒരു മോശവും പറഞ്ഞിട്ടില്ല. അതിനായിരുന്നില്ല അവര്‍ക്കു സമയം. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വെപ്രാളപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ വരുന്ന ഭീരുക്കളായിരുന്നില്ല സഖാക്കള്‍. ഞങ്ങളുടെ സഖാക്കള്‍ ധീരന്മാരായിരുന്നു. അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് പ്രസ്ഥാനത്തിനും നാടിനും വേണ്ടിയായിരുന്നു. ബല്‍റാമിനെ പോലുള്ളവര്‍ കളിക്കുന്ന രാഷ്ട്രീയമായിരുന്നില്ല അന്ന് സഖാക്കന്മാര്‍ നടത്തിയിരുന്നത്. അതേക്കുറിച്ചൊക്കെ പറയാന്‍ തന്നെ വേണം ചങ്കൂറ്റം.

എന്റെ കുടുംബം തുടക്കംതൊട്ട് അടിയുറച്ച പാര്‍ട്ടി വിശ്വാസികളായിരുന്നു…

ബാക്കി വായനയ്ക്ക്…

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍