UPDATES

വായന/സംസ്കാരം

ഹാരിസ് മാഷ് ജീവിച്ചിരുന്നെങ്കില്‍ ശബരിമല സ്ത്രീ പ്രവേശനവും കന്യാസ്ത്രികളുടെ സമരവുമെല്ലാം അദ്ദേഹത്തിന്റെയും വിഷയങ്ങളാകുമായിരുന്നു

അദ്ദേഹത്തിന്റെ വിയോഗം ഒരു സ്ഥാപനത്തിനോ ജീവിതസഖിക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നിരൂപക ലോകത്തിനോ മാത്രം സംഭവിച്ച നഷ്ടമല്ല, ഈ നാടിന് സംഭവിച്ച നഷ്ടമാണ്

ഡോക്ടര്‍ വി സി ഹാരിസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആ നഷ്ടം ഒരു വ്യക്തിയ്‌ക്കോ കുടുംബത്തിനോ സ്ഥാപനത്തിനോ എന്നതിനപ്പുറം ഈ സമൂഹത്തിനുണ്ടായ നഷ്ടമാണെന്ന് അദ്ദേഹമില്ലാതിരുന്ന കഴിഞ്ഞ ഒരു വര്‍ഷം തെളിയിക്കുന്നു. ഹാരിസ് മാഷ് നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ഒട്ടനവധി വിഷയങ്ങള്‍ക്കാണ് ഇക്കാലഘട്ടത്തില്‍ സമൂഹം സാക്ഷിയായത്. പുരോഗമനപരവും സമത്വത്തിന് വേണ്ടിയുള്ളതും നീതിയ്ക്ക് വേണ്ടിയുള്ളതുമായ പോരാട്ടങ്ങള്‍ക്ക് ഒപ്പമല്ല മുന്നില്‍ നിന്നിട്ടുള്ളയാളാണ് ഹാരിസ് മാഷ് എന്ന് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഇവിടെ നടന്നിട്ടുള്ള പല സംഭവങ്ങളും പരിശോധിച്ചാല്‍ നമുക്ക് മനസിലാകും.

സൂര്യനെല്ലിക്കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായി അദ്ദേഹത്തിന്റെ ജീവിത സഖി അഡ്വ. അനില ജോര്‍ജ്ജ് കോടതി മുറിയില്‍ പോരാടിയപ്പോള്‍ ഒപ്പം കോടതിയ്ക്ക് പുറത്ത് അതിന് വേണ്ട എല്ലാ പിന്തുണയുമായി അദ്ദേഹവുമുണ്ടായിരുന്നു. കേസിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനും പെണ്‍കുട്ടിയുടെ നീതിക്കായി പോരാടാന്‍ സമൂഹത്തോട് ആവശ്യപ്പെട്ടുകൊണ്ടും കുട്ടികളും മുതിര്‍ന്നവരുമായി സംവദിച്ചും ഹാരിസ് മാഷുണ്ടായിരുന്നു. ദലിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിഷയങ്ങളില്‍ എന്നും ഹാരിസ് മാഷ് മുന്നില്‍ തന്നെയുണ്ടായിരുന്നു.

കൊച്ചിയില്‍ ചുംബനസമരം നടന്നപ്പോള്‍ അദ്ദേഹവും അനിലയും അതില്‍ നേരിട്ട് തന്നെ പങ്കെടുത്തു. അക്കാദമിക തലത്തിലും ബുദ്ധിജീവികള്‍ക്കിടയിലും സദാചാരബോധത്തിനെതിരായ ഈ സമരത്തെ പലരും പിന്തുണച്ചെങ്കിലും നേരിട്ട് രംഗത്ത് വന്നത് ഹാരിസ് മാഷ് മാത്രമായിരുന്നു. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിരുന്ന, അധ്യാപകനായ ഹാരിസ് മാഷ് ചുംബന സമരത്തില്‍ പങ്കെടുത്ത് പരസ്യമായി ചുംബിച്ചതിനെതിരെ അന്ന് എംജി യൂണിവേഴ്‌സിറ്റിയിലും മറ്റ് പല സ്ഥാപനങ്ങളിലും വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ താന്‍ ഈ ചെറുപ്പക്കാര്‍ക്കൊപ്പമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാഷ് ചെയ്തത്.

മാഷ് മരിച്ചതിന് ശേഷമാണ് യൂണിവേഴ്‌സിറ്റിക്ക് സമീപം മാന്നാനത്ത് കെവിന്‍ എന്ന ദളിത് യുവാവ് ദുരഭിമാന കൊലപാതകത്തിനിരയായത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് കെവിന്‍ കൊല്ലപ്പെട്ടത്. അന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവിടെ നടന്നത്. മാഷ് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചായായും കെവിന് നീതി ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തുന്നവരുടെ മുന്നില്‍ തന്നെ അദ്ദേഹവും കാണുമായിരുന്നു. അടുത്തകാലത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തിലും അതു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആ സമരത്തില്‍ സജീവസാന്നിധ്യമായിരുന്നേനെ.

ഇപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരെ സമരം നടക്കുകയാണ്. മാഷുണ്ടായിരുന്നെങ്കില്‍ ഈ വിധിയെ സ്വാഗതം ചെയ്യുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, തുല്യത ഉറപ്പാക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ശാരീരികമായ ഒരു പ്രത്യേകതകള്‍ കൊണ്ടും ആരും സമൂഹത്തില്‍ വിഭാഗീയത നേരിടരുതെന്ന് അദ്ദേഹം കരുതിയിരുന്നു. ശബരിമലയ്ക്ക് തൊട്ടുമുമ്പ് വന്ന വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച വിധിയിലും മാഷിന്റെ നിലപാട് ഇതുതന്നെയായിരിക്കും. വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമാണ് അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നത്.

അതേസമയം ഇത്തരം വിഷയങ്ങളില്‍ മാഷ് എവിടെയെങ്കിലും ലേഖനങ്ങള്‍ എഴുതുമായിരുന്നുവെന്ന് പ്രതീക്ഷിക്കരുത്. തന്റെ വൃത്തങ്ങളിലും ക്ലാസ് മുറികളിലും സംസാരിക്കുന്ന ഏറ്റവും ചെറിയ സദസുകളില്‍ പോലും ഈ വിഷയങ്ങളിലെ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും അതിലൂടെ അതിലൂടെ ഒരു അഭിപ്രായ രൂപീകരണം നടത്തുകയുമാണ് അദ്ദേഹം ചെയ്യുക. തന്റെ സ്വകാര്യമായ വൃത്തങ്ങളില്‍ ഈ വിഷയങ്ങള്‍ ഒരു കളിയിറക്കലായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍ അതൊരിക്കലും ഒരു കളിയിറക്കലായി എനിക്ക് തോന്നിയിട്ടില്ല. അതെല്ലാം ഗൗരവമുള്ള കളികള്‍ തന്നെയാണ്.

മാഷ് ജീവിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം ഇടപെടുകയും അതിന്റെ പേരില്‍ നടന്ന ജനകീയ കൂട്ടായ്മകളുടെ തീവ്രത വര്‍ധിക്കുകയും ചെയ്യുമായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ വിയോഗം ഒരു സ്ഥാപനത്തിനോ ജീവിതസഖിയ്‌ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നിരൂപക ലോകത്തിനോ മാത്രം സംഭവിച്ച നഷ്ടമല്ലെന്നും ഈ നാടിന് സംഭവിച്ച നഷ്ടമാണെന്നും കരുതുന്നത്.

അജു കെ നാരായണന്‍

അജു കെ നാരായണന്‍

എഴുത്തുകാരന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍, അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍