TopTop
Begin typing your search above and press return to search.

പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു

പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു
താരസംഘടനയായ അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചപ്പോള്‍ സംഘടനാ നേതൃത്വത്തന്റെ നിശബ്ദതയാണ് ഇവിടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. നടന്‍ മഹേഷ് മാത്രമാണ് അമ്മയുടെ ഔദ്യോഗിക പദവിയില്‍ നിന്നും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. നടിമാര്‍ രാജിവയ്ക്കാന്‍ ഉന്നയിച്ച കാരണം തന്നെ അസംബന്ധമാണെന്നായിരുന്നു മഹേഷിന്റെ പ്രതികരണം. ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടില്ല, അപ്പോള്‍ തിരിച്ചെടുത്തുവെന്ന് പറയുന്നതില്‍ യാതൊരു കാര്യവുമില്ലെന്നാണ് മഹേഷ് പറയുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലോ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഇടവേള. ഈ പ്രതികരണത്തില്‍ നിന്നുതന്നെ ഇവര്‍ എത്രമാത്രം ജനാധിപത്യ വിരുദ്ധതയാണ് കാത്തുസൂക്ഷിക്കുന്നതെന്ന് വ്യക്തമാണ്.

എന്നാല്‍ ഇവിടെ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു പ്രതികരണം ഇനിയുമുണ്ടായിട്ടില്ലെന്നത് അത്ഭുതകരമാണ്. നടന്‍ പൃഥ്വിരാജിന്റെ പ്രതികരണമാണ് അത്. എല്ലാവരും കൂടി പ്രതികരിക്കണമെന്ന് ഇവിടെ നിര്‍ബന്ധം പിടിക്കാനാകില്ലെങ്കിലും അമ്മയില്‍ ഏറ്റവും ജനാധിപത്യപരമായി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് പൃഥ്വി എന്നതിനാലാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിന് ഏവരും കാതോര്‍ക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം അമ്മയുടെ മീറ്റിംഗില്‍ ദിലീപിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ച വ്യക്തിയായിരുന്നു പൃഥ്വി. അന്നത്തെ ആ ഇടപെലാണ് ദിലീപിനെതിരെ നടപടിയെടുക്കാന്‍ അമ്മ ഭരണസമിതിയെ പ്രേരിപ്പിച്ചതും. എന്നാല്‍ ഇത്തവണ ദിലീപിനെ തിരിച്ചെടുത്ത അമ്മ ജനറല്‍ ബോഡിക്ക് മുന്നോടിയായി തന്നെ പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കുമെന്ന വാര്‍ത്ത പരന്നിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ പുറത്താക്കല്‍. ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുകയും ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തുവെന്നതാണ് ഇരുവര്‍ക്കുമെതിരെ ആരോപിക്കപ്പെടുന്ന അച്ചടക്കലംഘനം. അതായത് തന്റെ സഹപ്രവര്‍ത്തകയുടെ നീതിയ്ക്ക് വേണ്ടി വാദിച്ചതാണ് പൃഥ്വിയ്‌ക്കെതിരായി ആരോപിക്കപ്പെടുന്ന അച്ചടക്കലംഘനം. ഇതിന് പിന്നാലെയാണ് ഇന്ന് നാല് നടിമാര്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവയ്ക്കുന്നത്. അതിനാലാണ് ഈ വിഷയത്തില്‍ പൃഥ്വിരാജിന് എന്താണ് പറയാനുള്ളതെന്ന് അറിയേണ്ടതുണ്ടെന്ന് പറയുന്നത്.

സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നടി പാര്‍വതി രംഗത്തെത്തുകയും അതിന് പിന്നാലെ മമ്മൂട്ടി ആരാധകര്‍ അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തപ്പോഴും പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. താനിനി സ്ത്രീ വിരുദ്ധതയുള്ള ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ആ വാക്ക് അദ്ദേഹം പാലിച്ചുവെന്ന് അദ്ദേഹത്തിന്റെ പിന്നീട് പുറത്തിറങ്ങിയ സിനിമകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. പാര്‍വതിയുടെ ആരോപണം ഉയര്‍ന്നപ്പോള്‍ പൃഥ്വിയുടെ പഴയകാല ചിത്രങ്ങളിലെ ഡയലോഗുകളും സൈബര്‍ ലോകത്ത് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ചെയ്ത തെറ്റ് തിരുത്താന്‍ അദ്ദേഹം കാണിച്ച മനസായാണ് ഇനി സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന പ്രഖ്യാപനത്തെ എല്ലാവരും സ്വാഗതം ചെയ്തത്.

നിലപാടുകളുടെ കാര്യത്തില്‍ മറ്റ് നടന്മാര്‍ക്ക് മാതൃകയാക്കാവുന്ന തീരുമാനങ്ങളെടുത്തിട്ടുള്ള പൃഥ്വിരാജ് ഇവിടെയെന്ത് തീരുമാനിക്കുമെന്നാണ് അറിയേണ്ടത്. അച്ചടക്കലംഘനം ആരോപിച്ച് തന്നെ എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കിയ അമ്മയില്‍ നിന്നും അദ്ദേഹത്തിന് മാറിനില്‍ക്കാന്‍ പ്രത്യേകിച്ച് വേറെയൊരു കാരണം കണ്ടെത്തേണ്ട സാഹചര്യമില്ലെന്നതാണ് സത്യം. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തന്റെ മൂന്ന് സഹപ്രവര്‍ത്തകര്‍ സംഘടനയില്‍ നിന്നും രാജിവച്ച് പുറത്തു പോകുമ്പോള്‍ പൃഥ്വിവും പ്രത്യക്ഷത്തില്‍ തന്നെ അവര്‍ക്കൊപ്പം നില്‍ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

https://www.azhimukham.com/prithviraj-against-movie-misogyny-malayalam-film-cs-chandrika/

https://www.azhimukham.com/film-wcc-member-vidhu-vincent-reaction-actress-resign/

https://www.azhimukham.com/news-update-actress-resigned-from-amma-manju-warrior-decision/

https://www.azhimukham.com/trending-we-also-resign-with-her-big-salute-for-this-support/

Next Story

Related Stories