UPDATES

ട്രെന്‍ഡിങ്ങ്

പാലല്ല, യുപിയില്‍ യോഗി വോട്ട് കറക്കും

തെരഞ്ഞെടുപ്പില്‍ കണ്ണുവച്ച് യോഗിയുടെ പശു പദ്ധതി

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശു രാഷ്ട്രീയം ആരംഭിച്ചു. പാവപ്പെട്ടവര്‍ക്ക് നല്ലയിനത്തില്‍പ്പെട്ട രണ്ട് പശുക്കളെ വാഗ്ദാനം ചെയ്യുന്നതില്‍ തുടങ്ങുന്നു യോഗിയുടെ പശു രാഷ്ട്രീയം. ഗോസംരക്ഷണം അടിസ്ഥാനമാക്കിയ ഒരു സമ്പദ്ഘടന കെട്ടിയുറപ്പിക്കുന്നതിനായി ബംഗാളിലേക്കുള്ള പശു കള്ളക്കടത്ത് സംഘങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് യോഗി ചെയ്തിരിക്കുന്നത്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തുടക്കമിട്ട് കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ 74 സീറ്റുകള്‍ നിലനിര്‍ത്തുക എന്നതിനൊപ്പം 2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതിരുന്ന സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടി യോഗിക്കുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യമായ പശുക്കളെ എങ്ങനെ ലഭിക്കുമെന്നതിനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വൃന്ദാവനില്‍ പറഞ്ഞു. എല്‍പിജിയ്ക്ക് പകരം ചാണകം ഉപയോഗിച്ചുള്ള പാചകം ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് യോഗി പ്രതീക്ഷിക്കുന്നു.

ഉത്തര്‍പ്രദേശിലെ കന്നുകാലി കള്ളക്കടത്തുകാര്‍ ബംഗാളിലെ കശാപ്പ്ശാലകളിലേക്ക് പശുക്കളെ കയറ്റിയയ്ക്കുന്നത് പതിവായിരിക്കുന്നു. ഈ കള്ളക്കടത്ത് ഇല്ലാതാക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്ന് യോഗി അവകാശപ്പെടുന്നു. രാഷ്ട്രീയ നീക്കങ്ങള്‍ പശുവിനെ ചുറ്റിപ്പറ്റിയാക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പശു രാഷ്ട്രീയത്തിലൂടെ യോഗി ലക്ഷ്യമിടുന്നത് ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശ് മാത്രമല്ല.

വൃന്ദാവനിലെ വെറ്റിനറി സര്‍വകലാശാലയില്‍ ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യയയുടെ പ്രതിമ സ്ഥാപിച്ചും മഹാമാന ഗോ ഗ്രാം പദ്ധതി ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. ഗ്രാമങ്ങളിലെ ദാരിദ്ര്യം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ പശു അടിസ്ഥിത സമ്പദ്ഘടനയ്ക്ക് മാത്രമേ സാധിക്കൂവെന്നും യോഗി പറഞ്ഞു.

ചാണകവും ഗോമൂത്രവും മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള ഗവേഷണങ്ങള്‍ സര്‍വകലാശാലകളില്‍ ആരംഭിക്കണം. ഇതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഗോ ഗ്രാം പദ്ധതിയ്ക്ക് കീഴില്‍ എല്ലാ ഗ്രാമങ്ങളിലും പൊതുഗോശാലകള്‍ സ്ഥാപിക്കും. അടുത്തകാലത്തെ യോഗിയുടെ എല്ലാ പ്രസംഗങ്ങളിലും ഗ്രാമങ്ങളിലെ സമ്പദ്ഘടന പാലുല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ വളരുമെന്നും ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും മരുന്നുകള്‍ നിര്‍മ്മിക്കാമെന്നും ആവര്‍ത്തിക്കുന്നുണ്ട്.

ഗ്രാമങ്ങളില്‍ ചാണകം പാചകവാതകത്തിന് പകരം ഉപയോഗിച്ചാല്‍ എല്‍പിജിയുടെ ഉപയോഗം കുറയ്ക്കാം. ചാണകം ഉപയോഗിച്ചുള്ള പുതിയ ബയോഗ്യാസ് പ്ലാന്റുകള്‍ ഗ്രാമങ്ങളില്‍ വരേണ്ടതുണ്ട്. തദ്ദേശീയ ഇനങ്ങളിലുള്ള പശുക്കള്‍ 15 മുതല്‍ 25 ലിറ്റര്‍ വരെ പാല്‍ തരും. യോഗി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഉഗ്രന്‍ ആശയമാണെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുപിയിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ 80ല്‍ 73 സീറ്റുകളും നിലനിര്‍ത്തുന്നതിനൊപ്പം ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളും പ്രത്യേകിച്ചും പശ്ചിമബംഗാള്‍ പിടിച്ചെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും നേതാവ് പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി നേടിയത് മൂന്ന് സീറ്റുകള്‍ മാത്രമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍