UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങളുടെ ഉപദേശം ആത്മാര്‍ഥമാണെങ്കിൽ അവരോടു കോൺഗ്രസ്സ് പാരമ്പര്യത്തിലേക്ക് മടങ്ങി വരാനല്ല, ആ പാരമ്പര്യം വിട്ട് പുറത്തു വരാനാണ് പറയേണ്ടത്

ഏതാണ് ആ യഥാർത്ഥ കോണ്‍ഗ്രസ് പാരമ്പര്യം?

പലരും കോൺഗ്രസ്സ് അണികളോടും നേതാക്കളോടും കോൺഗ്രസ്സ് അവരുടെ ശരിയായ പാരമ്പര്യത്തിലേക്ക് മടങ്ങാനൊക്കെ ഉപദേശിക്കുന്നത് കണ്ടു. ആചാരം സംരക്ഷിക്കാനുള്ള ഈ ഉടായിപ്പുകളൊക്കെ നിർത്തി യാഥാർത്ഥ കോൺഗ്രസ്സ് ലെഗസി കാത്തു സൂക്ഷിക്കാൻ.

ഏതാണ് ആ യഥാർത്ഥ കോണ്‍ഗ്രസ് പാരമ്പര്യം? നെഹ്രുവിയൻ നിൽപാടുകളാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അത് നെഹ്റുവിനു മാത്രം സ്വന്തമായുള്ളോരു ലെഗസിയാണ്. കോൺഗ്രസ് പാരമ്പര്യത്തിനു ഒരപവാദമായിരുന്നു നെഹ്റുവിന്റെ നിലപാടുകൾ. ഭാഗ്യവശാൽ കോൺഗ്രസ്സ് പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യ നേതാവായി അദ്ദേഹം കുറച്ചധികം കാലം വളർന്നു നിന്നു എന്നത് കൊണ്ട് മാത്രം അത്രയും കാലം യഥാർത്ഥ കോൺഗ്രസ്സ് ലെഗസിക്ക് കാര്യമായ ഒച്ചയുണ്ടായിരുന്നില്ല എന്നു മാത്രം.

ഡോ:അൻസാരിയെ പോലെ വിരലിലെണ്ണാവുന്ന ചില ബുദ്ധിജീവികൾ കൂടി ആ പാർട്ടിയുടെ ഭാഗമായി ഉയർന്നു വന്നിരുന്നു എന്നത് ഒഴിച്ചാൽ എല്ലാ കാലത്തും യാഥാസ്ഥിതികവും പിന്തിരിപ്പനുമായ സാംസ്കാരിക ഹിന്ദുത്വയോട് സമരസപ്പെട്ടു എന്നത് മാത്രമല്ല ആ ഹിന്ദുത്വ ഒരു രാഷ്ട്രീയാദര്‍ശമായി കാത്തു സൂക്ഷിച്ച ലെഗസിയാണ്‌ ഈ പറയുന്ന കോൺഗ്രസ്സ് ലെഗസി.

1891ൽ ഹിന്ദു മതത്തിലെ പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച ‘ഏജ് ഓഫ് കൺസെന്റ്’ ബിൽ എന്നൊരു ബിൽ ബ്രിട്ടീഷുകാർ കൊണ്ടു വരികയുണ്ടായി. ഹിന്ദു പെൺകുട്ടികളുടെ വിവാഹ പ്രായം പത്തു വയസ്സിൽ നിന്നും പന്ത്രണ്ടു വയസ്സായി ഉയർത്തണം എന്ന നിർദ്ദേശമായിരുന്നു ആ ബില്ലിലുണ്ടായിരുന്നത്. സ്വാഭാവികമെന്നോണം അന്നത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദു നേതാക്കന്മാരൊക്കെ തന്നെ ആ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു കൊണ്ട് പ്രതിരോധം തീർക്കുകയുണ്ടായി.ആ പ്രതിഷേധങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന നേതാവിന്റെ പേരാണ് ലോകമാന്യ തിലക് എന്നു വിളിപ്പേര് കിട്ടിയ ബാല ഗംഗാധര തിലകൻ.

ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വത്തിലേക്ക് വരുന്നതിനു മുന്നേ കോൺഗ്രസ്സ് എന്നാൽ തിലകനായിരുന്നു. ഇതേ തിലകൻ തന്നെ 1920 -കളിൽ ഉയർന്നു വന്ന സാമൂഹിക പരിഷ്കരണ ആശയങ്ങൾക്കായി കോൺഗ്രസ്സ് വേദികൾ ഉപയോഗിച്ചാൽ ആ വേദികൾ താൻ അടിച്ചു തകർക്കുമെന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു മതത്തേയും അതിന്റെ വിശ്വാസ ധാരകളെയും രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കുന്ന പണി ആദ്യം തുടങ്ങിയത് തിലകനാണ്. ശിവജി ജയന്തിയും ഗണേശോത്സവും സംഘടിപ്പിച്ചു ജനങ്ങളെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയത് തിലകന്റെ സംഭാവനയായിരുന്നു.

ഹിന്ദു മതാചാരങ്ങളെയും അതിന്റെ യാഥാസ്ഥതിക വ്യവസ്ഥിതികളെയും കാത്തു സൂക്ഷിക്കാൻ കോൺഗ്രസ്സ് പാർട്ടിയും നേതാക്കളും എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്.

ഡോ:ബി ആർ അംബേദ്‌കറിന്റെ ‘ജാതി ഉന്മൂലനം’എന്ന പുസ്തകം വായിച്ചവർക്കറിയാം ദളിത് സമൂഹമടക്കമുള്ള പാർശ്വവത്കൃത ജനതയോട് കോൺഗ്രസ്സ് പാർട്ടിക്കുണ്ടായിരുന്ന സമീപനം എങ്ങനെയായിരുന്നു എന്ന്. എന്തിനധികം പറയുന്നു തോട്ടി പണി ശൂദ്ര ജനതയുടെ ധർമം ആണെന്നും അതിൽ അപമാനം കണ്ടെത്തുകയല്ല വേണ്ടതെന്നും നിങ്ങൾ ഗ്രാമ-നഗരങ്ങളെ ശുചിയാക്കി സൂക്ഷിക്കുന്ന മനോഹരമായ ജോലിയാണ് ചെയ്യുന്നതെന്ന തരത്തിൽ റൊമാന്റിസൈസിങ് നടത്തി വർണ്ണാശ്രമ ധർമ്മങ്ങൾ ലെജിറ്റമൈസ് ചെയ്യാൻ ശ്രമിച്ച മനുഷ്യനാണ് എം.കെ ഗാന്ധി. ഹിന്ദു മത പരിഷ്കരണ ആശയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യങ് ഇന്ത്യയിലെ ഗാന്ധിയുടെ പല ലേഖനങ്ങളും എത്രമാത്രം പിന്തിരിപ്പനായിരുന്നു എന്നു പറയാൻ അദ്ദേഹം രാഷ്ട്രപിതാവാണ് എന്ന കാരണം തടസമാകരുത്.

ഹിന്ദുത്വ വാദികളായിരുന്ന കോൺഗ്രസ്സ് നേതാക്കൾക്കൊക്കെ തന്നെ അന്നത്തെ സംഘ പരിവാർ നേതാക്കളായും നല്ല ബന്ധം പുലർത്തിയിരുന്നു. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നിരോധിക്കപ്പെട്ട സമയത്ത് ആർഎസ്എസുകാർ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് കുടിയേറപ്പെട്ടു. നെഹ്രുവിന്റെ എതിർപ്പുപോലും മറികടന്ന് ആർഎസ്എസുകാർക്ക് കോണ്‍ഗ്രസിൽ നേരിട്ട് അംഗത്വം നൽകുകയുണ്ടായി.

ആർഎസ്എസ്-കോണ്‍ഗ്രസ് ലയനം ഗോൾവാൾക്കറിന്റെ ആശയമായിരുന്നു. സാംസ്കാരികവും-സംഘടനാപരവുമായ ശക്തികളുടെ ലയനത്തിലൂടെ ഒരു ഹിന്ദു രാഷ്ട്ര നിർമിതി അദ്ദേഹം സ്വപ്നം കണ്ടിരുന്നു.

സർദാർ വല്ലഭായി പട്ടേൽ മുതൽ ഇങ്ങോട്ട് ഇന്ദിരയും രാജീവും സോണിയയും രാഹുലും വരെ എത്തിനിൽക്കുന്ന കോൺഗ്രസ്സ് കാലഘട്ടങ്ങൾ ഹിന്ദുത്വയുടെ രാഷ്ട്രീയമായ പ്രായോഗിക വൽക്കരണം എത്ര ലാഘവത്തോടെ നടത്തിയെടുത്തു എന്ന അപകടകരമായ സത്യം നമ്മുടെ മുന്നിലുണ്ട്. അടിയന്തരാവസ്ഥാനന്തര കോൺഗ്രസ്സ് ഹിന്ദുത്വയുടെ രാഷ്ട്രീയ പരിസരങ്ങളെ മറ്റൊരു മാനത്തിലേക്ക് കൊണ്ടു പോയി. വിശേഷിച്ചു എണ്‍പതുകളിൽ ഇന്നത്തെ സംഘിന്റെ രാമനേയും ഹനുമാനെയുമൊക്കെ ഇലക്ഷൻ ഐക്കണുകളാക്കി കൊണ്ടുനടന്നു തിരഞ്ഞെടുപ്പുകൾ ജയിച്ചു കയറിയ പാരമ്പര്യമാണവർക്കുള്ളത്.

പള്ളിയിൽ കൊണ്ടു വെച്ച വിഗ്രഹങ്ങളായും, ഗോവധ നിരോധനങ്ങളായും (ഗോവധ വിഷയം എടുത്തു പറയണം, ഗോവധ നിരോധനത്തിയായി ഭൂരിപക്ഷ ഹിന്ദുക്കൾ തെരുവിൽ ഇറങ്ങിയപ്പോൾ നിരോധനത്തിനായി പാർലിമെന്റിൽ ബില്ലു കൊണ്ട് വരണമെന്ന് കോൺഗ്രസ്സ് നേതാവായ സേത് ഗോവിന്ദ ദാസ് അടക്കമുള്ള നേതാക്കൾ വാദിക്കുകയും അങ്ങനെങ്കിൽ താൻ ഈ കസേരയിൽ കാണില്ലെന്ന് നെഹ്റു ഭീഷണി മുഴക്കിയപ്പോൾ പിന്മാറുകയും നെഹ്രുവിന്റെ കാലശേഷം രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പിലാക്കുകയും ചെയ്ത പാർട്ടിയാണ് ഈ കോൺഗ്രസ്സ് പാർട്ടി), ഹിന്ദു മഹാ സഭയുടെ സ്ഥാനാർഥിയായും, ആർഎസ്എസ്ന്റെ പരസ്യമായ ഇലക്ഷൻ പിന്തുണയായും, ഇന്ദിരയുടെ കൂറ് തെളിയിക്കലായും, രാജീവിന്റെ പ്രായശ്ചിത്തമായും, നരസിംഹ റാവുവിലൂടെയും, ബാബറി മസ്ജിദിലൂടെയും മറ്റും കാലാന്തരത്തിൽ നാമ ജപ ഘോഷയാത്രയായുമൊക്കെ ആ ലെഗസി ഇപ്പോഴും പരന്നു കിടക്കുകയാണ്.

യഥാർത്ഥത്തിൽ രമേശ് ചെന്നിത്തല മുതൽ കെ സുധാകരനും, പ്രയാർ ഗോപാലകൃഷ്ണനും, അജയ് തറയിലും ഇന്നലെ ബിജെപിയായ മുൻ കോൺഗ്രസ്സ് നേതാവ് രാമൻ നായരുമൊക്കെ ആ ലെഗസിയെ കൈവിടാതെ അങ്ങേയറ്റം കാത്തു സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ സുഹൃത്തുക്കളെ നിങ്ങളുടെ ഉപദേശം ആത്മാര്‍ഥമാണെങ്കിൽ അവരോടു കോൺഗ്രസ്സ് ലെഗസിയിലേക്ക് മടങ്ങി വരാനല്ല, ആ ലെഗസി വിട്ട് പുറത്തു വരാനാണ് ഉപദേശിക്കേണ്ടത്.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് നേതാവെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരിക; കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ്-എന്‍ പ്രഭാകരന്‍

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍