TopTop
Begin typing your search above and press return to search.

"ഹേ റാം" എന്ന് അന്ത്യശ്വാസമുരുവിട്ട ആ ജ്ഞാനവൃദ്ധനെ വാഴ്ത്തിപ്പാടാൻ ഇതുവരെ തുപ്പിയ വിഷം ഒന്നിറക്കി ഫാസിസ്റ്റുകൾ മത്സരിക്കുന്നു

"ഹേ റാം" എന്ന് അന്ത്യശ്വാസമുരുവിട്ട ആ ജ്ഞാനവൃദ്ധനെ വാഴ്ത്തിപ്പാടാൻ ഇതുവരെ തുപ്പിയ വിഷം ഒന്നിറക്കി ഫാസിസ്റ്റുകൾ മത്സരിക്കുന്നു
“Yashasvi houn ya (വിജയിച്ച്, തിരിച്ചു വരൂ)” 1948 ജനുവരി 17-ന് നാഥുറാം വിനായക് ഗോഡ്സെയെയും നാരായൺ ആപ്തെയെയും ഇങ്ങനെ ചൊല്ലി സവർക്കർ യാത്ര അയച്ചു. രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 30-ന് ദില്ലി ബിർളാ ഹൗസ് മുറ്റത്ത് വെച്ച് വൈകീട്ട് 5.17-ന് ഗോഡ്സേയുടെ ബരേറ്റ എം1934 സെമി ഓട്ടോമാറ്റിക് പിസ്റ്റളിൽ നിന്നുതിർന്ന വെടിയുണ്ട രാഷ്ട്രപിതാവിന്റെ ദേഹം പിളർന്ന് ചോര ചിന്തി.

ഏഴു പതിറ്റാണ്ടിനിപ്പുറം ഡൽഹിയിലെ ഒരു സുഹൃത്ത് മെട്രോയിൽ യാത്ര ചെയ്യുകയായിരുന്നു. രാജ്യം ഗാന്ധിജയന്തി ആഘോഷിക്കാൻ മണിക്കൂറുകൾ മാത്രം. കൈയിൽ എ.ജി. നൂറാനി എഴുതിയ 'Savarkar and Hindutva, The Godse connection' എന്ന പുസ്തകം. അടുത്തിരിക്കുന്ന ഉത്തരേന്ത്യൻ സ്വദേശി കൈയിലെ പുസ്തകം കൗതുകത്തോടെ നോക്കി.

"ഞാനൊന്നു നോക്കട്ടെ?" സമ്മതത്തിനു കാക്കാതെ അയാൾ പുസ്തകം വാങ്ങി. പുറംചട്ടയിലൂടെ കണ്ണോടിച്ചു.
"സവർക്കറെയൊക്കെ വായിക്കുമോ?"
സുഹൃത്ത് വിശദീകരിക്കാൻ മെനക്കെട്ടില്ല.
"അത്യാവശ്യം. പഠിക്കാൻ താത്പര്യമുണ്ട്."
"ജെ.എൻ.യു.വിലാണോ?"
"അല്ല. ജേർണലിസ്റ്റാ"
"എവിടെയാ വർക്ക് ചെയ്യുന്നേ?"
"___പ്രമുഖ മാധ്യമസ്ഥാപനം___"
"കൊള്ളാം. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുമായി ബന്ധമുണ്ടോ?"
"ഇല്ല. അതിലൊന്നും താത്പര്യമില്ല"
(മുഖം തെളിഞ്ഞു)
"എന്റെ ബന്ധുക്കളൊക്കെ ആർ.എസ്.എസിലാണ്. വായിച്ചിട്ടില്ലെങ്കിലും എനിക്ക് സവർക്കറെ ഭയങ്കര ഇഷ്ടമാണ്."
അയാൾ പുസ്തകം വീണ്ടും നോക്കി.
"ആഹാ, ഗോഡ്സെയെക്കുറിച്ചും ഉണ്ടോ."
ഒന്നു ചുറ്റുംനോക്കി, കൈ കഴുത്തിനോട് ചേർത്ത് കൊല്ലുന്ന ആംഗ്യത്തോടെ അയാൾ അവന്റെ ചെവിയിൽ പറഞ്ഞു.
"ഗോഡ്സെ ഗാന്ധിയെ തീർത്തത് നന്നായി. അല്ലെങ്കിൽ ഇന്ത്യ മുസ്ലിങ്ങൾ നിറഞ്ഞ രാജ്യമായേനേ"
വിളറിയ സുഹൃത്തിന്റെ മുഖം അയാളെ പിന്തിരിപ്പിച്ചില്ല.
"നിങ്ങൾ സൗത്തിൽ നിന്നാണോ?"
"അതെ. കേരളം"
"അവിടെ ഫ്ലഡ് ഒക്കെയായിരുന്നില്ലേ?"
"അതെ"
"ഞാൻ കുറേ വീഡിയോ വാട്സാപ്പിൽ കണ്ടിട്ടുണ്ട്. അവിടെ എത്ര ഹിന്ദു സഹോദരന്മാരെയാണ് കമ്മ്യൂണിസ്റ്റുകാർ കൊന്നൊടുക്കിയത്. പശുക്കളെയും. അതിനൊക്കെ അനുഭവിക്കാതിരിക്കുമോ? ഇതുകൊണ്ടാണ് ഞാൻ നിങ്ങൾക്ക് സഹായം നൽകാതിരുന്നത്"

സുഹൃത്തനുഭവിച്ച അമ്പരപ്പ് ഊഹിക്കാവുന്നതാണ്. കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിനെതിരേ സംഘപരിവാരം നടത്തിവരുന്ന പ്രൊപഗാൻഡയുടെ അനേകം ഇരകളിലൊരാളാണ് ആ മെട്രോ യാത്രക്കാരൻ. പ്രളയത്തിനു കാരണം മലയാളികൾ ബീഫ് തിന്നതാണെന്നതിൽ അയാൾക്ക് സംശയമുണ്ടാകില്ല. കമ്മ്യൂണിസ്റ്റുകാർ ഇവിടത്തെ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണെന്നും സംസ്ഥാനത്ത് കലാപാന്തരീക്ഷമാണെന്നും അയാളുറച്ച് വിശ്വസിക്കുന്നു. അതു കൊണ്ടാണ് സവർക്കർ എന്ന് പുറംചട്ടയിലെഴുതിയ പുസ്തകം കൈയിലുള്ളവനും തന്നെപ്പോലെ ചിന്തിക്കുന്നവനാണെന്ന് കരുതി പരിചയപ്പെട്ട് മൂന്നാം മിനുട്ടിൽ ഗാന്ധിജിയെ കൊന്നത് നന്നായെന്നു പറയാൻ സാധിക്കുന്നത്.

ഈ വിഷംതുപ്പലിന്റെ മറ്റൊരറ്റമാണ് ശബരിമല. ആർ.എസ്.എസ്. പരസ്യമായി അനുകൂല നിലപാടെടുത്തിട്ടുണ്ടാകാം. സ്ത്രീകളെ സ്വാഗതം ചെയ്യുന്നുണ്ടാകാം. പക്ഷെ, ഉള്ളിൽ അവർ വിഷം തുപ്പിക്കൊണ്ടിരിക്കുകയാണ്. മല കയറുന്നവളെ ബലാത്സംഗം ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറയാൻ ചിലർക്കെങ്കിലും ധൈര്യം നൽകുന്നത് ഈ വിഷമാണ്.

സവർക്കറുടെ ആശിർവാദമേറ്റു വാങ്ങി ഗോഡ്സേ നമ്മുടെ പടി കടന്നെത്തിക്കൊണ്ടിരിക്കുകയാണ്. പണ്ട് ആട്ടിടയൻ വിളിച്ചു പറഞ്ഞ് പറ്റിച്ച പുലിയെന്ന നിലവിളിയല്ല ഇന്ന് ഫാസിസം. ഇരകളെ ഭയത്തിലാഴ്ത്തി വേട്ടയ്ക്കായി പല്ലിളിച്ച് നമ്മുടെ ഇടയിലേക്ക് ഇറങ്ങിയിരിക്കുന്നു അത്.

ഇന്ന് രാജ്യത്തിന്റെ സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന സവർക്കറൈറ്റ് ഫാസിസ്റ്റുകൾ ഇതുവരെ തുപ്പിയ വിഷം ഒന്നിറക്കി "ഹേ റാം" എന്ന് അന്ത്യശ്വാസമുരുവിട്ട ആ ജ്ഞാനവൃദ്ധനെ വാഴ്ത്തിപ്പാടാൻ മത്സരിക്കും. എഴുപത് വർഷം മുമ്പ് ബിർളാ ഹൗസ് മുറ്റത്ത് വീണ ചോരത്തുള്ളികളെ പക്ഷെ, നാം മറവിയിലേക്ക് തള്ളിവിടരുത്.

(ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories