TopTop
Begin typing your search above and press return to search.

കമൽറാമിനെ പോലെ ധീരനും സ്വതന്ത്രബുദ്ധിയുമായ ഒരു പത്രാധിപർക്ക് 15 വർഷക്കാലം മാതൃഭൂമിയിൽ നിൽക്കാൻ കഴിഞ്ഞു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു-എന്‍ പ്രഭാകരന്‍

കമൽറാമിനെ പോലെ ധീരനും സ്വതന്ത്രബുദ്ധിയുമായ ഒരു പത്രാധിപർക്ക് 15 വർഷക്കാലം മാതൃഭൂമിയിൽ നിൽക്കാൻ കഴിഞ്ഞു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു-എന്‍ പ്രഭാകരന്‍

കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി എന്ന വാർത്ത എനിക്ക് ഞെട്ടലൊന്നുമുണ്ടാക്കിയില്ല.ഇത് സംഭവിക്കുമെന്ന് കുറച്ച് മുമ്പേ തോന്നിത്തുടങ്ങിയിരുന്നു. കമൽറാമിനെപ്പോലെ ധീരനും സ്വതന്ത്രബുദ്ധിയുമായ ഒരു പത്രാധിപർക്ക് പതിനഞ്ച് വർഷക്കാലം മാതൃഭൂമിയിൽ നിൽക്കാൻ കഴിഞ്ഞു എന്നതിൽ ചെറുതല്ലാത്ത അത്ഭുതമുണ്ട്.

സവർണഭാവുകത്വത്തിനും ശുദ്ധസൗന്ദര്യവാദത്തിനും യൂറോപ്യൻ ആധുനികതയെ വളരെ ഉപരിപ്ലവമായി ഉൾക്കൊണ്ട ഒരു വിഭാഗം ആധുനികരിലൂടെ പ്രചരിച്ചതും ചരിത്രത്തെ അകലെ നിർത്തുന്നതുമായ അകം പൊള്ളയായ ദാർശനികതയ്ക്കും ഒരുതരം ബാലിശത്വത്തിനുമെല്ലാം വിധേയരാവുന്നതിന്റെ സുഖം അനുഭവിക്കുന്നതിലപ്പുറം സാഹിത്യവായനയ്ക്ക് വിശേഷിച്ച് ഒരർത്ഥവുമില്ലെന്ന് കരുതുന്ന വായനാസമൂഹത്തെയും തങ്ങളുടെ രാഷ്ട്രീയ ബോധത്തെ മതവിശ്വാസമെന്ന പോലെ കൊണ്ടുനടക്കുന്ന വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും ബഹുഭൂരിപക്ഷം വരുന്ന യാഥാസ്ഥിതികരെയും തുടരെത്തുടരെ പ്രകോപിപ്പിച്ചു പോന്ന പത്രാധിപരാണ് കമൽറാം സജീവ്.

മലയാളത്തിലെ ആനുകാലികങ്ങൾക്കിടയിൽ ഏറ്റവും തലയെടുപ്പോടെ നിൽക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിനെ പ്രാപ്തമാക്കുന്നതിൽഎൻ.വി.കൃഷ്ണവാരിയർ,ജി.എൻ.പിള്ള,എം.ടി.വാസുദേവൻ നായർ ,കെ.സി.നാരായണൻ എന്നീ പത്രാധിപന്മാർ വഹിച്ച പങ്ക് തീർച്ചയായും വളരെ വലുതാണ്.

ആഗോളവൽക്കരണകാലത്തിന്റെ മൂർധന്യ കാലത്ത്, ആധുനികോത്തരതയോട് സൈദ്ധാന്തിക തലത്തിൽ കഠിനമായി വിയോജിക്കുന്നവർ പോലും ആധുനികോത്തരത എന്ന അവസ്ഥ ജീവിതത്തിൽ വരുത്തിത്തീർത്ത മാറ്റങ്ങളോട് ഏറിയും കുറഞ്ഞും പൊരുത്തപ്പെടാൻ നിർബന്ധിതമാവുകയും ബഹുസ്വരത ജീവിതത്തിന്റെ സമസ്ത തലങ്ങളെ സംബന്ധിച്ചിടത്തോളവും അവഗണിച്ചില്ലാതാക്കുക അസാധ്യമാണെന്ന് എല്ലാവർക്കും ബോധ്യമാവുകയും ചെയ്ത ചരിത്രസന്ധിയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുന്നതിലെ വെല്ലുവിളിയാണ് കമൽറാമിന് ഏറ്റെടുക്കേണ്ടി വന്നത്. അക്കാര്യത്തിൽ അഭിമാനകരമായ വിജയമാണ് അദ്ദേഹം നേടിയത്.

മലയാളിയുടെ ധൈഷണികജീവിതത്തെയും സാഹിത്യസർഗാത്മകതയെയും ഭാവുകത്വത്തിന്റെ ഏറ്റവും പുതിയ മുനമ്പിൽ തന്നെ കൊണ്ടുചെന്നെത്തിച്ചു നിർത്തുന്നതിൽ കമൽറാം കാണിച്ച സാഹസികത ഒട്ടും തന്നെ ചെറുതായിരുന്നില്ല.മലയാളകഥയെയും കവിതയെയും നോവലിനെയും അതിനു മുമ്പ് മറ്റാരും കടന്നുചെന്നിട്ടില്ലാത്ത വഴികളിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടേയിരിക്കുന്നതിൽ നിരന്തര ജാഗ്രതയാണ് ഈ പത്രാധിപർ കാണിച്ചത്.ഉള്ളുറപ്പുള്ള പുതിയ കഥാകാരന്മാരെയും, കവികളെയും അപ്പപ്പോൾ കണ്ടെത്തി അവരുടെ രചനകൾക്ക് ആഴ്ചപ്പതിപ്പിൽ ഏറ്റവും ശ്രദ്ധേയമായ ഇടം നൽകുന്നതിൽ കമൽറാം പുലർത്തിപ്പോന്ന ഔത്സുക്യമാണ് നമ്മുടെ വായനക്കാർക്ക് പുതിയ ഉണർവുകൾ നൽകിക്കൊണ്ടിരുന്നത്.

മലയാളസാഹിത്യത്തിനുമേൽ ദീർഘകാലമായി ആധിപത്യം പുലർത്തിപ്പോരുന്ന സവർണഭാവുകത്വത്തെയും പല കാരണങ്ങളാൽ നമ്മുടെ ചിന്താജീവിതത്തിലും സാഹിത്യത്തിലും നിലനിന്നുപോരുന്ന ആന്തരിക നിശ്ചലതയെയും താൻ ആഴ്ചപ്പതിപ്പിൽ ഏറ്റവും ശ്രദ്ധേയമായ ഇടം നൽകിയ രചനകളിലൂടെ കുടഞ്ഞെറിയാൻ കമൽറാം കാണിച്ച ആർജവത്തോട് മലയാളത്തിലെ വായനാസമൂഹത്തിന് തികഞ്ഞ ആദരവുണ്ടാകേണ്ടതാണ്.

അഭിരുചിയിലെ അന്തരവും സാഹിത്യത്തിലെ വിഗ്രഹങ്ങളോടുള്ള വിധേയത്വും അന്തസാരശൂന്യമായ രാഷ്ട്രീയശാഠ്യങ്ങളും വർഗീയ ഫാഷിസത്തിന്റെ വീറുമൊക്കെയാണ് കമൽറാമിന്റെ കണ്ടെത്തലുകളോട്,ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കത്തിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങളോട് പലരും പ്രകടിപ്പിച്ചുകാണാറുള്ള വിയോജിപ്പിന് പിന്നിലെന്ന് ഞാൻ കരുതുന്നു.തൽക്കാലം അതിന്റെ വിശകലനത്തിലേക്ക് കടക്കുന്നില്ല.

കമൽറാം സജീവ് എന്ന പത്രാധിപരുടെ തളരാത്ത ചിന്തായൗവനം അതിന്റെ സർഗവൈഭവം ആവിഷ്‌കരിക്കാനുള്ള പുതിയ ഇടങ്ങൾ കണ്ടെത്തുന്നതിൽ കാലതാമസം വരുത്തില്ലെന്ന് എനിക്കുറപ്പുണ്ട്.

ഫേസ്ബുക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/newsupdate-sanghparivar-pressurised-to-oust-kamalramsajeev-removed-from-mathrubhumi-weekly-assistant-editor-position/

https://www.azhimukham.com/newswrap-mathrubhumi-published-editorial-on-meesha-and-freedom-of-expression-writes-saju/

https://www.azhimukham.com/newswrap-where-gone-mp-veerendrakumar-writes-saju/

https://www.azhimukham.com/newswrap-sanghparivar-hate-speakers-behind-mobocracy-writes-sajukomban/

https://www.azhimukham.com/trending-its-shame-mathrubhumi-not-naming-sanghparivar-which-threatens-hareesh-and-family-ezhuthal/


Next Story

Related Stories