TopTop
Begin typing your search above and press return to search.

പ്രബുദ്ധ കേരളമേ നിനക്കിത് എന്തുപറ്റിയെന്നൊക്കെ കേൾക്കുമ്പോ ചിരിയാണ് വരുന്നത്

പ്രബുദ്ധ കേരളമേ നിനക്കിത് എന്തുപറ്റിയെന്നൊക്കെ കേൾക്കുമ്പോ ചിരിയാണ് വരുന്നത്
അല്ല അതിനിപ്പോ നമ്മൾ എന്നായിരുന്നു പുരോഗമന സമൂഹം ആയിരുന്നത് ?! ഉത്തരേന്ത്യക്കാരെ തെറ്റിദ്ധരിപ്പിക്കാൻ നമ്മൾ ഉണ്ടാക്കിയ ഒരു പൊയ്മുഖമല്ലേ അത്. എന്തിലും മുന്നിലെന്ന് കാണിക്കാനുള്ള മലയാളി മിടുക്ക് കൊണ്ട് നമ്മൾ അവരെ പറ്റിച്ചതല്ലേ. അപ്പോഴും നമുക്കറിയാരുന്നല്ലോ നമ്മൾ അതല്ലെന്ന്.

"ഞാൻ അങ്ങനെ വല്ല വീട്ടിൽനിന്നൊന്നും കഴിക്കില്ല. എനിക്ക് പിടിക്കില്ല, അല്ല വേറൊന്നും കൊണ്ടല്ല, എന്നിക്ക് വേണ്ടല്ലോ'

'അപ്പുറത്ത് പുതിയ താമസക്കാര് വന്നു മേത്തമ്മാരാ'

'അവര് അങ്ങനെ മുന്നിലൂടെയൊന്നും വരില്ല, അടുക്കള വാതിലിൽ വന്ന് ചോദിക്കത്തേ ഒള്ളൂ'

അടങ്ങിയ ശബ്ദത്തിൽ 'അവനൊരു പറയത്തിയെ വിളിച്ചൊണ്ടുവന്നു. ആകെ നാണക്കേടായി'

എന്നൊക്കെ പറഞ്ഞത് നമ്മളുതന്നല്ലേ?

കറുത്തവരും തടിച്ചവരും ഉന്തിയ പല്ലും പല്ലിലെ വിടവും മെലിഞ്ഞ ശരീരവും ഒക്കെ നമ്മളെ എന്തുമാത്രം ചിരിപ്പിച്ചിരിക്കുന്നു. നമ്മുടെ കോമഡി പരിപാടികളും പേട്ടൻ സിനിമകളുമെല്ലാം ഇതിന്റെ കേന്ദ്രങ്ങളായിരുന്നു. അതിലെ അശ്ലീലമൊന്നും നമ്മൾ കണ്ടതേയില്ല. പെൺകുട്ടികളുടെ യൂണിഫോമിന്റെ ഇറക്കം കുറഞ്ഞാലും ചുരിദാറിന്റെ ഷാൾ അൽപം നീങ്ങിയാലും അത് നമുക്ക് വലിയ അശ്ലീമായി.

എന്റെ മോളെ ഞാൻ നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ് വളർത്തിയതെന്ന് നമ്മൾ അഭിമാനിച്ചു. ഭർത്താവിന്റെയും അമ്മായിയമ്മയുടെയും പുളിച്ച തെറിയും തൊഴിയും കൊണ്ടപ്പോഴും അവൾ അടങ്ങി ഒതുങ്ങിയിരുന്നു.സിനിമയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി റെയിൽവെ ട്രാക്കിൽ ജീവനൊടുക്കുന്നത് കാണുന്പോഴാണ് നമുക്ക് ശ്വാസം നേരെ വീഴുക. പിന്നെ എല്ലാം ശുഭം. സ്ത്രീകൾ മാംസ തുണ്ടങ്ങളാണെന്നും ഗ്ലാമറിന് ഉള്ള ഉപാധികളാണെന്നും എന്നേ മലായാള സിനിമ തിരിച്ചറിഞ്ഞൂ.

നമ്മുടെ വീട്ടിലെ പെണ്ണുങ്ങൾ എന്നേ ജോലിക്ക് പോയി പ്രബുദ്ധരായവരാണ്. ഭർത്താവിനും കുഞ്ഞുങ്ങൾക്കും മറ്റ് വീട്ടുകാർക്കുമുള്ളതെല്ലാം ഉണ്ടാക്കിവച്ച് അണച്ചോടി ബസ് സ്റ്റോപ്പുകളിൽ എത്തി ബസിന്റെ ഫുട്ബോർ‍ഡിൽനിന്ന് ജോലി സ്ഥലത്തെത്തി മിടുക്കരായി ജോലി ചെയ്യുന്നു. മടക്കയാത്രയിൽ നാളത്തേക്ക് അരിയും ഉഴുന്നും വെള്ളത്തിലിടണോ അതോ പുട്ട് മതിയോ എന്ന് ആലോചിച്ച് വേവലാതിപ്പെടുന്നു. രാത്രി 12 മണിക്ക് അരിയും ഉഴുന്നും അരച്ച് വച്ചിട്ട്. പുലർച്ചെ അഞ്ചിനും ആറിനും ഉണർന്ന് സിറ്റൗട്ടിൽ പത്രം വായിക്കുന്ന ഭർത്താവിന് ചായ കൊണ്ട് അടുത്ത് വച്ചുകൊടുക്കുന്നു. ഭാര്യയെ ജോലിക്ക് വിടുന്ന പുരോഗമന ഭർത്താവായി അയാൾ അവിടിരുന്ന് ഞെളിയുമ്പോൾ ബസിന് സമയം ആകുമ്പോഴേക്കും ഭക്ഷണമെല്ലാം റെഡിയാക്കി ഭർത്താവിനും മക്കൾക്കും പാത്രത്തിലാക്കിവയ്ക്കാനുള്ള ഓട്ടത്തിലായിരുന്നു അവൾ

കേരളത്തിന് വെളിയിൽ പോകുമ്പോൾ ചായക്കടകളിലും മുറുക്കാൻ കടകളിലും പോലുമിരുന്ന് അന്നത്തെ പത്രം വായിക്കുന്ന രാഷ്ട്രീയ ചർച്ചകൾ നടത്തുന്ന നമ്മളെക്കുറിച്ച്, നമ്മുടെ പുരോഗമന ചിന്തയെക്കുറിച്ച് നമ്മൾ ആവേശത്തോടെ സംസാരിച്ചു. അപ്പോഴും നായർ ബെഞ്ചിലിരുന്ന് ചർച്ച ചെയ്തപ്പോൾ മറ്റ് ജാതിക്കാർ ബഹുമാനത്തോടെ മാറിനിന്നെന്ന കാര്യം നമ്മൾ ഓർത്തുപോലുമില്ല. അതുപിന്നെ ഓരോരോ നാട്ടുനടപ്പല്ലേ?

നല്ല കാശുള്ളവർ അല്ലെങ്കിലും ഇപ്പോൾ സ്ത്രീധനമൊന്നും ചോദിക്കില്ല. ഞങ്ങടെ വീട്ടിലൊന്നും അങ്ങനൊരു പതിവില്ല. അതൊക്കെ ഒരു ഗതിയുമില്ലാത്തവരുടെ കാര്യങ്ങളാ. പക്ഷേ കാറ് ബിഎംഡബ്യൂവിന് പകരം ഹോണ്ടാ സിറ്റിയായി പോയാൽ നമ്മുടെ മുഖം കറുക്കും. പിന്നെ നമ്മൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലുംനമ്മുടത്ര സ്വത്തും ചുറ്റുപാടും ജാതിബലവും ഉള്ളവരെ തന്നെ തപ്പിപ്പിടിച്ച് കെട്ടും. അങ്ങനെ കണ്ടുപിടിച്ച പെണ്ണിന് അൽപം നിറം കുറഞ്ഞാൽ ഒരു ഗുണമില്ലാത്ത പെങ്കൊച്ചാകും. അവൾക്കുള്ള പിഎച്ച്ഡിയും കോളേജ് പ്രൊഫസർ ജോലിയും ആരറിയാൻ. പിറ്റേന്ന് അയൽപക്കക്കാർ അടുക്കള വാതിലിൽ എത്തും പെണ്ണിന് അടുക്കളപ്പണി അറിയാമോ എന്ന് നോക്കി മാർക്ക് ഇടാൻ.

നമ്മുടെ അത്ര പുരോഗമനം വേറെ ആർക്കുണ്ട്! ഇപ്പോൾ പ്രബുദ്ധ കേരളമേ നിനക്കിത് എന്തുപറ്റിയെന്നൊക്കെ കേൾക്കുമ്പോ ചിരിയാണ് വരുന്നത്.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/trending-culture-writer-krmeera-sabarimala-women-entry-issues/

https://www.azhimukham.com/trending-sabarimala-women-entry-after-court-verdict-issues-kerala-hindu-families-communally-polarized-says-writer-s-sardakkutty/

https://www.azhimukham.com/trending-protest-of-women-must-be-raised-against-sanghaparivar-political-propaganda-sabarimala-women-entry-b-rajeevan-writes/


Next Story

Related Stories