TopTop
Begin typing your search above and press return to search.

പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്

പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്

ഒരു രാജ്യാന്തര വിമാനത്താവളം മണിക്കൂറുകളോളം വളഞ്ഞുവെച്ച്, അവിടെയിറങ്ങിയ ഒരു സ്ത്രീയെ പുറത്തുകടക്കാൻ അനുവദിക്കാതെ, ആക്രമണഭീഷണി മുഴക്കി, അവരെ മറ്റൊരു വിമാനത്തിൽക്കയറ്റി തിരിച്ചയക്കാൻ ഒരു കൂട്ടം ആളുകൾ പൊലീസിനേയും വിമാനത്താവള അധികൃതരേയും ഭീഷണിപ്പെടുത്തി നിർബന്ധിക്കുന്ന സ്ഥലം മറ്റെന്തൊക്കെയായാലും നിയമവാഴ്ചയോ നീതിബോധമോ നിലനിൽക്കുന്ന ഒന്നല്ല. ഇപ്പോളാ സ്ഥലത്തിന്റെ പേര് കേരളമെന്നാണ്.

ശബരിമലയിൽ പോകുമെന്ന് പ്രഖ്യാപിച്ചുവന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ വിമാനത്താവളം വളഞ്ഞിരിക്കുകയാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദു വിശ്വാസി ഗുണ്ടകൾ. ആ സ്ത്രീയോട് മടങ്ങിപ്പോകാൻ സമ്മർദ്ദം ചെലുത്തുകയാണ് പൊലീസ്. എന്തൊരു ലജ്ജാകരമായ അവസ്ഥ ! അവർ വിമാനമിറങ്ങുന്നതും കാത്ത് നൂറുകണക്കിനാളുകൾക്ക് അതീവസുരക്ഷാമേഖലയായ വിമാനത്താവളത്തിൽ ശരണത്തെറികളുമായി കുത്തിയിരിക്കാനും ഭീഷണി മുഴക്കാനുമുള്ള സാവകാശമുണ്ടായെങ്കിൽ രഹസ്യാന്വേഷണ വിഭാഗവും ക്രമസമാധാന സംവിധാനവുമൊക്കെ നോക്കിനടത്തുന്നത് എന്തുതരം വിണ്ണോദരന്മാരാണ് !

ഭയമാണ്, കേരളത്തിന്റ തെരുവുകൾ മുഴുവൻ സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരത സൃഷ്ട്ടിച്ച ഭയമാണ് ഇപ്പോൾ ഭരിക്കുന്നത്. നവോത്ഥാനസദസ്സുകൾക്ക് വന്ന പതിനായിരങ്ങൾ അത് കേട്ടുപോകുന്നവരായ സംയമനക്കാരാണ്. അച്ചടക്കത്തോടെ നവോത്ഥാനപ്രസംഗം കേട്ട് കയ്യടിച്ച് അവർ മടങ്ങിപ്പോയ ആ തെരുവിൽ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്. സംഘപരിവാറിന്റെ ഹിന്ദുത്വഭീകരവാദികൾക്കും ജനാധിപത്യവിരുദ്ധരായ ഹിന്ദുവിശ്വാസിഗുണ്ടകൾക്കും കേരളത്തിലേക്ക് ആര് വരണം, വരണ്ട എന്നുവരെ തീരുമാനിക്കാവുന്ന നിലയെത്തി എന്നത് നമ്മളെ അസാമാന്യമായ ആശങ്കയിലേക്ക് എത്തിക്കുന്നില്ലെങ്കിൽ നമ്മുടെ നവോത്ഥാനസദസ്സുകൾ കേരളീയ നവോത്ഥാനത്തിനെ വെള്ളപുതച്ചു കിടത്തി ഉദകക്രിയ ചെയ്യാൻ മാത്രമല്ല, ജനാധിപത്യ, മതേതര സമൂഹത്തിന്റെ മരണ അറിയിപ്പുകൂടിയായി മാറും.

തൃപ്തി ദേശായി സ്വന്തം നിലയ്ക്ക് ശബരിമലയ്ക്ക് സമീപം എത്തിയാൽ അവർക്ക് സുരക്ഷ നൽകാം എന്ന പൊലീസ് നിലപാട് തികഞ്ഞ കാപട്യമാണ്. ഈ സംസ്ഥാനത്ത് ഏതു പൗരനും അവരുടെ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്യം ഒരുക്കികൊടുക്കാൻ ഭരണസംവിധാനത്തിനു ബാധ്യതയുണ്ട്. പൗരാവകാശങ്ങളെ ആൾക്കൂട്ടത്തിന്റെ ആക്രോശം കൊണ്ട് തടയാമെന്ന നില വന്നാൽ പിന്നെ ഒരു പൗരന് അയാളുടെ സാമൂഹ്യജീവിതത്തിന്റെ നിത്യനിദാനരാശികളിൽ ഏതു ഗ്രഹനിലയിലാണ് നീതി കിട്ടുക?

ശബരിമലയിലെ സ്ത്രീപ്രവേശന വിരുദ്ധ സംഘപരിവാർ, സവർണ ഹിന്ദു ലഹള ആർജ്ജിച്ച ഭയാനകമായ മാനമാണ് അവർ കയ്യേറിയ കൊച്ചി വിമാനത്താവളം. ശബരിമലയിലേക്ക് പോയ സ്ത്രീകളുടെ വീടിനു നേരെ കല്ലേറും ആക്രമണവുമായിരുന്നു ഇന്നലെ വരെയെങ്കിൽ ഇന്നത് അവരെ തെരുവിലിറക്കില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

ബിന്ദു തങ്കം കല്യാണി എന്ന അധ്യാപികയെ അവരുടെ വിദ്യാലയത്തിൽ വരെ എത്തി ജീവിക്കാനും തൊഴിലെടുക്കാനും അനുവദിക്കാത്ത അവസ്ഥയുണ്ടായിരിക്കുന്നു. എന്തുതരം അവസരവാദികളായാലും ഡി സി ബുക്സിന് അവരുടെ പുസ്തകപ്രദർശനത്തിൽ സംഘപരിവാരിന്റെ, ഹിന്ദുത്വ ഭീകരതയുടെ തീട്ടൂരം അനുസരിച്ച് തങ്ങൾ ഹിന്ദു ആചാരങ്ങളെ വിമർശിക്കുന്ന ഒരു പുസ്തകവും വിൽക്കുകയോ പ്രദര്ശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഴുതിനൽകേണ്ടിവന്നിരിക്കുന്നു. എം. എഫ് ഹുസൈനെ നാടുകടത്തിയ, അദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങളെ ആക്രമിച്ച, ഇടതു സാംസ്കാരിക സംഘമായ സഹ്മത്തിന്റെ പ്രദര്ശനങ്ങൾക്കുനേരെ ആക്രമണം നടത്തിയ, എ .കെ. രാമാനുജന്റെ മുന്നൂറു രാമായണങ്ങൾ എന്ന പുസ്തകം സർവകലാശാല വായന പട്ടികയിൽ നിന്നും നീക്കം ചെയ്ത, രാമചന്ദ്ര ഗുഹയെ അധ്യാപകനായി വെക്കുന്നത് തടഞ്ഞ, ഇന്ന് ഡൽഹിയിൽ നടക്കേണ്ട ടി. എം കൃഷ്ണയുടെ സംഗീതക്കച്ചേരി വേണ്ടെന്നുവെക്കാൻ അതിന്റെ പ്രായോജകരെ നിർബന്ധിതരാക്കിയ അതെ ഹിന്ദുത്വ ഭീകരതയാണ് കേരളത്തിലും ഇപ്പോൾ വിജയകരമായി, പതിനായിരങ്ങൾ തടിച്ചു കൂടുന്ന നവോത്ഥാന പ്രസംഗമൈതാനങ്ങളുടെ മൂക്കിനുകീഴെ ഇത് ചെയ്യുന്നത് എന്ന് നാം ഓർക്കണം. എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയബോധത്തിൽ അപായമണികൾ കൂട്ടത്തോടെ മുഴങ്ങാത്തത്?

ശബരിമലയിലേക്കാണോ ഒരു സ്ത്രീ പോകുന്നത് എന്നത് രണ്ടാമത്തെ കാര്യമാണിപ്പോൾ. ആദ്യത്തെ ചോദ്യം എങ്ങോട്ടാണ് പോകുന്നത് എന്ന് സംഘപരിവാറിന്റെ ഹിന്ദുത്വഗുണ്ടകൾക്ക് എതിർപ്പില്ലാതെ ബോധ്യമുണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് കേരളത്തിൽ പുറത്തിറങ്ങാൻ കഴിയൂ എന്നാണോ അവസ്ഥ എന്നാണ്? വിമാനത്താവളത്തിൽ ഹിന്ദുത്വഭീകരവാദികൾ തടഞ്ഞുവെച്ചിരിക്കുന്ന ആ സ്ത്രീ ജനാധിപത്യ, മതേതര കേരളം നേരിടുന്ന ഭയാനകമായ ഭാവിയിലേക്കുള്ള ഏറ്റവും മൂർത്തമായ സൂചനയാണ്.

തൃപ്തി ദേശായിക്ക് എന്ത് ഒളി അജണ്ടകളുണ്ടെന്ന് ആരോപിക്കപ്പെട്ടാലും ശബരിമലയിലെ അവരുടെ പ്രവേശനത്തിനുള്ള അവകാശത്തിൽ അതൊക്കെ അപ്രസക്തമാണ്. അവരെ തിരിച്ചയക്കുന്നതും വലിയൊരു അടവായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. അതിനുമപ്പുറം കേരളത്തിലേക്ക് വന്ന ഒരാൾക്ക് സംഘപരിവാറിന്റെ അനുമതി കിട്ടാത്തതുകൊണ്ട്, സംഘപരിവാർ ഗുണ്ടകൾ വിമാനത്താവളം വളഞ്ഞുവെച്ചതുകൊണ്ട് ഈ സംസ്ഥാനത്ത സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നു വന്നാൽ, നിർഭാഗ്യകരമായ വസ്തുത ഇവിടെ നിയമവാഴ്ചയ്ക്ക് കാവിഭീകരതയുടെ അതിർത്തികൾ നിശ്ചയിക്കപ്പെടുന്നു എന്നതുതന്നെയാണ്.

വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാരും മറ്റു വണ്ടിക്കാരുമൊക്കെ ആ സ്ത്രീയെ കൊണ്ടുപോകാൻ വിസമ്മതിച്ചു. വണ്ടിക്കാരുടെ ജീവഭയം സ്വാഭാവികമാണ്. എന്നാൽ അത്തരത്തിലൊരു ജീവഭയം ഞൊടിയിടകൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന സാമൂഹ്യഭീതി കേരളമാകെ സംഘപരിവാർ വളർത്തിയെടുത്തിരിക്കുന്നു എന്നതാണ് കാണേണ്ടത് . ശബരിമലയിലേക്കുള്ള പ്രവേശനത്തിനു മാത്രമല്ല, കേരളത്തിലേക്ക് വരുന്നവരുടെകൂടി പരിശോധന സംഘപരിവാറിന് ഏറ്റെടുക്കാനും നിയന്ത്രിക്കാനും കഴിയുന്നു എന്ന സ്ഥിതി ഉണ്ടാക്കരുത്.

ഭയം, ഭയമാണ് സമൂഹത്തെ നിയന്ത്രിക്കാൻ ഫാഷിസ്റ്റുകൾ ഉപയോഗിക്കുന്ന ഏറ്റവും പ്രാഥമികമായ ആയുധം. അതവർ ആദ്യം ഉപയോഗിക്കുക ഭരണകൂടത്തിന്റെ കയ്യുകൾ കൊണ്ടല്ല. ആൾക്കൂട്ടത്തെ ഉപയോഗിച്ചാണ്. ആദ്യഘട്ടത്തിൽ സംഘടിതരല്ലാത്ത, ആവേശത്താൽ ഒന്നിച്ചുകൂടിയ ആൾക്കൂട്ടമെന്നു തോന്നുമെങ്കിലും ഓരോ തെരുവിലൂടെയും അച്ചടക്കത്തോടെ ജനാധിപത്യത്തെയും ബഹുസ്വരതയേയും ചവിട്ടിഞെരിച്ചുകൊണ്ട് താളത്തിൽ ചവിട്ടിക്കടന്നുപോകുന്ന ഒരു സേനയായി മാറാൻ അതിന് ഒട്ടും പ്രയാസമില്ല.

സംയമനത്തിന്റെയും സന്ദിഗ്ധതയുടെയും അമ്പരപ്പ് നിറഞ്ഞ കണ്ണുകൾ ജാലകങ്ങളിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ എല്ലാ തെരുവുകളിലും പുതിയ മേല്നോട്ടക്കാർ നിരന്നുകഴിഞ്ഞിരിക്കും. പിന്നെ ജാലകങ്ങൾ അടക്കുകയും വാതിലുകൾ തുറക്കുകയും പുറത്തെ വരിയിലേക്ക്, പുതിയ വിധിയിലേക്ക്, നിശബ്ദരായി അണിചേരുകയും മാത്രമേ വഴിയുണ്ടാവുകയുള്ളൂ. അത് നടക്കില്ല എന്ന് കരുതിയിരുന്ന എല്ലാ സ്വീകരണമുറികളിലേക്കും ക്ഷണക്കത്തുകളില്ലാതെ അവരെത്തിയിട്ടുണ്ട്.

ഫേസ്ബുക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-bjp-state-chief-ps-sreedharan-pillai-use-kerala-rerormation-leaders-for-his-radhayatha/

https://www.azhimukham.com/trending-who-is-trupti-desai/

https://www.azhimukham.com/trending-opinion-protest-against-trupti-desai-nedumbashery-airport-must-be-controlled-by-police-gireesh-writes/


Next Story

Related Stories