UPDATES

ട്രെന്‍ഡിങ്ങ്

കൊള്ള നടത്താൻ കളമൊരുക്കാൻ വേണ്ടി കലക്കിത്തന്ന മയക്കുമരുന്നാണ് അയോധ്യയും ശബരിമലയും

വർഗീയതയെ ഊതിക്കത്തിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ ഈ വിഷനായ്ക്കളുടെ ദംഷ്ട്രയിൽ നമ്മൾ സ്വയം തലവെച്ചു കൊടുക്കരുത്.

ഏതാണ്ട് നാലര ലക്ഷം പേർക്കാണ് കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത്. എഴുപത്തയ്യായിരത്തിലധികം വീടുകളാണ് ഇക്കഴിഞ്ഞ പ്രളയത്തിൽ സംസ്ഥാനത്തുടനീളം പൂർണമായോ ഭാഗികമായോ നശിച്ചു പോയത്. 700 കോടി രൂപയുടെ വിളനാശമുണ്ടായി. അതു വഴി മാത്രം സംഭവിച്ചിട്ടുള്ളത് ഏതാണ്ട് 4000 കോടി രൂപയുടെ തൊഴിൽ നഷ്ടമാണ്.

നരേന്ദ്ര മോദി സർക്കാർ ഭരണം ഏറ്റെടുത്തതിനു ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലൊട്ടാകെ ഏതാണ്ട് ഒന്നരക്കോടി ജനങ്ങളാണ് പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്ന് കുടിയിറക്കപ്പെട്ടത്. ഗുജറാത്തിൽ സർദാർ സരോവർ അണക്കെട്ടിന്റെ തീരത്തു നിന്നു മാത്രം കുടിയിറക്കപ്പെട്ടത് രണ്ട് ലക്ഷത്തോളം ആദിവാസികളാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ച് 45 ദിവസത്തിനകം മരിച്ചു വീണത് 105 പേരാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയെ പറ്റി സർക്കാരിനു തന്നെ വലിയ പിടിപാടില്ല. ജി ഡി പി വളർച്ചാ നിരക്കിൽ കൃത്രിമം കാട്ടിയാണ് കണക്കുകൾ പുറത്തു വിടുന്നത് എന്ന ആരോപണത്തിന് കേന്ദ്ര സർക്കാർ ഇതു വരെ മറുപടി പറഞ്ഞിട്ടില്ല.വിത്തെടുത്ത് കുത്തിയാണ് രാജ്യം കഞ്ഞി കുടിക്കുന്നത് എന്നതാണവസ്ഥ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കരുതൽ മൂലധനം വിട്ടു കൊടുക്കാൻ റിസർവ് ബാങ്കിനോട് സർക്കാർ ആവശ്യപ്പെട്ടു എന്ന വാർത്ത.

ശബരിമല വിഷയം ഒരു തരത്തിലും നമ്മുടെ പ്രയോറിറ്റിയല്ല എന്ന നിലപാടിലൂന്നിയുള്ള പ്രചാരണങ്ങൾ തുടങ്ങേണ്ടതുണ്ട്. അത് ഭരണഘടന ഉറപ്പു നൽകുന്ന ലിംഗനീതിയുടെ പ്രശ്നം മാത്രമാണ്. ആ വിധിയെ എതിർക്കുന്നവർ ഭരണഘടനയെ എതിർക്കുന്നവരാണ്. അതിലപ്പുറം അതിൽ വിശ്വാസി- അവിശ്വാസി ദ്വന്ദങ്ങൾ കൊണ്ടു വരുന്നത് രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കിയാണ്. ആ കെണിയിൽ നിർഭാഗ്യവശാൽ ഒരു ജനത മുഴുവൻ വീണു പോകുന്നു എന്നതാണ് സങ്കടം.

മൃദു ഹിന്ദുത്വവും തീവ്രഹിന്ദുത്വവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ചർച്ചകളെ കേന്ദ്രീകരിപ്പിച്ചു നിർത്തുക എന്നത് ബി ജെ പിയുടെ സ്ഥിരം തന്ത്രമാണ്. അതു വഴി മറ്റ് മതസ്ഥരെയും ദളിത്- ആദിവാസി- ഗോത്ര വിഭാഗങ്ങളെയും മുഖ്യധാരയിൽ നിന്നും പരിപൂർണ്ണമായും വേർതിരിച്ചു നിർത്തുന്നതിൽ അവർ വിജയിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ തന്നെ, ഒരു കമന്റു കൊണ്ട് പോലും മറ്റാരും ഇടപെടുന്നില്ല എന്നവർ ഉറപ്പു വരുത്തുന്നുണ്ട്. ഒരു മതത്തെയും അതിലെ ആചാരങ്ങളെയും മാത്രം കേന്ദ്രീകരിച്ചാണ് മുഴുവൻ ചർച്ചകളും നടക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതോടെ പൗരാവകാശത്തിനു മുകളിൽ ഭൂരിപക്ഷ മതത്തെ പ്രതിഷ്ഠിക്കുക എന്നതാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നത്.

പ്രളയാനന്തര കേരളം എന്ന മുദ്രാവാക്യത്തെ നമ്മൾ തിരിച്ചു പിടിക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിലല്ല, മറിച്ച് ഈ വിഷയത്തിലാണ് ഗൃഹസദസ്സുകളും കുടുംബയോഗങ്ങളും നടക്കേണ്ടത്. മതം ചർച്ച ചെയ്യുന്നവരുടെ ലക്ഷ്യം വേറെയാണ്. ഈ സംസ്ഥാനത്തെയോ രാജ്യത്തെയോ ജനങ്ങളുടെ ക്ഷേമവും നന്മയും പുരോഗതിയുമല്ല, മറിച്ച് കൊള്ളയാണ്. ആ കൊള്ള നടത്താൻ കളമൊരുക്കാൻ വേണ്ടി കലക്കിത്തന്ന മയക്കുമരുന്നാണ് അയോധ്യയും ശബരിമലയും. അതും സേവിച്ച് ബോധം നഷ്ടപ്പെട്ട് ഉറഞ്ഞാടി എഴുന്നേൽക്കുമ്പോഴും, ഈ രാജ്യം കൊള്ളക്കാർ മുഴുവനായും തീറെഴുതി വാങ്ങിയിരിക്കും. അതിലേക്കിനി അധികദൂരമില്ല.

ഒരു രാജ്യാന്തര വിമാനത്താവളത്തെ പോലും കൈകൊട്ടും പാട്ടുമായി ഉപരോധിച്ച് ലോകത്തിനു മുന്നിൽ ഒരു സംസ്ഥാനത്തെ നാണം കെടുത്തുകയും, നട്ടപ്പാതിരക്ക് ഹർത്താൽ പ്രഖ്യാപിച്ച് പ്രളയക്കെടുതിയിൽ നിന്ന് കര കയറാത്ത ഒരു സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വാണിജ്യ നഷ്ടം വരുത്തി വക്കുകയും, ഒരു നാട് മുഴുവൻ മുങ്ങിത്താണപ്പോൾ ഒരാളെയെങ്കിലും കൈ പിടിച്ച് രക്ഷിക്കാനിറങ്ങാതെ സുരക്ഷിത മാളങ്ങളിലൊളിക്കുകയും ചെയ്തവർക്ക് സ്നേഹം ഈ സംസ്ഥാനത്തോടോ അവിടത്തെ ജനങ്ങളോടോ അല്ല എന്നു വ്യക്തം. വർഗീയതയെ ഊതിക്കത്തിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ ഈ വിഷനായ്ക്കളുടെ ദംഷ്ട്രയിൽ നമ്മൾ സ്വയം തലവെച്ചു കൊടുക്കരുത്.

*ഫേസ്ബുക്ക് പോസ്റ്റ്

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?

ശബരിമല LIVE: കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും

പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടിയവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നു?

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

പി എസ് രാംദാസ്

പി എസ് രാംദാസ്

എഴുത്തുകാരന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍