TopTop
Begin typing your search above and press return to search.

'ദി മോട്ടോർ സൈക്ലിസ്റ്റ്' എന്ന കവിതയ്ക്ക് അശ്ലീല പാരഡിയുമായി കവി ആര്‍ സംഗീതയ്ക്ക് നേരെ സൈബര്‍ ആക്രമണം

ദി മോട്ടോർ സൈക്ലിസ്റ്റ് എന്ന കവിതയ്ക്ക് അശ്ലീല പാരഡിയുമായി കവി ആര്‍ സംഗീതയ്ക്ക് നേരെ സൈബര്‍ ആക്രമണം

സൈബർ മേഖലയിൽ എതിര്‍ ശബ്ദമുയര്‍ത്തുന്ന സ്ത്രീകൾക്കെതിരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണ് അസഹിഷ്ണുതയുടെ വക്താക്കൾ. ആക്റ്റിവിസ്റ്റും വിദ്യാര്‍ത്ഥിയുമായ അരുന്ധതിക്കെതിരെ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു തെറിവിളിയും ഭീഷണിയുമെങ്കിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്തിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയത് സ്വന്തം രാഷ്ട്രീയ നിലപാടുകൾ പൊതു ഇടത്തിൽ പങ്കു വെച്ചതിനാണ്.

നവമാധ്യമങ്ങളിൽ ആദ്യ കാലങ്ങളിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള നുണ പ്രചാരണങ്ങൾക്കും, കൊലവിളികൾക്കും ആണ് ഇക്കൂട്ടർ പ്രാമുഖ്യം നല്കിയിരുന്നതെങ്കിൽ ഇന്നതിന്റെ രൂപവും ഭാവവും മാറിയിട്ടുണ്ട്. സ്ത്രീകളെ നിരന്തരം അപഹസിക്കുന്ന, വെർബൽ റേപ് ചെയ്യുന്ന അക്രമിക്കൂട്ടങ്ങളുടെ പ്രധാന ധൈര്യം സൈബർ കേസ് രജിസ്റ്റർ ചെയ്‌താൽ പോലും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല എന്നതാണ്.

എഴുത്തുകാരി ആർ സംഗീതയ്ക്ക് നേരെയാണ് ഇപ്പോൾ ഒരു കൂട്ടം ആളുകൾ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു' എന്ന കവിത സമാഹാരത്തിന്റെ രചയിതാവ് ആണ് ആർ സംഗീത. പ്രസ്തുത സമാഹാരത്തിലെ 'ദി മോട്ടോർ സൈക്ലിസ്റ്റ്' എന്ന കവിതയിലെ വരികൾ എടുത്താണ് തീർത്തും അപഹാസ്യമായ പോസ്റ്റും കമന്റുകളും ഇന്നലെ രാത്രി മുതൽ നവമാധ്യമങ്ങളിൽ സജീവമാകുന്നത്.

എനിക്ക് ക്യൂബയെ ഗർഭത്തിൽ

പേറണം എന്നാഗ്രഹമുണ്ടായിരുന്നു....

അപ്പോളാണ് എന്റെ ഫ്രണ്ട് എനിക്ക് പാർട്ടി

ഓഫീസ് റെക്കമൻഡ് ചെയ്തത്

ഇപ്പോൾ നോക്ക് ഗർഭം ഒഴിഞ്ഞു നേരമില്ല....

സംഗീതയുടെ കവിതയിലെ വരികൾ ഈ വിധം ആണ് റോഷൻ രവീന്ദ്രൻ എന്നയാള്‍ പ്രൊഫൈൽ മാറ്റി എഴുതിയിരിക്കുന്നത്. ആയിരങ്ങൾ ലൈക്കും, ഷെയറുമായി പിന്തുണ നൽകിയിട്ടുമുണ്ട്.

ഫെയ്‌സ്‌ബുക്കിൽ ജോജി വർഗീസ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്;

രാജസ്ഥാനോ യൂപിയോ ഗുജറാത്തോ ഒന്നുമല്ല, കേരളമാണ്. ഭരിക്കുന്നത് ഉമ്മൻ‌ചാണ്ടിയല്ല, ഇടതുപക്ഷമാണ്. ഈ അനുഭവം ആദ്യത്തേതല്ല, അമ്പതാമത്തേതുമല്ല.നൂറു കണക്കിന് പേരാണ് അശ്ലീല കമന്റുകളുമായി ആഘോഷിക്കാൻ കൂട്ടിയത്.

ഇത്തവണ ഈ കാട്ടാളന്മാരുടെ അക്ഷരചൊരുക്ക് തീർത്തത് കവിയും സുഹൃത്തുമായ ആർ സംഗീതയോടാണ്.

യാതൊരു പ്രകോപനത്തിനും വിവാദത്തിനും സാധ്യതയില്ലാത്ത ഒരു വ്യക്തി കാല്പനികതയുടെ ആവിഷ്കാരത്തോടാണ് കവിയുടെ രാഷ്ട്രീയത്തിലേക്ക് കടന്നു ചെന്ന് ഇവന്മാർ അളിഞ്ഞ തെറിയെഴുതിയിരിക്കുന്നത്. അടിമുടി രാഷ്ട്രീയം പറയുന്ന മലയാളഭാഷയിലും ഈ രാക്ഷസൻമാരുടെ വിക്രിയകൾ സാധ്യമാവുന്നു എന്ന് വരുന്നത് വലിയൊരു സന്ദേശമാണ്. നമ്മുടെ അക്ഷരങ്ങൾ സുരക്ഷിതമല്ലാതാകുന്നു എന്ന സന്ദേശം. ചിന്തകളെ ആക്രമിക്കും എന്ന് തന്നെയാണ് ഭീഷണി. അപമാനിക്കുന്നത് ആദ്യപടിയാണ്.

പരാജയപ്പെടില്ല എന്നാണ് സംഗീതയുടെ തീരുമാനം. പരാതിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. നമ്മളൊക്കെയും കൂടെയുണ്ടാവും. പക്ഷേ ഇനിയെത്ര നാൾ? എത്ര നാൾ ഇവിടെ സ്വതന്ത്രാക്ഷരങ്ങൾക്ക് സഞ്ചാരം സാധ്യമാവും?

അനുഭവത്തിലെ പഠിക്കൂ എന്ന് വാശിയില്ലാത്തവർ കവിയോടൊപ്പം ഉറച്ചു നിൽക്കണം. അവർക്ക് ഐക്യദാർഢ്യം നൽകണം. ഈ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നു എന്നുറപ്പ് വരുത്തണം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ല സ്ലട് ഷെയിമിംഗ്. ഒരുമിച്ചു നിൽക്കാൻ തയ്യാറല്ലെങ്കിൽ ഓരോരുത്തരായി ഈ സംവാദ മുഖത്ത് നിന്ന് അപ്രത്യക്ഷരാകും. അതു തീർച്ചയാണ്. സ്വന്തം പേനയിൽ പിടി വീഴും വരെ കാത്തിരിക്കരുത്.

വലിയ ഞെട്ടൽ ആണുണ്ടാക്കിയതെന്നും, എന്നാൽ സുഹൃത്തുക്കളോടും, കുടുംബത്തോടും സംസാരിച്ച ശേഷം നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സംഗീത അഴിമുഖത്തോട് പറഞ്ഞു. "കലാപരമായ സൃഷ്ടികളെ വിമർശനവിധേയമാക്കേണ്ടത് തീർച്ചയായും അനുവദനീയമാണ്, അനിവാര്യതയുമാണ്. എന്നാൽ ഒരു കവിതയിലെ ചില വരികൾ മാത്രം എടുത്ത് തീർത്തും അപഹാസ്യമായ രീതിയിൽ അവതരിപ്പിക്കുന്നതും, അതിനു താഴെ അശ്‌ളീല കമന്റുകൾ കൊണ്ട് നിറയ്ക്കുന്നതും ആവിഷ്‌ക്കാര സ്വന്ത്രത്തിന്റെ പരിധിയിൽ പെടില്ല, അത് തീർത്തും പ്രതിഷേധാർഹമാണ്". ചില സ്ത്രീകൾ വരെ ഇത്തരം പോസ്റ്റുകളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരം ആണെന്ന് സംഗീത കൂട്ടിച്ചേർത്തു.


Next Story

Related Stories