Top

ശബരിമലയില്‍ പോകുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യാന്‍ തയ്യാറെടുക്കുന്നവരേ, നിലപാടുള്ളവരെ പേടിക്കുന്നതെന്തിന്?

ശബരിമലയില്‍ പോകുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യാന്‍ തയ്യാറെടുക്കുന്നവരേ, നിലപാടുള്ളവരെ പേടിക്കുന്നതെന്തിന്?
ശബരിമലയിൽ കയറുന്ന സ്ത്രീകളെ റേപ്പ് ചെയ്യണമെന്ന ആഹ്വാനങ്ങളും, ഞങ്ങടെ നെഞ്ചത്തു ചവിട്ടിയെ നിങ്ങൾ കേറൂ എന്ന വെല്ലുവിളികളും കണ്ടു. അവരോട് മാത്രമാണ് ചോദിക്കുന്നത്.. എന്തുകൊണ്ടാണ് ശാരീരികമായി ആക്രമിച്ചുകൊണ്ടോ വെർബൽ വയലൻസിലൂടെയോ മാത്രം മറുപടി പറയാൻ നിങ്ങൾക്ക് കഴിയുന്നത്? ആശയപരമായ ഒരു കൊടുക്കൽ വാങ്ങലുകൾക്കും ഇടമില്ലാത്ത വിധത്തിൽ, ലിംഗം മാത്രമേ ഞങ്ങൾക്ക് മറുപടി ആയുള്ളൂ എന്ന് കൊട്ടിഘോഷിക്കേണ്ടി വരുന്നത്? മലയിൽ പെണ്ണുങ്ങൾ കയറിയാൽ അവിടെ പീഡനം നടക്കുമെന്ന് ഉറപ്പിച്ചു നിങ്ങൾ പറയുന്നതിന് പിന്നിൽ, ഇനി ഏതു ദൈവം നോക്കി നിന്നാലും പെണ്ണിനെ കണ്ടാൽ ഞങ്ങൾ പീഡിപ്പിക്കും എന്ന യുക്തി തന്നെയല്ലേ?രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതി വരുന്ന മനുഷ്യരെ നോക്കി, നിങ്ങൾ വെറും മാംസം ആണ് , ഞങ്ങൾക്ക് അടിമപ്പെട്ടില്ലെങ്കിൽ കൊന്നുകളയും എന്ന ഭീഷണി വെറും ഭീരുത്വമാണ്. തുല്യനീതിയും അവസരവും ഉറപ്പു വരുത്താൻ ഉദ്ദേശിച്ചുള്ള ഏതൊരു പരിഷ്കരണത്തെയും, ബലാത്സംഗം കൊണ്ട് ചെറുക്കും എന്ന് പറയേണ്ടി വരുന്ന ദാരിദ്ര്യം! ഈ ലോജിക്കിൽ തെറ്റ് കാണാത്ത സ്ത്രീകളെ സഹതാപത്തോടെ കാണുന്നു.

ആണധികാര സ്‌ഥാപനങ്ങളിൽ ഇക്കണ്ട കാലം മുഴുവൻ ജീവിച്ചവർക്ക് ഈ വിഷയങ്ങളിൽ പെട്ടന്നൊരു മാറിച്ചിന്തിക്കൽ വിഷമകരമാണുതാനും. എന്നാൽ പേരുകേട്ട കവികളും, രാഷ്ട്രീയക്കാരും, ജനകീയബ്യുറോക്രറ്റുകളും ഒക്കെ പെണ്ണുങ്ങളുടെ കാര്യം വരുമ്പോ നാലാം നൂറ്റാണ്ടിൽ തന്നെ ആണല്ലോ എന്നതാണ്!വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന കോടതി വിധിയെ, ഇനിയിപ്പോ അടുത്ത വീട്ടിലെ ചേച്ചിയുടെ കൂടെ ശബരിമലക്ക് പോകാമല്ലോ എന്ന് വഷളൻ കോമഡി കൊണ്ട് കൗണ്ടറടിക്കുന്നവരുടെ ലൈംഗിക ദാരിദ്ര്യം എടുത്തു പറയേണ്ടതാണ്. അടുത്ത വീട്ടിലെ ചേച്ചിമാരെല്ലാം എന്തുകൊണ്ട് ശരീരങ്ങൾ മാത്രമാവുന്നെന്നും, അവരുടെ താല്പര്യങ്ങളോ അഭിപ്രായങ്ങളോ ചിന്തയുടെ സമീപത്തുപോലും വരുന്നില്ലെന്നതും ഓർത്ത് നോക്കൂ. ആർക്കും ആരുടെ ശരീരവും വയലേറ്റ് ചെയ്യാമെന്നല്ല വിധി, പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിലേക്ക് ഒളിഞ്ഞു നോക്കി കമന്റ് അടിക്കേണ്ട, കാര്യമില്ല എന്നാണു.

ശബരിമല പ്രവേശനമാണ് ഈ നാട്ടിലെ കത്തുന്ന സാമൂഹ്യപ്രശ്നം എന്ന് ഇപ്പോഴും കരുതുന്നില്ല. അടിമുടി ആണധികാരത്തിൽ കെട്ടിപ്പൊക്കിയ മനുഷ്യവിരുദ്ധ നിലപാടുകളെ തിരുത്തുന്ന നീതിന്യായ വ്യവസ്‌ഥയുടെ ജൻഡർ സെൻസിറ്റീവ് ആയ വിധികൾ, അതിനി എത്ര ചെറിയ കാൽവെപ്പുകളായാലും അവയോട് ഐക്യപ്പെടുന്നു എന്നാണു. ശരീരം ബാധ്യതയാവുന്ന, അവയവങ്ങളെല്ലാം തെറികളാവുന്ന, സ്വന്തം ഗർഭപാത്രത്തെ സംബന്ധിച്ച തീരുമാനങ്ങൾ വരെ നാട്ടുകാരിൽ നിന്ന് കേൾക്കേണ്ടി വരുന്ന സ്ത്രീസമൂഹത്തിന്റെ നിരന്തര ചെറുത്തുനിൽപ്പുകളെ, വിജയങ്ങളെ ലിംഗം കൊണ്ട് ഇക്വേറ്റ് ചെയ്യാനുള്ള ശ്രമങ്ങളോട് സഹതാപമാണ്. ഒരു സ്ത്രീ നേടിയ വിദ്യാഭ്യാസമോ, തൊഴിലോ, സാമൂഹ്യ സാംസ്‌കാരിക അംഗീകാരമോ ഒന്നും തന്നെ അവളെ ലൈംഗികവസ്തുവായി കാണുന്നതിന് തടസ്സമാവുന്നില്ല എന്ന് കാണാൻ നിലപാടുള്ള പെണ്ണുങ്ങളുടെ ഫേസ്ബുക് പേജ് നോക്കിയാൽ മാത്രം മതി!ക്രിമിനലുകൾക്ക് ലഭിക്കുന്ന ജനപിന്തുണയെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. വിവാഹമോചനം നേടുന്ന സ്ത്രീകൾ കൂടുന്നത് സാംസ്‌കാരിക അധഃപതനമായി കാണുന്നവർ വേറെ. അവനവനു താല്പര്യമുള്ള ഒരു വ്യക്തിയോടൊത്ത് ജീവിക്കാനുള്ള സാമൂഹ്യ സാഹചര്യം ഒരുക്കുന്നതുപോലെതന്നെ പ്രധാനമാണ്, ശാരീരികവും മാനസികവുമായി തളർത്തുന്ന ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുക എന്നതും. അത് സാംസ്കാരിക രാഹിത്യമല്ല, മറിച്ചു ആരോഗ്യമുള്ള സമൂഹത്തിനുണ്ടാവേണ്ട ജനാധിപത്യ സ്വഭാവമായി വേണം കണക്കാക്കാൻ.

'ഭർത്താവ് ഭാര്യയുടെ യജമാനൻ അല്ല' എന്ന കോടതിയുടെ ഓർമ്മപ്പെടുത്തൽ ചരിത്രപരമാവുന്നതും അതുകൊണ്ടുതന്നെ. ശബരിമല പോയിട്ടു തിരക്കുപിടിച്ച ഒരു കല്യാണത്തിനുപോലും പോകാൻ താല്പര്യമില്ല. അത് എന്റെ ചോയ്സ് ആണ്. പരിഷ്‌കൃതമായ ഒരു സമൂഹത്തിൽ ജൻഡർ ഒന്നുകൊണ്ട് മാത്രം മനുഷ്യർ മാറ്റിനിർത്തപ്പെടുന്നുവെങ്കിൽ അത് മാറേണ്ടത് തന്നെയാണ്. കാലാനുവർത്തിയായി വരേണ്ടുന്ന സാമൂഹ്യമാറ്റങ്ങളെ റേപ്പ് കൊണ്ടും സെക്സ് ജോക്കുകൾ കൊണ്ടും നേരിടുന്നവരോടാണ്, ഭൂമീടെ അച്ചുതണ്ട് നിങ്ങളുടെ ലിംഗം അല്ല.

(ആതിര മോഹനൻ : ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/trending-kerala-hindu-help-line-call-agitation-against-sc-verdict-on-sabarimala-women-entry/

Next Story

Related Stories