Top

അടുത്ത തവണ അത് നമ്മളായിരിക്കും എന്ന് കണക്കാക്കി എടുക്കുന്ന ഒരു ഇൻഷ്വറൻസ് ആയി സാലറി ചലഞ്ചിനെ കണ്ടാല്‍ മതി

അടുത്ത തവണ അത് നമ്മളായിരിക്കും എന്ന് കണക്കാക്കി എടുക്കുന്ന ഒരു ഇൻഷ്വറൻസ് ആയി സാലറി ചലഞ്ചിനെ കണ്ടാല്‍ മതി
സര്‍ക്കാറിന്റെ സാലറി ചലഞ്ച് ഭരണ പ്രതിപക്ഷ സംഘടനകളുടെ ഏറ്റുമുട്ടലിലേക്ക് വഴി തുറന്നിരിക്കുകയാണ്. കിഴിവുകള്‍ കഴിഞ്ഞ് ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്‍കാന്‍ സാധ്യമല്ലെന്നും, ജീവനക്കാരെ രണ്ടു തട്ടിലാക്കാനാണ് ശ്രമമെന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ, സാലറി ചാലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസ വഴികളൊരുക്കി പണം അടക്കാൻ വിവിധ അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു.

നവമാധ്യമങ്ങളിലും 'സാലറി ചലഞ്ചിനെ' കുറിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്. സർക്കാർ പറയുന്നത് കേന്ദ്ര സഹായം അടക്കം ഇത് വരെ ലഭിച്ച സഹായവും, നഷ്ടവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ്. ഈ യാഥാർഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ നിർബന്ധിതമായ പിരിവ് അനുവദിക്കാൻ ആവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകൾ.

മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് ഈ വിഷയത്തിൽ എഴുതിയ കുറിപ്പ്.

കഴിഞ്ഞ ഒരു മാസത്തിൽ ലോകത്തെ കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങൾ നോക്കിയാൽ മിക്കവാറും ദിവസം എവിടെങ്കിലും ഒരെണ്ണം പുതുതായി കാണും. ഇന്ത്യയിൽ നമ്മൾക്കൊപ്പം കുടക് വെള്ളത്തിലായി, പിന്നെ നാഗാലാ‌ൻഡ്, ഉത്തർ പ്രദേശ് (അവിടെ നാനൂറിലധികം പേര്‍ മരിച്ചു).

അമേരിക്കയിൽ നോർത്ത് കരോലിന, പിന്നെ ചൈന, ഹോംഗ്കോങ്ങ്, സിംഗപ്പൂർ...ഇപ്പോൾ ബ്രിട്ടൻ, നൈജീരിയ...നമുക്കാണെങ്കിൽ കഴിഞ്ഞ വർഷം ഓഖി, ഇപ്പോൾ പ്രളയം.

ഇന്റർ ഗവണ്മെന്റല് പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ കണക്കനുസരിച്ച് വെള്ളപ്പൊക്കത്തിന്റെ (കടൽക്ഷോഭത്തിന്റെയും വരൾച്ചയുടേയുമൊക്കെ) ഫ്രീക്വെൻസി കൂടാനാണ് സാധ്യത. നൂറു വർഷത്തിൽ ഒരിക്കൽ വന്നത് അഞ്ചു വർഷത്തിൽ ഒന്നായും വരാം.

കേരളത്തെ സംബന്ധിച്ച് അഞ്ചിലൊന്ന് മനുഷ്യരെ പ്രളയം നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണെന്നാണ് കണക്ക്. മനുഷ്യർ ഒരുമിച്ചു നിന്ന് പരസ്പരം താങ്ങായി നിന്ന് നേരിടുക എന്നല്ലാതെ മറ്റു വഴികളില്ല.

കേരളത്തിന്റെ പുനർനിർമ്മാണം എന്നത് ഒരു ആർഭാടമല്ല; കണക്കുകൾ വരുന്നതേയുള്ളു, എങ്കിലും നമ്മൾ കേമമായി കൊണ്ടുനടന്ന പലതും, നമ്മുടെ റോഡ് കണക്റ്റിവിറ്റിയും, ആരോഗ്യരംഗത്തെ അടിസ്‌ഥാന സൗകര്യങ്ങളും സ്‌കൂളുകളും അംഗനവാടികളും ഒക്കെ സാരമായി പ്രളയത്തിന്റെ ആഘാതമേറ്റിരിക്കുകയാണ്. ചെറുകിട വ്യാപാര-വ്യവസായ സ്‌ഥാപനങ്ങളും വീടുകളും നമ്മുടെ മധ്യവർഗ്ഗ-താഴ്ന്ന മധ്യവർഗ്ഗത്തിന്റെയും തിരിച്ചുവരവ് ഒറ്റയ്‌ക്കൊറ്റയ്ക്കു അസാധ്യമാക്കിയിരിക്കുന്നു എന്നതാണ് വാസ്തവം.

കൃത്യമായി പ്ലാൻ ചെയ്തു പണം മുടക്കി നമ്മൊളൊരുമിച്ചു അക്കാര്യം ചെയ്തെടുക്കുക എന്നതല്ലാതെ മറ്റു വഴിയില്ല. അതിനു നമ്മളെന്തിന് പണം മുടക്കണം എന്ന് ചോദിച്ചാൽ, അത് ചെയ്തില്ല എങ്കിൽ നമ്മളീ കാണുന്ന കേരളം ആയിരിക്കില്ല ഇനിയങ്ങോട്ട് കാണുക എന്നതാണ് ഉത്തരം. ഒരു നൂറ്റാണ്ടുകൊണ്ടു നമ്മൾ കെട്ടിയുണ്ടാക്കിയതിന്റെ ഒരു ഭാഗമെങ്കിലും അടർന്നു പോകും; അത് ബാക്കി എല്ലാവരെയും ബാധിക്കും.

ഒരു കാര്യം കൂടി: ഒരിക്കൽപോലും വെള്ളത്തിൽ പോകും എന്ന് കരുതാതിരുന്ന പല സ്‌ഥലങ്ങളും ഇപ്രാവശ്യം മുങ്ങി. അടുത്ത പ്രാവശ്യം ആരാണ് മുങ്ങുന്നത് എന്ന കാര്യത്തിൽ ഒരുറപ്പുമില്ല. അടുത്ത പ്രാവശ്യം അത് നമ്മളായിരിക്കും എന്ന് കണക്കാക്കി എടുക്കുന്ന ഒരു ഇൻഷ്വറൻസ് ആയി ഈ ചെലവിനെ കണ്ടാൽ മതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് കൂടുതൽ സുതാര്യത ആവശ്യപ്പെടുന്നത് മനസിലാകും. സർക്കാർ കൃത്യമായി പദ്ധതികൾ പ്ലാൻ ചെയ്യണം എന്നും ജനപങ്കാളിത്തം ഉറപ്പുവരുത്തണം എന്ന് പറയുന്നതും ന്യായമായ കാര്യമാണ്. പക്ഷെ ആ ശ്രമങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുന്നതും ദുഷ്പ്രചാരങ്ങൾ നടത്തുന്നതും പലവിധത്തിലുള്ള പാരകൾ പണിയുന്നതും അത്ര ബുദ്ധിപൂർവ്വകമായ കാര്യം ആകാൻ വഴിയില്ല

ഞാനും എന്റെ കെട്ട്യോനും പിന്നെ തട്ടാനും മാത്രമായി രക്ഷപ്പെടാനുള്ള സാധ്യത ഇനിയങ്ങോട്ട് വളരെ കുറവാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories