TopTop
Begin typing your search above and press return to search.

മുസ്ലിം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബ്; പര്‍ദ്ദയിടാതെ നൃത്തം ചെയ്തിരുന്നെങ്കില്‍ ഇവരുടെ പ്രശ്‌നം അതാകുമായിരുന്നു

മുസ്ലിം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബ്; പര്‍ദ്ദയിടാതെ നൃത്തം ചെയ്തിരുന്നെങ്കില്‍ ഇവരുടെ പ്രശ്‌നം അതാകുമായിരുന്നു

ഒരുവശത്ത് ഹാദിയയുടെ പൗരസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന മതമൗലികവാദികളുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുകയാണ് മലപ്പുറത്തു നിന്നും ഇപ്പോള്‍ പുറത്തുവരുന്ന ഒരു ഫ്‌ളാഷ് മോബ്. ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഫ്‌ളാഷ് മോബ് ആണ് വിവാദത്തിലായത്. മലപ്പുറം നഗരമധ്യത്തില്‍ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനത്തിനാണ് പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ ചുവടുവച്ചത്.

സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി പെണ്‍കുട്ടികള്‍ നടത്തിയ ഈ ഫ്‌ളാഷ് മോബിനെ മതപരമായി ആക്രമിക്കുകയായിരുന്നു മുസ്ലിം പേരുകളില്‍ അറിയപ്പെടുന്ന ചിലര്‍ ചെയ്തത്. 'എന്റമ്മേടെ ജിമിക്കിയും കമ്മലും എന്റച്ഛന്‍ കട്ടോണ്ട് പോയി. മങ്കുര്‍ണി വാങ്ങി.. ആ മങ്കുര്‍ണ്ണി മുഴുവനും എന്റമ്മ കുടിച്ചു തീര്‍ത്തു. ആ ദേഷ്യത്തിന് അച്ഛന്‍ കുന്നുമ്മലെ ശാന്തയുടെ വീട് വരെ പോയി. ആ ദേഷ്യത്തിന് അമ്മ വാതില്‍ അടയ്ക്കാതായി' എന്ന് ആ പെണ്‍കുട്ടികള്‍ ഊര കുലുക്കി ഡാന്‍സ് ചെയ്യുകയായിരുന്നുവെന്നാണ് നവാസ് ജെയ്ന്‍ എന്ന വ്യക്തി ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പറയുന്നത്. ഇത്തരത്തില്‍ ഡാന്‍സ് ചെയ്താല്‍ എയ്ഡ്‌സ് കൂടുകയല്ലേയെന്നും പെണ്‍കുട്ടികളെ തെറിവിളിച്ചുകൊണ്ട് ചോദിക്കുന്നു. റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ നവാസ് ഈമാസം മൂന്നിന് തന്റെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പിലും പോസ്റ്റിട്ടതോടെയാണ് ഈ വിഷയം നിരവധി പേര്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചത്. ഓഖി ചുഴലിക്കാറ്റ് വന്നത് ഇതിനാലാണെന്നാണ് റൗഫ് ചുങ്കത്ത് എന്നയാള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 'ഇന്ന് മലപ്പുറത്ത് നടന്നത്.. സുനാമി അടിക്കാത്തത് ഭാഗ്യം; കാലാവസാനം വന്നുതുടങ്ങി' എന്നായിരുന്നു മുഹമ്മദ് താജ് എന്നയാള്‍ ഇതേക്കുറിച്ച് പോസ്റ്റ് ഇട്ടത്. എന്നാല്‍ പെണ്‍കുട്ടികളുടെ ഈ സ്വാതന്ത്രമായ പ്രതികരണത്തെ അനുകൂലിച്ച് രംഗത്തെത്തിയവരും ധാരാളമായിരുന്നു.

' മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി മക്കനയിട്ട പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചപ്പോള്‍, ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി മഹാ'ജുദ്ധം' തന്നെ നടത്തിയ ആര്‍ ടി ഗ്രൂപ്പിന്റെ ആസ്ഥാന മുഫ്തിക്ക് (ഗ്രൂപ്പിന്റെ മോഡറേറ്ററുമാണ്) ഭ്രാന്തിളകി. ആ പെണ്‍കുട്ടികളെ അറപ്പുളവാക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞു കൊണ്ട് അയാള്‍ ആര്‍ ടി യില്‍ പോസ്റ്റിട്ടു. ഹാദിയക്ക് വേണ്ടി ആ ഗ്രൂപ്പില്‍ ഘോരഘോരം ശബ്ദിച്ച പലരും അതിന് ലൈക്കോട് ലൈക്ക്. (ഐസിസ് ആരംഭ കാലത്ത് തീവ്രവാദ വിഷയകമായി കുറച്ച് പോസ്റ്റുകള്‍ എഴുതിയപ്പോള്‍ എനിക്കെതിരെ ആര്‍ ടി യില്‍ ഉറഞ്ഞു തുള്ളിയ മഹാന്‍ തന്നെയാണ് പോസ്റ്റ്മാന്‍. 'വള്ളിക്കുന്നിലപ്പന്റെ ജാറം' എന്നോ മറ്റോ ആയിരുന്നു എനിക്കെതിരെയുള്ള അന്നത്തെ പോസ്റ്റിന്റെ തലക്കെട്ട്. എന്റെ മയ്യത്തും ജാറവുമൊക്കെ വിഷയമാക്കിയ പോസ്റ്റ്. അതും അവിടെ നിറഞ്ഞ സദസ്സില്‍ ഓടിയിരുന്നതായി ഓര്‍ക്കുന്നു :)).

ഫ്‌ളാഷ് മോബ് കളിച്ച മലപ്പുറത്തെ പെണ്‍കുട്ടികളെ 'മൂന്നാല് പോത്ത്കളോളം പോന്ന സ്ത്രീകള്‍' എന്ന് അഭിസംബോധന ചെയ്താണ് പോസ്റ്റ് തുടങ്ങുന്നത്. അവസാനിക്കുന്നത് ഇങ്ങനെയാണ്.. 'ഊര കുലുക്കി ഡാന്‍സ് ചെയ്താല്‍ എയ്ഡ്‌സ് കൂടുകയല്ലേ പൊല.......? (അവസാന പദം ഇവിടെ എഴുതാന്‍ കൊള്ളില്ല). അതായത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യം, ഞങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തപ്പോള്‍ പൊല......... കൊള്ളാം ലേ.. വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അടുത്ത ജുദ്ധം നമുക്കുടനെ തുടങ്ങണം. ഗെറ്റ് റെഡി'. എന്നായിരുന്നു ബഷീര്‍ വള്ളിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ക്ഷേത്രകല പഠിച്ചതിന്റെ പേരില്‍ മുസ്ലിം മതമൗലികവാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ വി പി മന്‍സിയയ്ക്ക് മറ്റൊരു വിധത്തിലാണ് ഈ വിഷയത്തെ അഡ്രസ് ചെയ്യാനുള്ളത്. ക്ഷേത്രകല പഠിച്ചതിന്റെ പേരില്‍ മന്‍സിയയുടെ കുടുംബത്തെ മഹല് കമ്മറ്റി ഊരുവിലക്കുകയും മറ്റും ചെയ്തിരുന്നു. 'ഞങ്ങളോടാണെങ്കില്‍ തട്ടമില്ലാതെ കളിച്ചുവെന്ന് പറയും. ഈ പെണ്‍കുട്ടികള്‍ അവര് ആവശ്യപ്പെടുന്ന മാന്യമായ വേഷം ധരിച്ചുതന്നെയാണ് അവിടെ കളിച്ചത്. പിന്നെന്തിനാണ് ഈ അസഹിഷ്ണുതയെന്ന് മനസിലാകുന്നില്ല' എന്നാണ് അവര്‍ ചോദിക്കുന്നത്.

അതേസമയം ഹാദിയ വിഷയത്തില്‍ ഇത്തരക്കാര്‍ എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് ആക്ടിവിസ്റ്റും ഹൈദ്രാബാദ് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ അരുന്ധതി ബി ഈ വിഷയത്തെ സമീപിക്കുന്നത്. 'മൂന്ന് പെണ്‍കുട്ടികള്‍ തട്ടമിട്ട് ഫ്‌ളാഷ് മോബ് നടത്തിയപ്പോള്‍ പുരോഗമനം മറന്നുപോയ സെലക്ടീവ് സ്ത്രീ സ്വാതന്ത്ര്യക്കാര്‍! എന്ത് രസാല്ലേ ഇവരെ മുഖംമൂടിയില്ലാതെ കാണാന്‍'! എന്നാണ് അരുന്ധതി ചോദിക്കുന്നത്. ഇതിനായി പഴയ ചില സ്‌ക്രീന്‍ ഷോട്ടുകളും അവര്‍ ഉപയോഗിച്ചിട്ടുണ്ട്.

'പെണ്‍കുട്ടികളുടെ ചുവടുകള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം 'മുസ്ലിം സ്ത്രീകള്‍ക്കെന്താ, പൊതുവേദിയില്‍ നൃത്തം ചെയ്തുകൂടേ?' എന്നതാണ്' എന്ന് ചോദിക്കുന്നത് ഷഫീഖ് മുസ്തഫയാണ്. 'ലൈംഗിക പ്രകോപനം എന്ന പഴകിയ പരിചകൊണ്ട് ഈ ചോദ്യത്തെ തടുക്കാനാവുമോ?. ലൈംഗിക വികാരം ഉണര്‍ത്താന്‍ പെണ്‍കുട്ടി നൃത്തം ചെയ്യണമെന്നൊന്നുമില്ല. അവളുടെ നടപ്പും ചിരിയും നിഴലും ഒക്കെ പ്രശ്‌നക്കാരായേക്കാം.

സ്ത്രീയെ പുരുഷന്റെ കണ്ണുകള്‍ കൊണ്ട് നിര്‍വ്വചിക്കുന്നതില്‍ ഒട്ടേറേ പ്രശ്‌നങ്ങളുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇത്തരം നിര്‍വ്വചനങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള വ്യാഖ്യാനങ്ങളാണ് മതത്തെ സ്ത്രീവിരുദ്ധമാക്കിത്തീര്‍ക്കുന്നത്. മതഗ്രന്ഥങ്ങള്‍ക്ക് എഴുതപ്പെട്ട വ്യാഖ്യാനങ്ങളെല്ലാം പുരുഷന്മാരാല്‍ ആയിരുന്നതുകൊണ്ട് സ്ത്രീപക്ഷത്തെ വേണ്ടവണ്ണം ഉള്‍ക്കൊള്ളാനായില്ല എന്നൊരു വാദം ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മതവിധികളുടെ സ്ത്രീപക്ഷ വായനകള്‍ കൂടുതലായി ഉണ്ടാവാന്‍ പോകുന്ന കാലമാണ് ഇനി വരുന്നത്. കേരളത്തിലും അതിന്റെ ആദ്യരൂപങ്ങള്‍ വികസിപ്പിക്കുന്നതില്‍ മലപ്പുറം ഫ്‌ലാഷ് മോബ് പോലെയുള്ള സംഭവങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാവുന്നു എന്നുവേണം പറയാന്‍'.

വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നോട്ടു വരാന്‍ ശ്രമിച്ച മുസ്ലിംസ്ത്രീകള്‍ നേരത്തെയും ആക്രമിക്കപ്പെട്ടിട്ടുണ്ട്. മലയാള സിനിമ താരങ്ങളായ നസ്രിയ, അന്‍സിബ എന്നിവര്‍ തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങള്‍. തട്ടിമിടാതെ ആണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് തട്ടമിട്ടുവെന്ന പേരില്‍ അസ്‌നിയ എന്ന പെണ്‍കുട്ടിയ്ക്ക് നേരെ സൈബര്‍ അക്രമമുണ്ടായത് ഈ വര്‍ഷമാണ്. ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി ഒരിക്കല്‍ തങ്ങളുടെ സൈബര്‍ ഇടത്തില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഈ മുസ്ലിം പെണ്‍കുട്ടികള്‍ പൊതുസ്ഥലത്ത് തട്ടമിട്ട് തന്നെ നൃത്തം വച്ചത് വിമര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്.


Next Story

Related Stories