TopTop
Begin typing your search above and press return to search.

ആരാണ് മലയാള സിനിമയ്ക്ക് ലെനിന്‍?

ആരാണ് മലയാള സിനിമയ്ക്ക് ലെനിന്‍?

എഴുപതുകളില്‍ നവീകരിക്കപ്പെട്ട മലയാള സിനിമ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സ്റ്റീരിയോ ടൈപ്പ് ആയി മാറിയിരുന്നു. സിനിമയ്ക്ക് അത്യന്താപേക്ഷിതമായി വേണ്ട ജനപ്രിയതയില്‍ നിന്നും സിനിമ അകന്നു പോയി. അത് എന്തുകൊണ്ടാണെന്ന് ഇതുവരെയും പരിശോധിക്കപ്പെട്ടിട്ടില്ല.

ആ ഒരു സാഹചര്യത്തിലാണ് എണ്‍പതുകളുടെ തുടക്കത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ ചില പുതിയ ആശയങ്ങളുമായി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേക സവിശേഷത അവസാന കാലഘട്ടം വരെയും അദ്ദേഹം പിന്തുടര്‍ന്നുവെന്നതാണ്. സിനിമകളിലെല്ലാം വ്യത്യസ്ഥമായ വിഷയങ്ങള്‍, അതുപോലെ വളരെ സൂക്ഷ്മമായ പ്രതിപാദനങ്ങള്‍, ചരിത്രപരത, സാഹിത്യത്തിനെ ആസ്പദമാക്കിയിട്ടുള്ള ഇതിവൃത്തങ്ങള്‍. ഇതെല്ലാം സ്വീകരിക്കുമ്പോള്‍ തന്നെ ജനപ്രിയതയുടെ ഘടകങ്ങള്‍ ഉദാഹരണത്തിന് ചില നടീ നടന്മാരില്‍ പ്രധാനപ്പെട്ട അഭിനേതാക്കളുടെ സാന്നിധ്യം, കൂടാതെ പാട്ടുകള്‍ ഇതെല്ലാം ഉപയോഗിച്ചുകൊണ്ടാണ് ലെനിന്‍ സിനിമകള്‍ ചെയ്തിരുന്നത്. ഇവിടുത്തെ കച്ചവട സിനിമകളുടെ പ്രത്യേകതകളെയെല്ലാം ഉപയോഗിച്ചുകൊണ്ട് തന്റെ സിനിമകളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യ കാലഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച നിലപാട്. അവസാനം വരെയും അത് പിന്തുടരുകയും ചെയ്തു. ഇത് പക്ഷെ ചിലരാല്‍ വിമര്‍ശിക്കപ്പെട്ടുവെന്നത് മറ്റൊരു കാര്യമാണ്.

പക്ഷെ പില്‍ക്കാലത്ത് നമ്മുടെ സിനിമ കൈകാര്യം ചെയ്ത സദാചാരത്തിന്റേതും പ്രണയത്തിന്റേതും സ്ത്രീയുടെ നിലയെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ഇതെല്ലാം തന്നെ സൂക്ഷ്മമായി വിമര്‍ശന വിധേയമാക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് സാധിച്ചിരുന്നു. പ്രത്യേകിച്ചും വേനല്‍, ചില്ല് പോലുള്ള ആദ്യകാല സിനിമകളില്‍ ഈ ശ്രമങ്ങള്‍ കാണാനാകും. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയെ ആസ്പദമാക്കിയാണ് മഴ എന്ന സിനിമ സംവിധാനം ചെയ്തത്. ആ ചിത്രത്തിലും പ്രണയത്തിന്റെയും ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെയും സങ്കീര്‍ണതകളെ വളരെ സൂക്ഷ്മമായും അതേസമയം വളരെ ചാരുതയോട് കൂടിയും ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുള്ള വലിയൊരു സമരമാണ് കയ്യൂര്‍ സമരം. അതിനെക്കുറിച്ചുള്ള മൃണാള്‍ സെന്നിന്റെ സിനിമയ്ക്ക് വേണ്ടി കേരളം കാത്തിരുന്നു. പക്ഷെ അതൊന്നും സംഭവിക്കുകയുണ്ടായില്ല. കയ്യൂര്‍ സമരത്തെക്കുറിച്ച് ഒരു നോവല്‍ പോലും മലയാളത്തിലുണ്ടായിട്ടില്ല. കന്നഡ നോവലിസ്റ്റായ നിരഞ്ജനയാണ് ചിരസ്മരണ എന്ന നോവല്‍ അതേക്കുറിച്ച് എഴുതിയത്. എന്നാല്‍ തന്റേതായ ആഖ്യാന ശൈലിയില്‍ നിന്നുകൊണ്ട് മീന മാസത്തിലെ സൂര്യന്‍ എന്ന സിനിമ പൂര്‍ത്തീകരിക്കാന്‍ ലെനിന് സാധിച്ചുവെന്നത് നിസ്സഹമായി കാണേണ്ടതല്ല.

അതോടൊപ്പം തന്നെയാണ് എം മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ ദൈവത്തിന്റെ വികൃതികള്‍. ലെനിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി പൊതുവെ വിലയിരുത്തപ്പെടും ആ സിനിമ. രഘുവരന്റെ മികച്ച അഭിനയവും അതുപോലെ മയ്യഴി അല്ലെങ്കില്‍ മാഹിയുടെ പ്രത്യേകമായ സാംസ്‌കാരിക അവസ്ഥകള്‍ ഇതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ദൈവത്തിന്റെ വികൃതികളെ മികച്ച ഒരു സിനിമയാക്കാന്‍ ലെനിന് സാധിച്ചത്.

അതുപോലെ വചനം എന്ന സിനിമയെയും പരിശോധിക്കണം. തൊണ്ണൂറുകള്‍ക്ക് ശേഷം ഈ സമൂഹത്തില്‍ വ്യാപിച്ച ആത്മീയുടെയും വര്‍ഗ്ഗീയതയുടെയും കച്ചവടങ്ങളെ സംബന്ധിച്ച് വളരെ ദീര്‍ഘദൃഷ്ടിയോടെ തന്നെ നേരത്തെ തന്നെ പ്രതിപാദിച്ച സിനിമയാണ് വചനം. മാത്രമല്ല, അതില്‍ കഥാപാത്രവല്‍ക്കരണത്തിന്റെ ഒരു പ്രത്യേക രീതിയിലുള്ള വൈരുദ്ധ്യം ആ സിനിമയില്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നത് ഇപ്പോള്‍ ആലോചിച്ചാല്‍ മനസിലാക്കാനാകും. ചാരുഹാസനാണ് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം യഥാര്‍ത്ഥത്തില്‍ പ്രതിനായക കഥാപാത്രമായി നമുക്ക് തോന്നുകയേ ഇല്ല. നായകത്വം തോന്നുന്ന സവിശേഷ രീതികളിലാണ് ശരീര ഭാഷയും സംഭാഷണങ്ങളുമെല്ലാം അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം ഉള്ളില്‍ പ്രതിനായകത്വം ഒളിപ്പിച്ചു വച്ച ഒരു കഥാപാത്രവല്‍ക്കരണമാണ് വചനത്തിലേത്. ചാരുഹാസന്‍ മികച്ച നടനുമാണ്.

അതേസമയം അവസാന കാലഘട്ടങ്ങളില്‍ ലെനിന്‍ ചെയ്ത ചിത്രങ്ങള്‍ അത്രമാത്രം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മകരമഞ്ഞ്, ഇടവപ്പാതി, രാത്രി മഴ പോലുള്ള സിനിമകളാണ് അവ. പക്ഷെ നേരത്തെ പറഞ്ഞത് പോലെ ചരിത്രപരവും സാഹിത്യപരവുമായി നിന്ന് കേരളത്തിന്റെ പല സാംസ്‌കാരിക പ്രത്യേകതകളും സിനിമയിലേക്ക് ആവിഷ്‌കരിക്കാന്‍ സാധിച്ച ഒരു സംവിധായകന്‍ എന്ന രീതിയില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ലെനിന്‍ രാജേന്ദ്രനുള്ളത് സുപ്രധാന സ്ഥാനം തന്നെയാണ്.


Next Story

Related Stories