UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയുടെ ആക്രമണത്തില്‍ ജെയ്ഷെ ക്യാമ്പുകള്‍ തകര്‍ന്നോ? ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാണ്

പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും റിപ്പോർട്ടുകളുമാണ് വിവിധ ആഗോള മാധ്യമങ്ങൾ പുറത്തുവിടുന്നത്

പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും റിപ്പോർട്ടുകളുമാണ് വിവിധ ആഗോള മാധ്യമങ്ങൾ പുറത്തുവിടുന്നത്. പ്രദേശവാസികളോടും അന്വേഷണ ഉദ്യോഗസ്ഥരോടും രഹസ്യാന്വേഷണ ഏജൻസികളോടും മറ്റും ചോദിച്ചാണ് ഈ മാധ്യമ സ്ഥാപങ്ങളെല്ലാം വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ ഈ വാർത്തകളിലെ വസ്തുതകൾ തമ്മിലുള്ള വൈരുധ്യം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ശ്രമങ്ങൾ വിജയകരമായി, ജെയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകൾ പൂർണ്ണമായും തകർക്കാനായി എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യ ആക്രമണം നടത്തിയ പ്രദേശത്ത് അങ്ങനെ ക്യാമ്പുകൾ പോലും ഇല്ല എന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഇന്ത്യയ്ക്ക് ലക്ഷ്യസ്ഥാനം തെറ്റിപോയെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്, പാക്കിസ്ഥാനെതിരായ ഇപ്പോൾ ഉണ്ടായി വന്നിട്ടുള്ള പൊതുവികാരത്തെ നരേന്ദ്ര മോദി പരമാവധി ഉപയോഗിക്കുമെന്ന് പ്രമുഖ ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ക്യാമ്പുകൾ തകർത്തുവെന്ന ഇന്ത്യയുടെ അവകാശവാദങ്ങൾ  തെറ്റാണെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വളരെ കുറച്ച് അപകടങ്ങളെ ഉണ്ടായിട്ടുള്ളൂവെന്നാണ് അവരുടെ വിലയിരുത്തൽ. ഇന്ത്യയുടെ അവകാശവാദം പോലെ അവിടെ ക്യാമ്പുകളൊന്നും തകർത്തിട്ടില്ലെന്നും അവിടെ നിലവിൽ ക്യാമ്പുകൾ ഒന്നും തന്നെയില്ലെന്നുമാണ് റിപ്പോർട്ട്. 2005 വരെ അത് ധാരാളം പരിശീലന കേന്ദ്രങ്ങൾ ഉള്ള സ്ഥലം തന്നെയായിരുന്നു. എന്നാൽ പിന്നീട് വന്ന ഭൂചലനങ്ങളെ തുടർന്ന് ആഗോളതലത്തിൽ തന്നെയുള്ള നിരവധി സന്നദ്ധ പ്രവർത്തകർ ഈ മേഖലയിൽ സഹായത്തിനും മറ്റുമായി എത്തിയതോടെ പിടിക്കപ്പെടാതിരിക്കാൻ ക്യാമ്പുകളെല്ലാം അവിടെ നിന്ന് മാറ്റിയെന്നാണ് ചില രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. https://www.nytimes.com/2019/02/26/world/asia/india-pakistan-kashmir-airstrikes.html

എന്നാൽ ക്യാമ്പുകൾ അവിടെത്തന്നെയുണ്ടെന്നും ഇന്ത്യയ്ക്ക് ലക്ഷ്യം മാറിപോയതാണെന്നുമാണ് ഗൾഫ് ന്യൂസിന്റെ റിപ്പോർട്ട്. ജെയ്ഷ് ഇ മുഹമ്മദിന്റെ കീഴിലുള്ള മദ്രസ്സയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്  സ്ഫോടനം നടന്നത്. തീവ്രവാദ ഗ്രൂപ്പിന്റെ പരിശീലനകേന്ദ്രം തകർത്തുവെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. എന്നാൽ ഇത് തെറ്റാണെന്ന് ഗൾഫ്‌ന്യൂസ് തിരുത്തുന്നുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദങ്ങൾ കേട്ട് വീണ്ടും ഒരു ഭൂചലനമായിരിക്കുമെന്ന് ഭയന്നാണ് പ്രദേശവാസികൾ ഉറക്കമുണരുന്നത്. ഒരാൾക്ക് മാത്രമേ പരുക്കുള്ളൂവെന്നും ആളപായമില്ലെന്നും പ്രദേശവാസികൾ പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. https://gulfnews.com/world/asia/pakistan/as-it-happened-tension-mounts-after-indian-fighter-jets-cross-kashmir-frontier-bomb-camps-1.1551149047465

ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയിൻ ഇൻഫർമേഷൻ ഗ്രൂപ് നൽകുന്ന റിപ്പോർട്ടിൽ ജെയഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകൾ ഇന്ത്യ പൂർണ്ണമായും തകർത്തുവെന്ന് ചില രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി സൂചനകളുണ്ട്. ഈ തകർച്ച പ്രതീകാത്മകമാണെന്നും പൊതുതിരഞ്ഞെടുപ്പിനെ മുൻനിർത്തി ഈ അവസരത്തെ മോദി നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇവർ റിപ്പോർട്ട് നൽകുന്നുണ്ട്. https://www.nytimes.com/2019/02/25/world/asia/india-pakistan-kashmir-jets.html

ഇന്ത്യ ആക്രമണം നടത്തിയതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സാക്ഷ്യപ്പെടുത്തിയതായാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ടൗണിൽ നിന്നും അല്പം ദൂരെയുള്ള ഒരു മലപ്രദേശത്ത്  ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ട്. എങ്കിലും വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെന്ന്  വാഷിംഗ്‌ടൺ പോസ്റ്റ് പറയുന്നു. മാരകമായ ആണവായുധങ്ങൾ കൈവശം വെച്ചിട്ടുള്ള ഈ അയാൾ രാജ്യങ്ങൾ തമ്മിലുള്ള സമ്മർദ്ദങ്ങൾ അടുത്ത കാലത്തില്ലാത്ത വിധത്തിൽ കനക്കുകയാണെന്നാണ് പോസ്റ്റിന്റെ വിലയിരുത്തൽ. പ്രതികാരത്തിനായി ആളുകൾ സമൂഹമാധ്യമങ്ങളിൽ മുറവിളി കൂട്ടുന്ന ഈ സമയത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി തന്റെ മുഖം മിനുക്കാനുള്ള അവസരമായി കണ്ട് നരേന്ദ്ര മോദി ഉപയോഗിക്കുന്നുവെന്നും വാഷിംഗ്‌ടൺ പോസ്റ്റ് ആരോപിക്കുന്നുണ്ട്. https://www.washingtonpost.com/world/2019/02/27/india-pakistan-may-not-go-war-theres-trouble-ahead/?utm_term=.59bdda716c47

പ്രദേശവാസികൾ നാലു വലിയ പൊട്ടിത്തെറികളുടെ ശബ്ദം കേട്ടതായി പ്രമുഖ വാർത്ത ഏജൻസി റോയിട്ടേഴ്സിനെ ഉദ്ദരിച്ചുകൊണ്ടാണ് ടെലിഗ്രാഫ്  റിപ്പോർട്ട് നൽകുന്നത്. “ഇത് വരെ ഒരാൾക്ക് മാത്രമേ പരുക്ക് രേഖപ്പെടുത്തിയിട്ടുള്ളൂ. മരങ്ങൾ പലതും കടപുഴകി വീണിട്ടുണ്ട്, അടുത്തുള്ള ഒരു വീട് പൂർണ്ണമായും കത്തിനശിച്ചു, മണ്ണിൽ സ്ഫോടനം നടന്നതിന്റെ വലിയ വിള്ളലുകളും ഉണ്ടായിട്ടുണ്ട്.” മുഹമ്മദ് അജ്മൽ എന്ന ഒരു ദൃക്‌സാക്ഷി വെളുപ്പെടുത്തുന്നതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. https://www.telegraph.co.uk/news/2019/02/27/pakistan-claims-air-strikes-indian-territory-demonstrate-right/

ഇന്ത്യയുടെ ഈ ആക്രമത്തെ ഇന്ത്യക്കാർ ആഘോഷിക്കുന്നുണ്ടെങ്കിലും അതിനു തക്ക ആക്രമണങ്ങൾ പാക്കിസ്ഥാനിൽ നടന്നിട്ടുണ്ടോ എന്ന് ദി ഗാർഡിയൻ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആക്രമണത്തിന്റെ പേരിൽ വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഗാർഡിയൻ പറയുന്നുണ്ട്. എന്നിരിക്കിലും പ്രദേശത്തെ മരങ്ങളും വീടുകളും മറ്റുംതകർന്നിട്ടുണ്ടെന്നും ആളപായമില്ലെന്നുമാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് ആധാരമാക്കി ഗാർഡിയൻ സ്ഥിരീകരിക്കുന്നത്.  https://www.theguardian.com/world/2019/feb/26/pakistan-india-jets-breached-ceasefire-line-kashmir-bomb

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍