TopTop
Begin typing your search above and press return to search.

ജനനേന്ദ്രിയം മുറിച്ച കേസ്; മകള്‍ക്കെതിരേ അമ്മ, സ്വാമിയെ ന്യായീകരിക്കുന്നത് സമ്മര്‍ദ്ദം മൂലമോ?

ജനനേന്ദ്രിയം മുറിച്ച കേസ്; മകള്‍ക്കെതിരേ അമ്മ, സ്വാമിയെ ന്യായീകരിക്കുന്നത് സമ്മര്‍ദ്ദം മൂലമോ?
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച കേസ് അട്ടിമറിക്കപ്പെടുകയാണോ? പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യത്തിന്റെ പുറത്ത് സ്വാമിയെ ആക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നതുപോലെ പീഡനശ്രമം നടന്നിട്ടില്ലെന്നുമുള്ള രീതിയിലേക്ക് കേസ് അവസാനിക്കാനുള്ള നീക്കങ്ങളാണോ നടക്കുന്നത്? ഈ സംശയങ്ങള്‍ക്ക് ഇടനല്‍കുന്ന തരത്തിലാണ് പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പൊലീസിന് നല്‍കിയിരിക്കുന്ന പരാതി.

പെണ്‍കുട്ടിയുടെ പ്രണയബന്ധം, മാനസികവിഭ്രാന്തി എന്നിവയാണ് ഇപ്പോള്‍ സ്വാമിക്ക് അനുകൂലമായി ഉയര്‍ന്നിരിക്കുന്നത്. മാതാവിന്റെ പരാതിപ്രകാരമാണെങ്കില്‍ സ്വാമി നിരപരാധിയും പെണ്‍കുട്ടി പ്രതിയുമാണ്. എന്നാല്‍ ഇങ്ങനെയൊരു പരാതി നല്‍കിയിരിക്കുന്നത് ആരുടെയെങ്കിലും സമ്മര്‍ദ്ദം കൊണ്ടാണോ എന്നുവ്യക്തമല്ല. പൊലീസ് അതന്വേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഡിജിപിക്കും വനിത കമ്മിഷനും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്; നടന്ന സംഭവത്തില്‍ സ്വാമി നിരപരാധിയാണ്. പെണ്‍കുട്ടിയെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. തങ്ങള്‍ക്ക് വര്‍ഷങ്ങളായി സ്വാമിയെ അറിയാം. ഭര്‍ത്താവിന് ചികിത്സ സഹായം നല്‍കിയിരുന്നത് സ്വാമിയാണ്. തന്റെ മകള്‍ക്ക് ഒരു യുവാവുമായി ഉണ്ടായിരുന്ന പ്രണയബന്ധം സ്വാമി എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ സ്വാമിയോട് മകള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രണയനൈരാശ്യം മൂലം രണ്ടുതവണ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി മകള്‍ സ്വാമിയോട് മിണ്ടിയിരുന്നില്ല. സംഭവം നടന്ന ദിവസം മകള്‍ സ്വാമിയെ മൊബൈലില്‍ വിളിച്ച് മാപ്പപേക്ഷിക്കുകയും ഉടന്‍ വീട്ടില്‍ എത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മകളുടെ നിര്‍ബന്ധപ്രകാരമാണ് വയനാട്ടില്‍ ആയിരുന്ന സ്വാമി തിരുവനന്തപുരത്ത് എത്തുന്നത്. അന്നേ ദിവസം രാവിലെ 10 മണിക്ക് പുറത്തുപോയ മകള്‍ വൈകിട്ട് ആറരയ്ക്കാണു തിരിച്ചെത്തിയത്. പകല്‍ കാമുകനൊപ്പം ചെലവിട്ട അവള്‍ വീട്ടിലെത്തി സ്വാമിയുമായി നല്ല സൗഹൃദത്തിലായി.

രാത്രി സ്വാമി ഹാളിലാണ് കിടന്നുറങ്ങിയത്. പാലും പഴവും നല്‍കി താന്‍ മുറിയിലേക്കു പോയപ്പോഴാണ് ബഹളം കേട്ടത്. ചെന്നു നോക്കുമ്പോള്‍ മകള്‍ പുറത്തേക്കോടുന്നതും സ്വാമി ജനനേന്ദ്രിയം അറ്റനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതുമാണ് കണ്ടത്.

മാനസികവിഭ്രാന്തിയുള്ള മകള്‍ ദുര്‍ബലനിമിഷത്തില്‍ ചെയ്ത കുറ്റകൃത്യമാകാം ഇതെന്നാണു അമ്മയും സഹോദരനും പരാതിയില്‍ പറയുന്നത്. സ്വാമിയെ ഉപദ്രവിച്ചതില്‍ മകളുടെ കാമുകന് പങ്കുള്ളതായി സംശയിക്കുന്നതായും ഇവര്‍ പരാതിയില്‍ പറയുന്നു. മകളുടെ കാമുകന്റെ കുടുംബത്തിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും പറയുന്നു. ഇയാള്‍ക്ക് 6.60 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ വയനാട്ടില്‍ ഭൂമി വാങ്ങുന്നതിനായി സ്വാമി നിര്‍ദേശിച്ച പ്രകാരവും യുവാവിന് പണം നല്‍കിയിട്ടുണ്ടെന്നും മാതാവ് പറയുന്നു. സ്വാമി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പേട്ട സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ച് സ്വാമി മകളെ ബലാത്സംഗം ചെയ്‌തെന്നും അദ്ദേഹം 40 ലക്ഷം രൂപ തട്ടിയതായി മൊഴി നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അവശ്യപ്പെട്ടുന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്ന് സ്വാമി പറഞ്ഞിരുന്നതാണ്. മാത്രമല്ല, ഇങ്ങനെയൊരു പരാതി നല്‍കുന്നതിനു മുമ്പ് രണ്ടു തവണയാണ് പെണ്‍കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തത്. അന്നൊന്നും ഇപ്പോള്‍ പറയുന്നതിലെ ഒരു കാര്യം പോലും ഇവര്‍ പറഞ്ഞിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. പെട്ടെന്ന് അമ്മയും സഹോദരനും പെണ്‍കുട്ടിക്ക് എതിരെ വന്നതില്‍ മറ്റാരുടെയെങ്കിലും സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. സ്വാമിയും പൊലീസിനോട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ഒന്നുപോലും സൂചിപ്പിച്ചിരുന്നില്ല. മറിച്ച് താന്‍ തന്നെയാണു ലിംഗം മുറിച്ചതെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ പൊലീസിന്റെ പ്രത്യേക സെല്ലില്‍ കഴിയുന്ന സ്വാമിയെ അടുത്തദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ മാതാവിനെതിരേ പരാതി പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. സ്വാമി തന്നെ 12-ആം ക്ലാസില്‍ പഠിക്കുന്ന സമയം തൊട്ട് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്താറുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. സംഭവദിവസവും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കത്തി കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തിയെന്നും ഒടുവില്‍ അതേ കത്തി വാങ്ങിച്ചെടുത്താണ് താന്‍ സ്വാമിയുടെ ലിംഗം മുറിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

മാതാവിന്റെയും സഹോദരന്റെയും പരാതി മറ്റൊരുതരത്തില്‍ വന്നതോടെ കേസ് കൂടുതല്‍ കുഴപ്പത്തിലായിരിക്കുകയാണ്. പെണ്‍കുട്ടി പറയുന്നതാണ് ശരിയെങ്കില്‍ ഇപ്പോഴത്തെ പരാതിയുടെ പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നുള്ളതുകൂടി പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. മറിച്ചാണെങ്കില്‍ പെണ്‍കുട്ടിയും കാമുകനെന്നു പറയുന്ന യുവാവും കുഴപ്പത്തിലാവും എന്നും മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

Next Story

Related Stories