TopTop
Begin typing your search above and press return to search.

എന്തൊരു അസംബന്ധ പ്രയോഗമാണ് 'നാമജപസമരം'? നമുക്ക് ചുല്യാറ്റുമാര്‍ വേണ്ടതുണ്ട്

എന്തൊരു അസംബന്ധ പ്രയോഗമാണ് നാമജപസമരം? നമുക്ക് ചുല്യാറ്റുമാര്‍ വേണ്ടതുണ്ട്

ഭാഷ ഉപയോഗിച്ചുള്ള ആശയ പ്രകാശനത്തിൽ വാക്കുകളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. സന്ദർഭാനുസരണം യുക്തമായ പദങ്ങൾ അണിനിരത്തി സംവദിക്കുമ്പോഴാണ് ആശയ വിനിമയം കാര്യക്ഷമമാകുക. വക്താവിനും സ്വീകർത്താവിനുമിടയിൽ തളംകെട്ടുന്ന ആശയക്കുഴപ്പങ്ങളെയും അവ്യക്തതകളെയും തുടച്ചുനീക്കി ആശയവ്യക്തതയുടെ തെളിച്ചം സൃഷ്ടിക്കുകയാണ് ഫലപ്രദമായ ആശയവിനിമയം ചെയ്യുന്നത്. എന്നാൽ ഇത് അത്ര ലളിതമായ പ്രക്രിയയല്ല. അതിന് പദാവലിയുടെയും ആശയ സംഘാതങ്ങളുടെയും അമ്പൊടുങ്ങാത്ത ആവനാഴി, പ്രയോക്താക്കളുടെ അധീനതയിലുണ്ടായിരിക്കണം. ഒപ്പം അതിൽ നിന്ന് ആവശ്യാനുസരണം എടുത്തു തൊടുക്കാൻ വിരുതുമുണ്ടാകണം. അതിനുള്ള ആത്മവിശ്വാസം ആർജ്ജിക്കാനാണല്ലോ, "സമുദ്രത്തിലെ തിരമാലകൾപോലെ യഥാസമയം പദാവലികൾ തോന്നേണമേ" എന്ന് എഴുത്തച്ഛൻപോലും പ്രാർത്ഥിച്ചു പോയത്! അപ്പോൾ, ഉചിതസ്ഥാനത്ത് ഉചിതപദം എന്നത് സുപ്രധാനംതന്നെ! ഓരോ വാക്കിനെയും ഓരോ പ്രയോഗത്തെയും ചുഴന്ന് അർത്ഥഭാരവും പ്രത്യയശാസ്ത്രഭാരവുമുള്ള , ആശയസംഘാതം നിൽപ്പുണ്ടാകും. ഇവയ്ക്കിടയിൽ നിന്ന് പ്രസക്തമായതു തിരിച്ചറിഞ്ഞു പ്രയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അർത്ഥമല്ല, അനർത്ഥമാകും ഫലം! അപ്പോൾ, 'ഒരു പേരിലെന്തിരിക്കുന്നു?' എന്ന ചോദ്യം അത്ര നിരുപദ്രവകരമല്ല. പേരുകളിൽ പെരുത്തുണ്ട് കാര്യങ്ങൾ!

സാമ്രാജ്യത്വശക്തികൾ, തങ്ങളുടെ താത്പര്യങ്ങൾക്കു വഴങ്ങാത്ത സ്വതന്ത്ര രാജ്യങ്ങളെയും ഭരണാധികാരികളെയും കടന്നാക്രമിച്ചപ്പോഴും ബലപ്രയോഗം വഴി കീഴ്പ്പെടുത്തിയപ്പോഴുമെല്ലാം അവകാശപ്പെട്ടത്, തങ്ങൾ 'ഏകാധിപതികളെ' അധികാര ഭ്രഷ്ടരാക്കിയെന്നും 'ജനാധിപത്യ പുന:സ്ഥാപനം' നടത്തിയിരിക്കുന്നു എന്നുമായിരുന്നു. വിയറ്റ്നാമിലും കൊറിയയിലും പാനമയിലും ഉഗാണ്ടയിലും ലിബിയയിലും ഇറാഖിലുമെല്ലാം ഇതു നമ്മൾ കണ്ടു. അഫ്ഘാനിസ്ഥാനിലും സിറിയയിലും മറ്റും ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വ താത്പര്യങ്ങൾ ആയുധബലം കൊണ്ട് സംരക്ഷിക്കുന്ന തങ്ങളുടെ സേനകളെ 'ജനാധിപത്യ പുനഃസ്ഥാപന സേന' , 'ജനാധിപത്യ സംരക്ഷണസേന' തുടങ്ങിയ മാധുര്യമൂറുന്ന നാമങ്ങളാണ് അവർ വിളിക്കാറ്. അവർ വിലക്കെടുത്ത കൂലിയെഴുത്തുകാർ (എംബെഡ്ഡഡ് ജേണലിസ്റ്റുകൾ) അത്തരം പ്രയോഗങ്ങൾക്ക് വലിയ പ്രചാരം നൽകുകയും ചെയ്യും. ഇറാഖിന്റെ സ്വാതന്ത്ര്യം ഹനിച്ച് സദ്ദാം ഹുസൈനെ വധിച്ച അമേരിക്കൻ സഖ്യസേന, മാധ്യമ ലോകത്ത് ആദ്യമൊക്കെ വ്യവഹരിക്കപ്പെട്ടത് മേൽപ്പറഞ്ഞ രീതിയിലായിരുന്നു. എന്നാൽ അധികം വൈകാതെ ലോകമാധ്യമങ്ങൾ അവരെ 'അധിനിവേശ സൈന്യം' എന്നു തന്നെ കൃത്യമായി വിശേഷിപ്പിച്ചു തുടങ്ങി. പിന്നീട് ആ പ്രയോഗം ഉറയ്ക്കുകയും ചെയ്തു. അങ്ങനെ ലോകത്താകമാനമുള്ള മാധ്യമ പ്രവർത്തകർ തങ്ങളുടെ ഒരു വലിയ പിഴവ് തിരുത്തുകയായിരുന്നു! ഒരു ഇംഗ്ലീഷ് പ്രയോഗം കടമെടുത്തു പറഞ്ഞാൽ "തൂമ്പയെ തൂമ്പയെന്നുതന്നെ വിളിക്കാനുള്ള" സത്യസന്ധതയും ധൈര്യവും അവർ കാട്ടി.

ഇവിടെ എൻ.എസ് മാധവന്റെ 'തിരുത്തി'ലെ കഥാപാത്രം ചൂല്യാറ്റിനെ ഓർക്കുന്നത് ഉചിതമാകും. ബാബ്‌റി മസ്ജിദ് എന്നതിനു പകരം ഹൈന്ദവ തീവ്രവാദികൾ തങ്ങളുടെ ചിന്തകളിൽ നിക്ഷേപിച്ച 'തർക്കമന്ദിരം' എന്ന പദത്തിന്റെ ഔചിത്യരാഹിത്യവും അസത്യാത്മകതയും ചൂല്യാറ്റിനെ ചുട്ടുപൊള്ളിക്കുന്നുണ്ട്. തിളച്ചുമറിയുന്ന യാഥാർത്ഥ്യങ്ങളുടെ മധ്യത്തിൽ, ചൂല്യാറ്റിന്റെ ശരീരത്തെയും മനസ്സിനെയും അത് ജ്വരബാധിതമാക്കുന്നുണ്ട്. ജ്വരമൂർദ്ധന്യത്തിൽ, 'തർക്കമന്ദിരം' എന്ന പ്രയോഗം വെട്ടിക്കളഞ്ഞ് 'ബാബ്റി മസ്ജിദ്' എന്ന് തിരുത്തിയപ്പോഴാണ് ചൂല്യാറ്റിന്റെ മനസ്സും ശരീരവും സമതുലിതമായത്. ചൂല്യാറ്റിന് ആ തിരുത്തിനുള്ള ചങ്കൂറ്റം നൽകിയത് അദ്ദേഹത്തിന്റെ സാമൂഹികബോധവും ചരിത്രബോധവുമാണ്. സമൂഹം കടന്നു പോകുന്ന സങ്കീർണ്ണ കാലസന്ധിയെ ക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും തിരിച്ചറിവും ആധികളുമുള്ള ചൂല്യാറ്റുമാർക്കു മാത്രമേ ബോധമണ്ഡലത്തിൽ നുഴഞ്ഞു കയറിയ സമൂഹവിരുദ്ധവും വിധ്വംസകവുമായ പ്രതിലോമ ആശയങ്ങളെ കണ്ടെത്താനും ഉച്ചാടനം ചെയ്യാനും കഴിയൂ.

ശബരിമലയിലെ സംഘപരിവാർ അജണ്ടയുടെ ഭാഗമായി മാധ്യമങ്ങളിൽ കടത്തിവിടപ്പെട്ട ഒരു വികലപ്രയോഗമാണ് ചൂല്യാറ്റിന്റെ ധീരത അനുസ്മരിക്കാൻ ഇപ്പോൾ ഇടയാക്കിയത്. 'നാമജപപ്രതിഷേധം' / 'നാമജപസമരം' എന്ന അസംബന്ധ പദസംയുക്തമാണത്. എത്രമാത്രം വികൃതവും വിലക്ഷണവുമാണ് ആ പ്രയോഗം! നാമജപം ഹൈന്ദവാരാധന രീതികളിലൊന്നാണ്.

ഈശ്വരസാക്ഷാത്കാരത്തിനായി സാധാരണക്കാരന് ആശ്രയിക്കാവുന്ന ലളിതമാർഗ്ഗം. മോക്ഷപ്രാപ്തിക്ക് ഐഹിക ജീവിതസുഖങ്ങൾ വർജ്ജിച്ച് കഠിനതപസ്സുപോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കാൻ ഗൃഹസ്ഥാശ്രമികൾക്കു കഴിയില്ല. അങ്ങനെയുള്ളവർക്ക് നിർദ്ദേശിക്കപ്പെട്ട മുക്തിമാർഗ്ഗമാണു നാമജപം. ദൈവത്തിൽ മനസ്സർപ്പിച്ച് ഈശ്വരനാമ സങ്കീർത്തനം നടത്തുന്ന ലൗകികന് മുക്തി കൈവരുമെന്നാണ് വിശ്വാസം. എന്നിരിക്കെ, ഇതിലെവിടെയാണ് പ്രതിഷേധത്തിനോ സമരത്തിനോ ഇടം? സമരം, നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ ആയുധമാണല്ലോ! നാമജപം ദൈവത്തോടുള്ളതാണെങ്കിൽ 'നാമജപപ്രതിഷേധ'വും മറ്റാരിലേക്കും ചെല്ലാൻ ഇടയില്ല! നാമജപം പോലെ 'നാമജപസമര'വും 'അങ്ങ് വൈകുണ്ഠത്തു' തന്നെയല്ലേ പ്രകമ്പനമുണ്ടാകുക? ദൈവം തന്നെയാണു വിഷമിച്ചുപോകുക! ചേർച്ചയില്ലാത്ത രണ്ടു പദങ്ങൾ ചേർത്തുപയോഗിക്കുമ്പോൾ 'വിഷമ'മാകും (വിഷമം ചേർച്ചയില്ലാത്ത / രണ്ടിനെ ചേർത്തു ചൊല്ലുകിൽ.) എന്ന് ആലങ്കാരികന്മാർ പറഞ്ഞു വച്ചത് വെറുതെയല്ല! (അത് അലങ്കാരത്തെക്കുറിച്ചാണെങ്കിൽ പോലും)

ശബരിമലയിലെ സംഘപരിവാർ പടപ്പുറപ്പാട് തികച്ചും രാഷ്ട്രീയ ലക്ഷ്യമുള്ളതാണ്. മതവും ആചാരങ്ങളും ആ രാഷ്ട്രീയലക്ഷ്യങ്ങൾക്കുള്ള മൂടുപടം മാത്രം. അവിടെ അക്രമികൾ എടുത്തണിയുന്ന അയ്യപ്പഭക്തന്മാരുടെ വേഷവും ഇരുമുടിക്കെട്ടുമെല്ലാം രാഷ്ട്രീയ നാടകത്തിനാവശ്യമായ ആടയാഭരണങ്ങൾ മാത്രം. നാടകാനന്തരം അനായാസം കയ്യൊഴിയാവുന്നവ!

ശബരിമല സന്നിധാനത്തിൽ യുവതികളെ വിലക്കുന്നതിൽ തുടങ്ങി, കമ്യൂണിസ്റ്റു ഭരണം തകർക്കുന്നതുവരെ എത്തിനിൽക്കുകയാണ് സംഘപരിവാറിന്റെ പ്രഖ്യാപിത സമരലക്ഷ്യം. യുവതികൾക്ക് ശബരിമലയിൽ പ്രാർത്ഥന സ്വാതന്ത്ര്യം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പിതൃത്വം സി.പി.എമ്മിൽ കെട്ടിയേൽപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. വലതുപക്ഷസംഘടനകൾ മുഴുവൻ അമ്പത്തേഴിലെ അട്ടിമറിസമര സ്മരണയോടെ, മത്സരിച്ച് കൂടെക്കൂടി. പരമോന്നത കോടതിയുടെ വിധിയെ തങ്ങൾക്ക് പരിചിതമായ രീതിയിൽ പേശീബലംകൊണ്ട് മറികടക്കുന്നത് കോടതിയലക്ഷ്യമായേക്കും എന്ന ഭയത്തിൽനിന്നാണ് ഭക്തിപാരവശ്യം അഭിനയിച്ച് പാതകൾ ഉപരോധിക്കുന്ന സമരത്തിലേക്ക് അവരെത്തിയത്. ആ സമരത്തിന് പുകമറയായാണ് 'നാമജപം' ആരംഭിച്ചത്. സന്നിധാനത്തിൽ സംഘംചേർന്ന് സ്ത്രീകളെ തടയുന്നതിലേക്കും ശാരീരികമായി അക്രമിക്കുന്നതിലേക്കും അത് എത്തിനിൽക്കയാണിപ്പോൾ. അതിന് അകമ്പടിയായി അസത്യങ്ങളുടെ ഘോഷയാത്രതന്നെ അണിനിരത്തുന്നുമുണ്ട്.

യഥാർത്ഥത്തിൽ സംഘപരിവാർ സംഘടനകൾ ശബരിമലയിൽ നയിക്കുന്നത് 'യുവതീവിലക്കുസമര'മാണ്; 'ദുരാചാരസംരക്ഷണസമര'മാണ്. അതല്ലെങ്കിൽ യുവതികൾക്കെതിരായ 'പ്രാർത്ഥന തടയൽ സമര'മാണ്. മലയാളി മങ്കമാരുടെ സമരചരിത്രത്തെ മുഴുവൻ ഇരുണ്ട യുഗത്തിലേക്ക് പ്രത്യാനയിക്കുന്നതാണ് ഈ സമരാഭാസം. കേരളം പൊരുതിനേടിയ നന്മകളെ മുഴുവൻ റദ്ദുചെയ്യുന്ന, തികച്ചും യാഥാസ്ഥിതികവും പിന്തിരിപ്പനുമായ ഈ സമരത്തെ 'നാമജപസമരം' എന്ന പേരുവിളിച്ച് ജ്ഞാനസ്നാനം ചെയ്യിച്ചത് സംഘപരിവാറിന്റെ എംബെഡ്ഡഡ് മാധ്യമപ്രവർത്തകരാണ്. 'നാമജപ'വും 'സമര'വും ഏച്ചുകെട്ടിയ ഒരു വിരുദ്ധപദസംയുക്തം (Oxymoron) അവർ പടച്ചു പ്രചരിപ്പിച്ചു. അതിനെ പരിഹസിക്കാൻ 'ആർത്തവസമരം', 'ആർത്തവ ലഹള' തുടങ്ങിയ പ്രയോഗങ്ങൾ നടത്തിയ ചിലരെ അവർ അവഗണിച്ചു നിശ്ശബ്ദരാക്കി. സാമൂഹികബോധവും മതേതര കാഴ്ചപ്പാടുമുള്ള ജനപക്ഷമാധ്യമ പ്രവർത്തകർ പോലും (നിവൃത്തിയില്ലാതെയാവാം) ഇപ്പോഴും 'നാമജപസമരം' ഉരുക്കഴിച്ചു കൊണ്ടിരിക്കുന്നു!

കേരളത്തിലെ മാധ്യമ പ്രവർത്തകർ തിരിച്ചറിവോ പ്രതിരോധശേഷിയോ ഇല്ലാത്തവരല്ല. യുവസിനിമാനടി ആക്രമിക്കപ്പെട്ടശേഷം മലയാളത്തിലെ താരസംഘടന കൈക്കൊണ്ട കുറ്റകരവും പുരുഷാധിപത്യപരവുമായ നിലപാടിനെതിരെ സിനിമാലോകത്തെ വനിതാകൂട്ടായ്മ കടുത്ത പ്രതിഷേധവുമായി രംഗത്തു വരികയുണ്ടായല്ലോ. പണവും പ്രശസ്തിയും താരപ്പകിട്ടും നൽകിയ ഹുങ്കിൽ കേരളത്തിന്റെ പൊതുബോധത്തെ പരിഹസിച്ചുകൊണ്ട്, കുറ്റാരോപിതനായ നടനെ ന്യായീകരിക്കുകയാണ് താരപ്രമുഖർ ചെയ്തത്. മാധ്യമങ്ങൾ അന്ന് ഉറച്ചു നിന്നത് ആക്രമിക്കപ്പെട്ട നടിക്കും അതിജീവിച്ച അവൾക്കു തുണ നിന്ന ചലച്ചിത്ര രംഗത്തെ വനിതാകൂട്ടായ്മയ്ക്കും ഒപ്പമാണ്. (അവളെ 'ഇര' എന്ന വിളിക്കരുതെന്നും അവൾ സർവൈവർ - അതിജീവിത - അതിജീവിച്ചവൾ - ആണെന്നും അങ്ങനെയായിരിക്കണം അവളെ വിശേഷിപ്പിക്കേണ്ടതെന്നും ലോകത്തെ ഓർമ്മിപ്പിച്ച വനിതാകൂട്ടായ്മ അംഗങ്ങൾ, ഓരോ പദപ്രയോഗവും എത്ര സൂക്ഷ്മതയോടെ വേണം എന്നു നമ്മളെ പഠിപ്പിക്കുകയായിരുന്നു.)

ആൺകോയ്മയുടെ പിടിയിലമർന്ന താരസംഘടനയെ ബോധപൂർവ്വം എ.എം.എം.എ എന്നുതന്നെ വിളിച്ചതുവഴി 'അമ്മ' എന്ന പദത്തിന്റെ മഹനീയതയും ആർദ്രതയും മലയാള മാധ്യമ പ്രവർത്തകർ വീണ്ടെടുത്തു. പദപ്രയോഗങ്ങളിലെ ജാഗ്രതയുടെ പ്രാധാന്യം മലയാളമാധ്യമലോകം തിരിച്ചറിഞ്ഞതിന്റെ സമീപകാല ദൃഷ്ടാന്തമാണത്.

ഈ തിരിച്ചറിവും സൂക്ഷ്മതയും ശബരിമലയിലെ സ്ത്രീവിരുദ്ധ - അട്ടിമറിസമരം റിപ്പോർട്ടു ചെയ്യുമ്പോഴും പ്രകടിതമാവേണ്ടതല്ലേ? ശബരിമല സംഘർഷഭരിതമാക്കി കലാപഭൂമിയാക്കുന്നവരെ അക്രമകാരികൾ എന്നുതന്നെ വിളിക്കാൻ കഴിയണം. അവരുടെ സ്ത്രീവിരുദ്ധ - പ്രാർത്ഥനതടയൽ / ദുരാചാരസംരക്ഷണ സമരത്തെ അങ്ങനെതന്നെ വിശേഷിപ്പിക്കാൻ ധീരതകാട്ടണം. അതല്ലെങ്കിൽ, 1957ലെ ഇ.എം.എസ് ഗവണ്മെന്റിനെ പിരിച്ചുവിടുവിച്ച അട്ടിമറിസമരത്തെ ശീലവശാൽ, ഇന്നും 'വിമോചനസമരം' എന്നു വിളിച്ചുപോരുന്നതുപോലുള്ള പിഴവിലേക്ക് നമ്മൾ വഴുതിവീഴും.

'കേരളത്തിലെ മാധ്യമരംഗത്ത് ശതകോടീശ്വരന്മാരും സഹസ്ര കോടീശ്വരന്മാരും ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. അവർ വളർത്തുന്നതും പടർത്തുന്നതും തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്കു തണൽവിരിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയുമാണ്. അതിനുതകുന്ന വാർത്തകളും വിനോദപരിപാടികളുമാണ് മാധ്യമങ്ങളിൽ നിറയ്ക്കുന്നത്. കേരളത്തിന്റെ മതേതര- നവോത്ഥാന പാരമ്പര്യങ്ങളുടെയും സാമൂഹിക-സാമ്പത്തിക നേട്ടങ്ങളുടെയും സംരക്ഷണം അവരുടെ ലക്ഷ്യമല്ല. തങ്ങളുടെ മൂലധനവളർച്ചയുടെ ഗതി വേഗംകൂട്ടുന്ന ആരെയും അവർ പിൻതുണയ്ക്കും. അവിടെ വർഗ്ഗീയ വാദമെന്നോ അരാജകത്വമെന്നോ ഉള്ള വിവേചനമില്ല. അത് മനസ്സിലാക്കി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരാണ് അവരുടെ കാലാൾപ്പട. അപ്പോൾ, കേരളത്തിൽ ചൂല്യാറ്റുമാർക്ക് ഇനി എന്തുസംഭവിക്കും? ചന്ദ്രശേഖരനും ഡി. ശ്രീജിത്തിനും കമൽറാം സജീവിനും മനില സി മോഹനനും സമാനമനസ്കരായ മറ്റുപലർക്കും തങ്ങൾ ദീർഘകാലം പ്രവർത്തിച്ച മാധ്യമസ്ഥാപനങ്ങളെ കയ്യൊഴിയേണ്ടിവന്നത് അപകടകരമായ ചില സൂചനകൾ നൽകുന്നുണ്ട്.

സി.നാരായണനെപ്പോലുള്ള പത്രപ്രവർത്തകസംഘടനാ നേതാക്കൾ പോലും മാധ്യമസ്ഥാപനങ്ങൾക്കുള്ളിൽ വീർപ്പുമുട്ടേണ്ടിവന്നത് നല്ല ലക്ഷണമല്ലല്ലോ. ഇത്തരം വഴുക്കുന്ന ഒരു പ്രതലത്തിൽ വീഴാതെനിന്ന് പൊരുതാൻ പ്രാപ്തരായവർ മാധ്യമ രംഗത്ത് ഇല്ലാതാവുകയാണോ? എങ്കിൽ, അത്ര ശുഭകരമായിരിക്കില്ല കാര്യങ്ങൾ ! മീഡിയാ ബസാറിൽ അപ്രതിരോധ്യമായ ആ 'ജ്വരബാധ' പടരുകതന്നെവേണം. വീണ്ടുമൊരു തിരുത്തിന് ചൂല്യാറ്റുമാർ തൂലികയേന്തുക തന്നെ വേണം! അല്ലെങ്കിൽ വർഗ്ഗീയവാദികളുടെ നുണഫാക്ടറികളിൽ ഉത്പാദിപ്പിക്കപ്പെട്ട, സ്വന്തം സ്വീകരണമുറികളിലേറ്റു വാങ്ങുന്ന, 'വാർത്താ ജങ്ക്ഫുഡുകൾ' ഭക്ഷിച്ച്, ചീർത്ത് സിദ്ധികൂടേണ്ടിവരും കേരളീയർ!

https://www.azhimukham.com/offbeat-why-women-only-banned-to-enter-sabarimala-write-kbalan/

https://www.azhimukham.com/keralam-four-infant-children-died-in-attappady-total-10-this-year-reports-sandhya/

https://www.azhimukham.com/trending-women-entry-in-sabarimala-an-old-news-by-mathrubhumi/

https://www.azhimukham.com/kerala-who-has-organised-sabarimala-protest-against-women-entry-a-detailed-account-by-kr-dhanya/

https://www.azhimukham.com/newswrap-reason-for-flood-is-climate-change-report-by-imd-writes-saju-komban/


Next Story

Related Stories