Top

ഹാദിയയുടെ 'സ്വാതന്ത്ര്യം' ഇനി പതിനഞ്ച് പോലീസുകാരുടെ നടുവില്‍

ഹാദിയയുടെ
ഹാദിയയെ കാത്തിരിക്കുന്നത് മറ്റൊരു തടങ്കലോ? സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ എത്തിയ ഹാദിയ സ്വതന്ത്രയായിരുന്നില്ല. പതിനഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഹാദിയയ്ക്ക് സംരക്ഷണമൊരുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചിരിക്കയാണ്. 27 പോലീസുകാരുടെ മുഴുവന്‍സമയ കാവലില്‍ നിന്നും വീട്ടിലെ അപ്രഖ്യാപിത തടങ്കലില്‍ നിന്നും മോചനം ചോദിച്ചു വാങ്ങിയ ഹാദിയയ്ക്ക് സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരിക്കുന്നതും ഇതിന് സമാനമായ ജീവിതമാണെന്ന സംശയം ജനിപ്പിക്കുന്നതാണ് ചൊവ്വാഴ്ച കണ്ട കാഴ്ചകള്‍. വീട്ടിലെ ഒറ്റ മുറിയില്‍ അടച്ചിടപ്പെടില്ലെങ്കിലും സദാസമയം പോലീസുകാര്‍ ഹാദിയക്ക് കൂട്ടിനുണ്ടാവും. കനത്ത പോലീസ് സുരക്ഷയില്‍ ഡല്‍ഹിയില്‍ നിന്ന് സേലത്തെത്തിച്ച ഹാദിയയെ സ്വീകരിച്ചത് സേലം ഡിസിപി സുബ്ബലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സേനയാണ്.

അഞ്ച് വനിതാ പോലീസുകാരുള്‍പ്പെടെ പതിനഞ്ച് പോലീസുദ്യോഗസ്ഥരായിരിക്കും ഇനി ഹാദിയയ്ക്ക് കാവലുണ്ടാവുക. ഹാദിയയുടെ സുരക്ഷാപ്രശ്‌നം കണക്കിലെടുത്താണ് ഇത്രയും പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. ഹാദിയയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍ സമയ സുരക്ഷയൊരുക്കുമെന്ന് ഡിസിപി സുബ്ബലക്ഷ്മി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് മുഴുവന്‍ സമയ സുരക്ഷ വേണ്ടൈന്ന് കോളേജ് അധികൃതരോട് ഹാദിയ ആവശ്യപ്പെട്ടു. എന്നാല്‍ തല്‍ക്കാലം അതൊഴിവാക്കാന്‍ മാര്‍ഗമില്ലെന്ന മറുപടിയാണ് കോളേജ് അധികൃതരില്‍ നിന്ന് ലഭിച്ചത്.

http://www.azhimukham.com/kazhchapadu-conversion-is-not-the-solution-but-let-the-educate-and-independent-says-vp-suhra/

ഹോസ്റ്റലിലും കോളേജിലും പോലീസ് കാവല്‍ ഉണ്ടാവും. രണ്ട് വനിതാ പോലീസുകാര്‍ സദാസമയവും ഹാദിയക്ക് ഒപ്പമുണ്ടാവണമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. സേലത്ത് എത്തിക്കുന്നത് വരെ കേരള പോലീസ് ഹാദിയയ്‌ക്കൊപ്പമുണ്ടാവണമെന്നും തിങ്കളാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. പോലീസുകാര്‍ സിവില്‍ ഡ്രസില്‍ ആയിരിക്കണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

http://www.azhimukham.com/keralam-hadiyacase-supremecourt-interim-order/

മുമ്പ് ഷഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കി അച്ഛന്റെ സംരക്ഷണത്തില്‍ വിടാന്‍ ഉത്തരവിട്ട ഹൈക്കോടതിയും പോലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആ വിധി ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉണ്ണുന്നതിനും ഉറങ്ങുന്നതിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തുന്നതിന് പുറമെ 27 പോലീസുകാര്‍ ഹാദിയയുടെ വീടിനോട് ചേര്‍ന്ന് തമ്പടിച്ച് താമസിച്ചുവരികയായിരുന്നു. ഹാദിയയെ കാണാനെത്തിയവരെ ഹൈക്കോടതി വിധിയുടെ പേരില്‍ അതിനനുവദിക്കാതെ തിരിച്ചയച്ചതുള്‍പ്പെടെ ഈ കാവല്‍ പോലീസുകാരായിരുന്നു. കോടതി അച്ഛന്റെ സംരക്ഷണയിലയച്ച ഹാദിയയുടെ ജീവിതം വീട്ടുകാരും പോലീസുകാരും ചേര്‍ന്ന് തടങ്കലിന് സമാനമാക്കുകയായിരുന്നു.

തനിക്ക് സ്വാതന്ത്ര്യം വേണം, ഭര്‍ത്താവിനൊപ്പം ജീവിക്കണം, പഠനം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളുയിച്ച ഹാദിയയക്ക് മുന്നില്‍ പഠനത്തിന്റെ വാതില്‍ തുറക്കുകയാണ് സുപ്രീംകോടതി ചെയ്തത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഹാദിയ സ്വതന്ത്രയാവുകയാണ് ചെയ്തതെന്ന വിലയിരുത്തലില്‍ അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും വനിതാ പ്രവര്‍ത്തകരുമുള്‍പ്പെടെ എത്തിച്ചേര്‍ന്നു. എന്നാല്‍ മറിച്ച് ചിന്തിപ്പിക്കുന്ന തീരുമാനമാണ് തമിഴ്‌നാട് പോലീസ് എടുത്തിട്ടുള്ളതെന്ന് വേണം കരുതാന്‍. പോലീസുകാരുടെ കൈകളില്‍ നിന്ന് സ്വാതന്ത്ര്യം നേടാതെ ഹാദിയ എങ്ങനെ പൂര്‍ണ സ്വതന്ത്രയാവുമെന്ന സംശയമാണ് വനിതാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പോലീസുകാരുടെ മുഴുവന്‍ സമയ കാവല്‍ ഹാദിയക്ക് സ്വാതന്ത്ര്യമല്ല, മറിച്ച് പഠനമൊഴികെ വൈക്കത്തെ വീട്ടിലുണ്ടായിരുന്ന അതേ കാര്യങ്ങള്‍ ഇവിടേയും ആവര്‍ത്തിക്കപ്പെടാനാണിടയെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു.

http://www.azhimukham.com/opinion-political-analyst-ka-antony-writing-about-court-order-and-hadiya-issue/

ഭര്‍ത്താവ് ഷഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമെന്ന് പോലീസുകാര്‍ സമ്മതിച്ചതായി ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഷഫിന്‍ ജഹാനെ കാണുന്നത് അനുവദിക്കുന്ന കാര്യം പിന്നീട് ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂന്ന എന്ന നിലപാടിലാണ് ഡിസിപിയും കോളേജ് അധികൃതരും. അതേസമയം ഹാദിയയുടെ അച്ഛന്‍ അശോകന് അവരെ സന്ദര്‍ശിക്കാനുള്ള അനുമതിയും പോലീസ് നല്‍കിയിട്ടുണ്ട്. ഹാദിയ ആവശ്യപ്പെട്ടതു പോലെ ഷഫിന്‍ ജഹാനൊപ്പം അയച്ചില്ലെങ്കിലും കോടതിയുടെ ഇടക്കാല ഉത്തരവില്‍ തന്നെ കാണാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലാത്തതിനാല്‍ ഹാദിയയെ കാണാന്‍ പോവുമെന്നാണ് ഷഫിന്‍ ജഹാന്‍ പ്രതികരിച്ചത്. ഷഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോടതി നിലപാടെടുക്കുന്നത് വരെ അവ്യക്തതകളും ആശങ്കകളും തുടരാനാണിട.

ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുമതി ലഭിച്ചെങ്കിലും സേലത്തെത്തിച്ച ഹാദിയയ്ക്ക് അതിനുള്ള അനുമതിയും നിഷേധിക്കപ്പെടുന്നു. തോക്കുകളുമേന്തി അനുഗമിക്കുന്ന പോലീസുകാരോടൊപ്പമുള്ള ജീവിതത്തില്‍ താനാഗ്രഹിക്കുന്ന നീതിയും സ്വാതന്ത്ര്യവും ഹാദിയക്ക് ലഭിക്കുമോയെന്ന ചോദ്യങ്ങളാണുയരുന്നത്. തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് പരമോന്നത നീതിപീഠത്തിന് മുന്നില്‍ പറഞ്ഞ ഹാദിയയ്ക്ക് ആറ് മാസക്കാലത്തെ തടങ്കല്‍ ജീവിതത്തിന് അവസാനം വരുത്തിക്കൊണ്ടാണ് കോടതി സേലത്തെ കോളേജില്‍ പഠിക്കാനയച്ചത്. എന്നാല്‍ പോലീസ് സംരക്ഷണം എന്ന കോടതി ഉത്തരവിലെ വാചകങ്ങളാണ് ഇവിടെയും ഹാദിയക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത്. കോളേജും ഹോസ്റ്റലും ഹാദിയയ്ക്ക് മറ്റൊരു ജയിലാവുമോയെന്ന് കാര്യം കാത്തിരുന്നു കാണേണ്ട കാര്യമാണ്.

http://www.azhimukham.com/keralam-is-political-parties-islamophobic/

Next Story

Related Stories