TopTop
Begin typing your search above and press return to search.

സ്ത്രീകളെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപ്പെടുത്താമെന്നാണോ നിങ്ങള്‍ കരുതുന്നത്?

സ്ത്രീകളെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപ്പെടുത്താമെന്നാണോ നിങ്ങള്‍ കരുതുന്നത്?
ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് കമന്റിടാനായിട്ട് പോസ്റ്റിട്ട യുവതിക്ക് നേരെ അസഭ്യവര്‍ഷം. ആലുവ സ്വദേശിയും തലശേരി ബ്രണ്ണന്‍ കോളേജിലെ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ദിവ്യ പാലമിറ്റത്തിന് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം നടക്കുന്നത്. ഇവര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

'ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് കമന്റാനുള്ള പോസ്റ്റ്' എന്നതായിരുന്നു ദിവ്യയുടെ പോസ്റ്റ്. ഇതിന് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ തെറി വിളിയുമായി എത്തിയത്. ദിവ്യയെ ലൈംഗിക തൊഴിലാളിയോട് ഉപമിക്കുന്ന കമന്റുകളാണ് ഏറെയും. കൂടാതെ ദിവ്യ ചുംബന സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണെന്നതും ചെറുതാന ചന്ദ്രപ്രസാദ് എന്നയാള്‍ ചൂണ്ടിക്കാട്ടുന്നു. അച്ഛനില്‍ കാമം തീര്‍ത്തവളാണെന്ന് വിളിച്ച് ദിവ്യയെ അധിക്ഷേപിക്കുന്നത് സിദ്ധാര്‍ത്ഥ് സംഘി എന്ന പ്രൊഫൈല്‍ ഉള്ള വ്യക്തിയാണ്. ദിവ്യയുടെ പിരിയഡ് നോക്കട്ടെയെന്നാണ് വിക്രം ദേവ എന്നയാളുടെ ചോദ്യം. കാവി പോരാളികള്‍, ശിവാജി സേന എന്നിങ്ങനെയുള്ള പ്രൊഫൈലുകളില്‍ നിന്നാണ് ദിവ്യയ്ക്ക് നേരെയുള്ള ആക്രമണം തുടരുന്നത്. ദിവ്യ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നത് വരെ ഈ തെറിയഭിഷേകം തുടരുമെന്നാണ് ചിലര്‍ പറയുന്നത്. എസ് ഹരീഷിന്റെ മീശ എന്ന നോവലിനെ പിന്തുണച്ചതിനും ദിവ്യയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായിരുന്നു. അതിന്റെ കേസ് നടക്കുന്നതിനിടെയാണ് പുതിയ കേസ്. തിങ്കളാഴ്ച രേഖാമൂലം പരാതി നല്‍കാനിരിക്കുകയാണെന്ന് ദിവ്യ അഴിമുഖത്തോട് പറഞ്ഞു.

തന്നെയും സുഹൃത്തുക്കളെയും ഒരു പ്രത്യേക രീതിയില്‍ ബലാല്‍ക്കാരം ചെയ്യുമെന്ന് പറഞ്ഞവരെല്ലാം ബ്രഹ്മചാരിയും ആര്‍ത്തവ പേടിത്തൊണ്ടനുമായ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവരാണെന്ന് ദിവ്യ ചൂണ്ടിക്കാട്ടുന്നു. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

'സ്ത്രീകള്‍ക്ക് നേരെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപെടുത്താമെന്നു കരുതുന്ന ചാണകതീനികള്‍ടെ ശ്രദ്ധയ്ക്ക് ::-
'നിങ്ങളുടെ ഹൈന്ദവ സംസ്‌ക്കാരം' തുളുമ്പുന്നതും, ലിംഗാഗ്രത്താല്‍ എഴുതപ്പെട്ടതുമായ ചേതോവികാരങ്ങള്‍ വിഹരിച്ച 'ദാറ്റ് മൊമ്മന്റസ്' നോം സ്‌ക്രീന്‍ ഷോട്ട് സഹിതം എത്തിക്കേണ്ടിടത്ത് എത്തിച്ചതായി അറിയിച്ചു കൊള്ളുന്നു.??
എന്നാലും, അബലകളും ചപലകളും സര്‍വോപരി നിര്‍ഗുണപരബ്രഹ്മങ്ങളുമായ ഈയുള്ളവളെയും സൂര്‍ത്തുക്കളെയും ഒരു പ്രത്യേക രീതിയില്‍ ബലാല്‍ക്കാരം ചെയ്യുമെന്ന് പറഞ്ഞതെല്ലാം നിങ്ങളുടെ ബ്രഹ്മചാരിയും
ആര്‍ത്തവ പേടിത്തൊണ്ടനുമായ ദൈവംതമ്പുരാനെ പ്രീതിപ്പെടുത്താന്‍ ആണല്ലോന്ന് ഓര്‍ക്കുമ്പോള്‍ ഒരു സദാമാനമുണ്ട്.'

ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ താന്‍ ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും അത് തനിക്കൊരു തെറ്റായി തോന്നിയിട്ടില്ലെന്നും അഭിരാമിയെന്ന പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ദീപ രാഹുല്‍ ഈശ്വര്‍, നടി ലക്ഷ്മി പ്രിയ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖരും നിരവധി അപ്രമുഖരും പെണ്‍കുട്ടിക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തി. അഭിരാമിയ്‌ക്കെതിരെ തെറിയഭിഷേകം നടത്തുന്ന യുവതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആര്‍ത്തവ സമയത്ത് തങ്ങളുടെ ശരീരം അശുദ്ധമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ഒരു വിഭാഗം യുവതികളും പെണ്‍കുട്ടികളും പറയുന്നത്. ആര്‍ത്തവ സമയത്ത് തങ്ങളുടെ ശരീരത്തില്‍ നിന്നും പുറത്തു വരുന്ന രക്തമാണ് അശുദ്ധമായി നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ പുരുഷന്മാരുടെ ശരീരത്തില്‍ ഓടുന്നതും അതേ രക്തമാണെന്നും ഇവര്‍ പറയുന്നു. ആര്‍ത്തവമുള്ളതിനാലാണ് തങ്ങള്‍ക്ക് പ്രസവിക്കാന്‍ സാധിക്കുന്നതെന്നും തലമുറകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ ആ സമയത്ത് ക്ഷേത്രത്തില്‍ പോയതെന്നും ചര്‍ച്ചയില്‍ അഭിരാമി പറഞ്ഞിരുന്നു. സദസ് ഈ തുറന്നു പറച്ചിലിനെ കയ്യടികളോടെ സ്വീകരിച്ചെങ്കിലും ഈശ്വര വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ തെറി വിളി തുടരുകയാണ്.

ദിവ്യയെയും അഭിരാമിയെയും കൂടാതെ ഈ നിലപാടിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ഇതേ അനുഭവം തന്നെയാണ് ഉള്ളത്. ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് എം എം ഹസനെ ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തത് ശ്രദ്ധ നേടിയിരുന്നു. ആര്‍ത്തവം എങ്ങനെയാണ് അശുദ്ധമാകുന്നതെന്നാണ് പെണ്‍കുട്ടി നേതാവിനോട് ചോദിച്ചത്. പൊതുവേദിയില്‍ വച്ചുള്ള ഈ ചോദ്യം ചെയ്യലില്‍ പോലും ഹസന്‍ തന്റെ നിലപാട് തിരുത്താന്‍ തയ്യാറായതുമില്ല.https://www.azhimukham.com/trending-cyber-attack-against-a-woman-who-supports-court-order-on-sabarimala/

Next Story

Related Stories