Top

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?
കേരളം സമീപകാലത്ത് മൂന്ന് ഹര്‍ത്താലുകളെയാണ് കണ്ടത്. എല്ലാം ശബരിമലയെ കേന്ദ്രീകരിച്ചുള്ളതാണെന്നത് യാദൃശ്ചികമല്ല. എന്നാല്‍ ഈ ഹര്‍ത്താലുകളുടെയെല്ലാം കാരണം പരിശോധിച്ചാല്‍ എന്തിനായിരുന്നു ഇവയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. വര്‍ഗ്ഗീയ ധ്രുവീകരണം മാത്രം തന്റെ പ്രസംഗങ്ങളിലൂടെ കേരള ജനതയ്ക്ക് മുന്നിലേക്ക് വയ്ക്കുന്ന കെ പി ശശികലയുടെ അറസ്റ്റാണ് ഇന്നത്തെ ഹര്‍ത്താലിന് കാരണം.

നിലയ്ക്കലില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ തുടര്‍ന്നാണ് ശബരിമല കര്‍മ്മ സമിതി ഈ ശബരിമല സീസണിലെ ആദ്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. തന്ത്രി കുടുംബത്തിലെ അംഗങ്ങളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതും ഹര്‍ത്താലിന് കാരണമായി. നേരിട്ട് ഇടപെടാതെ ബിജെപി ഈ ഹര്‍ത്താലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചപ്പോഴാണ് പോലീസ് തിരിച്ചടിച്ചത്. സുപ്രിംകോടതി വിധി പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടക്കുന്ന നാമജപ ഘോഷ യാത്രകള്‍ കോടതി വിധിക്കെതിരാണ്. ഭരണഘടനാ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. അങ്ങനെ നോക്കിയാല്‍ ഈ സമരങ്ങള്‍ ഭരണഘടനയ്‌ക്കെതിരാണ്. ഈ സാഹചര്യത്തിലാണ് പോലീസ് നിലയ്ക്കലില്‍ ലാത്തിചാര്‍ജ്ജ് നടത്തിയതും അറസ്റ്റുകള്‍ രേഖപ്പെടുത്തിയതും.

ഈമാസം തുടക്കത്തിലാണ് ശബരിമല വിഷയത്തില്‍ മറ്റൊരു ഹര്‍ത്താലുണ്ടായത്. ശബരിമല നാമജപ ഘോഷയാത്രയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസന്‍ എന്ന വ്യക്തിയെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം ളാഹയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തിയ വാര്‍ത്ത പ്രചരിക്കുന്നതിന് മുമ്പ് തന്നെ ബിജെപി ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നിലയ്ക്കലിലെ പോലീസ് ആക്രമണത്തിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ബിജെപിയുടെ ആരോപണം. അതേസമയം പോലീസ് നടപടി നടന്നതിന് ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നിന്നും വ്യക്തമായിരുന്നു. ശിവദാസന്റേത് അപകട മരണമാണെന്ന് പിന്നീട് പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായി. എന്നാല്‍ ബിജെപിയുടെ ഹര്‍ത്താല്‍ അപ്പോഴേക്കും പൂര്‍ണമായിരുന്നു. നുണ പ്രചരണങ്ങളിലൂടെയാണ് ബിജെപിയും ആര്‍എസ്എസും ഹര്‍ത്താല്‍ നടത്തിയെന്ന് തെളിയുകയും ചെയ്തു. ശിവദാസന്‍ ബിജെപി പ്രവര്‍ത്തകനാണെന്നായിരുന്നു ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതും നുണയാണെന്ന് പിന്നീട് തെളിഞ്ഞു.

ശബരിമല വിഷയത്തില്‍ ഏറ്റവും അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത് ഇന്നത്തെ ഹര്‍ത്താല്‍ ആണ്. ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തതാണ് പുതിയ ഹര്‍ത്താലിന് കാരണം. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ ശശികലയ്‌ക്കെതിരെ നിരവധി കേസുകളാണ് ഉള്ളത്. അതിനാല്‍ തന്നെ ശശികലയുടെ അറസ്റ്റ് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണ്. ശബരിമല സന്നിധാനത്ത് അവര്‍ക്കൊപ്പം ധാരാളം പേര്‍ തടിച്ചുകൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അറസ്റ്റില്‍ പോലീസിനും സര്‍ക്കാരിന് ന്യായീകരണങ്ങളുണ്ട്. സന്നിധാനത്തെ സ്ംഘര്‍ഷ സാധ്യത ഒഴിവാക്കുക മാത്രമാണ് അവര്‍ ചെയ്തത്.

ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ വലഞ്ഞത് അയ്യപ്പ ഭക്തര്‍ തന്നെയാണ്. ഹര്‍ത്താല്‍ വിവരം അറിയാതെ ശബരിമലയിലെത്താന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ് ഇന്നത്തെ ഹര്‍്ത്താല്‍ സമ്മാനിച്ചത്. ശശികലയുടെ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സംസാരിക്കാനുള്ളത്. എന്നാല്‍ അയ്യപ്പ ഭക്തന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ വിഷയത്തിലില്ല. ഇതില്‍ നിന്ന് തന്നെ ഇന്നത്തെ ഹര്‍ത്താലില്‍ ബിജെപിയുടെ ലക്ഷ്യം ഭക്തര്‍ക്ക് വേണ്ടിയല്ലെന്ന് വ്യക്തമാണ്. ശബരിമലയുടെ പേരിലെ ഈ മൂന്ന് ഹര്‍ത്താലുകളും ആര്‍ക്ക് വേണ്ടിയാണെന്നോ എന്തിന് വേണ്ടിയാണെന്നോ മാത്രം ഇനിയും ഭക്തജനങ്ങള്‍ക്ക് മനസിലായിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെടാമെന്നതാണ് ഈ ശബരിമല സീസണിന്റെ മറ്റൊരു പ്രത്യേകത. പക്ഷെ ഭക്തജനങ്ങള്‍ ഇനിയും കരുതിയിരിക്കുക എപ്പോള്‍ വേണമെങ്കിലും അയ്യപ്പനെ രക്ഷിക്കാന്‍ മറ്റൊരു ഹര്‍ത്താല്‍ കൂടി പ്രഖ്യാപിക്കപ്പെടാം.

https://www.azhimukham.com/newsupdate-trupti-desai-returned-sasikala-arrested-hartal-today/

https://www.azhimukham.com/newsupdate-sabrimala-entry-sasikala-arrested-hartal-today/

https://www.azhimukham.com/trending-facebook-post-ayodhya-dispute-to-sabarimala-issues-puritan-leftist-advise-not-necessary-pinarayi-government-jithin-gopalakrishnan-writes/

https://www.azhimukham.com/offbeat-sashi-tharoor-and-congress-playing-a-dangerous-game-tm-krishna/

https://www.azhimukham.com/newswrap-sreedharanpilla-repeats-fake-propaganda-news-about-shivadasans-mysterious-death-near-sabarimala-writes-saju/

Next Story

Related Stories