Top

പെരിയ ഇരട്ടക്കൊല സൂത്രധാരന്‍ പീതാംബരനെ തള്ളിപ്പറഞ്ഞ് സിപിഎം, പാര്‍ട്ടി അറിയാതെ നടക്കില്ലെന്ന് കുടുംബം; കാസര്‍കോട് ഇരട്ടക്കൊലപാതകം സങ്കീര്‍ണമാകുന്നത് ഇങ്ങനെ

പെരിയ ഇരട്ടക്കൊല സൂത്രധാരന്‍ പീതാംബരനെ തള്ളിപ്പറഞ്ഞ് സിപിഎം, പാര്‍ട്ടി അറിയാതെ നടക്കില്ലെന്ന് കുടുംബം; കാസര്‍കോട് ഇരട്ടക്കൊലപാതകം സങ്കീര്‍ണമാകുന്നത് ഇങ്ങനെ
പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ആറ് പേരെ പോലീസ് ചോദ്യം ചെയ്ത് വരികയുമാണ്. സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെ നടന്ന കുറ്റകൃത്യമെന്ന ആരോപണം ശക്തമാകുമ്പോഴും ചോദ്യം ചെയ്യലിന്റെ ഓരോ ഘട്ടത്തിലും അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മൊഴികളാണ് ലഭിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം താന്‍ തന്നെയാണ് കൃപേഷിനെ വെട്ടിയതെന്നും കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്നുമുള്ള അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ മൊഴിയാണ്. പീതാംബരനും കസ്റ്റഡിയിലുള്ള മറ്റ് ആറ് പേരും ഒരേ രീതിയിലുള്ള മൊഴിയാണ് നല്‍കുന്നത്. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ മൊഴിയാണെന്നാണ് പോലീസിന്റെ സംശയം.

നേരത്തെ മുന്നാട് കോളേജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ ബസ് തടയുന്നതിനിടെയുണ്ടായ പ്രശ്‌നത്തില്‍ ഇടപെട്ട പീതാംബരനും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി സുരേന്ദ്രനും മര്‍ദ്ദനമേറ്റിരുന്നു. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി കാര്യക്ഷമമായ ഇടപെടല്‍ നടത്തിയില്ലെന്നും അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും പീതാംബരന് പരാതിയുണ്ടായിരുന്നു. ഇത് തനിക്ക് വലിയ അപമാനമുണ്ടാക്കിയതായും പീതാംബരന്‍ പറയുന്നു. പാര്‍ട്ടിയുടെ അവഗണനയാലാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി.

കല്ല്യോട്ട് എച്ചിലടുക്കം സ്വദേശിയായ പീതാംബരന്‍ കെട്ടിടം പണി കരാറുകാരനാണ്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ എ പീതാംബരന്റെ പ്രവര്‍ത്തികളില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നെന്നാണ് വിവരം. കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയായിരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളുമായുള്ള പ്രശ്‌നങ്ങളില്‍ പീതാംബരന്‍ നിരന്തരം ഇടപെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ല്യോട്ട് മൂവാരിമൂലയിലെ പ്രസാദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രവി, ഗോപകുമാര്‍ എന്നിവര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും പീതാംബരന് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്. വാഹന ഉടമ സജി ജോര്‍ജ്ജും പോലീസ് കസ്റ്റഡിയിലാണ്. പ്രദേശത്തെ കെട്ടിട നിര്‍മ്മാണ് മാഫിയയായ സജി ജോര്‍ജ്ജിന്റെ പ്രശ്‌നങ്ങളില്‍ പീതാംബരന്‍ ഇടപെടാറുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലുള്ള പത്തൊമ്പതുകാരനടക്കം ആറ് പേരും പീതാംബരന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. കൊലപാതകത്തിന് പിന്നില്‍ ബാഹ്യമായ ഇടപെടലില്ലെന്നും തങ്ങള്‍ തന്നെയാണ് കൃത്യം നിര്‍വഹിച്ചതെന്നുമുള്ള മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ആറ് പേരും.

കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന പോലീസിന്റെ നിഗമനത്തെ പൊളിക്കുന്നതാണ് ഈ മൊഴി. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകള്‍ കൃത്യത്തിന് പിന്നിലെ പ്രൊഫഷണല്‍ സാന്നിധ്യത്തിന് തെളിവാണെന്നാണ് പോലീസ് പറയുന്നത്. കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റീമീറ്റര്‍ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. ഒരു പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘത്തിനല്ലാതെ ഈ വിധത്തില്‍ ക്രൂരമായ കൊലപാതകം നടത്താനാകില്ലെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍. ഇതിനിടെയാണ് കഞ്ചാവിന്റെ ലഹരിയില്‍ കൃത്യം നിര്‍വഹിച്ചതെന്നും താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഇടപെടാതിരുന്നതും അന്ന് നേരിട്ട അപമാനവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പീതാംബരന്‍ മൊഴി നല്‍കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിനു കൈമാറും.

കൃത്യത്തിന് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ലെന്നാണ് സിപിഎം പറയുന്നത്. ഈ സാഹചര്യത്തിലാണ് പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും. എന്നാല്‍ തിങ്കളാഴ്ച പള്ളിക്കരയിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുമാണ് ഏഴ് പെരെയും അറസ്റ്റ് ചെയ്തത്. അതിനാല്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ലെന്ന വാദത്തെ പോലീസ് അംഗീകരിക്കുന്നില്ല. കൂടാതെ കൊലപാതകം നടന്ന് ആദ്യ മണിക്കൂറുകളില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിക്കണ്ണന്‍ അന്വേഷണത്തില്‍ ഇടപെട്ടുവെന്ന ആരോപണം ഉയരുന്നുണ്ട്. 'കൂടുതല്‍ അന്വേഷണം നടത്താതെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ചാല്‍ മതി'യെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് എംഎല്‍എ പറഞ്ഞുവെന്നാണ് ആരോപണം.

പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍. മുമ്പും അക്രമങ്ങളില്‍ പങ്കാളിയായത് പാര്‍ട്ടിയ്ക്ക് വേണ്ടിയാണ്. പാര്‍ട്ടിക്ക് വേണ്ടി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്നാണ് മകള്‍ ദേവിക ആരോപിച്ചത്. തെരഞ്ഞെടുപ്പായതുകൊണ്ടാണ് ഇപ്പോള്‍ നടപടിയെടുത്തത്. പാര്‍ട്ടിയ്ക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് ഇതെന്നും ദേവിക ആരോപിച്ചു. കൊല്ലാന്‍ പറഞ്ഞതും ഒളിപ്പിച്ചതും പിടിച്ചുകൊടുത്തതും എല്ലാം പാര്‍ട്ടിയാണെന്നാണ് ഇവര്‍ പറയുന്നത്. പീതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റമേറ്റതാണെന്നും ഇവര്‍ ആരോപിക്കുമ്പോള്‍ സിപിഎം നേതൃത്വം വീണ്ടും പ്രതിസന്ധിയിലാകുകയാണ്.

Next Story

Related Stories