TopTop
Begin typing your search above and press return to search.

അവാര്‍ഡുകളിലെ നൈഷ്ഠിക ബ്രഹ്മചര്യം സര്‍ക്കാര്‍ കാത്തു സൂക്ഷിച്ചു; പെണ്ണിനെ കൂട്ടി തൊടീച്ചിട്ടില്ല-പി ഗീത എഴുതുന്നു

അവാര്‍ഡുകളിലെ നൈഷ്ഠിക ബ്രഹ്മചര്യം സര്‍ക്കാര്‍ കാത്തു സൂക്ഷിച്ചു; പെണ്ണിനെ കൂട്ടി തൊടീച്ചിട്ടില്ല-പി ഗീത എഴുതുന്നു

മലയാള സാഹിത്യത്തില്‍ എത്രയോ സീനിയര്‍ ആയവര്‍ കവിതയെഴുതുന്നവര്‍ സ്ത്രീകളുടെ കൂട്ടത്തില്‍ ഉണ്ട്. അവരുടെയൊന്നും കവിതകള്‍ ഒരിക്കലും മോശമല്ല. ഇപ്പോള്‍ അവാര്‍ഡ് കിട്ടയവരും മോശക്കാരല്ല. മികച്ച നോവലുകളെഴുതുന്നവരിലും നിരൂപണം എഴുതുന്നവരിലും ചെറുകഥ എഴുതുന്നവരിലും സ്ത്രീകളുണ്ട്. ഒരു വശത്ത് സ്ത്രീ സമത്വത്തിലും സ്വാതന്ത്ര്യത്തിലും ഊന്നിയുള്ള നവോത്ഥാനത്തെ കുറിച്ച് പറയുമ്പോഴും എങ്ങനെയാണ് അംഗീകാരത്തിന്റെ അവസ്ഥകളില്‍ നിന്നും സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നത് എന്നാണ് എന്റെ ചോദ്യം. വനിതാ മതിലൂടെയും മറ്റും ചരിത്രത്തെ ബ്രേക്ക് ചെയ്യുന്നുവെന്ന് പറയുമ്പോഴും ഈ അവാര്‍ഡ് നിര്‍ണയത്തിലൂടെ അതിന് സാധിച്ചിട്ടില്ല. അതിലെ രാഷ്ട്രീയം മാത്രമാണ് ഞാന്‍ നോക്കുന്നത്. വ്യക്തിപരമായിട്ടുള്ള അര്‍ഹതയുടെയോ അനര്‍ഹതയുടെയോ വിഷയം ഇവിടെയില്ല. അതൊരു സംവരണത്തിന്റെ സംഗതിയുമല്ല.

വനിതാ മതിലോ നവോത്ഥാനമോ എന്തൊക്കെയാണെങ്കിലും ഈ പറയുന്ന തരത്തില്‍ സ്ത്രീകള്‍ക്ക് മുന്നേറ്റമെന്നത് ഒന്നും തന്നെ സംഭവിക്കുന്നില്ല. സ്ത്രീകളുടെ ഫെമിനിസ്റ്റ് രാഷ്ട്രീയം ഉന്നയിക്കുന്ന കൃതികളെയും വ്യക്തികളെയും ഇത്തരത്തിലുള്ള മുഖ്യധാര മാറ്റിനിര്‍ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ക്ക് എവിടെയാണ് അവസരമെന്ന് രാഷ്ട്രീയക്കാര്‍ ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് സാഹിത്യലോകത്തു നിന്നും ഉയരുന്നത്. സ്ത്രീകളും തുല്യ പദവിയിലുള്ളവരാണെന്നതും അതുകൂടിയാണ് ഈ സാഹിത്യത്തെ മുന്നോട്ട് നയിച്ചതെന്നതും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇപ്പോഴും പഴയതരത്തിലുള്ള ട്രാക്കിലാണ് ഇത് വീണുകിടക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.

ചുരുക്കത്തില്‍ നമ്മള്‍ പറയുന്ന അത്രയൊന്നും സ്ത്രീ സൗഹാര്‍ദപരമായിട്ടില്ല കേരള സമൂഹം. സുപ്രിംകോടതി വിധി വന്ന അവസരത്തില്‍ തന്നെ കേരളത്തിന്റെ മനസ് എത്രമാത്രം പാട്രിയാര്‍ക്കല്‍ ആണെന്ന് ബോധ്യപ്പെട്ടതാണ്. അതൊരു വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഒന്നും വിഷയമായിരുന്നില്ല. അവരുടെ ശരീരത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെ അവമതിക്കുകയും തടയുകയും ചെയ്യാനുള്ള ഒരു ശ്രമം മാത്രമായിരുന്നു അത്. അതിനപ്പുറത്തേക്ക് അതില്‍ ഒന്നുമില്ല.

സംഘപരിവാര്‍ എന്നുപറയുന്ന ഏതെങ്കിലുമൊരു സംഘടിത ശക്തിയാണ് അത് ചെയ്തത് എന്നെനിക്ക് തോന്നിയിട്ടില്ല. ഒരുപക്ഷെ അതിന് നേതൃത്വം കൊടുക്കാന്‍ ബിജെപിയ്‌ക്കോ ആര്‍എസ്എസിനോ മറ്റ് ഹിന്ദുത്വ ശക്തികള്‍ക്കോ സാധിച്ചിട്ടുണ്ടാകാം. പക്ഷെ അതൊരു മനോഭാവമാണ്. വളരെ കൃത്യമായി പറഞ്ഞാല്‍ മതാത്മകമായ പാട്രിയാര്‍ക്കി കേരളത്തിന്റെ പൊതുബോധത്തിന്റെ മനോഭാവമാണ്. അത് രാഷ്ട്രീയ രംഗത്തും സാംസ്‌കാരികരംഗത്തും മറ്റെല്ലാ രംഗത്തുമുണ്ട്. അതുപോലെ തന്നെയാണ് അത് സാഹിത്യരംഗത്തും നിലനില്‍ക്കുന്നത്.

അതിനെ ബ്രേക്ക് ചെയ്യാന്‍ ഈ സമൂഹത്തിന് സാധിച്ചിട്ടില്ല. പുരുഷന്മാര്‍ക്ക് വേണമെങ്കില്‍ സ്ത്രീകളെക്കുറിച്ച് സംസാരിക്കാം. അതാണ് ഫെമിനിസം. പുരുഷന്മാര്‍ നിര്‍ണയിക്കുന്നതാണ് ഇവിടുത്തെ ഫെമിനിസം. സ്ത്രീയുടെ ശരീരമെന്താണെന്നതും സ്ത്രീയുടെ ആത്മാവെന്താണെന്നതും സ്ത്രീയുടെ മനസ് എന്താണെന്നതും നിര്‍ണയിക്കാന്‍ അതിന്റെ ആധികാരികത ഇപ്പോഴും പുരുഷന്റെ കയ്യില്‍ തന്നെ ഭദ്രമായിരിക്കണമെന്നുള്ളതാണ് സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള കേരളീയ അബോധം ഇവിടെ വിചാരിച്ചുവച്ചിരിക്കുന്നത്. ഇത് ബോധ്യപ്പെടുത്തുന്ന ഒരു അവാര്‍ഡ് നിര്‍ണയമാണ് ഇപ്പോളുണ്ടായത് എന്നാണ് എന്റെ അഭിപ്രായം.

സമഗ്ര സംഭവാനയ്ക്കുള്ള ഒരു അവാര്‍ഡും വിവര്‍ത്തനത്തിനുള്ള അവാര്‍ഡും സ്ത്രീകള്‍ക്ക് നല്‍കിയതിനെ ഓട്ടയടയ്ക്കലായി മാത്രമാണ് കാണാനാകൂ. എന്നിരുന്നാലും മുഖ്യധാര അവാര്‍ഡ് നിര്‍ണയത്തില്‍ പുരുഷനെ കേന്ദ്രീകരിച്ചുള്ള അവാര്‍ഡ് നിര്‍ണയം തന്നെയാണ് നടന്നിട്ടുള്ളത്. അതേസമയം അവാര്‍ഡ് ലഭിച്ചവരുടെ അര്‍ഹതയോ അനര്‍ഹതയോ കിട്ടാത്തവരുടെ അര്‍ഹതയോ അനര്‍ഹതയോ അല്ല ഇവിടെ സൂചിപ്പിക്കുന്നതെന്ന് ഞാന്‍ പ്രത്യേകിച്ച് എടുത്തുപറയുകയാണ്. അതുപോലെ ഇത് ഇടതുപക്ഷത്തിനെതിരോ അല്ലെങ്കില്‍ സര്‍ക്കാരിനെതിരോ ആയ വാദവുമല്ല. തിരുത്തപ്പെടേണ്ടുന്ന ഒരു സാമൂഹിക അവസ്ഥയുടെ രാഷ്ട്രീയമാണ് ഇവിടെ ഉന്നയിക്കുന്നത്.

ഇത്തവണ അവാര്‍ഡിന് അര്‍ഹനായ വീരാന്‍കുട്ടി നല്ല കവിയാണ്. എന്നാല്‍ വി എം ഗിരിജയുടെ കവിതകളും ഒരിക്കലും അതിനേക്കാള്‍ മോശമല്ല. ചെറുകഥയുടെ മണ്ഡലത്തിലാണെങ്കിലും നോവലിന്റെ മണ്ഡലത്തിലാണെങ്കിലും വിമര്‍ശനത്തിന്റെ മണ്ഡലത്തിലാണെങ്കിലും നാടകത്തിന്റെ മണ്ഡലത്തിലാണെങ്കിലുമൊക്കെ സെന്‍സിബിലിറ്റി ബ്രേക്ക് ചെയ്തിട്ടുള്ള എത്രയോ സ്ത്രീകളുണ്ട്. ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ട് മൂന്ന് കൊല്ലമോ നാല് കൊല്ലമോ ആകുന്നത് വരെ പല കാരണങ്ങള്‍ പറഞ്ഞ് തട്ടിമുട്ടിപോകും. അതിന് ശേഷം ഇക്കൊല്ലം അവര്‍ക്ക് പുസ്തകമില്ലെന്ന് പറയും. പിന്നെ ആണധികാര സമൂഹം ചെയ്യുന്ന മറ്റൊരു കാര്യം എന്‍ഡോവ്‌മെന്റ് അവാര്‍ഡ് കിട്ടിയവരുടെ ലിസ്റ്റ് വച്ചിട്ട് അവാര്‍ഡ് കിട്ടിയെന്ന് രേഖപ്പെടുത്തും. ഒരിക്കല്‍ അവാര്‍ഡ് കിട്ടിയയാളെ വീണ്ടും പരിഗണിക്കേണ്ടതില്ല. സാഹിത്യനിരൂപണങ്ങളുടെ കൂട്ടത്തിലേക്ക് സാമൂഹിക നിരൂപണം ഉള്‍പ്പെടുത്തും. വേറെ ഒരു ഗണത്തിലായതുകൊണ്ട് തന്നെ സ്വാഭാവികമായും അത് അവാര്‍ഡിന് പരിഗണിക്കപ്പെടില്ല. ഇങ്ങനെ പലതരത്തിലുള്ള കുതന്ത്രങ്ങളിലൂടെയാണ് ഇവര്‍ പലപ്പോഴും സ്ത്രീകളെ ഒഴിവാക്കിയെടുക്കുന്നത്. രാഷ്ട്രീയബന്ധങ്ങളില്ലാത്ത സ്ത്രീകള്‍ സാധാരണഗതിയില്‍ ഇതിന് പിന്നാലെ പോകാറില്ല. എന്നാല്‍ പുരുഷന്മാര്‍ നിരവധി പേര്‍ ഇതിന് പിന്നാലെ പോകുന്നുമുണ്ട്. അനര്‍ഹര്‍ക്ക് മുഴുവന്‍ അവാര്‍ഡ് കൊടുത്തതിന് ശേഷം അവാര്‍ഡ് ലഭിച്ച എത്രയോ അര്‍ഹര്‍ ഇവിടെയുണ്ട്. അത്തരത്തിലുള്ള പലരും അവാര്‍ഡ് നിഷേധിച്ച പാരമ്പര്യവും ഇവിടെയുണ്ട്.

രാജലക്ഷ്മിയോടൊക്കെ ചെയ്തത് പ്രസിദ്ധമാണ്. ആണധികാര സമൂഹം ഗോസിപ്പ് ചെയ്താണ് രാജലക്ഷ്മിയെ ഒഴിവാക്കി നിര്‍ത്തിയത്. പിന്നീട് അവര്‍ക്ക് അവാര്‍ഡ് കൊടുത്തെങ്കിലും അവരോട് ചെയ്ത അതേ സംഗതി തന്നെയാണ് എഴുതിവരുന്ന സ്ത്രീകള്‍ക്കെതിരെ ഇവര്‍ ചെയ്യുന്നത്. കെ സരസ്വതിയമ്മയെ പോലുള്ളവരെ എങ്ങനെയാണ് ഇവര്‍ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്ന് പരിശോധിച്ചാല്‍ ഇത് മനസിലാകും. അവരുടെ കൃതികള്‍ക്കൊന്നും രണ്ടാമത്തെ പ്രിന്റ് കൊടുക്കാതെ അവര്‍ക്ക് മാര്‍ക്കറ്റില്ലെന്നും അവരുടെ പുസ്തകങ്ങള്‍ ആളുകള്‍ വായിക്കുന്നില്ലെന്നും ഒക്കെ വരുത്തിതീര്‍ത്തിട്ടുണ്ട്. അവാര്‍ഡ് മോഹികളായ പുരുഷന്മാരെ ലോബി ചെയ്തിട്ട് സ്ത്രീകളെ പൊതുമണ്ഡലത്തില്‍ നിന്നും ഒഴിവാക്കുന്ന വലിയൊരു പ്രവണത രാഷ്ട്രീയത്തിലെന്നത് പോലെ ഒരുപക്ഷെ അതിനേക്കാള്‍ അധികം സാഹിത്യരംഗത്തും വികസിച്ചിട്ടുണ്ട്. ഇത് ഞാന്‍ വ്യക്തിപരമായും അനുഭവിച്ചിട്ടുണ്ട്. അതിനവര്‍ സദാചാരപരമായി ആക്രമിക്കും, കുടുംബത്തെ മുഴുവന്‍ ആക്രമിക്കും. ഏറ്റവുമൊടുവില്‍ ഇവര്‍ പറയുന്നത് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചേര്‍ച്ചയില്ലെന്നായിരിക്കും. ഇത്തവണ അവാര്‍ഡ് നേടിയവരുടെ ലിസ്റ്റില്‍ എന്റെ ഭര്‍ത്താവും ഉണ്ടെന്നത് കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഇവര്‍ നമ്മുടെ കിടപ്പുമുറിയിലേക്കും വീട്ടിലേക്കും ഒളിഞ്ഞുനോക്കിക്കൊണ്ടേയിരിക്കുകയാണെന്ന് തോന്നും. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് എല്ലാവരുടെയുമിടയില്‍ ഇവര്‍ പ്രചരിപ്പിക്കും. പല സ്ഥലങ്ങളില്‍ പല ടീമുകളായിരിക്കും ഇത് ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ചെയ്യുന്നത് ഒരേ പി ആര്‍ വര്‍ക്ക് ആയിരിക്കും.

അവാര്‍ഡ് നിര്‍ണയത്തില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടതിനെ കുറിച്ച് ഞാന്‍ ഇന്നലെ തന്നെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. 'കണ്ടില്ലേ.. 'സര്‍ക്കാര്‍ അവാര്‍ഡ് നൈഷ്ഠിക ബ്രഹ്മചര്യം കാത്തു സൂക്ഷിച്ചത്.. പെണ്ണിനെ കൂട്ടി തൊടീച്ചിട്ടില്ല' എന്നായിരുന്നു ആ പോസ്റ്റ്. എന്നാല്‍ അതിന് മറുപടിയായി വ്യക്തിപരമായ ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന് ചിലരുടെ മറുപടി എനിക്ക് അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ് വിമര്‍ശിക്കുന്നതെന്നും ഫേസ്ബുക്കില്‍ നോക്കിയിരിക്കുന്നവര്‍ക്കല്ല അവാര്‍ഡ് എന്നുമൊക്കെയായിരുന്നു. അങ്ങനെ ഫേസ്ബുക്കില്‍ നോക്കിയിരിക്കുന്ന ഒരാളാണ് ഞാനെന്ന് തോന്നുന്നില്ല. ഞാനിവരുടെ ആരുടെയും പോസ്റ്റുകള്‍ കാണാറില്ല, ഇവരെങ്ങനെയാണ് എന്റെ പോസ്റ്റ് കണ്ടത്? എംഎന്‍ ഗിരി കൊച്ചി എന്നൊരാള്‍ കമന്റ് ചെയ്തത് 'എഴുത്തുകാര്‍ക്കും സംവരണം വേണം എന്നാവശ്യപ്പെട്ട് ഒരു നിരാഹാര സമരം നടത്താം' എന്നാണ്. കൊച്ചിയില്‍ നടന്ന കന്യാസ്ത്രി സമരത്തില്‍ നിരാഹാരം കിടന്നതിനെയാണ് ഇയാള്‍ പരിഹസിക്കുന്നത്. ഈ പോസ്റ്റിനെ വ്യക്തിപരമായി ചിത്രീകരിച്ച് ഇതിന്റെ രാഷ്ട്രീയത്തെ ചുരുക്കി കാണിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തിലൊരു രാഷ്ട്രീയം ഉന്നയിക്കുമ്പോള്‍ ഇവിടെ പതിവായി കാണുന്ന ഒരു കാര്യമാണിത്. ആണുങ്ങളുടെ ഒരു കൂട്ടം വന്ന് ആക്രമിക്കും. അവരുടെ ഏജന്റുമാരായ ചില സ്ത്രീകളും രംഗത്തെത്തും. അവര്‍ ഇവിടുത്തെ നാമജപക്കാരികളെ പോലെയാണെന്ന് മാത്രമാണ് പറയാനുള്ളത്.


Next Story

Related Stories