TopTop

ഓഖി: മത്തി, അയല കൂടും; അടിത്തട്ട് മത്സ്യങ്ങളെ ബാധിക്കും; കടല്‍ പൂര്‍വസ്ഥിതിയിലാവുമെന്നും വാദം

ഓഖി: മത്തി, അയല കൂടും; അടിത്തട്ട് മത്സ്യങ്ങളെ ബാധിക്കും; കടല്‍ പൂര്‍വസ്ഥിതിയിലാവുമെന്നും വാദം
'ഓഖി'ചുഴലിക്കാറ്റ് ആഞ്ഞുവീശിയിട്ട് 12 ദിവസം കഴിഞ്ഞു. കാറ്റിലും വലിയ തിരമാലയിലും കടലില്‍ പെട്ടുപോയവരുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി തുടരുകയാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം കരയിലുള്ളവര്‍ക്ക് മാത്രം പോര, വലിയ തിരമാലയില്‍ ഇളകിമറിഞ്ഞ കടലിനും വേണമെന്ന വാദം ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നു. ഓഖിക്ക് മുമ്പുണ്ടായിരുന്ന ജൈവ സമ്പുഷ്ടമായ കടലിന്റെ അടിത്തട്ട് പാടേ ഇല്ലാതായന്നെ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ പക്ഷം പരിസ്ഥിതി സ്‌നേഹികള്‍ അത്തരം ആശങ്കകള്‍ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. കടല്‍ പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്; എന്നാല്‍ കടലില്‍ സംഭവിച്ചത് സാധാരണ മണ്‍സൂണ്‍ കാലത്ത് സംഭവിക്കുന്നത് മാത്രമാണെന്നാണ് മറ്റ് ചിലരുടെ വാദം.

കോവളത്തെ അണ്ടര്‍ വാട്ടര്‍ അഡ്വഞ്ചറസ് ഗ്രൂപ്പായ ബോണ്ട് ഏഷ്യന്‍ സഫാരി പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഓഖിക്കു ശേഷമുള്ള തിരുവനന്തപുരം മേഖലയിലെ കടലിനെ ജനങ്ങള്‍ അറിഞ്ഞത്. കടലിന്റെ അടിത്തട്ടില്‍ ഭീമമായ പരിസ്ഥിതി നാശം സംഭവിച്ചത് തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് ഇവര്‍ പകര്‍ത്തിയത്. നഷ്ടപ്പെട്ട ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്താന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കടലില്‍ ഉണ്ടായിരിക്കുന്ന മാറ്റം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ആ മേഖലയിലുളളവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഇതിന് മറുവാദവുമായി മറ്റ് ചില പരിസ്ഥിതി വിദഗ്ദ്ധരും രംഗത്തുണ്ട്. പരിസ്ഥിതി നാശമെന്ന് ഇതിനെ കണക്കാക്കാനാവില്ലെന്നും മണ്‍സൂണ്‍ ആവര്‍ത്തിക്കപ്പെട്ട സാഹചര്യം മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നാണ് ഇവരുടെ പക്ഷം. കടലിന്റെ അടിത്തട്ടില്‍ ഇളക്കം സംഭവിച്ചിട്ടുണ്ടെന്നും അത് സ്വാഭാവിക പ്രകൃതിയിലേക്ക് മടങ്ങിവരാന്‍ സമയമെടുക്കുമെന്ന് പറയുമ്പോഴും മത്സ്യസമ്പത്തിലോ, ജൈവവൈവിധ്യത്തിനോ അത് പരിക്കേല്‍പ്പിക്കില്ലെന്ന അഭിപ്രായമാണ് സമുദ്ര ഗവേഷകനും ശാസ്ത്രജ്ഞനുമായ കെ.ജി പത്മകുമാര്‍ പങ്കുവക്കുന്നത്. "അടിത്തട്ടിലെ ഇളക്കവും കടലിന്റെ കലങ്ങിമറിയലും പ്രധാനമായും ബാധിക്കുക കടലിലെ ഭക്ഷ്യശൃംഖലയെയാണ്. സൂക്ഷ്മസസ്യങ്ങളെയും മറ്റും ആശ്രയിച്ച് കഴിയുന്ന മത്സ്യവ്യൂഹങ്ങളുണ്ട്. അവയ്ക്കുണ്ടാകുന്ന ഭക്ഷ്യക്ഷാമം അവയുടെ പ്രത്യുല്‍പ്പാദനത്തെ ബാധിക്കും. എന്നാല്‍ വേനല്‍ക്കാലം കൂടി വരുന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ കടലില്‍ സൂക്ഷ്മസസ്യങ്ങള്‍ പെരുകാനിടയുണ്ട്. സൂക്ഷ്മ സസ്യങ്ങള്‍ കൂടുന്നത് ചില മത്സ്യങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. മണ്‍സൂണില്‍ ഉണ്ടായിരിക്കുന്നതാണ് ഇപ്പോള്‍ നവംബര്‍ മാസത്തിലുണ്ടായിരിക്കുന്നത്. അത് മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ വര്‍ധനവിന് കാരണമാവും. അത് ഉടനെ സംഭവിക്കുന്ന കാര്യമല്ല. രണ്ട് മാസങ്ങള്‍ക്ക് ശേഷം അങ്ങനെയൊരു അവസ്ഥയുണ്ടായി വരും. മണ്‍സൂണ്‍ കാലത്ത് അപ്‌വെല്ലിങ് സംഭവിച്ച് അടിത്തിട്ടളകി മുകളിലേക്ക് വരുന്നതുകൊണ്ടാണ് വെള്ളത്തില്‍ മൂലകങ്ങളും പോഷകങ്ങളും വര്‍ധിക്കുന്നത്. മൂലകങ്ങള്‍ വര്‍ധിച്ചാല്‍ ഉടന്‍ സൂക്ഷ്മസസ്യങ്ങളും പെരുകും. സൂക്ഷ്മസസ്യങ്ങള്‍ മത്സ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പക്ഷെ അടിത്തട്ടിലുള്ള മത്സ്യങ്ങള്‍ക്ക് ഭക്ഷണത്തിന് പ്രയാസമുണ്ടാവും. വളരെപ്പെട്ടെന്നുള്ള ഫലം നോക്കിയാല്‍ മത്സ്യസമ്പത്ത് കുറയും, പക്ഷെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപരിതല മത്സ്യങ്ങള്‍ കൂടുകയും ചെയ്യും.

http://www.azhimukham.com/newswrap-ockhi-affects-coastal-ecosystem/

അടിത്തട്ട് ഇളകിയത് വഴി വലിയ നാശം സംഭവിക്കുന്നത് ചെമ്മീന്‍, കണവ, കക്ക തുടങ്ങിയ ജീവികള്‍ക്കാണ്. ഇവയെല്ലാം അടിത്തട്ടില്‍ ജീവിക്കുന്നവയാണ്. പക്ഷെ കേരളത്തെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. കേരളത്തില്‍ അടിത്തട്ട് മുഴുവന്‍ മറിച്ചുകൊണ്ടുള്ള മത്സ്യബന്ധന രീതിയാണ് നിലവിലുള്ളത്. കേരളത്തിന്റെ തീരക്കടലും മറ്റ് ഭാഗങ്ങളെപ്പോലെ ജൈവസമൃദ്ധമാണ്. ട്രോളിങ് നിരോധനമില്ലാത്ത സമയങ്ങളില്‍ 4,500 ബോട്ടുകള്‍ അടിത്തട്ട് വരെ ഇളക്കിമറിക്കുന്ന സമ്പ്രദായമാണ് കേരളത്തില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ തീരക്കടലിന് ഇത് പുത്തരിയല്ല. അടിത്തട്ടിലുള്ള മത്സ്യങ്ങളേയും സര്‍വ ജീവജാലങ്ങളേയും കൊന്നൊടുക്കുന്ന രീതിയാണ് ട്രോളിങ്. ട്രോളിങ്ങിന് സമാനമായ ഇളക്കിമറിക്കലാണ് ഇപ്പോള്‍ ഓഖിയിലൂടെ നടിട്ടുള്ളത്. അല്‍പ്പം സമയമെടുത്തായാലും കടല്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലാവും. പക്ഷേ ഇതിന്റെ ഉടനെയുള്ള ഫലം കണക്കിലെടുത്താല്‍ അടിത്തട്ടിലെ മത്സ്യങ്ങളുടെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാവും.

ചെമ്മീന്‍, കണവ എന്നിവക്ക് പുറമെ പവിഴപ്പുറ്റുകളില്‍ വളരുന്ന കണവ, കിളിമീന്‍ തുടങ്ങിയ നിറമുള്ള മത്സ്യങ്ങളുടെ ഉത്പാദനവും കുറയും. പിന്നെ, ഒരുപാട് ജീവജാലങ്ങള്‍ കൂട്ടമായി നശിക്കുമ്പോള്‍ അടിത്തട്ടിലെ പ്രാണവായുവില്‍ കുറവ് വരും. ചത്തുപോവുന്ന ജീവികള്‍ അടിത്തട്ടില്‍ തന്നെ കിടക്കുന്നത് ഓക്‌സിജന്റെ അളവ് കുറച്ചേക്കാം. പക്ഷെ അതും ചത്ത ജീവികളെ ഭക്ഷിക്കുന്ന മത്സ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. കടല്‍ വരാല്‍ പോലുള്ളവ ആ ഗണത്തില്‍ പെട്ടതാണ്. എന്നാല്‍ കണവ വലിയ രീതിയില്‍ ഉത്പാദനം നടക്കുന്ന സമയമായതിനാല്‍ അവയുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് കടല്‍ വളരെ വേഗം പൂര്‍വസ്ഥിതിയിലാവുകയും അതിനേക്കാള്‍ തീരമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഈ ഇളക്കിമറിക്കല്‍ ഗുണം ചെയ്യുകയും ചെയ്യും. എന്നാല്‍, അപകടം വരാനുള്ള ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. സൂക്ഷ്മജീവികള്‍ പെരുകുമ്പോള്‍ ചിലപ്പോള്‍ വിഷമുത്പ്പാദിപ്പിക്കുന്ന സൂക്ഷ്മജീവികളും പെരുകാനിടയുണ്ട്. ഒരുകാലത്ത് കടലിന് ചുവന്ന നിറം വന്ന് മത്സ്യങ്ങള്‍ ചത്തുപോവുന്ന പ്രതിഭാസം ദൃശ്യമായിരുന്നു. അത് ഇത്തരം വിഷമുത്പ്പാദിപ്പിക്കുന്ന സൂക്ഷ്മജീവികള്‍ പെരുകിയതിനാലാണ്. കടല്‍ക്കറ എന്നാണ് അതിന് പറയുന്നത്. ഇനി നമ്മള്‍ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടത് ഈ കടല്‍ക്കറയുണ്ടാവുന്നുണ്ടോയെന്നാണ്. കക്ക, പവിഴപ്പുറ്റ്, കല്ലുമ്മക്കായ എന്നിവയ്ക്ക് വലിയരീതിയില്‍ നാശം സംഭവിച്ചിരിക്കാനിടയുണ്ട്"- അദ്ദേഹം പറയുന്നു.

അതേസമയം, കടലിന്റെ അടിത്തട്ടിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ സമീകരിച്ച് സന്തുലനാവസ്ഥ കൈവരിക്കാനുളള പ്രകൃത്യായുളള ശേഷി കടലിനുണ്ടെന്നതാണ് സമുദ്രശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

Next Story

Related Stories