TopTop
Begin typing your search above and press return to search.

ഇത്രവേഗം ചൊറിപ്പെടുന്നതോ നിങ്ങളുടെ വിശ്വാസം? ജാമ്യമില്ല അസഹിഷ്ണുതയുടെ ഈ മതബോധത്തിന്

ഇത്രവേഗം ചൊറിപ്പെടുന്നതോ നിങ്ങളുടെ വിശ്വാസം? ജാമ്യമില്ല അസഹിഷ്ണുതയുടെ ഈ മതബോധത്തിന്
പ്രവാചകനെയും ഡിങ്കനെയും താരതമ്യം ചെയ്തതിന്റെ പേരില്‍ സ്വതന്ത്ര ചിന്തകനെതിരെ സമൂഹമാധ്യമത്തില്‍ കൊലവിളി തുടരുകയാണ്. ആലപ്പുഴ സ്വദേശി കെ ടി നിഷാന്തിനെതിനെ വധിക്കണമെന്നും കൈകള്‍ വെട്ടിമാറ്റണമെന്നുമൊക്കെയാണ് ആഹ്വാനങ്ങള്‍. ഇതിനിടെ മതവികാരം വൃണപ്പെടുത്തിയെന്ന എസ്ഡിപിഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുക്കുകയും ചെയ്തു. പ്രവാചകനെ ഡിങ്കനോട് ഉപമിച്ച് നിന്ദിച്ചെന്നും റംസാന്‍ മാസത്തെ അപമാനിച്ചെന്നും ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മണ്ണഞ്ചേരിയില്‍ പ്രകടനം നടത്തുകയും ചെയ്തു. നിഷാന്തിനെ അപായപ്പെടുത്താനുള്ള ആഹ്വാനങ്ങളും വരുന്നുണ്ട്.

പോലീസില്‍ പരാതി കൊടുക്കേണ്ടിയിരുന്നില്ലെന്നും നിഷാന്തിന്റെ വലതുകൈ എടുത്തേക്കെന്നും പിന്നൊരിക്കലും ഫേസ്ബുക്കില്‍ എഴുതില്ലെന്നുമാണ് ഈ ആഹ്വാനം. റംസാനെ ഡിംസാനെന്ന് വിശേഷിപ്പിച്ചും പ്രവാചകനെ ഡിങ്കനോട് ഉപമിച്ചുമായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്. എലിപ്പെട്ടിക്കുള്ളില്‍ പെട്ടുപോയ ഡിങ്ക ഭഗവാന്‍ ഒരുമാസക്കാലം ഒരു തേങ്ങാക്കൊത്ത് മാത്രം തിന്നുകൊണ്ട് ജീവിച്ച മാസമാണ് പരിശുദ്ധ ഡിംസാന്‍ മാസമെന്നാണ് നിഷാന്ത് ഈ പോസ്റ്റില്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെന്നതിനാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

മുമ്പ് തൃശൂര്‍ പൂരത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ആര്‍എംപി യുവജന സംഘടന നേതാവിനെതിരെയും കേസെടുത്തിരുന്നു. സംസ്ഥാന തല നേതാവായ എന്‍ എ സഫീറിനെതിരെയാണ് മതവികാരം വൃണപ്പെടുത്തിയതിന് കേസെടുത്തത്. ഡിവൈഎഫ്‌ഐ തളിക്കുളം മേഖലാ കമ്മിറ്റി, ബിജെപി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടന്‍, വിശ്വഹിന്ദു പരിഷത് തളിക്കുളം ഖണ്ഠ് ജനറല്‍ സെക്രട്ടറി പ്രജീഷ് പടിയത്ത് തുടങ്ങിയവരാണ് സഫീറിനെതിരെ വാടനാപ്പിള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

http://www.azhimukham.com/trending-comparing-nabi-with-dinkan-freethinker-got-threats-in-social-media/

പൂരത്തിന്റെ ഐതിഹ്യം എന്ന തരത്തില്‍ ഏപ്രില്‍ 25ന് സഫീര്‍ തന്റെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് വിവാദമായത്. വടക്കുംനാഥനെയും കാണാനെത്തുന്ന ദേവിമാരേയും ബന്ധപ്പെടുത്തി വെടിക്കെട്ടിനെ കുറിച്ചും കുടമാറ്റത്തെ കുറിച്ചും നടത്തിയ പരാമര്‍ശങ്ങളാണ് പലരേയും പ്രകോപിതരാക്കിയത്. ഒരു സൗഹൃദ സദസില്‍ നിന്ന് കേട്ട കഥ താന്‍ തമാശരൂപേണ പങ്കുവെച്ചതാണെന്നും, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി സഫീര്‍ പിന്നീട് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും സോഷ്യല്‍ മീഡിയയിലും സംഘപരിവാര്‍ ഗ്രൂപ്പുകളിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുകയും തൃശ്ശൂര്‍ പൂരത്തെ അപമാനിച്ചു എന്ന ആരോപണം ശക്തമാകുകയും ചെയ്തു. ഏതായാലും നിഷാന്തിനും സഫീറിനുമെതിരെ ജാമ്യമില്ലാത്ത 153(A) വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

http://www.azhimukham.com/offbeat-complaint-against-rmp-leader-for-defaming-thrisurpooram-reports-hasna/

അതേസമയം അഴിമുഖം ലേഖക ഹസ്‌ന ഷാഹിതയ്ക്ക് നേരിടേണ്ടി വന്നത് മറ്റൊരു അനുഭവമാണ്. ഏപ്രില്‍ 25ന് തന്റെ ഫേസ്ബുക്ക് പേജില്‍ തൃശൂര്‍ പൂരത്തെക്കുറിച്ച് എഴുതിയ കുറിപ്പിന് ഹസ്‌ന നേരിടേണ്ടി വന്നത് അസഭ്യവര്‍ഷമാണ്. അഴിമുഖത്തില്‍ 'ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരമാണ് തൃശൂര്‍ പൂരം; പൂരത്തിന്റെ പെണ്ണനുഭവം' എന്ന തലക്കെട്ടില്‍ ഈ കുറിപ്പ് അന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഹസ്‌നയെ അപായപ്പെടുത്താനുള്ള ആഹ്വാനങ്ങളായിരുന്നു സംഘപരിവാര്‍ അനുഭാവികളില്‍ നിന്നുമുണ്ടായത്. ഹസ്‌നയുടെ ഫേസ്ബുക്ക് പേജിലും അഴിമുഖത്തിലെ ലേഖനത്തിന് താഴെയുമായി ഇത് ദിവസങ്ങളോളം തുടര്‍ന്നു. തൃശൂര്‍ പൂരത്തിലെന്നല്ല, ഏതൊരു ആള്‍ക്കൂട്ടത്തിനു നടുവിലും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക സുരക്ഷിതത്വമില്ലായ്മയെയാണ് ഹസ്‌ന തുറന്നെഴുതിയത്. എന്നാല്‍ ഇത് തൃശൂര്‍ പൂരത്തെ വിമര്‍ശിച്ചാണെന്ന് ആരോപിച്ചാണ് ഹസ്‌നയ്‌ക്കെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടന്നത്.

സോഷ്യല്‍ മീഡിയ ഇത്രമാത്രം ജനപ്രിയമായതോടെയാണ് ഇത്തരത്തിലുള്ള അസഹിഷ്ണുതകളും തലപൊക്കി തുടങ്ങിയത്. ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും മാനിക്കാതെയാണ് പലരും ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ വിശ്വാസത്തെ മുറിവേല്‍പ്പിച്ചുവെന്ന് പറഞ്ഞാണ് പലരും പ്രതിരോധിക്കുന്നത്. പരസ്പരം സ്‌നേഹിക്കാനും വിശ്വസിക്കാനും പഠിപ്പിക്കുന്ന മതങ്ങളില്‍ നിന്നും ഇവര്‍ കണ്ടെത്തുന്ന അസഹിഷ്ണുതയാണ് ഇത്തരം പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. ആരുടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായത്തില്‍ മുറിവേല്‍ക്കാന്‍ മാത്രം ദുര്‍ബലമാണോ ഇവരുടെ മതവിശ്വാസം. ഇത്രമാത്രം ദുര്‍ബലമാണെങ്കില്‍ നിങ്ങളെന്തിനാണ് ഈ മതങ്ങളില്‍ വിശ്വസിക്കുന്നത്? മതത്തിന്റെ പേരില്‍ ആരംഭിക്കുന്ന തര്‍ക്കങ്ങളാണ് പിന്നീട് ഒരു നാടിനെ മുഴുവന്‍ എരിച്ചു കളയുന്ന വര്‍ഗ്ഗീയ കലാപങ്ങളായി പരിണമിക്കുന്നതെന്ന് ആരും മറക്കാതിരുന്നാല്‍ നല്ലത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ... നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/trending-thrissur-pooram-is-the-mob-of-sexual-harassment-by-hasna-shahitha/

Next Story

Related Stories