TopTop
Begin typing your search above and press return to search.

ഇരയല്ല, താനൊരു പോരാളിയെന്ന് സരിത

ഇരയല്ല, താനൊരു പോരാളിയെന്ന് സരിത

തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്ത്രീ സംഘടനകളും തന്നെ സഹായിക്കാനുണ്ടായിരുന്നില്ലെന്നും സോളാര്‍ തട്ടിപ്പ് കേസ് വിവാദ നായിക സരിത എസ് നായര്‍. ദ വീക്കിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സോളാര്‍ റിപ്പോര്‍ട്ട് വച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സരിതയുടെ മറുപടി. അതിനാല്‍ തന്നെ ഈ റിപ്പോര്‍ട്ടുകൊണ്ട് ആര്‍ക്ക് എന്ത് നേട്ടമുണ്ടാകുന്നുവെന്നതും ആര്‍ക്ക് നഷ്ടമുണ്ടാകുന്നുവെന്നതും തന്നെ ബാധിക്കുന്നില്ലെന്നും സരിത വ്യക്തമാക്കുന്നു.

കാര്യസാധ്യത്തിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള സ്ത്രീ എന്ന ഇമേജ് ഉള്ളതിനാല്‍ അല്ലേ ആരും സഹായിക്കാതിരുന്നത് എന്ന ചോദ്യത്തിനും അവര്‍ മറുപടി പറഞ്ഞു. 'ഞാന്‍ ഒരു വെളുത്ത സാരിയും ധരിച്ച് ചൂഷണം ചെയ്യപ്പെട്ടേയെന്ന് പരസ്യമായി കരഞ്ഞുകൊണ്ടിരുന്നെങ്കില്‍ എനിക്ക് പല സഹായങ്ങളും ലഭിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ കളര്‍ വസ്ത്രങ്ങള്‍ ധരിച്ച് ആളുകള്‍ എന്നോട് വളരെ നിസാരമായി ചെയ്ത ക്രൂരതകളെ ധൈര്യത്തോടെ നേരിടുകയാണ് ചെയ്തത്. അതാണ് ഞാന്‍. ഒരു ഇരായായി ചിത്രീകരിക്കപ്പെടുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ഒരു പോരാളിയെന്ന് അറിയപ്പെടാനാണ് എനിക്ക് ഇഷ്ടം.

താന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ സോളാര്‍ കമ്മിഷന് നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. താനിനി ഒരു മോശം സ്ത്രീയാണെങ്കില്‍ തന്നെ തന്റെ അനുവാദമില്ലാതെ സ്പര്‍ശിക്കാനും ആര്‍ക്കും അധികാരമില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭിവിച്ചിട്ടുണ്ടെന്നും അതില്‍ ഇപ്പോള്‍ ഖേദമുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. ഈ ലോകത്തില്‍ ആരാണ് തെറ്റുകള്‍ ചെയ്യാത്തത്. മികച്ച വിദ്യാര്‍ത്ഥിയായിരുന്നിട്ടും പഠനം തുടരാനാകാതെ പോയതില്‍ തനിക്ക് ദുഃഖമുണ്ട്. വളരെ നേരത്തെയുണ്ടായ വിവാഹമാണ് ജീവിതത്തിലെ രണ്ടാമത്തെ തെറ്റ്. തെറ്റായ ആളുകളെ വിശ്വാസിച്ചുവെന്നതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും അവര്‍ വ്യക്തമാക്കി.

ചിലര്‍ സരിതയെ കുറിയേടത്ത് താത്രിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. നമ്പൂതിരി സമുദായത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടാനാണ് താത്രിക്കുട്ടി തീരുമാനിച്ചത്. വളരെ ആലോചിച്ചായിരുന്നു അവരുടെ പ്രതിരോധം. എന്റേത് വേറെ നിവൃത്തിയില്ലാത്തതിനാല്‍ സംഭവിച്ചതാണ്. ഇപ്പോള്‍ എല്ലാ സ്ത്രീകളെയും പോലെ എന്റെ രണ്ട് മക്കളെക്കുറിച്ച് മാത്രമാണ് താന്‍ സ്വപ്‌നം കാണുന്നത്. അവര്‍ക്ക് മികച്ച ജീവിതം നല്‍കണം. പലരും വിശ്വസിക്കുന്നതുപോലെ താന്‍ ഒരു മോശം സ്ത്രീയല്ലെന്ന് ഇനിയുള്ള ജീവിതം കൊണ്ട് തെളിയിക്കണമെന്നും അവര്‍ പറഞ്ഞു.

സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടാലും നോ എന്ന് പറയാനുള്ള ധൈര്യം സ്ത്രീകള്‍ പ്രകടിപ്പിക്കണമെന്നാണ് എന്റെ ജീവിതത്തില്‍ നിന്നും മറ്റു സ്ത്രീകള്‍ക്കുള്ള ഉപദേശം. നോ എന്ന് പറയാനാകുന്നിടത്തും താന്‍ അതിന് തയ്യാറാകാതിരുന്നതിനാലാണ് തന്റെ ജീവിതം ഇങ്ങനെയായത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് നോ എന്ന് പറയാനുള്ള ധൈര്യമാണെന്ന് താന്‍ തന്റെ ജീവിതത്തില്‍ നിന്നും പഠിച്ചതെന്നും സരിത വ്യക്തമാക്കി.

ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലൂടെ തനിക്ക് നീതി ലഭിച്ചുവെന്നും ഒരു നീണ്ട പോരാട്ടത്തിലായിരുന്നു താനെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു. അതേസമയം ഇത്തരത്തിലൊരു റിപ്പോര്‍ട്ടല്ല കമ്മിഷന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ താന്‍ പ്രതീക്ഷിച്ചത്. മറ്റ് കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പോലെ വെറും അസംബന്ധം മാത്രമായിരിക്കും ഇതെന്നുമാണ് കരുതിയത്. എന്നാല്‍ തന്നെ അമ്പരിപ്പിച്ച റിപ്പോര്‍ട്ടാണ് കമ്മിഷന്‍ പുറത്തു വിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories