TopTop
Begin typing your search above and press return to search.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ മതേതരത്വവും, ജനാധിപത്യവും ഇല്ലാതാകും : ബാലചന്ദ്രൻ ചുള്ളിക്കാട്

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ മതേതരത്വവും, ജനാധിപത്യവും ഇല്ലാതാകും : ബാലചന്ദ്രൻ ചുള്ളിക്കാട്
മതേതരത്വം സംരക്ഷിക്കണമെന്നുള്ള ഇന്ത്യൻ ജനതയുടെ സ്വപ്‌നം അസ്തമിക്കാതിരിക്കാൻ വിദ്യാർഥികൾ ഒരിക്കലും അനുവദിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാൻ രാജ്യത്ത് നടക്കുന്ന പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹവും പങ്കാളികൾ ആകണമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. കേരളവർമ കോളേജിന്റെ സ്ഥാപിത ദിനാഘോഷവും സപ്തതിയാഘോഷങ്ങളുടെ സമാപന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അധികാരത്തിലിരിക്കുന്നവർ 2019ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ഭരണത്തിലേറിയാൽ ആദ്യം ഇല്ലാതാക്കുക മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമായിരിക്കും. വർഗീയതയുടെ രാഷ്ട്രീയം വിജയിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾ അഭയാർഥികളാവും. ഇന്ത്യയുടെ മതേതരത്വത്തെ തകർത്ത് മത രാഷ്ട്രമായി മാറ്റാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെതന്നെ ഔദാര്യം ഉപയോഗിച്ചാണ്. രാജ്യത്തെ വിവിധ മതസ്ഥർതമ്മിലുള്ള സമാധാനപരമായ സഹവർതിത്വം ഇതോടെ തകരും. അന്യ മതസ്ഥർക്ക് തുല്യ അവകാശം ഒരു മതരാഷ്ട്രത്തിലും ലഭിക്കില്ല. ഹിന്ദു, മുസ്ലിം വർഗീയതകൾ രണ്ടും നാടിന് ആപത്താണ്. വർഗീയത തുലയെട്ടെ എന്ന മുദ്രാവാക്യം എഴുതി മതേതര ജനാധിപത്യ സംസ്‌കാരം ഉയർത്തി പിടിച്ചതിനാണ് അഭിമന്യുവിനെ വർഗീയവാദികൾ കുത്തി വീഴ്ത്തിയത്.

മതത്തിനും പണത്തിനും മേധാവിത്വം നൽകിയിരുന്നവരായിരുന്നില്ല ആദ്യകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്ന മാനേജ്‌മെന്റുകൾ. അവർ മതപരിവർത്തനം നടത്തിയിരുന്നില്ല. ചാവറ കുര്യാക്കോസ് മിഷനറിയാണ് പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന ആശയം നടപ്പാക്കിയത്. തുടക്കത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം നൽകിയതും അവരായിരുന്നു. എന്നാൽ ഇന്ന് മതങ്ങളും സമുദായങ്ങളും കലാലയങ്ങളിൽ അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നു. മതം രാഷ്ട്രീയാധികാരം ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോൾ അധ്യാത്മിക സംഘടനകൾ രാഷ്ട്രീയ സംഘടനയായി മാറും. കലാലയത്തിൽ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർതിരിവും ഭിന്നിപ്പും സൃഷ്ടിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇത് ലോകത്തിന് തന്നെ മാതൃകയായ മതേതര സംസ്‌കാരത്തിന്റെ ഭീഷണിക്കും തകർച്ചക്കും ഇടയാക്കും.

കേരളത്തിൽ 150 വർഷം മുമ്പുവരെ മനുഷ്യരെ അടിമകളാക്കി കച്ചവടം നടത്തിയിരുന്നു. തിരുവിതാംകൂർ മഹാരാജാവാണ് അടിമ കച്ചവടം നിർത്തിലാക്കിയത്. പണവും ഭൂമിയും അധികാരവും ഇല്ലാത്തതുകൊണ്ടാണ് പട്ടിക ജാതിക്കാരെ അസ്പർശ്യരായി കണ്ടത്. മണ്ണിൽ പണിയെടുത്ത് ഭക്ഷ്യോൽപാദനമാണ് അവർ നടത്തിയത്. ജന്മിത്വം അവസാനിപ്പിച്ചത് പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തനം കൊണ്ടാണ്. വീണ്ടും പാളയിൽ കഞ്ഞി കുടിപ്പിക്കാനും തമ്പ്രാൻ എന്ന് വിളിപ്പിക്കാനുമുള്ള ശ്രമത്തെ തകർത്തത് പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രതിരോധം കൊണ്ടാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ കൃഷ്ണകുമാരി അധ്യക്ഷയായി.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സ്ഥാപിതദിനാഘോഷം ചടങ്ങ് മാത്രമായാണ‌് നടത്തിയത‌്. കലാപരിപാടികൾ പൂർണമായും ഒഴിവാക്കി. ഞായറാഴ്ച നടത്താനിരുന്ന സപ്തതിയാഘോഷ സമാപന പരിപാടികളും റദ്ദാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം കോളേജിലെ പൂർവ വിദ്യാർഥി സംഘടനയുടെ പ്രഥമ ജനറൽ ബോഡി യോഗം ഞായറാഴ്ച പകൽ ഒന്നിന‌് മാറ്റമില്ലാതെ നടക്കും.

കടപ്പാട് :ദേശാഭിമാനി

Next Story

Related Stories