TopTop
Begin typing your search above and press return to search.

അവര്‍ മാധ്യമങ്ങള്‍ക്കെതിരെ പാഞ്ഞടുക്കുകയാണ്; സംഘടിതമായും അക്രമാസക്തരായും

അവര്‍ മാധ്യമങ്ങള്‍ക്കെതിരെ പാഞ്ഞടുക്കുകയാണ്; സംഘടിതമായും അക്രമാസക്തരായും

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പുത്രന്‍ ജെയ് ഷായ്‌ക്കെതിരെ ദി വയര്‍ ഉയര്‍ത്തിയ അഴിമതി ആരോപണത്തെ കൈക്കരുത്തുകൊണ്ട് നേരിടാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം അപഹാസ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക രോഹിണി സിംഗിനും വയര്‍ ന്യൂസ് പോര്‍ട്ടലിനുമെതിരായി 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ജെയ് ഷാ നല്‍കിയിരിക്കുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ഈ നീക്കം മാധ്യമ ലോകത്തിന്റെ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല, സാമൂഹിക മാധ്യമങ്ങളില്‍ രോഹിണി സിംഗിനെ വ്യക്തിപരമായി ആക്രമിച്ച് ഭയപ്പെടുത്താന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സേന രംഗത്തിറങ്ങുന്ന അനിതരസാധാരണമായ കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. ഇതേ രോഹിണി സിംഗ് ഇക്കണോമിക് ടൈംസില്‍ ജോലി ചെയ്തിരുന്ന 2011ല്‍ അവര്‍ പുറത്തുകൊണ്ടുവന്ന റോബര്‍ട്ട് വധേര അഴിമതിക്കേസ് സമര്‍ത്ഥമായി ഉപയോഗിച്ച് അധികാരം പിടിച്ചടക്കിയവരാണ് ഇപ്പോള്‍ അവരുടെ മാധ്യമപ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നത് എന്ന വൈരുദ്ധ്യവും നിലനില്‍ക്കുന്നു.

ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്റെ മകനെ ന്യായീകരിച്ചുകൊണ്ടു കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത് രാജ്യത്തെ ഞെട്ടിച്ചു. കേന്ദ്ര റയില്‍വേ, കല്‍ക്കരി മന്ത്രി പീയുഷ് ഗോയലായിരുന്നു ഇവരില്‍ പ്രമുഖന്‍. തൊട്ടുപിറകെ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആരുടെയോ കൈയില്‍ നിന്നും പണം വാങ്ങിയാണ് വയര്‍ ഓണ്‍ലൈന്‍ ആരോപണവുമായി രംഗത്തെത്തിയതെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. കൂടാതെ ജെയ്ക്ക് വേണ്ടി ഹാജരാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ പുറത്തുവിടുന്നവരെ കൂട്ടമായി ആക്രമിക്കാനും ഭയപ്പെടുത്താനുമുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രസ്താവനകളൊക്കെ വിലയിരുത്തപ്പെടുന്നത്.

Also Read: ഇപിഡബ്ല്യു എഡിറ്റര്‍ തകൂര്‍ത്തയെ രാജിവപ്പിച്ചിട്ടും മതി വരാതെ സോഷ്യല്‍ മീഡിയ അധിക്ഷേപവുമായി അദാനി

എന്നാല്‍, മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അധികാരത്തിന്റെ ഗര്‍വ് ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങളെ നിലയ്ക്കു നിറുത്താന്‍ ശ്രമിക്കുന്നത് ഇതാദ്യമാല്ലെന്ന് കാരവന്‍ മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം ആളായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് നല്‍കിയ വക്കീല്‍ നോട്ടീസിന്റെ പേരില്‍ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എഡിറ്റര്‍ പരഞ്ചോയ് ഗുഹ തകുര്‍ന്ന ജൂലൈയില്‍ തല്‍സ്ഥാനം രാജിവെച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ അദാനിയുടെ സ്ഥാപനങ്ങള്‍ക്ക് ധനമന്ത്രാലയം 500 കോടി രൂപ അവിഹിതമായി തിരികെ നല്‍കിയെന്ന് ആരോപിച്ച് തകുര്‍ത്തയും മറ്റ് മൂന്നും പേരും ചേര്‍ന്ന് ജൂണില്‍ എഴുതിയ ലേഖനമാണ് വക്കീല്‍ നോട്ടീസിന് കാരണമായത്. ലേഖനം പിന്‍വലിക്കണമെന്ന വക്കീല്‍ നോട്ടീസിലെ ആവശ്യം അംഗീകരിക്കാന്‍ പ്രസിദ്ധീകരണത്തിന്റെ ഉടമകളായ സമീക്ഷ ട്രസ്റ്റ് തകുര്‍ത്തയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥാനം രാജിവെക്കുകയായിരുന്നു.

2017 മാര്‍ച്ചില്‍, ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന സാമ്പത്തിക സേവന കമ്പനിയുടെ ഉടമയും എന്‍ഡിഎ കേരള ഘടകം വൈസ് പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ദി വയര്‍.ഇന്‍ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങള്‍ക്കെതിരെ എതിര്‍കക്ഷിയുടെ അഭാവത്തില്‍ അനുകൂല വിധി സമ്പാദിക്കാന്‍ സാധിച്ചിരുന്നു. റിപബ്ലിക് ടിവിയിലുള്ള രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടും പണം മുടക്കുന്ന ആളുടെ രാഷ്ട്രീയ നിലപാടുകള്‍ ചാനലിന്റെ വാര്‍ത്തകളുടെ നിഷ്പക്ഷതയെ ബാധിക്കുമോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടും സന്ദീപ് ഭൂഷണ്‍ എഴുതിയതായിരുന്നു ആദ്യ ലേഖനം. ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിന് പ്രതിരോധ മേഖലയില്‍ നിക്ഷേപങ്ങള്‍ ഉള്ളതിനാല്‍ രാജ്യസഭയുടെ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ രാജീവ് ചന്ദ്രശേഖര്‍ അംഗമായി തുടരുന്നതിനെതിരെ സച്ചിന്‍ റാവു എഴുതിയ ലേഖനമായിരുന്നു രണ്ടാമത്തേത്. ഇതിനെതിരായി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ അപകീര്‍ത്തി കേസിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.

ഇന്ത്യയുടെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ അധികരിച്ച് നല്‍കിയ വാര്‍ത്തയുടെ പേരിലും വയറിനെതിരെ കേസ് വന്നിരുന്നു. മേഖാലയ ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്സെല്‍ ഗ്രൂപ്പിന്റെ രണ്ട് കമ്പനികള്‍ക്കെതിരെ 11,000 കോടിരൂപയുടെ തിരിമറി നടത്തി എന്ന സിഎജി പരാമര്‍ശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ദി വയര്‍.ഇന്‍ പ്രസിദ്ധീകരിച്ചത്. പത്രത്തിനെതിരെ എസ്സെല്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചെങ്കിലും ഗുഹാവതി ഹൈക്കോതി കേസ് സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് കമ്പനി അത് പിന്‍വലിക്കുകയായിുന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല ഇത്തരം പ്രതികരണങ്ങള്‍ നേരിടേണ്ടി വരുന്നത്. ഹരിദ്വാറിലെ ഒരു സാധാരണ യോഗ ഗുരുവില്‍ നിന്നും ഇന്ത്യയിലെ രണ്ടാമത്ത ഭക്ഷ്യ, ഔഷധ വിപണന ഗ്രൂപ്പായ പതഞ്ജലിയുടെ തലവനായുള്ള ബാബ രാംദേവിന്റെ വളര്‍ച്ച വിവരിക്കുന്ന പ്രിയങ്ക പഥക്-നരൈന്റെ ഗോഡ്മാന്‍ ടു ടൈക്കൂണ്‍: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിന്റെ വിതരണം താല്‍ക്കാലികമായി നിറുത്തിവെക്കാന്‍ ദല്‍ഹിയിലെ ഒരു ജില്ല കോടതി ഓഗസ്റ്റില്‍ ഉത്തരവിട്ടിരുന്നു.

മാധ്യമ പ്രവര്‍ത്തകനായ ജോസി ജോസഫിന്റെ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സിനെതിരെ ജറ്റ് എയര്‍വേസ് ഉടമ നരേഷ് ഗോയല്‍ ആയിരം കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നരേഷ് ഗോയലും അധോലോക നായകരായ ചോട്ട ഷക്കീലും ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള ബന്ധത്തെ കുറിച്ച ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ കെപി സിംഗും ജോയിന്റ് ഡയറക്ടര്‍ അന്‍ജാന്‍ ഘോഷും ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാമര്‍ശത്തിന് എതിരെയാണ് നരേഷ് ഗോയല്‍ കേസ് നല്‍കിയിരിക്കുന്നത്. 2015 മധ്യത്തോടെ, രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥ പ്രമുഖരിലും എസ്സാര്‍ ഗ്രൂപ്പിനുള്ള സ്വാധീനത്തെ കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് കാരവന്‍ മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ 250 കോടി രൂപയുടെ മാനനഷ്ടക്കേസാണ് കമ്പനി അലഹബാദ് സിറ്റി സിവില്‍ കോടതിയില്‍ നല്‍കിയത്.

എന്നാല്‍, പ്രമുഖ വ്യവസായികളുടെ മാനഷ്ടക്കേസുകള്‍ മാത്രമല്ല മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ആധുനിക ഇന്ത്യ ഉപയോഗിക്കുന്നത്. ഭരണസ്ഥാപനങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് നടപടിയെടുപ്പിക്കുക എന്നൊരു വിനോദം കൂടി മോദി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതില്‍ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം വ്യാപകമാണ്. ഈ വര്‍ഷം ജൂണില്‍ എന്‍ഡിടിവി വാര്‍ത്ത ചാനല്‍ ഉടമകളായ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തിക കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു റെയ്ഡ്. ബിജെപി വക്താവ് സംവിത് പാത്രയുമായി എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ ചാനലിന്റെ ഒരു പരിപാടിക്കിടയില്‍ വാക്‌പോര് നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ പോലീസും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും കടന്നുകയറുന്നത് ഗുരുതരമായ അവസ്ഥയാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

തദ്ദേശീയ മാധ്യമ സ്ഥാപനങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ അധികാരി വര്‍ഗ്ഗത്തിന്റെയും വ്യവസായ പ്രമുഖരുടെയും വേട്ടയ്ക്ക് ഇരയാവുന്നത്. പ്രധാനമന്ത്രിയുടെ പ്രിയ സ്‌നേഹിതന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനനം നടത്താനുള്ള ഒരുക്കത്തിലാണ്. പ്രകൃതി നാശത്തിനും വന്‍ ചൂഷണത്തിനും വഴി തുറക്കുന്ന പദ്ധതിക്കെതിരെ ഓസ്‌ട്രേലിയയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയന്‍ ടിവി ചാനലായ ഫോര്‍ കോര്‍ണേഴ്‌സ് അദാനിയെ കുറിച്ച് 'ഡിഗ്ഗിംഗ് ഇന്‍റു അദാനി' എന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യുന്നത്. ഇന്ത്യയില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുവിച്ചതെന്ന് ചാനല്‍ അവരുെട വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരുടെ കാമറകള്‍ കേടുവരുത്തുകയും ഫുട്ടേജുകള്‍ നശിപ്പിക്കുകയും മണിക്കൂറുകളോളം നീണ്ട പോലീസ് ചോദ്യം ചെയ്യലിന് ഇരയാവുകയും ചെയ്തതായി കുറിപ്പില്‍ പറയുന്നു.

അദാനിയുടെ മുന്ദ്ര തുറമുഖത്ത് എത്തിയ ദിവസം തന്നെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഹോട്ടല്‍ മുറിയില്‍ എത്തിയതായി ഫോര്‍ കോര്‍ണേഴ്‌സ് റിപ്പോര്‍ട്ടര്‍ സ്റ്റീഫന്‍ ലോംഗ് പറയുന്നു. അന്ന് രാത്രി തന്നെ സംഘത്തിന് മുന്ദ്ര വിടേണ്ടി വന്നു. തങ്ങള്‍ എന്തിനാണ് അവിടെ എത്തിയതെന്ന് പോലീസിന് കൃത്യമായി അറിയാമെന്നും എന്നാല്‍ ഒരാള്‍ പോലും അദാനി എന്ന പേര്് ഉച്ചരിക്കില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ കമ്പനിയെ കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിലാണ് നടപടിയെന്ന ഒരു സൂചന പോലും പോലീസ് നല്‍കില്ലെന്നും ലോംഗ് ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ ഔട്ട്‌ലുക്ക് മാസി 'ഓപ്പറേഷന്‍ ബേബി ലിഫ്റ്റ ് 'എന്നൊരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അസമില്‍ നിന്നുള്ള 31 ആദിവാസികളെ സംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുപോയതിനെ കുറിച്ചുള്ള നേഹ ദീക്ഷിതിന്റെ റിപ്പോര്‍ട്ടായിരുന്നു അത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഗുവാഹത്തി ഹൈക്കോടതിയിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ അഢീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് സി ഗോയലും ബിജെപി വക്താവ് ബിജോണ്‍ മഹാജനും ചേര്‍ന്ന് ദീക്ഷിതിനും ഔട്ട്‌ലുക്ക് മാസികയ്ക്കും എതിരെ പോലീസില്‍ പരാതി നല്‍കി. സാമൂദായിക വിദ്വേഷം ഇളക്കിവിടാന്‍ ശ്രമിക്കുന്നു എന്ന ആരോപിച്ച പരാതിയില്‍ പക്ഷെ റിപ്പോര്‍ട്ടില്‍ നിന്നുള്ള ഒരു വരി മാത്രമാണ് ചേര്‍ത്തിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ ഭീഷണി അവരുടെ തൊഴിലിന്റെ ഭാഗമായി കണക്കാക്കാമെങ്കിലും ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് സന്ദേശവാഹകരെ വെടിവെച്ചുകൊല്ലുന്ന ഗുരുതരമായ അവസ്ഥയാണെന്ന് ഔട്ട്‌ലുക്ക് മുന്‍ എഡിറ്റര്‍ കൃഷ്ണ പ്രസാദ് ദ ഹൂട്ട് എന്ന വെബ്‌സൈറ്റിനോട് പറഞ്ഞിരുന്നു. ഏതായാലും ഈ വാര്‍ത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍ തന്നെ കൃഷ്ണപ്രസാദിന്റെ പണി തെറിച്ചു. ജെയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് ശേഷം ഒക്ടോബര്‍ ഒമ്പതിന് വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഒരു ട്വിറ്റ് നടത്തിയിരുന്നു. ജെയ് ഷാ നല്‍കിയ മാനനഷ്ട കേസിന്റെ ആദ്യ പേജിനോടൊപ്പം, മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ മോദി സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ വയര്‍ ഭയപ്പെടുന്നില്ല എന്ന് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഈ വര്‍ഷം ഇന്ത്യ മൂന്നുപടി താഴേക്ക് പോയി. പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട, ചാഡ്, കുവൈത്ത്, യുഎഇ, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം പുറകിലായി 136-ാം സ്ഥാനത്താണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ. എന്‍ഡിടിവി റെയ്ഡ് നടന്ന് രണ്ട് ദിവസത്തിന് ശേഷം, ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങലുടെ അവസ്ഥ പരിതാപകരമായതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. '2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലുള്ളതോ പുറത്തുവരരുതെന്ന് ശക്തരായ രാഷ്ട്രീയക്കാരോ വാണീജ്യ താല്‍പ്പര്യങ്ങളോ ആഗ്രഹിക്കുന്ന വിഷയങ്ങളിലോ അന്വേഷണങ്ങള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ ജീവനും തൊഴിലിനും ഭീഷണി ഉയരുകയാണ്, 'എന്ന് ആ എഡിറ്റോറിയലില്‍ പറഞ്ഞിരുന്നു. സ്വയം സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള അക്രമാസക്ത ദേശസ്‌നേഹവുമായി ഇഴുകി ചേരാനുമുള്ള മാധ്യമ സ്ഥാപനങ്ങളുടെ ത്വര വര്‍ദ്ധിച്ചിരിക്കുന്നു എന്നും ആ എഡിറ്റോറിയല്‍ തുറന്നുപറഞ്ഞിരുന്നു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണികളെ കുറിച്ച് ലോകമെമ്പാടും ഉയരുന്ന ആശങ്കകള്‍ ബധിര കര്‍ണങ്ങളിലല്ല പതിക്കുന്നതെന്ന് പ്രതീക്ഷിക്കുക മാത്രമേ നിര്‍വാഹമുള്ളുവെന്നും കാരവനിലെ ലേഖനം പറയുന്നു.


Next Story

Related Stories