UPDATES

ട്രെന്‍ഡിങ്ങ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 15 വര്‍ഷം തുടര്‍ച്ചയായി വിജയിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടനയുടെ പിന്നില്‍ ആരൊക്കെ?

ഇത്തവണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു എസ് എസ് ഐയുടെ ലദീദ റയ്യ എന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയുടെ സ്ഥാനാര്‍ത്ഥിത്വം

ശ്രീഷ്മ

ശ്രീഷ്മ

ഉറച്ച രാഷ്ട്രീയപ്രഖ്യാപനങ്ങളിലൂടെ കേരളമാകെ ശ്രദ്ധിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്യാപംസ് തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. പതിനാലു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി യൂണിയന്‍ നേടിയ ഇന്‍ഡിപെന്‍ഡന്റ്‌സാണ് മെഡിക്കല്‍ കോളജില്‍ ഇത്തവണയും അധികാരത്തിലേറിയത്. ചെയര്‍പേഴ്‌സന്റേതടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിത്വങ്ങള്‍ക്കു ശേഷവും, എസ്.എഫ്.ഐക്ക് പരാജയം നേരിടേണ്ടി വന്നു. ഒരു കലാലയത്തില്‍ തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷം വിജയിക്കുക എന്ന അത്ര എളുപ്പമല്ലാത്ത ലക്ഷ്യം നേടിയിരിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടന ആരാണ്?

സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതികളുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായാണ് ഇന്‍ഡിപെന്‍ഡന്‍സ് പ്രവര്‍ത്തകര്‍ സ്വയം വിലയിരുത്തുന്നത്. പുറത്തു നിന്നുള്ള ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയില്ലാത്ത, മറ്റു വിദ്യാര്‍ത്ഥി സംഘടനകളുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടില്ലാത്ത, സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ് തങ്ങളുടേതെന്ന അവകാശവാദവും പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എങ്കിലും, വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, വ്യത്യസ്ത ആശയക്കാരും ഇന്‍ഡിപെന്‍ഡന്‍സിന്റെ നിരയിലുണ്ട്. 2004 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എസ്.എഫ്.ഐ മെഡിക്കല്‍ കോളജില്‍ യൂണിയന്‍ സ്ഥാനങ്ങളിലേക്ക് മത്സരിച്ചു ജയിച്ചിരുന്നു. അന്നത്തെ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായിരുന്ന വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സംഘടിച്ചാണ് 2004-2005 കാലഘട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടന രൂപീകരിക്കുന്നതെന്നാണ് പ്രവര്‍ത്തകനായ ഷംസീറിന്റെ പക്ഷം.

‘തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എസ്.എഫ്.ഐ ഭരിച്ചതോടെ, കലാകായിക മത്സരങ്ങള്‍ക്കു പോലും പുറത്തേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്നതിന് പാര്‍ട്ടി ഒരു മാനദണ്ഡമായി മാറിത്തുടങ്ങി. അത്രയേറെ പാര്‍ട്ടി പൊളിറ്റിക്‌സിന്റെ അതിപ്രസരമുണ്ടായിരുന്ന ക്യാംപസായിരുന്നു ഇത്. ആ സമയത്ത് വിദ്യാര്‍ത്ഥികളുടെ ഒരു പ്രതിരോധമായി ഉണ്ടായിവന്ന ഒരു മൂവ്‌മെന്റാണ് ഇന്‍ഡിപെന്‍ഡന്‍സ്. അല്ലാതെ ആരും ഉണ്ടാക്കിയതല്ല. ആദ്യ കാലത്ത് ക്യാംപയിനിങ്ങിന് ഇറങ്ങിയാല്‍പ്പോലും തല്ലു കിട്ടുന്ന അവസ്ഥയായിരുന്നു. എന്നിട്ടു പോലും ഇന്‍ഡിപെന്‍ഡന്‍സ് വിജയിച്ചു വന്നു. തല്ലിയും ഭീഷണിപ്പെടുത്തിയും സംഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, അംഗബലം കൂടി വന്നിട്ടേയുള്ളൂ. പക്ഷേ, ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ലീഡ് നില മാറി വരുന്നുണ്ടെന്നത് സത്യം തന്നെയാണ്.

പുറത്തു മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് ക്യാംപസ്സിലെ വര്‍ഗ്ഗീയവാദികള്‍ ഞങ്ങളാണെന്നാണ്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്ഥാനമുള്ള ഒരു സംഘടന എങ്ങിനെയാണ് വര്‍ഗ്ഗീയ ചായ്‌വുള്ളതാകുന്നത്? വ്യക്തമായ നിലപാടുണ്ടാകുന്നതല്ലേ രാഷ്ട്രീയം? വിമര്‍ശിക്കേണ്ടവരെ വിമര്‍ശിച്ചു തന്നെയാണ് ഇന്‍ഡിപെന്‍ഡന്‍സ് നിലനിന്നിട്ടുള്ളത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്വാധീനത്തിന് വഴങ്ങേണ്ട അവസ്ഥ പല വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്കുമുണ്ടാകും. അത്തരത്തിലൊരു ലയബിളിറ്റി സംഘടനയ്ക്ക് ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. സ്വതന്ത്രമായി നിലപാടുകള്‍ പറയാന്‍ സാധിക്കുന്ന എല്ലാവര്‍ക്കും അതിനുള്ള ഇടം സൃഷ്ടിക്കുക എന്നതിലുപരി, മതതീവ്രവാദത്തെ പിന്തുണയ്ക്കുക എന്നതല്ല ഞങ്ങളുടെ രീതി. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സ് ജയിച്ചുവന്നപ്പോള്‍, ‘എം.എസ്.എഫിന്റെ പിന്തുണയോടെ ജയിച്ച സംഘടന’യെന്ന് ലീഗ് പത്രമായ ചന്ദ്രികയില്‍ വാര്‍ത്ത വരികയും, അതിനെത്തുടര്‍ന്ന് ഞങ്ങള്‍ അവരുടെ ഓഫീസ് ഘരാവോ ചെയ്തിട്ടുപോലുമുണ്ട്. സ്വതന്ത്രമായി ക്യാംപസ്സില്‍ നിലനില്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍, എസ്.എഫ്.ഐയെ അവരെല്ലാം ചേര്‍ന്നു കൂടിയാണ് എതിര്‍ക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്നതാണല്ലോ എളുപ്പം.’

എസ്.എഫ്.ഐക്കെതിരെ മത്സരിക്കുന്ന ‘അവിയല്‍ മുന്നണി’യെന്നും ‘മഴവില്‍ സഖ്യ’മെന്നുമാണ് ഇന്‍ഡിപെന്‍ഡന്‍സിനെ പരിചയപ്പെടുത്താറെന്നും, ഇത് ശരിയല്ലെന്നും പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ഭാഗമാണെന്നതിനെ തള്ളിക്കളയുന്നില്ല താനും. എസ്.എഫ്.ഐ, എ.ബി.വി.പി., എസ്.ഐ.ഓ എന്നീ സംഘടനകള്‍ക്ക് യൂണിറ്റുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, കെ.എസ്.യു, എം.എസ്.എഫ് എന്നീ പ്രബല സംഘടനകള്‍ യൂണിറ്റ് രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇരു സംഘടനകളുടെയും രാഷ്ട്രീയം പറയുന്നവര്‍ ഇന്‍ഡിപെന്‍ഡസിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മലബാറിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍, ഈ രണ്ടു സംഘടനകളിലേക്കും വിഘടിച്ചു പോയേക്കാവുന്ന ഒരു വിദ്യാര്‍ത്ഥി വിഭാഗമാണ് ഇന്‍ഡിപെന്‍ഡന്‍സിനൊപ്പം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാനാകും.

എ.ബി.വി.പി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തോട് ചേര്‍ന്നു പോകാന്‍ ഇന്‍ഡിപെന്‍ഡന്‍സിന് സാധിക്കില്ലെന്നും, എ.ബി.വി.പിയടക്കം എല്ലാ എസ്.എഫ്.ഐ-ഇതര സംഘടനകളുടെയും സഖ്യമാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന വാദം പ്രവര്‍ത്തകര്‍ നിഷേധിക്കുന്നുണ്ട്. എന്നാല്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആദര്‍ശ് പറയുന്നതിങ്ങനെ:

‘രാഷ്ട്രീയത്തോട് പൊതുവെ എതിര്‍പ്പുള്ള ഒരു വലിയ വിഭാഗമാണ് ഇന്‍ഡിപെന്‍ഡന്‍സിനൊപ്പമുള്ളത്. രാഷ്ട്രീയപ്രവര്‍ത്തനത്തെ അതിന്റെ വിശാലാര്‍ത്ഥത്തില്‍ എതിര്‍ക്കുകയും, ക്യാംപസിനകത്തുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധവച്ചാല്‍ മതിയെന്ന താല്‍പര്യമുള്ളവരുമായ നിഷ്പക്ഷക്കാര്‍ വര്‍ഷങ്ങളായി ഇന്‍ഡിപെന്‍ഡന്‍സിനു വേണ്ടി വോട്ടു ചെയ്യുന്നുണ്ട്. അതിനൊപ്പം, വ്യക്തമായ കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി പശ്ചാത്തലമുള്ളവരുമുണ്ട്. ഇവരെല്ലാം ഇന്‍ഡിപെന്‍ഡന്റ്‌സ് എന്ന ആശയം മനസ്സിലാക്കി വന്നവരാണെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇത്തരത്തില്‍ വിരുദ്ധ രാഷ്ട്രീയ താല്‍പര്യങ്ങളുള്ളവര്‍ക്ക് എങ്ങിനെ ഒരുമിച്ച് നില്‍ക്കാനാകും എന്ന ചോദ്യമാണ് ഞങ്ങള്‍ ചോദിക്കുന്നത്. ഇവരുടെ സ്വാധീനം കൊണ്ട് നിഷ്പക്ഷരെന്നു സ്വയം വിളിക്കുന്ന ഒരു ഭൂരിപക്ഷം ഇടതുപക്ഷ വിരുദ്ധരാവുകയാണ് പതിവ്.’

ഇത്തവണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ലദീദ റയ്യ എന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയുടെ സ്ഥാനാര്‍ത്ഥിത്വം. മെഡിക്കല്‍ കോളജ് പോലൊരു ക്യാംപസിനകത്ത് അരാഷ്ട്രീയവാദികളല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്നവരാണ് വേണ്ടതെന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു ലദീദ മുന്നോട്ടു വച്ച പ്രചാരണ രീതിയും. 34 വോട്ടുകള്‍ക്കാണ് ലദീദ പരാജയപ്പെട്ടത്. പതിനഞ്ചു വര്‍ഷത്തെ അപ്രമാദിത്വം അവകാശപ്പെടാനുള്ള സംഘടന മറുവശത്ത് നില്‍ക്കുമ്പോഴും, പ്രതിവര്‍ഷം കുറഞ്ഞുവരുന്ന ഭൂരിപക്ഷം പ്രതീക്ഷ തന്നെയാണെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പക്ഷം.

ഞാന്‍ ‘തട്ടമിട്ട സഖാവ്’ അല്ല, ‘സഖാവ്’ ആണ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ സംസാരിക്കുന്നു

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍