ട്രെന്‍ഡിങ്ങ്

അഴിമതി തുടച്ചു നീക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നില്‍: മറ്റ് രാജ്യങ്ങളും മോശമല്ല

Print Friendly, PDF & Email

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയും ഘാനയും മൊറോക്കോയും തുര്‍ക്കിയും തുല്യര്‍

A A A

Print Friendly, PDF & Email

കഴിഞ്ഞ വര്‍ഷത്തെ അഴിമതി സൂചിക പുറത്തുവരുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോക രാജ്യങ്ങള്‍ അഴിമതി ഇല്ലാതാക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ലെന്ന് വ്യക്തമാകും. അതേസമയം അഴിമതിക്കെതിരെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ജീവന് പണ്ടത്തേക്കാള്‍ ഭീഷണി നേരിടുന്നുണ്ടെന്നും ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

180 രാജ്യങ്ങളിലെ പൊതുമേഖലയിലെ അഴിമതികളാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഴിമതി വിമുക്തിയുടെ അടിസ്ഥാനത്തില്‍ 0 മുതല്‍ 100 വരെ പോയിന്റുകള്‍ നല്‍കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. 0 പോയിന്റ് വലിയ തോതില്‍ അഴിമതി നടക്കുന്ന രാജ്യത്തിനും 100 അഴിമതി തീര്‍ത്തും ഇല്ലാത്ത രാജ്യത്തിനും ആണ് ലഭിക്കുന്നത്. എന്നാല്‍ ഒരു രാജ്യത്തിനും 100 പോയിന്റ് നേടാന്‍ സാധിച്ചിട്ടില്ല. 89 പോയിന്റുള്ള ന്യൂസിലാന്റ് ആണ് അഴിമതി വിമുക്ത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. മൂന്നില്‍ രണ്ട് രാജ്യങ്ങള്‍ക്കും അമ്പത് പോയിന്റ് പോലും നേടാന്‍ സാധിച്ചിട്ടില്ല. 43 പോയിന്റാണ് ശരാശരി. ദൗര്‍ഭാഗ്യവശാല്‍ സമീപ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അഴിമതിയുടെ ഈ കണക്കുകളില്‍ പുതുമയില്ലെന്നാണ് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പറയുന്നത്.

ഡെന്മാര്‍ക്കാണ് അഴിമതി കുറഞ്ഞ രണ്ടാമത്തെ രാജ്യം. 88 പോയിന്റാണ് ഡെന്മാര്‍ക്കിനുള്ളത്. ദരിദ്ര രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൊമാലിയയിലാണ് 180 രാജ്യങ്ങളില്‍ ഏറ്റവുമധികം അഴിമതിയുള്ളത്. 9 പോയിന്റ് മാത്രമാണ് സൊമാലിയയ്ക്കുള്ളത്. സൗത്ത് സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം 179, 178 സ്ഥാനങ്ങളിലുള്ളത്. അഴിമതി വിമുക്തിയുടെ കാര്യത്തില്‍ ഏറ്റവും മോശം പ്രവര്‍ത്തനം സബ് സഹാറന്‍ ആഫ്രിക്കയില്‍ ആണ്. ശരാശരി 32 പോയിന്റ് മാത്രമാണ് ഈ രാജ്യങ്ങളിലുള്ളത്. 34 പോയിന്റ് ശരാശരിയുള്ള കിഴക്കന്‍ യൂറോപ്പ്, മധ്യ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് തൊട്ടുപിന്നാലെ വരുന്നത്.

40 പോയിന്റുകള്‍ മാത്രമുള്ള ഇന്ത്യയുടെ റാങ്ക് 81 മാത്രമാണ്. ഘാന, മൊറോക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്. 2012 മുതലുള്ള സൂചിക പരിശോധിച്ചാല്‍ ഐവറി കോസ്റ്റ്, സെനഗള്‍, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങള്‍ അഴിമതി തുടച്ചു നീക്കുന്ന കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. എന്നാല്‍ സിറിയ, യെമന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലേക്കാണ് പോയിരിക്കുന്നത്.

മാധ്യമങ്ങള്‍ക്കും എന്‍ജിഒകള്‍ക്കും സംരക്ഷണം നല്‍കുന്ന കാര്യത്തിലും പല രാജ്യങ്ങളും പിന്നിലേക്ക് പോയിരിക്കുന്നതായും ഈ സൂചിക വ്യക്തമാക്കുന്നു. ഓരോ ആഴ്ചയിലും ശരാശരി ഒരു മാധ്യമപ്രവര്‍ത്തകനെങ്കിലും ഓരോ രാജ്യങ്ങളിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് സൂചിക പറയുന്നത്. ഇതും അഴിമതിയുടെ മറ്റൊരു തെളിവാണ്. സൂചികയില്‍ 45ന് താഴെയുള്ള എല്ലാ രാജ്യങ്ങളിലും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയ്ക്ക് ഒമ്പത് മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പറയുന്നു. അഴിമതി ഇല്ലാതാക്കാനായി സര്‍ക്കാര്‍ സംസാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും രാഷ്ട്രീയ ഭിന്നതകള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും തുറന്ന സിവില്‍ സമൂഹത്തെയും അനുവദിക്കണമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവമാധ്യമങ്ങള്‍ക്കും പരമ്പരാഗത മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇത് അടിച്ചമര്‍ത്തലിന്റെയോ കലാപത്തിന്റെയോ ഭീതി കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ധൈര്യം നല്‍കും.

വിവരങ്ങള്‍ ലഭ്യമാക്കുന്ന നിയമങ്ങള്‍ക്ക് സിവില്‍ സമൂഹവും സര്‍ക്കാരും പ്രോത്സാഹനം നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കമ്പനികളുടെ ഉടമസ്ഥതയെക്കുറിച്ചും സര്‍ക്കാര്‍ ബജറ്റിനെക്കുറിച്ചും പൊതുസമ്പാദനത്തെക്കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികളുടെ ധനകാര്യ ശേഷിയെക്കുറിച്ചുമെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ഇവരുടെ നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍