Top

ഡല്‍ഹിയില്‍ ബിജെപിയെ സഹായിക്കുന്ന കോണ്‍ഗ്രസ് 2019ല്‍ എങ്ങനെ അവരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കും?

ഡല്‍ഹിയില്‍ ബിജെപിയെ സഹായിക്കുന്ന കോണ്‍ഗ്രസ് 2019ല്‍ എങ്ങനെ അവരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കും?
ഡല്‍ഹിയില്‍ ബിജെപിയുടെ ബി ടീം ആയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയും എഎപി, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് എന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. ഇതില്‍ എഎപിയുടെ ആരോപണത്തില്‍ തെറ്റില്ല എന്ന് തോന്നാവുന്ന പ്രസ്താവനകളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ ഐക്യത്തെ എഎപി ദുര്‍ബലപ്പെടുത്തുന്നു എന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തെ സാധൂകരിക്കുന്ന കാര്യങ്ങള്‍ അങ്ങനെ കാണുന്നില്ല താനും.

ലെഫ്.ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും ഗവര്‍ണറുടെ വീട്ടില്‍ കുത്തിയിരുന്ന് അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ എവിടെയും തൊടാതെ, ബിജെപിക്ക് യാതൊരു അലോസരവുമുണ്ടാക്കാതെ അവരെ സുഖിപ്പിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് എഎപിയുടെ പരാതി.

ഭരണ സ്തംഭനമുണ്ടാക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങളാണ് കേജ്രിവാളടക്കമുള്ളവര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് ഡല്‍ഹിയിലെ ജനാധിപത്യ ഭരണ സംവിധാനത്തെ ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കയ്യും കെട്ടി നിന്ന് ആസ്വദിക്കുകയാണ് എന്ന് എഎപി കുറ്റപ്പെടുത്തുന്നു.

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തരുത് എന്ന് മാത്രമാണ് പിസിസി അധ്യക്ഷന്‍ അജയ് മാക്കനും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതും ആവശ്യപ്പെട്ടത്. എഎപിയുമായി യോജിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. കേജ്രിവാളും മന്ത്രിമാരും ലെഫ്.ഗവര്‍ണറുടെ വീട്ടില്‍ നടത്തിയ ധര്‍ണ വെറും നാടകമാണ് എന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. അതേസമയം കേജ്രിവാളിന്റെ ആവശ്യങ്ങളെ പറ്റിയോ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തെ തുടര്‍ന്നുള്ള ഭരണ സ്തംഭനത്തെ പറ്റിയോ കോണ്‍ഗ്രസ് ഒന്നും പറഞ്ഞില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി, ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം കേജ്രിവാളിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലോക് ദളും എഎപിയെ പിന്തുണച്ച് രംഗത്തെത്തി.

http://www.azhimukham.com/newswrap-bjp-is-committing-same-mistake-in-delhi-as-in-karnataka-in-dealing-kjriwals-sleepover-protest-writes-saju/

കര്‍ണാടകയിലെ പോലെ സ്വയരക്ഷയ്ക്ക് വേണ്ടി മാത്രം മറ്റ് കക്ഷികളുമായി ചേര്‍ന്ന് ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കുക. എന്നാല്‍ ഡല്‍ഹിയിലെ പോലെ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിസന്ധിയിലാകുമ്പോള്‍, അവര്‍ക്ക് പിന്തുണ നല്‍കാതെ ബിജെപിയെ സഹായിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് എഎപി കുറ്റപ്പെടുത്തുന്നു. യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയുമെല്ലാം, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുമ്പോള്‍ വാജ്‌പേയി സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തിയ ഡല്‍ഹിയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മാതൃകയാക്കാന്‍ എഎപിയെ ഉപദേശിക്കുകയാണ് ഷീല ദീക്ഷിതും അജയ് മാക്കനും ചെയ്യുന്നത്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണം എന്ന, കേജ്രിവാള്‍ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം ഷീല ദീക്ഷിതും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പല തവണ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ "പോയി മോദിയെ കാണൂ" എന്നാണ് കേജ്രിവാളിന് ഷീല ദീക്ഷിതിന്റെ ഉപദേശം.

ഭരണപരാജയം മറച്ചുവയ്ക്കാനാണ് കേജ്രിവാള്‍ സമരം നടത്തുന്നതെന്നും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കേജ്രിവാള്‍ ആണെന്നുമാണ് ഷീല ദീക്ഷിത് പറഞ്ഞത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി ലെഫ്.ഗവര്‍ണറെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഭരണ സ്തംഭനം ഗൗരവമായി കാണാനോ ഇത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനോ ഷീല ദീക്ഷിതോ അജയ് മാക്കനോ ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള ആം ആദ്മി പാര്‍ട്ടി, കേജ്രിവാള്‍ വിരോധം ഡല്‍ഹിയില്‍ ആരെയാണ് സഹായിക്കാന്‍ പോകുന്നത് എന്നത് വ്യക്തമാണ്.


അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/trending-financial-crisis-threatens-congress-plans-to-topple-pm-modi/

http://www.azhimukham.com/india-new-karanataka-swearing-in-ceremony-build-opposition-unity-for-2019-election/

http://www.azhimukham.com/edit-the-late-awakening-of-modi-and-indias-future/

http://www.azhimukham.com/india-this-is-how-congress-fought-bjps-horse-trade/

Next Story

Related Stories