TopTop
Begin typing your search above and press return to search.

ഇന്ത്യ പോലൊരിടത്ത് ബിജെപിയേക്കാള്‍ അപകടം കോണ്‍ഗ്രസ്: ജനത ദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമി

ഇന്ത്യ പോലൊരിടത്ത് ബിജെപിയേക്കാള്‍ അപകടം കോണ്‍ഗ്രസ്: ജനത ദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമി
ഇന്ത്യ പോലൊരു ജനാധിപത്യത്തില്‍ ബിജെപിയേക്കാള്‍ അപകടം കോണ്‍ഗ്രസ് ആണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കര്‍ണാടകയില്‍ ജനതാദള്‍ എസ് ബിജെപി പാളയത്തിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കുകയാണ് മതേതര ജനതാദള്‍ നേതാവ്. ലൈവ് മിന്റിന് നല്‍കിയ അഭിമുഖത്തിലാണ് എച്ച് ഡി കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ബിജെപി പിന്തുണയോടെയാണ് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിട്ടുള്ളത്.

രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക രാഷ്ട്രീയത്തിന്റെ എ,ബി,സി,ഡി അറിയില്ലെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. ജനതാദള്‍ എസ് കര്‍ണാടകയില്‍ ബിജെപിയുടെ ബി ടീം ആണെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ ഞാന്‍ ബിജെപിയുമായി സഹകരിക്കാന്‍ ആരാണ് കാരണം. ഞങ്ങളെ വിമര്‍ശിക്കുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ അമ്മയോട് പോയി ചോദിക്കട്ടെ എന്തുകൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പില്‍ തോറ്റതെന്നും കേന്ദ്ര ഭരണം പോയതെന്നും - കുമാരസ്വാമി പറഞ്ഞു. ഞങ്ങള്‍ ബിജെപിയുമായി സഹകരിച്ചാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കാനാകുമെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

ജനതാദള്‍ എസില്‍ ആയിരുന്നപ്പോള്‍ സിദ്ധരാമയ്യ പണിയൊന്നും എടുത്തിരുന്നില്ല. ഞങ്ങള്‍ ബാക്കിയുള്ളവര്‍ ജനങ്ങളെ സംഘടിപ്പിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം മുടക്കുകയുമൊക്കെ ചെയ്തിരുന്നപ്പോളും സിദ്ധരാമയ്യ സ്‌റ്റേജ് റെഡിയാവുമ്പോള്‍ പ്രസംഗിക്കാന്‍ മാത്രം വരുന്നയാളായിരുന്നു. സിദ്ധരാമയ്യ ഇല്ലാതെയാണ് 2018ല്‍ 40ലധികം സീറ്റ് ഞങ്ങള്‍ നേടിയത്. ഇത്തവണ 113 സീറ്റെങ്കിലും നേടും - കുമാരസ്വാമി അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഇത്തവണ 50നും 70നും ഇടയില്‍ സീറ്റുകളിലേയ്ക്ക് ചുരുങ്ങുമെന്ന് കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇവിടെ ഒരു റോളുമില്ല. കര്‍ണാടകയിലെ ഹൈകമാന്‍ഡ് സിദ്ധരാമയ്യയാണ്. സീറ്റുകള്‍ വലിയ തോതില്‍ കുറഞ്ഞാല്‍ സിദ്ധരാമയ്യ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും. കര്‍ണാടകയില്‍ അവസരവാദ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചതേ സിദ്ധരാമയ്യ ആണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിക്ക് മാത്രമേ സെല്‍ഫ് മാര്‍ക്കറ്റിംഗ് അറിയൂ എന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ സിദ്ധരാമയ്യ ഇക്കാര്യത്തില്‍ മോദിയെ കടത്തിവെട്ടുകയാണെന്നും കുമാരസ്വാമി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വന്‍ വിജയം നേടി ദേശീയരാഷ്ട്രീയത്തിലും ജെഎഡിഎസ് നിര്‍ണായ ശക്തിയാകുമെന്ന് കുമാരസ്വാമി അവകാശപ്പെട്ടു.

വായനയ്ക്ക്: https://goo.gl/2KTxKm

Next Story

Related Stories