UPDATES

ട്രംപിനെ തള്ളി ഇന്ത്യ, കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടില്ല

കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയില്‍ ഇടനിലക്കാരോ മൂന്നാംകക്ഷിയോ വേണ്ട എന്നതാണ് 1947 മുതല്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നുപോന്ന നിലപാട്.

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കാശ്മീര്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വെളിപ്പെടുത്തൽ തർക്കങ്ങൾ രൂക്ഷമാക്കുന്നു. ഇന്ത്യയുടെ പ്രഖ്യാപിത കാശ്മീര്‍ നയത്തിന് വിരുദ്ധമായി കാശ്മീർ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ . എന്നാൽ‌ ഇക്കാര്യം ഇന്ത്യ തള്ളി.  ‍

ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരു അഭ്യർത്ഥന നടത്തിയിട്ടില്ല. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചകൾ മാത്രമാണ് നടത്തുകയെന്നത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്. പാക്കിസ്ഥാനുമായുള്ള ഏതൊരു ഇടപെടലിനും അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുക എന്നത് അത്യാവശ്യമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി നീക്കങ്ങളിലൂടെ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഷിംല കരാറും ലാഹോർ പ്രഖ്യാപനവും വ്യക്തമാക്കന്നുണ്ടെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

“രണ്ടാഴ്ച മുമ്പ് ഞാന്‍ മോദിക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. താങ്കളെ മധ്യസ്ഥനാക്കാന്‍ താല്‍പര്യപ്പെടുന്നു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അവര്‍ക്ക് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ താല്‍പര്യമുണ്ട്. താങ്കളും (ഇമ്രാന്‍ ഖാന്‍) ഇത് താല്‍പര്യപ്പെടുന്നുണ്ടാകുമല്ലോ. എനിക്ക് മധ്യസ്ഥനാകാന്‍ സന്തോഷമേയുള്ളൂ”, അമേരിക്ക സന്ദര്‍ശിക്കുന്ന ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇമ്രാന്‍ ഖാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ  പരാമര്‍ശം. കാശ്മീരിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും എന്നാല്‍ അതൊന്നും ഫലവതായില്ലെന്നും ഇമ്രാന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമെന്ന നിലയില്‍ അമേരിക്കയ്ക്കും ട്രംപിനും ഇക്കാര്യത്തില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കാന്‍ കഴിയുമോ എന്നാണ് താന്‍ ഉറ്റുനോക്കുന്നത് എന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു താന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയ സമയത്ത് അദ്ദേഹവും സമാനമായ ഇടപെടല്‍ ആവശ്യപ്പെട്ടതെന്ന് ട്രംപ് പറഞ്ഞത്. “കാശ്മീരിലെ സ്ഥിതി വളരെ വഷളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കാശ്മീര്‍, എന്ത് മനോഹരമായ പേര്, മനോഹരമായ പ്രദേശം, അവിടെ ഇപ്പോള്‍ ബോംബുകള്‍ മാത്രമല്ലേ ഉള്ളൂ, രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെ”ന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും കഴിഞ്ഞ മാസം ജപ്പാനിലെ ഒസാകയില്‍ ജി 20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയില്‍ ഇടനിലക്കാരോ മൂന്നാംകക്ഷിയോ വേണ്ട എന്നതാണ് 1947 മുതല്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നുപോന്ന നിലപാട്. വിഷയത്തിൽ മധ്യസ്ഥത വഹിക്കാം എന്ന് നേരത്തെയും യുഎസ് വാഗ്ദാനം നൽകിയിരുന്നു. എന്നാല്‍ കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനുമായുള്ള ആഭ്യന്തര പ്രശ്നമാണെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നുമുള്ളഇന്ത്യന്‍ നിലപാട് അംഗീകരിച്ചു കൊണ്ട് വിഷയം ചര്‍ച്ച ചെയ്ത പരിഹരിക്കണം എന്ന വാദം യുഎസ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താന്‍ മറ്റ് രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കണം എന്ന ആവശ്യം യുഎന്നിലടക്കം സ്ഥിരമായി ഉന്നയിക്കാറുണ്ട്.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി വിവിധ നേതാക്കളും രംഗത്തെത്തി. ട്രംപ് നുണ പറയുകയാണോ അതോ കാശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു അപ്രഖ്യാപിത നിലപാടുണ്ടോ എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ചോദിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.

പുതിയ യൂണിവേഴ്സിറ്റി കോളേജ് ഉണ്ടാകുന്നതില്‍ കെ എസ് യുവിനും എസ്എഫ്‌ഐയ്ക്കും സന്തോഷിക്കാം: കെ എസ് യുവിന്റെ ഒടുവിലത്തെ ചെയര്‍മാന് പറയാനുള്ളത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍