Top

കര്‍ണാടകയില്‍ ഒരു മണ്ഡലത്തെ മാത്രം വിശ്വസിക്കാതെ രണ്ടിടങ്ങളില്‍ മത്സരിക്കാന്‍ പ്രധാന നേതാക്കള്‍

കര്‍ണാടകയില്‍ ഒരു മണ്ഡലത്തെ മാത്രം വിശ്വസിക്കാതെ രണ്ടിടങ്ങളില്‍ മത്സരിക്കാന്‍ പ്രധാന നേതാക്കള്‍
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാന നേതാക്കള്‍ ഒരു മണ്ഡലത്തില്‍ മാത്രം വിശ്വാസമര്‍പ്പിക്കാതെ രണ്ടിടങ്ങളില്‍ മത്സരിക്കുകയാണ് ഇത്തവണ. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ജി പരമേശ്വര, ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാര സ്വാമി എന്നിവര്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. ബഗല്‍കോട് ജില്ലയിലെ ബദാമിയിലും ചാമുണ്ഡേശ്വരി മണ്ഡലത്തിലുമാണ് സിദ്ധരാമയ്യ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബദാമിയില്‍ മുഖ്യമന്ത്രിയുടെ കുരുബ സമുദായം നിര്‍ണായക ശക്തിയാണ്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് ഇത്തവണ മത്സരം അത്ര സുഖകരമല്ല എന്നാണ് പ്രാദേശികവൃത്തങ്ങളില്‍ നിന്നുള്ള സൂചനകളെ അടിസ്ഥാനമാക്കി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാമുണ്ഡേശ്വരിയില്‍ ജനവിധി തേടാനുള്ള സിദ്ധരാമയ്യയുടെ താല്‍പര്യത്തോട് അനുകൂല നിലപാട് അല്ല കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. വൊക്കലിഗ, ലിംഗായത് സമുദായങ്ങള്‍ നിര്‍ണായക ശക്തിയായ മണ്ഡലത്തില്‍ ലിംഗായത് പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍, ജെഡിഎസുമായി ധാരണയുണ്ടാക്കിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ചാമുണ്ഡേശ്വരിയില്‍ മത്സരം കടുത്താല്‍ സിദ്ധരാമയ്യയ്ക്ക് ഇവിടെ പ്രചാരണത്തിനായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. സിദ്ധരാമയ്യയുടെ വലിയ ജനപ്രീതിയും മികച്ച പ്രതിച്ഛായയും പരമാവധി പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തണം എന്നാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍റെ താല്‍പര്യം.

എന്നാല്‍ ഇതിന് പരിഹാരമെന്നോണം സുരക്ഷിത മണ്ഡലമായ ബദാമിയിലും കൂടിയുള്ള ഇരട്ട മത്സരത്തിലേയ്ക്കാണോ സിദ്ധരാമയ്യ നീങ്ങുന്നത് എന്ന് ഉറപ്പിക്കാറായിട്ടില്ല. തന്റെ ജന്മനാട് ഉള്‍ക്കൊള്ളുന്ന മൈസൂരു ജില്ലയില്‍ നിന്ന് പുറത്തേയ്ക്ക് മണ്ഡലം മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിദ്ധരാമയ്യയുടെ വാദം. ചാമുണ്ഡേശ്വരിയില്‍ മത്സരിക്കാനാണ് സിദ്ധരാമയ്യ കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മകന്‍ യതീന്ദ്രക്ക് വേണ്ടിയാണ് ആറ് തവണ ജയിച്ചുപോന്ന സിറ്റിംഗ് സീറ്റ് വരുണയെ ഇത്തവണ സിദ്ധരാമയ്യ കയ്യൊഴിയുന്നത്. കഴിഞ്ഞ തവണ 30,000ല്‍ പരം വോട്ടിനാണ് അദ്ദേഹം ഇവിടെ ജയിച്ചത്. ഇത്തവണ മുന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബിഎസ് യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ ആണ് യതീന്ദ്രക്കെതിരെ നിര്‍ത്താന്‍ ബിജെപി ആലോചിക്കുന്നത്. നിലവില്‍ സിറ്റിംഗ് സീറ്റായ രാമനഗരം കൂടാതെ മൈസൂര്‍ മേഖലയില്‍ ജനതാദള്‍ എസിന്റെ ശക്തികേന്ദ്രമായ ചന്നപട്ടണയിലും കുമാരസ്വാമി ജനവിധി തേടുന്നു. 2013ല്‍ പരാജയമറിഞ്ഞ കൊരട്ടഗരെയില്‍ ഇത്തവണ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും മറ്റൊരു സുരക്ഷിത സീറ്റ് കൂടി പരമേശ്വര തേടുന്നുണ്ട്.

മുന്‍ പ്രധാനമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാ ദള്‍ എസ് ദേശീയ അധ്യക്ഷനും കുമാര സ്വാമിയുടെ പിതാവുമായ എച്ച് ഡി ദേവഗൗഡയാണ് കര്‍ണാടകയില്‍ ഈ രണ്ട് സീറ്റ് മത്സര ട്രെന്‍ഡിന് തുടക്കം കുറിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ എസ് മഹാദേവ പ്രകാശ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 1962ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്ന എസ് നിജലിംഗപ്പ, ഒട്ടും അറിയപ്പെടാത്തയാളായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി എസ് പി) സ്ഥാനാര്‍ത്ഥി ടിജി രംഗപ്പയോട് തോറ്റതിന് ശേഷമാണ് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കുന്നതിലെ അവിശ്വാസം ശക്തമായതെന്നും മഹാദേവ പ്രകാശ് അഭിപ്രായപ്പെടുന്നു. ഹൊസദുര്‍ഗ മണ്ഡലത്തിലാണ് ഈ അട്ടിമറി നടന്നത്. 1985ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹൊളെനരസിപ്പൂരിലും കനകപുരയിലും ദേവഗൗഡ ജനവിധി തേടി. രണ്ട് സീറ്റിലും ജയിക്കുകയും ചെയ്തു. എന്നാല്‍ 1989ല്‍ ഈ രണ്ട് സീറ്റിലും മത്സരം ആവര്‍ത്തിച്ച ദേവ ഗൗഡ രണ്ട് സീറ്റിലും തോല്‍ക്കുകയായിരുന്നു. പിന്നീട് 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ദേവഗൗഡ രണ്ട് സീറ്റില്‍ മത്സരിക്കുന്നത് - ഹാസനിലും കനകപുരയിലും. ഹാസനില്‍ ജയിച്ചു. കനകപുരയില്‍ തോറ്റു.

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, എബി വാജ്പേയി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരെല്ലാം ലോക് സഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടി രണ്ടും ജയിച്ച് ഒന്ന് ഉപേക്ഷിച്ചവരാണ്. കേരളത്തില്‍ കെ കരുണാകരന്‍ 1982ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാളയിലും നേമത്തും മത്സരിക്കുകയും രണ്ടിടത്തും ജയിക്കുകയും ചെയ്തിരുന്നു. രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ ആരെയും അനുവദിക്കരുത് എന്നാണ് സുപ്രീം കോടതിയെ ഈയടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. രണ്ട് സീറ്റിലും ഒരേയാള്‍ ജയിക്കുന്ന പക്ഷം ഇത്, ഒരു മണ്ഡലത്തിലെ വോട്ടര്‍മാരോട് കാണിക്കുന്ന അനീതിയായി മാറും - തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Next Story

Related Stories