TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്
സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭ മഹാരാഷ്ട്ര ഘടകം നേതൃത്വം നല്‍കുന്ന കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് നാസികില്‍ നിന്ന് മുംബൈയിലേയ്ക്ക് നടക്കുകയാണ്. കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ അവഗണിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധ മാര്‍ച്ച് മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലേയ്ക്കാണ്. സെക്രട്ടറിയേറ്റ് ഘരാവോ ചെയ്യാന്‍. ഓള്‍ ഇന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ, ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ജെപി ഗവിത് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കിസാന്‍ ഗുജാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് നവാലെ എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 200 കിലോമീറ്റര്‍ ദൂരം കാല്‍നട യാത്രയാണ് നടക്കുന്നത്.

ഇതേക്കുറിച്ച് അശോക് ധാവളെ പറയുന്നു:

മാര്‍ച്ച് ആറിന് നാസികിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ് ചൗക്കില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്നു. ചുവന്ന തൊപ്പികള്‍ ധരിച്ച് ചെങ്കൊടികളും ചുവന്ന പ്ലക്കാര്‍ഡുകളുമായി മാര്‍ച്ച് ചെയ്യുന്നു. മാര്‍ച്ച് കടന്നുപോകുന്ന പ്രദേശങ്ങള്‍ ചെങ്കടലായി മാറിയിരിക്കുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വനാവകാശ നിയമം നടപ്പാക്കല്‍, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കര്‍ഷകരെ വഞ്ചിച്ച ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് ലോംഗ് മാര്‍ച്ചിലൂടെ പ്രകടിപ്പിക്കുന്നത്. വന്‍തോതിലുള്ള കൃഷിനാശം നേരിട്ട കര്‍ഷകരെ ഏക്കറിന് നാല്‍പ്പതിനായിരം രൂപ നല്‍കി സഹായിക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.ലോംഗ് മാര്‍ച്ചിന് തുടക്കം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തില്‍ കിസാന്‍ സഭ നേതാക്കള്‍ക്കൊപ്പം പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ മീനാക്ഷി പാട്ടീല്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് ഡിഎല്‍ കരാട്, എഐടിയുസി നേതാവ് രാജു ദേസ്ലെ തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷകവിരുദ്ധ, ജനവിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ പിന്തുടരുന്ന, വര്‍ഗീയ, ജാതീയ അതിക്രമങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്ന കേന്ദ്ര, സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയത്.

ത്രിപുരയില്‍ സിപിഎം, ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് - ബിജെപി ക്രിമിനലുകള്‍ നടത്തിവരുന്ന അതിക്രമങ്ങളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ത്രിപുരയില്‍ ലെനിന്റേയും തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടേയും പ്രതിമകള്‍ക്ക് നേരെ നടന്ന ആക്രമങ്ങളേയും യോഗം അപലപിച്ചു. മഹാത്മ ഗാന്ധി, ഡോ.ബിആര്‍ അംബേദ്കര്‍, ഭഗത് സിംഗ് തുടങ്ങിയ ജനകീയ നേതക്കള്‍ക്കും വിപ്ലവകാരികള്‍ക്കും ദേശീയ നേതാക്കള്‍ക്കും എതിരെ, ചരിത്രത്തിലെ അവരുടെ സ്ഥാനത്തിന് നേരെ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യതയെ യോഗം ചൂണ്ടിക്കാട്ടി.ലോംഗ് മാര്‍ച്ചിന്റെ ആദ്യ ദിവസം രാത്രി 20 കിലോമീറ്റര്‍ നടത്തത്തിന് ശേഷം വാല്‍ദേവി നദിയ്ക്ക് സമീപം മാര്‍ച്ച് നിര്‍ത്തി ജാഥാംഗങ്ങള്‍ വിശ്രമിച്ചു. ഭക്ഷണം കൂടെ കരുതാന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോവറോ ബജ്രയോ ഉപയോഗിച്ചുണ്ടാക്കുന്ന ചട്ണി ഭക്രി കര്‍ഷകര്‍ കരുതിയിരുന്നു. ആദ്യ രണ്ട് ദിവസം രാത്രികളില്‍ ഇതാണ് കഴിച്ചത്. മുംബയ്-നാസിക്-ഇന്‍ഡോര്‍-ആഗ്ര-ഡല്‍ഹി ദേശീയപാതയുടെ സമീപത്തുള്ള മൈതാനത്താണ് ജാഥാംഗങ്ങള്‍ രാത്രി കിടന്നുറങ്ങിയത്. പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ദേശീയ പാതയുടെ ഒരു വശം മുഴുവന്‍ ഗതാഗതം തടയാന്‍ പൊലീസ് നിര്‍ബന്ധിതരായി.

മാര്‍ച്ച് ഏഴിന് നാസിക് ജില്ലയിലെ ഇഗത്പുരിയിലൂടെ കടന്ന് താനെ ജില്ലയിലെ ഷാഹാപൂര്‍ തെഹ്‌സിലിലേയ്ക്ക് പ്രവേശിച്ചു. താനെ-പാല്‍ഗഡ് മേഖലയിലെ വലിയൊരു വിഭാഗം കര്‍ഷകര്‍ ഇവിടെ നിന്ന് ലോംഗ് മാര്‍ച്ചിനൊപ്പം ചേര്‍ന്നു. മാര്‍ച്ച് 12ന് ലോംഗ് മാര്‍ച്ച്, സംസ്ഥാന നിയമസഭയെ ഘെരാവോ ചെയ്യാനായി മുംബൈയിലെത്തുമ്പോള്‍ ഇതുവരെ ഭാഗമാകാത്ത സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷകര്‍ മാര്‍ച്ചില്‍ അണിചേരും. കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിനെ പത്ര, ദൃശ്യമാധ്യമങ്ങള്‍ കാര്യമായി തന്നെ റിപ്പോര്‍ട്ട് ചെയ്ത് പൊതുസമൂഹത്തെ അറിയിക്കുന്നുണ്ട്.

http://www.azhimukham.com/kerala-vs-landreforms-agricultuaral-modernisation/
http://www.azhimukham.com/india-sikar-farmer-agitation-how-the-cpim-created-a-red-base-in-rajasthan/

Next Story

Related Stories