Top

സിപിഎം പിബിയില്‍ മുസ്ലീം ക്വോട്ടയെന്ന് പാര്‍ട്ടി എംപി ഋതബ്രത ബാനര്‍ജി; ബിജെപിയിലേക്കെന്ന് സൂചന

സിപിഎം പിബിയില്‍ മുസ്ലീം ക്വോട്ടയെന്ന് പാര്‍ട്ടി എംപി ഋതബ്രത ബാനര്‍ജി; ബിജെപിയിലേക്കെന്ന് സൂചന
സിപിഎം കേന്ദ്ര നേതൃത്വം ബംഗാളികള്‍ക്കെതിരാണെന്നും പൊളിറ്റ് ബ്യൂറോയില്‍ മുസ്ലീങ്ങള്‍ക്ക് ക്വോട്ട കൊടുത്തിരിക്കുകയാണെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാംഗം ഋതബ്രത ബാനര്‍ജി. പൊളിറ്റ് ബ്യറോ അംഗങ്ങളായ പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദ കാരാട്ടും ചേര്‍ന്ന് സീതാറാം യെച്ചൂരി രാജ്യസഭയിലെത്തുന്നത് തടയുകയാണെന്നും ഋതബ്രത ആരോപിച്ചു. പിബി അംഗം മൊഹമ്മദ് സലീമും മകനുമാണ് തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്ന് ഋതബ്രത ആരോപിച്ചു. മുഹമ്മദ് സലീം പിബിയിലെത്തിയത് മുസ്ലീങ്ങള്‍ക്ക് ക്വോട്ട കൊടുക്കുന്നത് കൊണ്ടാണെന്നും ഋതബ്രത പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങളോട് ഋതബ്രത പറഞ്ഞിരിക്കുന്നതെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് എന്ന അഭ്യൂഹം ബംഗാളില്‍ ശക്തമാണ്.

ഫെബ്രുവരിയില്‍ ലക്ഷങ്ങള്‍ വില വരുന്ന ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമായുള്ള ഋതബ്രതയുടെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം വിവാദത്തിലായിരുന്നു. ആഡംബര ജീവിതത്തിന്റെയും അച്ചടക്കലംഘനത്തിന്റേയും പേരില്‍ പാര്‍ട്ടിക്കകത്ത രൂക്ഷവിമര്‍ശനം നേരിട്ട ഋതബ്രതയെ പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തന്‍റെ ആഡംബരജീവിതം ഫേസ്ബുക്കില്‍ തുറന്നുകാട്ടിയ പാര്‍ട്ടി അനുഭാവിയായ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ട് ഋതബ്രത കമ്പനി അധികൃതര്‍ക്ക് നല്‍കിയ കത്ത് വലിയ വിവാദമാവുകയും പാര്‍ട്ടി കേന്ദ്ര നേതൃത്വവും ബംഗാള്‍ നേത്രുത്വവും അദ്ദേഹത്തെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം നടത്താതെയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുണ്ടാക്കിയ മൂന്നംഗ അന്വേഷണ കമ്മീഷന്‍ കങ്കാരു കോടതി പോലെയാണെന്നും ഋതബ്രത പറഞ്ഞു. മുഹമ്മദ് സലീം പിബിയിലെത്തിത് മുസ്ലീങ്ങള്‍ക്ക് ക്വോട്ട കൊടുക്കുന്നത് കൊ്ണ്ടാണെന്നും ഋതബ്രത പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എങ്ങനെ മുസ്ലീങ്ങള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ പ്രത്യേക സംവരണം കൊടുക്കുമെന്ന് ഋതബ്രത ചോദിച്ചു.

സിപിഎം ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗം പേരും കടുത്ത ബംഗാള്‍വിരുദ്ധരാണ്. 1996ല്‍ അവര്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിച്ചില്ല. ചരിത്രപരമായ മണ്ടത്തരം എന്ന് ജ്യോതിബസു അതിനെ വിശേഷിപ്പിച്ച കാര്യം ഋതബ്രത ഓര്‍മ്മിപ്പിച്ചു. തന്നെ മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്ത തീരുമാനം വന്നപ്പോള്‍ താന്‍ മിണ്ടാതിരുന്നു. അതേസമയം മുഹമ്മദ് സലീമും മകനും തനിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചാരണം തുടരുകയാണെന്നും ഋതബ്രത കുറ്റപ്പെടുത്തി. മുഹമ്മദ് സലീം എനിക്കെതിരെ നീക്കങ്ങള്‍ നടത്തുമെന്ന് അറിയാമായിരുന്നു അതുകൊണ്ട് ഞാന്‍ അന്വേഷണകമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി അന്വേഷിച്ചിരുന്നു. അവര്‍ അനധികൃതമായി എന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് വിവരങ്ങള്‍ കൈവശപ്പെടുത്തി ഡല്‍ഹിയിലെ ബാങ്കില്‍ നിന്ന് എന്റെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത പൊലീസി ന്റെ സൈബര്‍ വിംഗിന് പരാതി നല്‍കുമെന്നും ഋതബ്രത ബാനര്‍ജി അറിയിച്ചു.

വളരെ പെട്ടെന്നായിരുന്നു എസ്എഫ്‌ഐയിലും സിപിഎമ്മിലും ഋതബ്രതയുടെ വളര്‍ച്ച. 2003ല്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ഋതബ്രത ബാനര്‍ജി 2005ല്‍ സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നീട് എസ്എഫ്ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി. മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുമായി ഋതബ്രതക്ക് വലിയ അടുപ്പമുണ്ടായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുമുന്നണിയും കനത്ത പരാജയം ഏറ്റുവാങ്ങുകയും ബുദ്ധദേവ് അടക്കമുള്ളവര്‍ തോല്‍ക്കുകയും ചെയ്തു. ബുദ്ധദേവ് പാര്‍ട്ടി നേതൃപദവികളില്‍ നിന്ന് വിട്ടുനിന്നപ്പോളും അദ്ദേഹവുമായി ഋതബ്രത അടുപ്പം പുലര്‍ത്തിയിരുന്നു. അതേസമയം ഋതബ്രതയുടെ ആഡംബരജീവിത വിവാദങ്ങളില്‍ ബുദ്ധദേവ് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Next Story

Related Stories