UPDATES

ഡെമോക്ലിസിന്റെ വാളുകള്‍ ഒന്നൊന്നായി ഊരിയെടുക്കുകയാണ് ക്രിമിനല്‍ സിന്‍ഡിക്കേറ്റ്

ലോയ കേസില്‍ ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെട്ടിരുന്ന അസംബന്ധം തന്നെ സംഭവിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന് ഒരു അന്വേഷണവും നടത്താതെ സുപ്രീംകോടതി കണ്ടുപിടിച്ചു

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്ക് ആയി മാറിക്കഴിഞ്ഞോ എന്നാണ് കഴിഞ്ഞ ദിവസം അഴിമുഖം പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ചോദിച്ച പ്രസക്തമായ ചോദ്യം. മെക്ക മസ്ജിദ് സ്ഫോടന കേസിലെ ആകെയുള്ള 11 പ്രതികളെയും എന്‍ഐഎ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയര്‍ത്തിയത്. ഈ ചോദ്യം ഗൗരവമുള്ളതാകുന്നത് സംഘപരിവാര്‍ നേതാക്കള്‍ പ്രതികളോ ആരോപണ വിധേയരോ സംശയത്തിന്റെ നിഴലില്‍ അവര്‍ നില്‍ക്കുകയോ ചെയ്യുന്ന കേസുകളില്‍ തുടര്‍ച്ചയായി അവര്‍ക്ക് അനുകൂല വിധികള്‍ കോടതികളില്‍ നിന്നുണ്ടാകുന്ന സാഹചര്യത്തിലാണ്. സംഘപരിവാര്‍-മോദി ദാസന്മാരായ ഉദ്യോഗസ്ഥരും കേസുകളില്‍ നിന്ന് തടിയൂരുന്നതാണ് മോദി കാലത്തെ ഇന്ത്യയുടെ യാഥാര്‍ത്ഥ്യം.

മഹാരാഷ്ട്രയിലെ മാലേഗാവ് അടക്കം 2006-08 കാലത്ത് രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന ബോംബ് ഫോടനങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാവും ഹിന്ദു തീവ്രവാദിയുമായ സ്വാമി അസീമാനന്ദ് നല്‍കിയ കുറ്റസമ്മത മൊഴിയുടെ ഓഡിയോ ടേപ്പ് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പോലും എന്‍ഐഎയ്ക്ക് തോന്നാത്ത സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കേസുകളില്‍ നിന്ന് രക്ഷിക്കുക ദൗത്യമായി ഏറ്റെടുത്തിട്ടുള്ള മോദി ഭൃത്യരായ എന്‍ഐഎയ്ക്ക് അങ്ങനെ തോന്നണം എന്ന് പറയാനാവില്ലോ. അത് അന്വേഷിച്ച് തങ്ങളുടെ അടുത്തേയ്ക്ക് ഇതുവരെ ആരും വന്നിട്ടില്ലെന്ന് കാരവാന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞിരുന്നു.

22 റിപ്പോര്‍ട്ടുകള്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു; ലോയ കേസില്‍ അന്വേഷണം തുടരും: കാരവാന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാറും ആസൂത്രണ ചര്‍ച്ചകളില്‍ ഭാഗമായിട്ടുണ്ടെന്നും ഇരുവരും ഗുജറാത്തിലെ ആശ്രമത്തില്‍ തന്നെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അസീമാനന്ദ് വെളിപ്പെടുത്തിയിരുന്നു. സ്‌ഫോടനങ്ങളുടെ ആസൂത്രണത്തില്‍ പ്രധാന പങ്ക് വഹിച്ച മറ്റൊരു നേതാവ് സുനില്‍ ജോഷി മെക്ക മസ്ജിദ് കേസില്‍ പ്രതിയായിരുന്നു. ആര്‍എസ്എസ് പ്രചാരകന്‍ ആയിരുന്ന സുനില്‍ ജോഷിയെ 2007 ഡിസംബറില്‍ മധ്യപ്രദേശിലെ ദേവസില്‍ അജ്ഞാതര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ഈ കേസിലും മാലേഗാവ് കേസിലെ പ്രതി പ്രഗ്യ സിംഗ് ഠാക്കൂറും മറ്റും പ്രതികള്‍ ആയിരുന്നെങ്കിലും 2017 ഫെബ്രുവരി ഒന്നിന് പ്രഗ്യ സിംഗ് അടക്കം ഏഴ് പേരെ കോടതി വെറുതെ വിട്ടു. കോണ്‍ഗ്രസ് നേതാവ് പ്യാര്‍സിംഗ് നിനാമയുടെ കൊലപാതകത്തില്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി ഒളിവില്‍ കഴിയുമ്പോളാണ് ബൈക്കിലെത്തിയ സംഘം സുനില്‍ ജോഷിയെ വെടിവച്ച് കൊല്ലുന്നത്. 2006ലെ മാലേഗാവ് സ്ഫോടന കേസുമായി സുനില്‍ ജോഷിയുടെ കൊലപാതകത്തിന് പങ്കുണ്ട് എന്നായിരുന്നു 2011ല്‍ എന്‍ഐഎയുടെ കണ്ടെത്തല്‍. മാലേഗാവ് കേസില്‍ പ്രഗ്യ സിംഗിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും എന്‍ഐഎ കോടതി അവരെ കുറ്റവിമുക്തയാക്കിയില്ല. തുടര്‍ന്നും വിചാരണ നേരിടണമെന്ന് 2017 ഡിസംബറില്‍ വിധിച്ചു. എന്നാല്‍ ജീവപര്യന്തം ശിക്ഷക്കുള്ള ഗൂഡാലോചന കുറ്റം ഒഴിവാക്കി കൊടുക്കുകയും ചെയ്തു.

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

മെക്ക മസ്ജിദ് കേസ് തല്‍ക്കാലം കുഴിച്ചുമൂടി. ദുരൂഹമായ കാരണങ്ങളാല്‍, അല്ലെങ്കില്‍ വരികള്‍ക്കിടയില്‍ വായിച്ച് മനസിലാക്കാന്‍ ആവശ്യപ്പെടുംപോലെ വിധി പ്രസ്താവനയ്ക്ക് ശേഷം അതേ ദിവസം തന്നെ ജഡ്ജി കെ രവീന്ദര്‍ റെഡ്ഡി നാടകീയമായി രാജി വച്ചു. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തിന്റെ രാജി തള്ളുകയും ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. മാലേഗാവില്‍ 2006 സെപ്റ്റംബര്‍ എട്ടിനുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 37 പേര്‍, 2007 ഫെബ്രുവരിയില്‍ ഡല്‍ഹി – ലാഹോര്‍ ട്രെയ്‌നായ സംഝോത എക്‌സ്പ്രസിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 68 പേര്‍, ഹൈദരാബാദിലെ മെക്ക മസ്ജിദില്‍ 2007 മേയ് 18നുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 16 പേര്‍. 2007 ഒക്ടോബര്‍ 11ന് അജ്്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍, 2008 സെപ്റ്റംബര്‍ 29ന് വീണ്ടും മാലേഗാവില്‍ എട്ട് പേര്‍ – ഈ സ്‌ഫോടനങ്ങളെല്ലാം ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ ആസൂത്രണമാണ് എന്നാണ് വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളുമെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ നിയമവൃത്തങ്ങളില്‍ ഈ തെളിവുകള്‍ എത്തുന്നില്ല. അല്ലെങ്കില്‍ വിചിത്രമായ തരത്തില്‍ അവഗണിക്കപ്പെടുന്നു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കകം ബിജെപിയുടെ പുതിയ സാരഥി അമിത് ഷാ, സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച ആദ്യ ജഡ്ജി ജെടി ഉത്പത്തിനെ ഹാജരാകേണ്ടിയിരുന്ന ദിവസത്തിന്റെ തലേ ദിവസം സ്ഥലം മാറ്റി. അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് തന്നെ വന്‍ തുക കോഴയായി വാഗ്ദാനം കിട്ടിയിട്ട് അത് നിരസിച്ച് തന്റെ ജോലിയുമായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോവുകയും ചെയ്ത ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹര്യത്തില്‍ മരണപ്പെട്ടു. ഇതിന് ശേഷം വന്ന ജഡ്ജി അമിത് ഷായെ ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു. സൊഹ്രാബുദീന്‍ കേസില്‍ പ്രതിയായിരുന്ന ഡിജി വന്‍സാരയെ 2017 ഫെബ്രുവരി 18ന് തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടു. ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസിലും പ്രതിയായ ആളാണ് ഡിജി വന്‍സാര. ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് വന്‍സാരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറ്റുമുട്ടല്‍ കൊലകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

നിര്‍ഭയയില്‍ നിന്നും ആസിഫയിലേക്ക് നാം നടന്ന അധാര്‍മ്മിക ദൂരം

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ നിന്ന് ഡിജി വന്‍സാര, മെക്ക മസ്ജിദ് കേസിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി, ഏറ്റവുമൊടുവില്‍ നരോദ പാട്യ കേസില്‍ ആദ്യം ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മായ കൊദ്നാനിയും കുറ്റവിമുക്തയാക്കപ്പെട്ടിരുന്നു. നരോദ പാട്യ കൂട്ടക്കൊലയ്ക്ക് പിന്നില്‍ എന്തെങ്കിലും തരത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി തെളിവില്ലെന്നും സാക്ഷികളെ വിശ്വസിക്കാനാകില്ലെന്നുമാണ് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മറ്റ് 29 പേരെയും കുറ്റവിമുക്തരാക്കിയ ഗുജറാത്ത് ഹൈക്കോടതി

2002ല്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ച് ആസൂത്രണം ചെയ്യപ്പെട്ട ഗുജറാത്ത് കൂട്ടക്കൊലകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് നരോദ പാട്യയിലാണ്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ നരോദ പാട്യയില്‍ നടന്ന കൂട്ടക്കൊലയില്‍ 97 മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റേയും പൊലീസിന്റേയും പിന്തുണയോടെ ബംജ്രംഗ് ദള്‍, വിഎച്ച്പി പ്രവര്‍ത്തകരായ ക്രിമിനലുകളാണ് കൂട്ടക്കൊല നടപ്പാക്കിയത്. ഗുജറാത്ത് പൊലീസ് ആദ്യം 46 പേരേയും പ്രത്യേക അന്വേഷണ സംഘം പിന്നീട് 70 പേരേയും കേസില്‍ പ്രതി ചേര്‍ത്തു. മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നു. പൊലീസ് സംഘപരിവാര്‍ അക്രമികള്‍ക്ക് സഹായം നല്‍കുന്ന വിധമാണ് പെരുമാറിയിരുന്നത് എന്ന സാക്ഷിമൊഴികളുണ്ടായി. എന്നാല്‍ ഇതെല്ലാം അവഗണിച്ച് പ്രത്യേക അന്വേണ സംഘം മോദിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി.

ആത്മനിന്ദയാൽ തല താഴ്ത്തുകയാണ്; മോദിക്ക് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥർ എഴുതിയ തുറന്ന കത്ത്

മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മായ കോദ്‌നാനിയും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിയുമാണ് കേസില്‍ ശിക്ഷിക്കപ്പെട്ട ഉന്നതര്‍. മായ കോദ്‌നാനിക്ക് 28 വര്‍ഷത്തെ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും ബാബു ബ്ജ്രംഗിക്ക് മരണം വരെ ജീവപര്യന്തമെന്നുമാണ് 2002ല്‍ വിചാരണ കോടതി വിധിച്ചത്. ബാബു ബജ്രംഗിയുടെ ശിക്ഷ വിധി ശരി വച്ച ഗുജറാത്ത് ഹൈക്കോടതി ഇന്ന് മായ കോദ്‌നാനിയെ വെറുതെ വിട്ടിരുന്നു. തനിക്ക് കലാപത്തില്‍ പങ്കില്ലെന്നും ആ സമയത്ത് അമിത് ഷായും തനിക്കൊപ്പമുണ്ടായിരുന്നു എന്നുമാണ് പിന്നീടൊരിക്കല്‍ മായ കോദ്‌നാനി പറഞ്ഞത്. അമിത് ഷായെ സാക്ഷിയായി കേസില്‍ വിസ്തരിച്ചാല്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. അമിത് ഷാ, മോദിയുടെ ഇടങ്കയ്യും മോദിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായ ആനന്ദിബെന്‍ പട്ടേല്‍ അദ്ദേഹത്തിന്റെ വലങ്കയ്യുമാണെന്നും മായ കോദ്‌നാനി പറഞ്ഞത്. ഇതില്‍ കൃത്യമായ സൂചനകളുണ്ടായിരുന്നു. “ഞാനില്ല, എന്നോടൊപ്പമുണ്ടായിരുന്ന അവരും ഇതിലില്ല എന്ന് പറയുന്നതിലൂടെ ഞാന്‍ മാത്രമല്ല, ഞാന്‍ ഉണ്ടെങ്കില്‍ നിങ്ങളും ഉണ്ടാകും” എന്നാണ് മായ കോദ്‌നാനി പറഞ്ഞുവച്ചത്.

തളരാത്ത പോരാട്ടമാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്; പിണറായി ഈ വൃദ്ധനോട് നീതി ചെയ്യുമോ?

ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ്, പ്രത്യക്ഷത്തില്‍ സാധാരണമെന്ന് തോന്നിക്കാവുന്ന ദേശീയപാതയിലെ ഒരു വാഹാനാപകടത്തില്‍ സാധാരണക്കാരനായ ഒരു വൃദ്ധന്‍ മരണപ്പെട്ടിരുന്നു. താമരക്കുളം സ്വദേശിയായ ഗോപിനാഥ പിള്ള എന്ന ഈ 78കാരന്‍ നരേന്ദ്ര മോദിയ്ക്കും സംഘപരിവാറിനും അവരുടെ ഭരണകൂട ഭീകരതയ്ക്കും എതിരെ വലിയൊരു നിയമയുദ്ധം നയിച്ചയാളാണ്. നിരപരാധിയായ തന്റെ മകനെ എന്തിനാണ് മോദിയുടെ ഭരണകൂടം കൊലപ്പെടുത്തിയത് എന്നറിയാന്‍. തന്റെ മകന്‍ ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ മതം മാറി ഇസ്ലാം മതം സ്വീകരീക്കുക മാത്രമാണ് ചെയ്തതെന്നും അയാള്‍ക്ക് ഒരു തരത്തിലുള്ള തീവ്രവാദ ബന്ധവും ഇല്ലെന്നും ഉറച്ച ബോധ്യമുള്ളയാളായിരുന്നു ഗോപിനാഥന്‍ പിള്ള. ചോദ്യം ചെയ്യലിന്റെ പേരില്‍ ദിവസങ്ങളോളം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള അപമാനവും മാനസിക പീഡനങ്ങളും തളര്‍ത്താത്ത മനുഷ്യന്‍.

ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഗുജറാത്തിലെ ആ ചെറിയ കോടതി മുറി പറഞ്ഞു തരും

എന്നാല്‍ ഗോപിനാഥന്‍ പിള്ളയുടെ മകനായ ജാവേദ് ഷെയ്ഖ് എന്ന് പേര് മാറ്റിയ പ്രാണേഷ് കുമാര്‍ പിള്ളയും അയാളോടൊപ്പം ഗുജറാത്ത് പൊലീസിന്റെ തോക്കിനിരയായ 19 വയസ് പ്രായമുണ്ടായിരുന്ന ഇഷ്രത് ജഹാനുമെല്ലാം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ വന്ന ലഷ്‌കര്‍ ഇ തയിബ സംഘത്തിന്റെ ഭാഗമായിരുന്ന എന്ന് പറയുന്നയാളാണ് ഇപ്പോള്‍ കേരള പൊലീസിനെ നയി്ക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്ര. ഈ സാഹചര്യത്തില്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ നടപടിയാകും ഗോപിനാഥന്‍ പിള്ളയുടെ കാറിനെ ഇടിച്ചിട്ട് പോയ ആ മിനി ലോറി കണ്ടെത്തുന്നതില്‍ ഉണ്ടാകാന്‍ പോകുന്നത് എന്നത് ജനാധിപത്യവിശ്വാസികളെ സംബന്ധിച്ച് പ്രസക്തമായ ചോദ്യമാണ്. തന്റെ മകനായ ജാവേദ് ഷെയ്ഖിന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്റെ മകന്‍ അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്നും അതിനുത്തരവാദികള്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരും ഇത് ആസൂത്രണം ചെയ്ത ഭരണ നേതൃത്വത്തിലുള്ളവരും നിയമത്തിന് മുന്നില്‍ വരണമെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോയിരുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. ജാവേജ് ഷെയ്ഖിന് വേണ്ടി ഭീഷണികള്‍ക്ക് വഴങ്ങാതെ നിയമപോരാട്ടം നടത്താന്‍ ബാക്കിയുണ്ടായിരുന്ന ഒരേയൊരാള്‍.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; അമിത് ഷായ്ക്കെതിരെയുള്ള കേസുകള്‍ ഇതുവരെ

മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന ഒന്നാമന്റെ അധികാരം ഉപയോഗിച്ച്, തുല്യരില്‍ ആദ്യത്തെയാള്‍ എന്നതില്‍ കവിഞ്ഞ സവിശേഷം അധികാരം ഉപയോഗിച്ച് തന്നിഷ്ട പ്രകാരം സുപ്രീം കോടതിയിലെ കേസുകള്‍ ഇഷ്ടക്കാരായ ജഡ്ജിമാരുടെ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്യുന്നു എന്നും ഇത് സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസൃതമായാണ് എന്നുമാണ് ചീഫ് ജസ്റ്റിസിനെതിരായ ഗുരുതരമായ ആരോപണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഏകപക്ഷീയ നടപടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും ജുഡീഷ്യറിക്കും ഉണ്ടാക്കുന്ന വലിയ പരിക്കുകള്‍ നമുക്ക് മുന്നിലുണ്ട്. ഇത് പൊതുസമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടിയാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഭരണഘടനയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥതയോടുമുള്ള പ്രതിബദ്ധത വെളിവാക്കി രംഗത്തെത്തിയത്.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി (വിധിയുടെ പൂര്‍ണ രൂപം)

ലോയ കേസില്‍ ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെട്ടിരുന്ന അസംബന്ധം തന്നെ സംഭവിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന് ഒരു അന്വേഷണവും നടത്താതെ സുപ്രീംകോടതി കണ്ടുപിടിച്ചു. ഹര്‍ജിക്കാരേയും ഹര്‍ജിക്കാരുടെ അഭിഭാഷകരേയും ഗൂഢാലോചനക്കാരായി ചിത്രീകരിച്ചു. ചരിത്രത്തിന്റെ കണക്കെടുപ്പില്‍ അടിയന്തരാവസ്ഥക്ക് സ്തുതി പാടാന്‍ വിസമ്മതിച്ച് ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും അന്തസോടെ തല ഉയര്‍ത്തിപ്പിടിച്ച് ഇറങ്ങിപ്പോവുകയും ചെയ്ത ജസ്റ്റിസ് എച്ച്ആര്‍ ഖന്നയുടെ കൂട്ടത്തില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ പേരുകള്‍ ഏഴുതിച്ചേര്‍ക്കപ്പെടും. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ സ്ഥാനം ചരിത്രത്തില്‍ എന്തായിരിക്കും എന്നത് ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല. ഗുജറാത്ത് വംശഹത്യയെ സഹായിക്കും വിധമുള്ള കുറ്റകരമായ നടപടി സ്വീകരിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ രക്ഷിച്ച പ്രത്യേക അന്വേഷണ സംഘ തലവന്‍ ആര്‍കെ രാഘവന്‍ പ്രത്യുപകാരമായി കിട്ടിയ സൈപ്രസ് സ്ഥാനപതി കസേരയില്‍ സുഖജീവിതം നയിക്കുന്നു. കസേരകള്‍ ഇനിയും സംഘപരിവാര്‍ പണിയുന്നുണ്ട്.

തലയ്ക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലിസിന്റെ വാളുകളെ ഒരോന്നായി ഊരിയെടുക്കുന്ന ചെകുത്താന്മാരുടെ കുടില ബുദ്ധി, അവര്‍ നയിക്കുന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റ് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്നിലെ പ്രതിബന്ധങ്ങളെ ഈ രാജ്യത്തെ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത്കൊണ്ട് തട്ടിമാറ്റുന്നു എന്ന കാര്യം വ്യക്തമാണ്‌. ഇതിനെതിരായ പ്രതിരോധം ഈ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളുടെ അതിജീവനത്തിന് അനിവാര്യമാണ്.

ജനകീയ നേതാവില്‍ നിന്നും, കൂട്ടക്കൊലയാളിയിലേക്ക്; ആരാണ് മായാ കൊഡ്‌നാനി?

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍