TopTop
Begin typing your search above and press return to search.

സ്വരാജിനും ബല്‍റാമിനും മനസിലാകാത്ത ത്രിപുര; ഈ യുവനേതാക്കള്‍ എന്തുകൊണ്ട് നമ്മളെ അസ്വസ്ഥരാക്കുന്നു

സ്വരാജിനും ബല്‍റാമിനും മനസിലാകാത്ത ത്രിപുര; ഈ യുവനേതാക്കള്‍ എന്തുകൊണ്ട് നമ്മളെ അസ്വസ്ഥരാക്കുന്നു

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും യുവനേതാക്കളാണ് എം സ്വരാജും വിടി ബല്‍റാമും. യുവത്വത്തിന്റെ പ്രസരിപ്പോടെ ഇരുവരും നിയമസഭയിലും പുറത്തും തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആര്‍ജ്ജവം പ്രകടമാക്കുന്നുണ്ട്. എന്നാല്‍ ഇരുവരുടെയും ചിന്തകളിലും മനസിലും വാര്‍ദ്ധക്യ സഹജമായ ചാരുകസേര താത്വിക സ്വഭാവം കടന്നു കൂടിയോ എന്നതാണ് ഇപ്പോഴുയരുന്ന സംശയം. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇരു നേതാക്കളും ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റുകളാണ് ഈ സംശയത്തിന് കാരണം.

സത്യന്‍ അന്തിക്കാട് ചിത്രമായ സന്ദേശത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാന്‍ പാര്‍ട്ടി ഓഫീസില്‍ ഒത്തുകൂടുന്ന രംഗമുണ്ട്. 'താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന്, ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്‌നം'. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഈ ഡയലോഗാണ് സ്വരാജിന്റെയും ബല്‍റാമിന്റെയും വാക്കുകള്‍ കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്. നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരോട് കടുകട്ടിയില്‍ റഷ്യന്‍ വിപ്ലവത്തെയും ബോള്‍ഷെവിക്കുകളെയും കുറിച്ചെല്ലാം സംസാരിച്ച് വലിയ ബുദ്ധി ജീവികളെന്ന ഭാവത്തില്‍ തഴച്ചു വളര്‍ന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതിനായാണ് ശ്രീനിവാസന്‍ തന്റെ തിരക്കഥയില്‍ ഈ ഡയലോഗ് ഉള്‍പ്പെടുത്തിയിരുന്നത്.

ത്രിപുരയില്‍ ജയിച്ചത് ബിജെപിയല്ലെന്നാണ് സ്വരാജിന്റെ കണ്ടെത്തല്‍. പകരം പേര് മാറ്റിയ കോണ്‍ഗ്രസാണ് അവിടെ ജയിച്ചതെന്നും സ്വരാജ് പറഞ്ഞുവയ്ക്കുന്നു. എല്ലായ്‌പ്പോഴും ശരി ജയിക്കണമെന്നില്ലെന്നും എന്നാല്‍ അന്തിമ ജയം സത്യത്തിന്റേതായിരിക്കുമെന്നുമാണ് സ്വരാജിന്റെ താത്വിക അവലോകനത്തില്‍ പറയുന്നത്. ഇതിന് ഉദാഹരണമായി 1924ല്‍ ഇറ്റാലിയന്‍ ജനറല്‍ ഇലക്ഷനില്‍ 64 ശതമാനം വോട്ട് നേടി മുസോളിനി ജയിച്ചതും 1933ല്‍ ജര്‍മന്‍ ഫെഡറല്‍ ഇലക്ഷനില്‍ 44 ശതമാനം വോട്ട് നേടി ഹിറ്റ്‌ലര്‍ ജയിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആത്യന്തികമായ ജയം ശരിയ്ക്കാണെന്ന് സംശയമുണ്ടെങ്കില്‍ ഇറ്റലിയിലെ മിലാനിലെ തെരുവുകളോട് ചോദിക്കാനും ജര്‍മനിയിലെ പ്രേതാലയങ്ങളായ തടങ്കല്‍പ്പാളയങ്ങളോട് ചോദിക്കാനുമാണ് സാധാരണക്കാരായ ജനങ്ങളോട് സിപിഎമ്മിലെ ഈ യുവതുര്‍ക്കി ആവശ്യപ്പെടുന്നത്. എല്ലാ തെറ്റുകളും തിരുത്താനുള്ളതാണെന്നും ത്രിപുരയിലെ ജനങ്ങള്‍ക്ക് പറ്റിയ തെറ്റ് അതേ ജനങ്ങള്‍ തന്നെ ഭാവിയില്‍ തിരുത്തുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. ത്രിപുര പിടിക്കാനായി ആര്‍എസ്എസ് നട്ടുവളര്‍ത്തുന്നത് വിഘടന വാദത്തെയാണെന്നും സ്വരാജ് ആരോപിക്കുന്നു. അധികാരം നേടാന്‍ വിഘടനവാദികളുമായി സഖ്യമുണ്ടാക്കുമ്പോള്‍ ഒറ്റുകൊടുക്കുന്നത് രാജ്യത്തെ തന്നെയാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടുന്നു. അശാന്തമായ ദിനരാത്രങ്ങളും നിലയ്ക്കാതെ മുഴങ്ങുന്ന വെടിയൊച്ചകളും നാളെ ത്രിപുരയുടെ സ്വാസ്ഥ്യം കെടുത്തുന്നതായി മാറിയാല്‍ നിങ്ങള്‍ സന്തോഷിക്കുമോയെന്നും സ്വരാജ് മുന്നറിയിപ്പ് നല്‍കുന്നു. ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നില്‍ പതറി വീണ് മണ്ണടിഞ്ഞ് പോകുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും അങ്ങനെയായിരുന്നുവെങ്കില്‍ ത്രിപുരയില്‍ ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുമായിരുന്നില്ലെന്നുമാണ് സ്വരാജ് പറയുന്നത്. 'അമാവസി കണ്ട് ഇനി ചന്ദ്രനുദിക്കില്ലെന്ന് കരുതരുത്.. ശിശിരത്തിലെ മരം കണ്ട് ഇലകളുടെ കാലം കഴിഞ്ഞെന്ന് പരിതപിക്കുകയുമരുത്.. ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓര്‍ക്കുക'. എന്നാണ് സ്വരാജിലെ ബുദ്ധിജീവി പറയുന്നത്.

http://www.azhimukham.com/politics-what-is-the-political-warning-of-tripura-election-result-for-kerala/

കുറച്ചുകൂടി താത്വികമായ അവലോകനമാണ് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി വി ടി ബല്‍റാം മുന്നോട്ട് വയ്ക്കുന്നത്. സിപിഎമ്മിനുള്ള ഉപദേശമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ അവലോകനം. കോണ്‍ഗ്രസ് വോട്ടുകളാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന സിപിഎമ്മിന്റെ ആരോപണത്തെയാണ് ബല്‍റാം ഖണ്ഡിക്കാന്‍ നോക്കുന്നത്. 2014ല്‍ ത്രിപുരയില്‍ ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 64 ശതമാനം വോട്ട് സിപിഎം നേടിയെന്നും ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ 20 ശതമാനത്തോളം വോട്ട് കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ സിപിഎം തന്നെയാണെന്നുമാണ് ബല്‍റാം ആരോപിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ഒഴുകിയതിനേക്കാള്‍ സിപിഎമ്മില്‍ നിന്നു തന്നെയാണ് ബിജെപിയിലേക്ക് കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നത്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടിയായ ഐഎന്‍പിടിയുമായി ചേര്‍ന്ന് മത്സരിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിന് 35 ശതമാനത്തോളം വോട്ട് അന്ന് ലഭിച്ചതെന്നും ബല്‍റാം പറയുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുമായുള്ള താരതമ്യമാണ് കൂടുതല്‍ യുക്തിസഹമായിട്ടുള്ളതെന്നാണ് ബല്‍റാം പറയുന്നത്.

http://www.azhimukham.com/edit-endof-cpim-rule-and-bjp-victory-in-tripura/

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമാണ് ത്രിപുരയിലെ തോല്‍വിയ്ക്ക് കാരണമെന്ന ഒരു വസ്തുത ബല്‍റാം പറഞ്ഞുവയ്ക്കുന്നുണ്ടെങ്കിലും അവിടെയും കോണ്‍ഗ്രസിന് എന്തുകൊണ്ട് ആ അനുകൂല ഘടകത്തെ ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നില്ല. കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ നേടിയിരുന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഇക്കുറി ഒറ്റ സീറ്റ് പോലും നേടാനായില്ലെന്ന കയ്ക്കുന്ന യാഥാര്‍ത്ഥ്യത്തിന് നേരെ ബല്‍റാം കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു. സിപിഎമ്മിനെ ജനങ്ങള്‍ക്ക് മടുത്തെങ്കില്‍ അവര്‍ പകരം എന്തുകൊണ്ട് അക്രമ രാഷ്ട്രീയത്തിന്റെ മറ്റൊരു വക്താക്കളായ ബിജെപിയെ തന്നെ അവര്‍ തെരഞ്ഞെടുത്തുവെന്നതാണ് ബല്‍റാം കണ്ടില്ലെന്ന് നടിക്കുന്നത്. പൊറുതി മുട്ടിയ ജനങ്ങള്‍ അവസാനം ആരെയും സ്വീകരിക്കുമെന്ന നില വരുമെന്നാണ് നേരത്തെ ബംഗാളും ഇപ്പോള്‍ ത്രിപുരയും നല്‍കുന്ന പാഠമെന്നാണ് ബല്‍റാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ കോണ്‍ഗ്രസിനെ സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറയുന്നില്ല.

http://www.azhimukham.com/fbpost-how-to-deal-bjps-mass-social-media-propaganda-by-minesh-ramanunni/

ഇതിനെല്ലാമുപരി ശരിയായ പാഠം പഠിച്ച് തിരുത്തണമെന്ന് ബല്‍റാം സിപിഎമ്മിനെ ഉപദേശിക്കുന്നുമുണ്ട്. ജനസംഖ്യയില്‍ പകുതിയോളം ന്യൂനപക്ഷ സമുദായങ്ങളായ കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയാല്‍ ആ ഭീതിയില്‍ ന്യൂനപക്ഷങ്ങളെ എന്നും തങ്ങളോടൊപ്പം നിര്‍ത്താമെന്നും കേരളത്തിലെ അധികാരം എന്നും നിലനിര്‍ത്താമെന്നുമുള്ള ഹീനമായ സങ്കുചിത രാഷ്ട്രീയമാണ് കേരളത്തിലെ സിപിഎമ്മിന്റേതെന്ന വിചിത്രമായ തന്റെ കണ്ടെത്തലും ബല്‍റാം പങ്കുവയ്ക്കുന്നുണ്ട്. ഇതിനെ തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷവും കേരളം ത്രിപുരയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും ബല്‍റാം ആശങ്കപ്പെടുന്നു. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലും കോണ്‍ഗ്രസ് അപ്രസക്തമാകുകയും ചെയ്യുന്ന നാളുകളെക്കുറിച്ചുള്ള ആശങ്കയാണ് ബല്‍റാമിന്റെ ഈ വാക്കുകളില്‍ തെളിയുന്നത്. അതിന് അദ്ദേഹം കുറ്റക്കാരാകുമെന്ന് ഇപ്പോഴേ കണ്ടെത്തുന്നതാകട്ടെ സിപിഎമ്മിനെയും.

http://www.azhimukham.com/updates-tripura-assembly-election-result/

ആരുടെ വോട്ട്? എങ്ങനെ പോയി? എന്നതല്ല എന്തുകൊണ്ട് പോയി എന്നാണ് അഭിസംബോധന ചെയ്യേണ്ട മുഖ്യ ചോദ്യം. പകരം ചരിത്ര താളുകളിലേക്കും വോട്ടുകളുടെ ഗണിത കൌതുകത്തിലേക്കും അഭിരമിക്കുകയാണ് രണ്ട് നേതാക്കളും. ത്രിപുരയില്‍ നിന്നുവരുന്ന വിലയിരുത്തല്‍ ശരിയാണെങ്കില്‍ അവിടത്തെ 25 വയസ്സിന് മുകളിലും താഴെയുമുള്ള ബഹുഭൂരിപക്ഷം യുവത്വവും ബിജെപിയുടെ കൂടെ നിന്നു എന്നു വേണം കരുതാന്‍. എന്തുകൊണ്ടാണ് തങ്ങളുടെ പാര്‍ട്ടികള്‍ക്ക് യുവത്വത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത് എന്നാണ് ഈ യുവ നേതാക്കള്‍ സ്വയം ചോദിക്കേണ്ടത്. യുവാക്കളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അഭിസംബോധന ചെയ്യാന്‍ കഴിയാത്തിടത്തോളം കുറുക്കു വഴികളിലൂടെ ബിജെപി അവരെ കൂട്ടിലാക്കും എന്നാ യാഥാര്‍ഥ്യമാണ് ഇവര്‍ തിരിച്ചറിയാത്തത്.

http://www.azhimukham.com/opinion-tripura-defeat-a-lesson-to-cpm-and-congress-writes-ka-antony/


Next Story

Related Stories