TopTop
Begin typing your search above and press return to search.

ശബരിമലയിൽ നടക്കുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സവർണ്ണ അഴിഞ്ഞാട്ടമാണ്: ബിന്ദു തങ്കം കല്യാണി/ അഭിമുഖം

ശബരിമലയിൽ നടക്കുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സവർണ്ണ അഴിഞ്ഞാട്ടമാണ്: ബിന്ദു തങ്കം കല്യാണി/ അഭിമുഖം
ശബരിമല സ്ത്രീ പ്രവേശന വിധി വന്നതിന് ശേഷം മലകയറിയ സ്ത്രീകളിൽ ഒരാൾ ആയിരുന്നു ബിന്ദു തങ്കം കല്യാണി. സംഘപരിവാർ ഭീക്ഷണിക്ക് മുൻപിൽ താൽകാലികമായി പിൻവാങ്ങിയെങ്കിലും പിന്നീട് വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും നിരന്തരമായി ആർ എസ് എസ് -സംഘപരിവാർ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. എത്ര ഭീഷണികള്‍ ഉണ്ടായാലും അയ്യപ്പ ദർശനം നടത്തുമെന്ന നിലപാടിൽ തന്നെയാണ് അവർ. സ്കൂൾ അധ്യാപികയും ദളിത് ആക്ടിവിസ്റ്റുമായ ബിന്ദു തങ്കം കല്യാണിയുമായി തൃശൂർ ചേതന കോളേജിലെ മാധ്യമ വിദ്യാർത്ഥി ശീതൾ എം.എ നടത്തിയ അഭിമുഖം.


സുപ്രീംകോടതി വിധിയെ തുടർന്ന് ആണ് ബിന്ദു തങ്കം കല്യാണി ശബരിമലയിൽ പോകാൻ തയ്യാറായത് , അന്ന് മുതൽ നിരവധി ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് , ഇതൊക്കെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉള്ള അയ്യപ്പ ഭക്തരുടെ വികാരം ആയി കണക്കാക്കാൻ പറ്റുമോ ?

ഭക്തരാരും തന്നെ ആദ്യം ഞങ്ങളെ തടഞ്ഞിരുന്നില്ല, പമ്പ കഴിഞ്ഞപ്പോൾ തന്നെ ഭക്തർക്ക് മനസ്സിലായിരുന്നു, ഞങ്ങൾ മലകയറുമെന്നത് കലാപകാരികൾ വന്ന് ഇവരെ തടയൂ, നമ്മൾ നോക്കി നിൽക്കരുത് സ്ത്രീകൾ മലകയറുവാൻ പാടില്ല, ഇത് ആചാര ലംഘനമാണെന്നൊക്കെ പറഞ്ഞ് ശരിയായ ഭക്തരെ പ്രലോഭിപ്പിച്ചാണ് അവർ കലാപം ഉണ്ടാക്കിയത്. ഭക്തരെന്ന് പറയുന്നവർ എല്ലാ അർത്ഥത്തിലും സംഘപരിവാർ ഗുണ്ടകളാണ്.


നേരിട്ട് ആക്രമിക്കാൻ ശ്രമിക്കുക, വീട് കയറി ആക്രമിക്കുക, പഠിപ്പിക്കുന്ന സ്കൂളിൽ നിരന്തരം സമരങ്ങളുമായി എത്തുക, ഇത്തരം സംഘപരിവാർ ഭീക്ഷണികളെ എങ്ങനെ ആണ് നേരിടാൻ ഉദ്ദേശിക്കുന്നത് ?

കലാപകാരികൾ ഉദ്ദേശിക്കുന്നത് ഫാസിസമാണ്, എതിർക്കുന്നവരെ ഭയപ്പെടുത്തുക എന്നത് മാത്രമാണവരുടെ ലക്ഷ്യം. സ്കൂളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന എല്ലാവരെയും എനിക്കെതിരെ തിരിക്കാനും ഞാന്‍ എത്തിയതിനാലാണ് സ്കൂളിന് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് എല്ലാവരുടെ മനസിലും ചിന്തയുണ്ടാക്കാനുമാണ് ശ്രമം. ഇന്നലെ പകല്‍ സ്കൂളിലേക്ക് നാമജപ ഘോഷയാത്രയായിരുന്നു. സന്ധ്യ കഴിഞ്ഞ് വീടിന്‍റെ അവിടെ വന്ന് പ്രശ്നമുണ്ടാക്കി. കുഞ്ഞ് മകള്‍ ഭൂമിയും ഞാനും ഒറ്റയ്ക്ക് താമസിക്കുന്ന വീടിന്‍റെ മുന്നിലെത്തി തെറി വിളിയാണ്. സ്കൂളിന് മുന്നില്‍ പ്രതിഷേധം വന്നപ്പോഴും പൊലീസ് ഒന്നും ചെയ്തില്ല. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം വലിയ മാനസിക പ്രയാസമാണ് ഉണ്ടായിരിക്കുന്നത്.


ഞാന്‍ മലയ്ക്ക് പോകാന്‍ വേണ്ടി മാലയിട്ടിരുന്നു. സാധാരണ മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍ പോയി വന്ന ശേഷമാണ് അത് ഊരിവെയ്ക്കുക. കയറാന്‍ സാധിക്കാത്തതിനാല്‍ അങ്ങനെ അങ്ങ് ഊരാമോയെന്നുള്ള പേടി എനിക്കുണ്ട്.

ഇങ്ങനെ എല്ലാ തരത്തിലും ഉള്ള ആക്രമണങ്ങൾ പല ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുമ്പോഴും അയ്യപ്പനെ കാണാൻ തന്നെ ആണോ തീരുമാനം.

മണ്ഡലകാലത്ത് പോകുന്നതിനുള്ള സാഹചര്യവും സംരക്ഷണവും വിശകലനം ചെയ്ത്, ഇവയെല്ലാം അനുകൂലമാണെങ്കിൽ തീർച്ചയായും പോകും. ആദ്യം കയറാം എന്ന തീരുമാനം എടുത്തത് മടിച്ചു നിൽക്കുന്ന സ്ത്രീകൾക്കു കൂടി ഒരു ധൈര്യം വന്നോട്ടെ എന്ന ഉദ്ദേശത്തിലാണ്, മനസ്സിൽ ഭക്തിയോടെ മല കയറണമെന്ന ഒരു സാധാരണ സ്ത്രീയുടെ എല്ലാ മാനസീകാവസ്ഥയെയും തകർക്കുന്ന രീതിയിലാണവർ അവിടെ കലാപം ഉണ്ടാക്കിയത്. അതിനാൽ തന്നെ സുരക്ഷ ഉറപ്പാക്കിയതിനു ശേഷമാണ് ഇനി പോകുകയുള്ളൂ.


ശബരിമലയിൽ കയറാൻ ശ്രമിച്ച മറ്റ് സ്ത്രീകൾക്ക് ഉണ്ടായതിനെക്കാൾ കൂടുതൽ ആക്രമണങ്ങൾ നിങ്ങൾ നേരിട്ടിട്ടുണ്ട്, അത് ഒരു പക്ഷേ ദളിത് രാഷ്ട്രീയത്തോടുള്ള സംഘപരിവാർ ആക്രമണം കൂടി അല്ലെ ?

സംഘപരിവാൻ എതിർത്തവരെയൊക്കെ തന്നെ വ്യത്യസ്തമായ രീതിയിലൂടെയാണ് അക്രമിച്ചിരിക്കുന്നത്. സുനിൽ പി. ഇളയിടം പോലെയുള്ള വ്യക്തികൾക്കു നേരെ ഭീഷണികളും. രഹ്ന ഫാത്തിമയോടു അവർ ഒരു ഫെമിനിസ്റ്റാണ്, മുസ്ലീം ആണ് എന്ന രീതിയുലുമാണ് അവരെ ഭയപ്പെടുത്തുന്ന രീതിയിൽ വീടും ആക്രമിക്കുകയും ചെയ്തു. എന്നെ ദളിതരെന്ന രീതിയിൽ മാറ്റി നിർത്താൻ ശ്രമിക്കുക മാത്രമല്ല, ഞാൻ ദളിതയാണ് എനിക്കു വലിയ ബുദ്ധിയില്ല, എന്തിനധികം പറയുന്നു എന്റെ സ്കൂളിലുള്ള അധ്യാപകരെയും ഒരു പരിധിവരെ ഞാൻ ദളിതയാണെന്ന് പറഞ്ഞവർ മാറ്റി നിർത്താൻ ആഹ്വാനം ചെയ്തു. എന്നെ മാനസീകമായും എന്റെ ബന്ധുക്കളെ പോലും മാനസീകമായി ദളിതരെന്ന രീതിയിൽ നിരന്തരം ചൂഷണം ചെയ്യുന്നുണ്ട്‌. തീർച്ചയായും പരോക്ഷമായും പ്രത്യക്ഷമായും എന്നെയും, ദളിതരേയും ആക്രമിക്കുന്നു. എല്ലാ അർത്ഥത്തിലും ഇവിടെ നടക്കുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സവർണ്ണ അഴിഞ്ഞാട്ടമാണ്.


ബിന്ദു സക്കറിയ എന്ന തരത്തിൽ ക്രിസ്ത്യൻ പേര് ഉയർത്തുന്ന സംഘപരിവാർ അജണ്ട?

സംഘപരിവാറിന്റെ ആദ്യ അജണ്ട തെറ്റിദ്ധാരണ ഉണ്ടാക്കുകയെന്നാണ്,  അതിനാണ് ആദ്യം തന്നെ എന്റെ പേര് ബിന്ദു സക്കറിയയാക്കി അവർ മാറ്റിയതും. ക്രിസ്ത്യൻ സമൂഹത്തെയും ഒരേ സമയം തെറ്റിദ്ധരിപ്പിച്ച് മത സ്പർദ വളർത്തുക എന്നതാണ് ലക്ഷ്യം.എന്‍റെ കുടുംബത്തില്‍ ആരും ക്രിസ്തീയ മതവിശ്വാസികളല്ല. മതം മാറി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിട്ടുമില്ല. എന്‍റെ അച്ഛന്‍റെ പേര് വാസു എന്നാണ്. അമ്മ തങ്കമ്മ. വളര്‍ന്നതും പഠിച്ചതുമെല്ലാം ഹിന്ദു വിശ്വാസത്തിലാണ്. ബിന്ദുവിന്‍റെ കൂടെ സക്കറിയ എന്ന് ചേര്‍ക്കുന്നത് പോലും ഗൂഢലക്ഷ്യത്തോടെയാണ്.ക്രിസ്തീയ വിശ്വാസികളെ എനിക്ക് എതിരാക്കാനാണ് ഇത്. ബിന്ദു സക്കറിയ എന്ന് പറയുമ്പോള്‍ ക്രിസ്തീയ വിശ്വാസികള്‍ കരുതുമല്ലോ ഈ സ്ത്രീ എന്തിനാണ് അവിടെ പ്രശ്നമുണ്ടാക്കാന്‍ പോകുന്നത്, പള്ളിയില്‍ പോയാല്‍ പോരേ എന്ന്. ഈ ലക്ഷ്യം വച്ചാണ് ശോഭ സുരേന്ദ്രന്‍ അടക്കം ഈ പേര് വ്യാജമായി ഉപയോഗിക്കുന്നത്.


ഒരിക്കൽ കൂടി ആവർത്തിക്കുന്നു എന്‍റെ കുടുംബത്തില്‍ ആരും ക്രിസ്തീയ മതവിശ്വാസികളല്ല. മതം മാറി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിട്ടുമില്ല. എന്‍റെ അച്ഛന്‍റെ പേര് വാസു എന്നാണ്. അമ്മ തങ്കമ്മ. വളര്‍ന്നതും പഠിച്ചതുമെല്ലാം ഹിന്ദു വിശ്വാസത്തിലാണ്.

ശബരിമല വിഷയം ഹൈന്ദവ തലത്തിൽ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറുന്നുണ്ടോ?

തീർച്ചയായും അതിനുദാഹരണമായിട്ടാണല്ലോ സുപ്രീം കോടതി വിധിയെ ഇരുകൈയും നീട്ടി സ്വീകരിച്ച ആർ എസ് എസും സംഘപരിവാർ നേതാക്കളും പിന്നീട് അവരുടെ നിലപാടു മാറ്റി രാഷ്ട്രീയവൽക്കരിച്ചത്. ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം കപടഭക്തരെ സൃഷ്ടിച്ചും സംഘപരിവാർ പ്രതിനിധികളെയും ഉപയോഗിച്ച് വിശ്വാസം ആയുധമായെടുത്ത്, മതത്തെ മുൻനിർത്തി മാറ്റുക. കേരളത്തിൽ തൊട്ടാൽ പൊള്ളുന്ന വിഷയം മതമാണ് എന്നവർക്ക് വളരെ വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെയാണ് അയ്യപ്പ ഭക്തർ എന്ന വ്യാജേന ശബരിമലയിലും നിലയ്ക്കലും മറ്റു സ്ഥലങ്ങളിലും ആക്രമണം നടത്തുന്നത്.


ശബരിമല ക്ഷേത്രം ദളിതരുടെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

തീർച്ചയായും. ശബരിമല, പളനിമല തുടങ്ങി മലമുകളിൽ ദ്രാവിഡ സംസ്കാരമനുസരിച്ച് അല്ലെങ്കിൽ ശ്രേഷ്ഠമായ ഗോത്രവർഗ്ഗ സംസ്ക്കാര സ്വാഭാവമുള്ള എല്ലാ കോവിലുകളിലും സാമ്പത്തീകമായി മുന്നേറിയപ്പോൾ അഭ്യസ്ഥവിദ്യരായ ദളിതരേയും, മറ്റു താഴ്ന്ന ജാതീ സമുദായങ്ങളേയും സവർണ്ണർ തെറ്റിധരിപ്പിച്ച് കയ്യേറിയതാണ്. ഇത്തരത്തിലുള്ള കടന്നുകയറ്റത്തിന്റെ ഭാഗമായാണ് അയ്യപ്പനായിരുന്ന ഞങ്ങളുടെ പൂർവ്വീകൻ പീന്നീട് ശിവപുത്രനായതും, സവർണാധിപത്യഭാഗമെന്നോണം പന്തളം രാജകുടുംബമായതും., ഞങ്ങൾ ഞങ്ങളുടെ ചരിത്രത്തെ കുറിച്ച് ബോധവാന്മാരാണ് ചരിത്രം മറക്കുന്നത് ഇവിടുത്തെ സവർണാധിപത്യ ഭരണകൂടമാണ്. ദളിതരെ തെറ്റിദ്ധരിപ്പിക്കുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു.


ഈ ആക്രമണ സമയത്ത്‌ പോലീസിന്റെ ഇടപെടൽ ഏതു രൂപത്തിൽ ആയിരുന്നു?

കോഴിക്കോട് ആയിരുന്നപ്പോള്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കായിരുന്നു സുരക്ഷാ ചുമതല. പാലക്കാട്ടേക്ക് വന്നപ്പോള്‍ എസ്പി ഓഫീസിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങളെല്ലാം ചെയ്തു. ഇവിടെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാവില്ലെന്നാണ് പൊലീസ് പറഞ്ഞത്.സ്കൂളിന് മുന്നിലേക്ക് അവര്‍ പ്രതിഷേധവുമായി വരുന്നത് അറിഞ്ഞതോടെ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. പ്രകടനവും മുദ്രാവാക്യവുമൊക്കെ വരുമ്പോള്‍ കുഞ്ഞങ്ങള്‍ക്ക് അത്ര പ്രശ്നമാകും. അത് സ്കൂളിന്‍റെ അവസ്ഥ മോശമാക്കുമെന്നും പറഞ്ഞിരുന്നു.


പിന്നീട് വീടിന് മുന്നില്‍ തെറി വിളിയുമായി അവര്‍ എത്തിയപ്പോള്‍ പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും ലഭിച്ചില്ല. രാത്രി തന്നെ ഷോളയൂരും വിളിച്ചു. പെട്രോളിംഗിന് വരുന്ന സംഘം എത്തുമെന്ന് പറഞ്ഞിട്ട് ആരും ഇതുവരെ എത്തിയിട്ടില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയതാണ്. അവിടെ പരാതി ലഭിച്ചെന്ന് അറിയിപ്പ് കിട്ടിയെങ്കിലും ഇത് വരെ നടപടി ഒന്നുമുണ്ടായില്ല.

https://www.azhimukham.com/kerala-binduthankamkalyani-dalitwoman-faces-threat-for-trying-to-reach-sabarimala/

https://www.azhimukham.com/trending-we-are-proud-people-our-girls-are-not-wandering-for-sex-by-bindu-thankam-kalyani/

https://www.azhimukham.com/newswrap-abusive-speech-against-manojabraham-by-b-gopalakrishnan-and-threat-to-binduthankamkalyani-in-sabarimala-womenentry-issue-writes-saju/

Next Story

Related Stories