TopTop
Begin typing your search above and press return to search.

സക്കറിയയാണ് എനിക്ക് ജാമ്യം നിന്നത്; പ്രതിക്കൂട്ടില്‍ മറിയം റഷീദയും ഫൌസിയയുമുണ്ടായിരുന്നു-ശശികുമാര്‍

സക്കറിയയാണ് എനിക്ക് ജാമ്യം നിന്നത്; പ്രതിക്കൂട്ടില്‍ മറിയം റഷീദയും ഫൌസിയയുമുണ്ടായിരുന്നു-ശശികുമാര്‍

ഏഷ്യാനെറ്റ് സ്ഥാപകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം മേധാവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ശശികുമാര്‍ നമ്പി നാരായണന് അനുകൂലമായി വന്ന ഇന്നലത്തെ സുപ്രീകോടതി വിധിയെ കുറിച്ചു പ്രതികരിക്കുകയാണ് ഇവിടെ. ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കകാലത്ത് ചാരക്കേസ് കെട്ടിച്ചമച്ചതാണ് എന്ന നിലപാടുമായി നിരന്തരം വാര്‍ത്തകള്‍ ചെയ്തത് ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ജീവിതകാലം മുഴുവനും എന്ന് തന്നെ പറയാവുന്ന നിയമ പോരാട്ടത്തിലൂടെ, കേരള പോലീസിലെ നിക്ഷിപ്തതാത്പര്യക്കാർ അദ്ദേഹത്തിനെതിരെ നടത്തിയ ഹീനമായ വേട്ടക്കെതിരെ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നു. നിയമപരമായ വിചാരണ എന്ന നാട്യത്തിൽ അദ്ദേഹത്തെ കുറ്റകരമായി വേട്ടയാടിയവർ- ഇൻസ്‌പെക്ടർ എസ്.വിജയൻ, അയാളുടെ മേലുദ്യോഗസ്ഥൻ സിബി മാത്യൂസ്, കൂട്ടാളി ഡി വൈ എസ് പി ജോഷ്വാ പോലുള്ളവർ- അദ്ദേഹത്തിന്റെ മനസ്സിൽ മായ്ക്കാനാവാത്ത മുറിവുകൾ ഉണ്ടാക്കി. അവരദ്ദേഹത്തിന്റെ ജീവിതവും ലോകവും കീഴ്മേൽ മറിച്ചു. വലിയ സാധ്യതകൾ ഉണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനെ അവർ നശിപ്പിച്ചു. അവർ സ്വതന്ത്രരായി വിഹരിക്കുന്നു എന്നത് നീതിയെ പിന്നെയും കൊഞ്ഞനം കുത്തുന്നത് പോലെയാണ്.

നമ്പി നാരായണന്റെ ഈ തീവ്രമായ വിജയനിമിഷം എനിക്കും അഭിമാനകരമായ തിരിഞ്ഞുനോട്ടമാണ്. എന്തും വിശ്വസിക്കാൻ പാകത്തിലുള്ള കേരളത്തിലേയും ഇന്ത്യയിലെയും ജനതയുടെ മേൽ കൊണ്ടിറക്കിയ ഈ മഹാ വങ്കത്തത്തെ അങ്ങനെത്തന്നെ വിളിക്കാൻ ധൈര്യം കാണിച്ച 1990-കളുടെ പകുതിയിലുണ്ടായിരുന്ന ഏഷ്യാനെറ്റിലെ ഓരോ അംഗവുമായും ഞാനീ അഭിമാനവും കുറ്റവിമുക്തിയും പങ്കുവെക്കുന്നു. മലയാള മാധ്യമങ്ങളെല്ലാം ‘ഐ എസ് ആർ ഒ ചാരക്കേസ്’ ഒരു ചെകുത്താൻ കഥയാക്കി മാറ്റാൻ മത്സരിച്ചപ്പോൾ ഏഷ്യാനെറ്റ് മാത്രമായിരുന്നു ഈ കഥയുടെ കാപട്യം മണത്തതും ആ വിഷയത്തിലെ പൊതു ആഖ്യാനത്തിനെതിരെ നിന്നതും.

മാധ്യമപ്രവർത്തനത്തിലെ നീതി എന്താണെന്ന് കൃത്യമായി ധാരണയുള്ള, അത് ചാനലിൽ സധൈര്യം വിളിച്ചുപറയാൻ മടിയില്ലാതിരുന്ന നീലനായിരുന്നു അന്ന് വാർത്താ സംഘത്തിന്റെ തലവൻ. എന്റെ മുതിർന്ന സുഹൃത്തുക്കളും ചാനലിന്റെ ഉപദേഷ്ടാക്കളും ആയിരുന്ന, ഞാൻ ചീഫ് എഡിറ്റർ എന്ന നിലയിൽ ആശ്രയിച്ചിരുന്ന ബാബു ഭാസ്കറും പോൾ സക്കറിയയും ഈ ശുദ്ധ അസംബന്ധമായ ചാരക്കഥ വാർത്തയെന്ന പേരിൽ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കാൻ സഹായിച്ചു. അന്ന് ചാനലിന്റെ ഉപദേഷ്ടാവും ആഴ്ച്ചതോറും കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്ന ടി. എൻ. ഗോപകുമാർ ഈ വിഷയം തന്റെ പരിപാടിയിൽ ഉൾപ്പെടുത്താൻ എന്നോട് അനുവാദം ചോദിക്കുകയും ഞാൻ ഉടൻ തന്നെ സമ്മതിക്കുകയും ചെയ്തു. ഇതെല്ലാമായിരുന്നു എങ്കിലും ഈ ആരോപണം വ്യാജമാണെന്ന ഞങ്ങളുടെ നിലപാടും ധാരണയും ശരിയല്ല എന്ന് വന്നാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് എനിക്ക് സ്വകാര്യമായി ആശങ്കകൾ ഉണ്ടായിരുന്നു. എല്ലാവരും പറയുന്നതിന് എതിരെ പറയുന്നവർ മാധ്യമമായി നിലനിൽക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല.

ഇതുമാത്രമല്ല, എൽ ഡി എഫ് അധികാരത്തിൽ വന്നപ്പോൾ, സി ബി ഐ കഴമ്പില്ല എന്ന് അന്വേഷിച്ചു കണ്ടെത്തിയ കേസ് വീണ്ടും തുറക്കുകയും, (എന്റെ ഓർമ്മ ശരിയാണെങ്കിൽ) 1996-ൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞു കേരള പോലീസ് ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഞങ്ങളാണെങ്കിൽ ഞങ്ങളുടെ വാർത്തകളിലൂടെയും വാർത്താധിഷ്ഠിത പരിപാടികളിലൂടെയും, ചാരക്കേസ് എന്നത് പാവപ്പെട്ട മാലിദ്വീപ് വനിതകളായ മറിയം റഷീദയ്ക്കും ഫൗസിയക്കും, നമ്പി നാരായണനെ പോലുള്ളവർക്കും എതിരെ കേരള പോലീസ് കെട്ടിച്ചമച്ച ഒരു കള്ളക്കഥയാണെന്ന് അവകാശപ്പെടുകയും വാദിക്കുകയും ചെയ്തുകൊണ്ട് കേരള പൊലീസിനെ പ്രത്യക്ഷമായിത്തന്നെ അപമാനിക്കുകയായിരുന്നു.

കേരള പൊലീസിലെ ചില നിക്ഷിപ്ത താത്പര്യക്കാർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോവുകയാണെന്നു, അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരെ കണ്ട് മനസിലാക്കിപ്പിക്കാൻ കൂടി ഞാൻ ശ്രമിച്ചു. പക്ഷെ വാസ്തവത്തിൽ ഒരു ചാരവൃത്തി നടന്നിട്ടുണ്ടെന്നും അത് തെളിയിക്കേണ്ടതുണ്ടെന്നും പൊലീസ് കരുതുന്നതായാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു മുൻകരുതൽ എന്ന നിലയിൽ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ച എനിക്ക് മാനഷ്ടക്കേസിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം കിട്ടി. പോൾ സക്കറിയ ആയിരുന്നു എന്റെ ജാമ്യക്കാരൻ. ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ച ദിവസം എനിക്കൊപ്പം പ്രതിക്കൂട്ടിൽ മറിയം റഷീദയും ഫൗസിയയും ഉണ്ടായിരുന്നു. കേസിനു ലഭിച്ച വമ്പൻ പ്രചാരണം മൂലം അവരുടെ പേരുകൾ കേരളത്തിലെങ്ങും സുപരിചിതമായിക്കഴിഞ്ഞിരുന്നു.

ഐ എസ് ആർ ഒ ചാരക്കേസ് എന്ന കെട്ടുകഥ തകർത്തുകൊണ്ട് ഏഷ്യാനെറ്റ് അതിന്റെ വാർത്താവതരണത്തിൽ ഉജ്വലമായ ഒരു അധ്യായമാണ് അവശേഷിപ്പിച്ചത്. തടവിലായിരുന്ന മറിയം റഷീദയുമായി ഞങ്ങളുടെ ഡയാന സിൽവസ്റ്റർ ഒരു അഭിമുഖം നടത്തി; നമ്പി നാരായണനുമായി നീലൻ അഭിമുഖം നടത്തി. നീലനെന്നെ ഓർമ്മിപ്പിക്കാറുള്ളതുപോലെ, സ്വന്തമായിട്ടായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. അങ്ങനെ ഓർമ്മകൾ തിരകളും ചുഴികളുമായി തള്ളിവരുന്നു. കഴിഞ്ഞകാലങ്ങളിലെ ആ പ്രകാശോജ്വലമായ പാത തെളിച്ചവർക്കു ഞാൻ ചുരുട്ടിയ മുഷ്ടിയോടെ ഒരഭിവാദ്യമർപ്പിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories