TopTop
Begin typing your search above and press return to search.

ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ്: ടി ടി ശ്രീകുമാർ നടത്തുന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണം

ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ്: ടി ടി ശ്രീകുമാർ നടത്തുന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണം
പ്രകൃതി ചികിത്സകൻ ജേക്കബ്ബ് വടക്കാഞ്ചേരിയെ അറസ്റ്റുചെയ്ത നടപടിയ്‌ക്കെതിരെ വിയോജിപ്പുമായി അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി.ടി ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. ജേക്കബ്ബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ടി.ടി ശ്രീകുമാര്‍ പറയുന്നു. ആധുനിക മരുന്നുകള്‍ക്കെതിരായിരുന്നു എന്നും ജേക്കബ്ബ് വടക്കാഞ്ചേരിയെന്നും വാക്‌സിനേഷന്‍, ആന്റി വൈറസ് ചികിത്സകള്‍, അതിന്റെ ചൂഷണ വ്യവഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ അദ്ദേഹം എതിര്‍ത്തിരുന്നെന്നും ടി.ടി ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ ടി ടി ശ്രീകുമാർ, പി കെ പോക്കർ, പ്രതാപ് ജോസഫ്, അടക്കം ഉള്ളവർ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. വ്യാപകമായ പ്രതിഷേധങ്ങളാണ് ടി ടി ശ്രീകുമാറിന്റെ പോസ്റ്റിനെതിരെ നവമാധ്യമങ്ങളിൽ ഉയർന്നു വന്നത്. ഇൻഫോ ക്ലിനിക് അഡ്മിനും, ഡോക്ടറുമായ ജിനേഷ് പി എസ് എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ടി ടി ശ്രീകുമാർ പറഞ്ഞിരിക്കുന്നത് വാക്സിനേഷനും ആൻറിവൈറസ് ചികിത്സയും വാണിജ്യവൽക്കരണവും അടക്കം ആധുനിക വൈദ്യശാസ്ത്രത്തിന് എതിരായ നിലപാട് സ്വീകരിച്ചതിനാണ് ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തത് എന്നാണ്.

വളരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്.

പ്രളയ ശേഷം പടർന്നുപിടിക്കുന്ന മരണ നിരക്ക് കൂടിയ അസുഖങ്ങളിലൊന്നാണ് എലിപ്പനി. എലിപ്പനി പകർച്ചബാധ ഒഴിവാക്കാനായി സർക്കാർ സ്വീകരിച്ച നയങ്ങളെ എതിർത്ത്, ഒരു മാരക രോഗം പടരാൻ കാരണമാകുന്ന തെറ്റിദ്ധാരണ പടർത്തി എന്നതാണ് ഇയാൾ ചെയ്ത തെറ്റ്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരും സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ പഠനം നടത്തിയ വിദഗ്ധരും അടങ്ങിയ സമിതി രൂപീകരിച്ച നയങ്ങളാണ് പ്രളയാനന്തര എലിപ്പനി പകർച്ചയ്ക്ക് എതിരായി നടപ്പിലാക്കിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ആധുനിക വൈദ്യശാസ്ത്രമോ വാക്സിനേഷനോ ഇതിലൊരു ഭാഗം പോലുമല്ല. എലിപ്പനിക്ക് വാക്സിൻ സ്വീകരിക്കണമെന്ന് ആധുനിക വൈദ്യശാസ്ത്രമോ സർക്കാരോ പറഞ്ഞിട്ടുമില്ല.

രോഗ പ്രതിരോധ മാർഗങ്ങളെ കുറിച്ച് വ്യക്തമായ പ്രോട്ടോകോൾ സർക്കാർ പുറത്തിറക്കിയിരുന്നു. കെട്ടിക്കിടക്കുന്ന / മലിന ജലത്തിൽ നിന്നും എലിപ്പനി പരത്തുന്ന രോഗാണു ശരീരത്തിൽ കയറാൻ സാധ്യതയുണ്ടെന്നും അതിനാൽ അതുമായി ഇടപഴകുന്നവർ ശ്രദ്ധിക്കണമെന്നും ബൂട്ടുകൾ കൈയുറകൾ തുടങ്ങിയ വ്യക്തിഗത പ്രതിരോധമാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നതടക്കമുള്ള സർക്കാർ നിർദ്ദേശങ്ങൾ പത്രമാധ്യമങ്ങളിൽ വന്നിരുന്നു.

അതുപോലെതന്നെ മരണ നിരക്ക് താരതമ്യേന ഉയർന്ന എലിപ്പനിയെ പ്രതിരോധിക്കാൻ ഡോക്സിസൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്നും പ്രോട്ടോകോളിൽ പറഞ്ഞിട്ടുണ്ട്. ഗുളിക വിഷമാണെന്നും അത് കഴിക്കരുതെന്നും പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് വടക്കഞ്ചേചേരി ചെയ്തത്. ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിൽ ഇത്തവണ എലിപ്പനി ബാധിച്ച് കുറച്ചുപേർ മരണമടഞ്ഞിട്ടുണ്ട്. അവരാരും പ്രോട്ടോക്കോളിൽ പറഞ്ഞ പ്രകാരം ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക കഴിച്ചിരുന്നില്ല. ഇത് മറക്കാൻ പാടില്ല.

ഒരു പകർച്ചവ്യാധി സംക്രമണം തടയുക എന്നത് സർക്കാരിൽ നിക്ഷിപ്തമായ കടമയാണ്. അതിനെ തുരങ്കം വെക്കാൻ ശ്രമിക്കുന്നതിനാലാണ് വടക്കഞ്ചേരിക്കെതിരെ നടപടിയെടുത്തത്. ഇതിൽ ആധുനിക വൈദ്യശാസ്ത്രത്തെയും വാക്സിനേഷനെയും ഒന്നും കൂട്ടി കെട്ടുന്നതിൽ ഒരർത്ഥവുമില്ല. വിഷയം വെറുതെ വളച്ചൊടിച്ച് സർക്കാരിനെതിരെ ആരോപണമുന്നയിക്കാം എന്നുമാത്രം.

ഈ വടക്കൻചേരി പ്രചരിപ്പിച്ച വാക്സിൻ വിരുദ്ധതയിൽ വിശ്വസിച്ച ചില മാതാപിതാക്കൾ വാക്സിനേഷൻ നൽകാത്തത് മൂലം ഡിഫ്തീരിയ മൂലം മരണമടഞ്ഞ കുഞ്ഞുങ്ങളുണ്ടായിരുന്നീ കേരളത്തിൽ. പക്ഷേ അതൊന്നും ഇന്നത്തെ ഈ കേസിൽ ഒരു കാരണമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സത്യത്തിൽ ആ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയത് വടക്കഞ്ചേരിരിയെ പോലുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ്. പക്ഷേ അതും ഇന്നത്തെ ഈ കേസുമായി കൂട്ടിക്കെട്ടുന്നത് തികച്ചും തെറ്റിദ്ധാരണാ ജനകമാണ്.

ഇന്ത്യൻ പീനൽ കോഡ് 505, 426, കേരള പോലീസ് ആക്ട് ബി, സി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത എനിക്കും ലഭിക്കേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്നവർ ഉന്നതമായ നൈതിക മൂല്യങ്ങൾ പുലർത്തണമെന്നും അമിതലാഭേച്ഛ ഒഴിവാക്കണമെന്നും എനിക്കും അഭിപ്രായമുണ്ട്. അത് കൃത്യമായ വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും ഉന്നയിക്കുന്നുമുണ്ട്.

പക്ഷേ, ഒരു എപ്പിഡെമിക് സാധ്യത തടയാനായി സമൂഹം കയ്യും മെയ്യും മറന്ന് പൊരുതിക്കൊണ്ടിരിക്കുമ്പോൾ, വിഡ്ഢിത്തരങ്ങളും തെറ്റിദ്ധാരണകളും പടർത്തിക്കൊണ്ട് മരണങ്ങൾ വിതയ്ക്കാനും കൊയ്യാനും ശ്രമിക്കുന്നവരെ ന്യായീകരിക്കരുത്. ഇത്തരം ന്യായ വൈകല്യങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമാണ് വടക്കഞ്ചേരിരിയും ഇതുവരെ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്.

താങ്കളുടെ വർഷങ്ങളായുള്ള സുഹൃത്തിന് ഇത്രയെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെയൊരവസ്ഥ വരില്ലായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories