ട്രെന്‍ഡിങ്ങ്

എഐഎഡിഎംകെ ശശികലയെയും ദിനകരനെയും പുറത്താക്കി: ജയലളിത വീണ്ടും ജനറല്‍ സെക്രട്ടറി!

Print Friendly, PDF & Email

എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ് തീരുമാനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്

A A A

Print Friendly, PDF & Email

ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയെയും ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്ന് ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് തീരുമാനം. പാര്‍ട്ടിയില്‍ നിന്നും ഇരുവരും വഹിച്ച സ്ഥാനങ്ങളില്‍ നിന്നുമാണ് നീക്കം ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം അവസാനം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ എല്ലാക്കാലത്തേക്കും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്താനും പാര്‍ട്ടി തീരുമാനിച്ചു.

എഐഎഡിഎംകെയുടെ രണ്ട് വിഭാഗങ്ങളും നേരത്തെ ഒത്തുതീര്‍പ്പിലാകുകയും ലയിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ തന്നെ ശശികല പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനത്തോടെ തമിഴ്‌നാട് സര്‍ക്കാര്‍ വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷമായ ഡിഎംകെ സര്‍ക്കാരിനോട് വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ പിന്തുണ അവര്‍ക്കില്ലെന്നതാണ് പ്രശ്‌നം. ടിടിവി ദിനകരനും സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സൂചന നല്‍കി കഴിഞ്ഞു. ശശികല പക്ഷത്തുള്ള 18 എംഎല്‍എമാരും യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. അതേസമയം ഈ തീരുമാനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി ആവശ്യമുണ്ട്. നേരത്തെ യോഗത്തിനെതിരെ ശശികല അനുകൂലികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് യോഗതീരുമാനങ്ങള്‍ക്ക് ഹൈക്കോടതി അനുമതി ആവശ്യമാണെന്ന് വ്യവസ്ഥയുള്ളത്. ഒക്ടോബര്‍ 23ന് ഈ കേസില്‍ അടുത്ത വാദം കേള്‍ക്കുമ്പോഴാകും ഹൈക്കോടതി തീരുമാനങ്ങളിന്മേലുള്ള വിധി പ്രഖ്യാപിക്കുക.

കഴിഞ്ഞമാസം മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെയും ഒ പനീര്‍സെല്‍വത്തിന്റെയും കീഴിലുള്ള വിഭാഗങ്ങള്‍ ഒന്നിച്ചതോടെ ഏകദേശം രണ്ടായിരത്തോളം പാര്‍ട്ടി അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഒപിഎസിനെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത യോഗം പതിനൊന്നംഗ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായും അദ്ദേഹത്തെ നിയമിച്ചു. ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒപിഎസിന്റെ മുഖ്യ ലയന വ്യവസ്ഥയായിരുന്നു ശശികലയെ പുറത്താക്കണമെന്നത്. ഈവര്‍ഷം ആദ്യം ശശികല ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയപ്പോഴാണ് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞത്.

ഡിസംബറില്‍ ജയലളിത മരിച്ചതിനെ തുടര്‍ന്നാണ് തോഴി ശശികല പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ജയലളിതയ്ക്ക് പകരം മുമ്പും പല സാഹചര്യങ്ങളിലും മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഒപിഎസ് അന്ന് സര്‍ക്കാരിന്റെ നേതൃത്വവും ഏറ്റെടുത്തു. ഇപിഎസിന് മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഒപിഎസ് ഉപമുഖ്യമന്ത്രിയാകാമെന്ന് സമ്മതിച്ചത് പാര്‍ട്ടിയുടെ നേതൃത്വവും വേണമെന്ന നിബന്ധനയോടെയാണ്. ശശികലയെയും ദിനകരനെയും പുറത്താക്കിയതോടെ 19 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ദിനകരന്‍ പ്രതിപക്ഷമായ ഡിഎംകെയ്ക്ക് ഒപ്പം ചേരാനാണ് നീക്കം. ഡിഎംകെയാകട്ടെ മുഖ്യമന്ത്രി ഇപിഎസിനോട് വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെടാനിരിക്കുകയാണ്. ഞായറാഴ്ച ദിനകരനൊപ്പം ഗവര്‍ണറെ കണ്ട ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ തങ്ങള്‍ക്ക് 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ജയലളിതയുടെ മരണത്തിന് ശേഷം 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേരുടെ പിന്തുണയാണ് വേണ്ടത്.

അതേസമയം ദിനകരപക്ഷത്തുള്ള ഒമ്പത് എംഎല്‍എമാരുടെ കൂടി പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഐക്യ എഐഎഡിഎംകെ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ നിയമസഭയിലെ അവരുടെ അംഗസംഖ്യ 124 ആയിരിക്കും. ഭരണം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍