വായന/സംസ്കാരം

വയലാറിനോട് മാത്രമല്ല, ദേവരാജന്‍ മാസ്റ്ററോടും യേശുദാസ് അനീതി കാട്ടി: മാധ്യമപ്രവര്‍ത്തകന്‍ എസ് രാജേന്ദ്രബാബു

യേശുദാസിന്റെ സന്ദേശം വായിച്ചയുടന്‍ ദേവരാജന്‍ മാസ്റ്റര്‍ തളര്‍ന്നു വീണു

ഗായകന്‍ യേശുദാസ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററോട് കാണിച്ച അന്യായങ്ങള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍ എസ്. രാജേന്ദ്രബാബു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് യേശുദാസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ ദേവരാജന്‍ മാഷിനെ രോഗശയ്യലില്‍ വരെ കൊണ്ടെത്തിച്ചെന്നാണ് രാജേന്ദ്ര ബാബു സഫാരി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘ ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ പറയുന്നത്. ദേവരാജന്‍ സിനിമ പിന്നണിഗാനരംഗത്തേക്ക് കൊണ്ടുവന്ന ഗായികയ ലതികയുടെ സഹോദരന്‍ കൂടിയായ രാജേന്ദ്രബാബുവിന് ദേവരാജന്‍ മാഷുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. മാഷ് തന്നെ തന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും രാജേന്ദ്രബാബു പറയുന്നുണ്ട്.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുക എന്നത് ദേവരാജന്‍ മാഷിന്റെ ആഗ്രഹമായിരുന്നു. ആ സമയം സിനിമ സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ആഘോഷത്തിനു പിന്നില്‍ മാഷിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. പരിപാടിയില്‍ നിന്നും കിട്ടുന്ന വരുമാനം അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുക; രാജേന്ദ്ര ബാബു പറയുന്നു.

ഈ സംഗീത പരിപാടിയിലെ പ്രധാനിയായി നിശ്ചയിച്ചിരുന്നത് യേശുദാസിനെയായിരുന്നു. എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ യേശുദാസ് തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു യേശുദാസിന്റെ സന്ദേശം വരുന്നത്. അതേസമയം തന്നെ തനിക്ക് ഗള്‍ഫില്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോകേണ്ടതുണ്ടെന്നും ഇവിടുത്തെ പരിപാടി മാറ്റിവയ്ക്കണം എന്നുമായിരുന്നു ആവശ്യം. ഗാനരചിയതാക്കളായ കെ ജയകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി) ബിച്ചു തിരുമല, ദേവരാജന്‍ മാഷ് എന്നിവരൊക്കെ കമ്മിറ്റി യോഗത്തില്‍ ഉണ്ടായിരുന്നു. യേശുദാസിന്റെ സന്ദേശം വായിച്ചതോടെ ദേവരാജന്‍ മാഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു. ആ വീഴ്ച്ചയില്‍ ഏറെനാള്‍ രോഗശയ്യയില്‍ മാഷിന് കഴിയേണ്ടി വന്നുവെന്നും രാജേന്ദ്ര ബാബു പറയുന്നു.

ആരോഗ്യം വീണ്ടെടുത്ത് ദേവരാജന്‍ മാഷ് തിരിച്ചെത്തിയതിനു പിന്നാലെ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലി ക്യാപ്റ്റനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന രീതിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

പരിപാടിയുടെ വരുമാനവുമായി ബന്ധപ്പെട്ടാണ് യേശുദാസില്‍ നിന്നും ദേവരാജന്‍ മാഷിന് അടുത്ത തിരിച്ചടി കിട്ടുന്നതെന്നു രാജേന്ദ്രബാബു. പരിപാടിയില്‍ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാര്‍ക്കായി ഉപയോഗിക്കാനായിരുന്നു മാഷിന്റെ ലക്ഷ്യം. പരിപാടിയുടെ ഓഡിയോ വീഡിയോ അവകാശം വാങ്ങുന്നതിന്‍ പ്രകാരം ജോണി സാഗരിക 16 ലക്ഷം രൂപ നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നതാണ്. എന്നാല്‍ ഓഡിയോ വീഡിയോ അവകാശം തനിക്ക് തന്നെ വേണമെന്ന് യേശുദാസ് നിര്‍ബന്ധം പിടിക്കുകയും തനിക്കത് കിട്ടാത്ത പക്ഷം പരിപാടിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെ മറ്റൊരു വഴിയില്ലാതായി. ജോണി സാഗരിക 16 ലക്ഷം നല്‍കാമെന്നു സമ്മതിച്ചിടത്ത് യേശുദാസ് അവകാശം വാങ്ങിയെടുത്തത് വെറും എട്ടു ലക്ഷം രൂപയ്ക്കായിരുന്നുവെന്നും രാജേന്ദ്രബാബു പറയുന്നു.

പറഞ്ഞ തുക മുഴുവന്‍ നല്‍കാനും യേശുദാസ് തയ്യാറായില്ലെന്ന വെളിപ്പെടുത്തലും രാജേന്ദ്രബാബു നടത്തുന്നുണ്ട്. ഈ പരിപാടി നടത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് യേശുദാസ് ദേവരാജന്‍ മാഷെ കാണാന്‍ എത്തുന്നത്. അന്ന് പറഞ്ഞതുപോലെയൊന്നും ചെയ്യാന്‍ പറ്റുന്നില്ല മാഷേ, സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ട് ഇത് സ്വീകരിക്കണമെന്നു പറഞ്ഞ് ഒരു കവര്‍ മാഷിനു നേരെ നീട്ടി. ഒന്നും മിണ്ടാതെ കവര്‍ വാങ്ങി തുറന്നു നോക്കുമ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക്. യേശുദാസ് മാഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് അദ്ദേഹം യേശുദാസിനെ വിളിച്ചു. പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത്, അത് സാഹായിക്കും എന്നു പറഞ്ഞ് മാഷ് തന്റെ മുറിയിലേക്ക് പോവുകയായിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം ദേവരാജന്‍ മാസ്റ്ററുടെ ഭാര്യക്ക് അറിവുള്ളതാണെന്നും എസ് രാജേന്ദ്ര ബാബു പറയുന്നു.

കാലില്‍ പറ്റാത്ത ചെളി താങ്കളുടെ മനസില്‍ പറ്റിയിട്ടുണ്ട് ഗന്ധര്‍വാ…

വയലാറിനോട് നന്ദികേട്; എന്റെ പുലിമുരുകന്‍ ഇമേജ്‌ അങ്ങനെയിരുന്നോട്ടെയെന്നു യേശുദാസ്

മലയാള സിനിമാ ഗാന ലോകം ചിറയിന്‍കീഴ് മനോഹരനോട് ചെയ്തത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍