ട്രെന്‍ഡിങ്ങ്

ഉണ്ട്, ഞാനാ ജഡ്ജിയെ കണ്ടിട്ടുണ്ട്; രാജസ്ഥാന്‍ ജഡ്ജിയെ കണ്ട മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ

ത്രേതായുഗത്തില്‍ എന്നെ കണ്ട കാര്യം കൃത്യമായി ഓര്‍മയുണ്ടെങ്കിലും ബീഫ് തിന്നരുത് എന്ന് ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞതെന്ന് മാത്രം ജഡ്ജിക്ക് ഓര്‍മയില്ല

മയില്‍ ബ്രഹ്മചാരി ആയതുകൊണ്ടാണ് ദേശീയ പക്ഷിയായി പ്രഖ്യാപിച്ചതെന്നും ആണ്‍മയില്‍ പെണ്‍മയിലുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയാണ് പ്രത്യുല്‍പ്പാദനം നടക്കുന്നതെന്നും പെണ്‍മയില്‍ ആണ്‍ മയിലിന്റെ കണ്ണുനീര്‍ കുടിക്കുമ്പോഴാണ് ഗര്‍ഭം ധരിക്കുന്നതെന്നുമുള്ള രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ്മയുടെ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. അതിനിടെയാണ് ഈ ജഡ്ജിയെ താന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തു വന്നത്. മീഡിയ വണ്‍ ചാനലിന്റെ ഡല്‍ഹി തലവനായ എ. റഷീദുദീനാണ് ജഡ്ജിയുമായുള്ള ‘പരിചയം’ ഫേസ്ബുക്കില്‍ പങ്കുവച്ചത്. റഷീദുദീന്റെ പോസ്റ്റിലേക്ക്.

ആ ജഡ്ജിയെ ഞാന്‍ നേരിട്ട് ‘അനുഭവിച്ചി’ട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ സിഎന്‍എന്‍-ഐബിഎന്നില്‍ സാക്ക ജേക്കബുമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ്, ദൈവമേ ഇത് ആ ജഡ്ജി ആണല്ലോ എന്ന് ഓര്‍മ വന്നത്….

ക്യാമറാമാന്‍ രെജിത്തിന്‍റെ കൂടെ ജയ്‌സാല്‍മീറിലേക്കുള്ള യാത്രക്കിടെയിലാണ് ജയ്പൂരില്‍ നിന്നും ജോധ്പൂര്‍ വരെ ഇദ്ദേഹം ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നത്. നിങ്ങളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായി ചോദ്യം. കക്ഷി ആരാണെന്നു ഒരു പിടുത്തവും അപ്പോള്‍ ഞങ്ങള്‍ക്കില്ല. ഒപ്പം ഒരു ഗണ്മാന്‍ ഉള്ളത് കൊണ്ട് വിഐപി ആണെന്ന് മാത്രം മനസ്സിലായി. പിന്നീട് അദ്ദേഹം തന്നെ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഈ വഴിക്കൊന്നും അങ്ങനെ യാത്ര ചെയ്യുന്ന ആളല്ല, കേരളത്തില്‍ നിന്നാണ് എന്ന് ഭവ്യതയോടെ മറുപടി പറഞ്ഞു.

“അല്ല. അത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവില്ല. ത്രേതായുഗത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. അന്ന് നിങ്ങള്‍ എന്നോടൊപ്പം ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ടാവണം. അല്ല, ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങളുടെ മുഖം ഇത്ര പരിചിതമായി തോന്നുന്നത്.” കാലം എങ്ങനെ ഒരേ മട്ടില്‍ ആവര്‍ത്തിക്കുന്നു എന്ന് വളരെ വിശദമായ ഒരു സ്റ്റഡീ ക്ലാസ് പുള്ളി എടുത്തു തന്നു. ത്രേതായുഗത്തില്‍ നമ്മുടെ യാത്രാ വാഹനം ടൂ-ടയര്‍ ഉള്ള തീവണ്ടി തന്നെ ആയിരുന്നോ എന്ന് എനിക്ക് അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ജഡ്ജി ആയതു കൊണ്ട് ഉടക്കാന്‍ പോയില്ല.

ഇങ്ങനെയുള്ള ആളുകള്‍ എങ്ങനെയാണ് നിയമത്തിന്‍റെയും യുക്തിബോധത്തിന്‍റെയും മുടിനാരിഴ കീറി കേസുകള്‍ വിധി പറഞ്ഞത് എന്ന സംശയം ഇപ്പോള്‍ ഒരു പടി കൂടി വര്‍ധിച്ചു വരുന്നു… ത്രേതായുഗത്തില്‍ എന്നെ കണ്ട കാര്യം കൃത്യമായി ഓര്‍മയുണ്ടെങ്കിലും ബീഫ് തിന്നരുത് എന്ന് ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞതെന്ന സാക്കയുടെ ചോദ്യത്തിന് അദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല…

ആ ജഡ്ജിയെ ഞാന്‍ നേരിട്ട് 'അനുഭവിച്ചി'ട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ സിഎന്‍എന്‍-ഐബിഎന്നില്‍ സാക്ക ജേക്കബുമായി സംസാരിക്കുന്നത്…

Posted by Rasheedudheen Alpatta on Donnerstag, 1. Juni 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍