TopTop

മോദിജി, വികസനവും സദ്‌ഭരണവുമാണ് കാരണമെങ്കില്‍ കഴിഞ്ഞ തവണത്തെ സീറ്റ് പോലും എന്തേ കിട്ടിയില്ല?

മോദിജി, വികസനവും സദ്‌ഭരണവുമാണ് കാരണമെങ്കില്‍ കഴിഞ്ഞ തവണത്തെ സീറ്റ് പോലും എന്തേ കിട്ടിയില്ല?
ഇന്നലെ ഗുജറാത്തിലെയും ഹിമാചല്‍ പ്രാദേശിലെയും തിരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് വികസനത്തിനും സദ്ഭരണത്തിനും ലഭിച്ച ജനവിധി എന്നായിരുന്നു. അമിത്ഷാ മുതല്‍ കുമ്മനം രാജശേഖരന്‍ വരെ അത് ഏറ്റു പാടി. ഇരു സംസ്ഥാനങ്ങളിലും ബിജെപി വിജയിച്ചുവെന്നത് ശരി തന്നെ. വര്‍ഷങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്ന ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച, കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഹിമാചലില്‍ അട്ടിമറി വിജയം. എന്ത് തന്നെയായാലും വിജയം വിജയം തന്നെയാണ്.

എന്നുവെച്ച് മോദിയും ബിജെപിയും അവകാശപ്പെടുന്ന പോലെ ഗുജറാത്തിലെ ജനങ്ങള്‍ വികസനത്തിനും സദ്ഭരണത്തിനും വിധിയെഴുതിയെന്നു കരുതാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഹിമാചലില്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് ബിജെപി അട്ടിമറിച്ചത് എന്നത് വാസ്തവം. പക്ഷെ കോണ്‍ഗ്രസിനെയും ബിജെപിയെയും മാറിമാറി പരീക്ഷിക്കുന്ന ഹിമാചലില്‍ ഇത്തവണ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബിജെപി അധികാരത്തില്‍ എത്തിയെന്നത് അത്ര വലിയ കാര്യമായി കാണേണ്ടതുണ്ടെന്നു തോന്നുന്നില്ല. അഴിമതി വീരന്‍ എന്ന് മുദ്രകുത്തപ്പെട്ട വീരഭദ്രസിംഗ് നാലായിരത്തി ചില്ലറ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോഴും ബിജെപിയുടെ അവിടുത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടു എന്നതും കാണാതെ പോകരുത്.

http://www.azhimukham.com/edit-election-commission-and-evm-should-not-loose-hope-in-democracry/

ഇനിയിപ്പോള്‍ ഗുജറാത്തിലേക്കു വന്നാല്‍ അവിടെ വോട്ടെണ്ണല്‍ ആരംഭിച്ച് അധികം കഴിയുന്നതിനു മുന്‍പ് ശ്വാസമിടിപ്പു ഏതാണ്ട് പാതി നിലച്ചുപോയിരുന്നു ബിജെപി ക്യാംപില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുടെ ശ്വാസം നേരെയാകാന്‍ കുറച്ചു നേരമെടുത്തു. അതാവട്ടെ ബിജെപി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം തൊണ്ണൂറു കടന്നതിനു ശേഷമായിരുന്നു. ഒടുവില്‍ ഫലം പൂര്‍ണമായി വന്നപ്പോഴും നൂറു കടക്കാനാവാതെ 99 ല്‍ അവസാനിച്ചു ബിജെപി യുടെ കുതിപ്പ്. മോദിയും അമിത്ഷായുമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു 150 സീറ്റ് പ്രവചിച്ചിരുന്നിടത്താണ് ഞെങ്ങി ഞെരുങ്ങി 99 വരെയെങ്കിലും എത്തിയത്. അപ്പോഴും കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 16 സീറ്റിന്റെ കുറവ്.

http://www.azhimukham.com/india-mevani-in-hardik-out-bjp-will-drink-a-lot-of-water/

150 സീറ്റ് കണക്കുകൂട്ടിയിടത്ത് അത്രതന്നെ കിട്ടണമെന്നില്ല. എങ്കിലും മോദി അവകാശപ്പെടുന്നതുപോലെ വികസനത്തിനും സദ്ഭരണത്തിനുമാണ് ഗുജറാത്തിലെ ജനം വോട്ടു ചെയ്തതെങ്കില്‍ ചുരുങ്ങിയ പക്ഷം കഴിഞ്ഞ തവണത്തെ സീറ്റെങ്കിലും കിട്ടേണ്ടതായിരുന്നില്ലേ? ഭരിക്കാന്‍ വേണ്ടതിനേക്കാള്‍ കേവലം ആറ് സീറ്റിന്റെ ബലത്തില്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന്റെ യുക്തി മനസിലാവുന്നില്ല. ഗ്രാമീണ മേഖല മാത്രമല്ല ഇടത്തരം വ്യാപാര മേഖലകളായ കച്ചും സൗരാഷ്ട്രയുമൊക്കെ ബിജെപിയെ കൈയൊഴിഞ്ഞു. എന്തിനേറെ മോദിയുടെ ജന്മനാടായ ഉഞ്ച ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ പോലും ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടു. കഴിഞ്ഞ തവണ വെറും 61 സീറ്റുണ്ടായിരുന്നിടത്തു നിന്ന് കോണ്‍ഗ്രസ് മുന്നണി 80 സീറ്റിലേക്ക് ഉയര്‍ന്നു.

http://www.azhimukham.com/india-gujarat-election-result-narrow-lead-only-in-13-of-the-seat/

പ്രിയ മോദിജി, ഹാര്‍ദിക്കും അല്‍പേഷും മേവാനിയുമൊക്കെ രാഹുലിനൊപ്പം ചേര്‍ന്ന് ബിജെപി ഭരണത്തിനെതിരെ ജനവികാരം ഇളക്കിവിടുന്നത് ഭയന്നു തന്നെയല്ലേ ഏതാണ്ട് മുഴുവന്‍ സമയം എന്നതുപോലെ തന്നെ താങ്കള്‍ ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്? തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒരിക്കല്‍ പോലും വികസനം എന്ന വാക്ക് ഉപയോഗിക്കാതിരുന്ന താങ്കള്‍ ഫലം വന്നതിനു ശേഷം എന്തിനാണ് വികസനത്തെക്കുറിച്ചും സദ് ഭരണത്തെക്കുറിച്ചും വീമ്പു പറയുന്നത്? എന്തായാലും ഈ തിരഞ്ഞെടുപ്പ് വേളയില്‍ പയ്യന്മാര്‍ കൊളുത്തിയ പ്രതിഷേധ ജ്വാല അത്ര എളുപ്പത്തില്‍ അണയുമെന്നു പ്രതീക്ഷിക്കേണ്ട. താങ്കള്‍ ഇപ്പോള്‍ വികസനത്തെക്കുറിച്ചും സദ് ഭരണത്തെക്കുറിച്ചുമൊക്കെ വീമ്പു പറയുന്ന താങ്കളുടെ ജന്മനാടായ ഗുജറാത്തിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെയും ഉച്ചനീചത്വങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ദലിതരുടെയും ആത്മഹത്യയിലേക്ക് തള്ളിവിടപ്പെടുന്ന കര്‍ഷകരുടെയും നോട്ടു നിരോധനവും ജി എസ് ടിയും കൊണ്ട് വലഞ്ഞുപോയ കച്ചടവടക്കാരുടെയും സാധാരണക്കാരുടേയുമൊക്കെ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വരും ദിനങ്ങളില്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും ഓര്‍ത്താല്‍ നല്ലത്.

http://www.azhimukham.com/india-saurashtra-bjp-gujaratelection/

http://www.azhimukham.com/india-gujarat-election-reflects-the-feeling-of-rural-people/

http://www.azhimukham.com/trending-after-victory-in-gujarat-bjps-war-against-minorities-likely-to-gain-momentum/

http://www.azhimukham.com/trending-who-fielded-muslim-independent-candidate-in-godhra-sanjivbhatt/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories