TopTop
Begin typing your search above and press return to search.

പി ജയരാജനെ ഭയക്കുന്ന അഴിമതിയുടെ 'രക്തതാരകങ്ങള്‍'

പി ജയരാജനെ ഭയക്കുന്ന അഴിമതിയുടെ രക്തതാരകങ്ങള്‍

നേതാവല്ല പ്രസ്ഥാനമാണ് വലുത് എന്നതാണ് കമ്മ്യൂണിസ്റ്റ് പൊതു തത്വം. ഈ തത്വം ലംഘിക്കുന്നയാള്‍ എത്ര ഉന്നത നേതാവ് തന്നെയായാലും നടപടിക്ക് വിധേയമാക്കപ്പെടും എന്നതാണ് കമ്മ്യൂണിസ്റ്റ് ചരിത്രം. സി പി എമ്മിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ താത്വിക ആചാര്യന്‍ ആയിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടുപോലും അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്. എം വി രാഘവനും കെ ആര്‍ ഗൗരിയമ്മയുമൊക്കെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനുമൊക്കെ പി ബി യില്‍ നിന്നും തരം താഴ്ത്തപ്പെട്ടിട്ടുണ്ട്. ഇ എമ്മിന് ശേഷം പാര്‍ട്ടിയുടെ ധൈഷണിക മേഖലയില്‍ തിളങ്ങി നിന്നിരുന്ന പി ഗോവിന്ദപിള്ളയെ തരം താഴ്ത്തിയത് ഒരു സാധാ ബ്രാഞ്ച് കമ്മിറ്റിയിലേക്കായിരുന്നു. പാര്‍ട്ടിയെ പിടിമുറുക്കിയ വിഭാഗീയതയുടെ ഭാഗമായിരുന്നു അവസാനം പറഞ്ഞ മൂന്നു തരം താഴ്ത്തലുകളെങ്കിലും മുന്‍പ് സൂചിപ്പിച്ച നടപടികള്‍ക്കു പിന്നില്‍ വിഭാഗീയതയോളം പോന്ന അധികാര വടംവലി പ്രകടമായിരുന്നു.

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പാര്‍ട്ടി സംസ്ഥാന സമിതി താക്കീത് ചെയ്ത സംഭവമാണ് കേരളത്തില്‍ സി പി എം നേതൃത്വം കൈകൊണ്ട ഏറ്റവും ഒടുവിലത്തെ അച്ചടക്ക നടപടി. ജയരാജന്‍ പാര്‍ട്ടിയേക്കാള്‍ വളരാന്‍ ശ്രമിക്കുന്നു അല്ലെങ്കില്‍ തന്നെ പാര്‍ട്ടിക്കും മീതെ പ്രതിഷ്ഠിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ജയരാജന്‍ നിന്ന് കൊടുത്തു എന്നതാണ് ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നുവന്ന ആക്ഷേപം. ജയരാജനെ കണ്ണൂരിന്റെ രക്തതാരമായി വാഴ്ത്തുന്ന സംഗീത ആല്‍ബവും ജയരാജനെ പ്രകീര്‍ത്തിക്കുന്ന ഡോക്യൂമെന്ററിയുമൊക്കെയാണ് ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ ആക്ഷേപം ഉന്നയിച്ചവര്‍ നിരത്തിയ തെളിവുകള്‍. എന്നാല്‍ ആല്‍ബവും ഡോക്യൂമെന്ററിയുമൊന്നും താന്‍ മുന്‍കൈ എടുത്തു നിര്‍മിച്ചവയല്ലെന്ന മറുവാദമാണ് ജയരാജന്‍ കമ്മിറ്റിയില്‍ ഉന്നയിച്ചതത്രെ. സത്യം എന്ത് തന്നെയായാലും തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് ശിക്ഷിക്കാനും അധികാരം ഉണ്ടെന്നു ജയരാജന്‍ ഇന്നലെ വ്യക്തമാക്കി. അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കടമ ജയരാജനും നിര്‍വഹിച്ചു എന്ന് സാരം. ഇതോടെ ജയരാജന്‍ പ്രശ്നം അവസാനിച്ചു എന്ന് കരുതുന്നവര്‍ ധാരാളം ഉണ്ടാവാം, പാര്‍ട്ടിയിലും പുറത്തും. അങ്ങിനെ സംഭവിക്കുന്നുവെങ്കില്‍ പാര്‍ട്ടിക്കും ജയരാജനും അത്രയും നന്ന്.

http://www.azhimukham.com/opinion-will-jayarajan-get-berth-in-council-of-ministry/

എന്നാല്‍ ഈ വിഷയം അത്ര ലാഘവ ബുദ്ധിയോടെ സമീപിക്കേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും കണ്ണൂരിലെ പാര്‍ട്ടിയുടെയും അതിന്റെ പോഷക സംഘടനകളിലെയും പ്രവര്‍ത്തകര്‍ക്കിടയില്‍ ജയരാജനുള്ള സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍, പാര്‍ട്ടി സമ്മേളങ്ങള്‍ നടക്കുന്ന ഈ വേളയില്‍ ജയരാജനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും തുടര്‍നടപടിയും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം അത്ര ചെറുതൊന്നും ആകാന്‍ ഇടയില്ല. അച്ചടക്കത്തിന്റെ ചാട്ട നേതാക്കള്‍ക്ക് ബാധകമാവുമ്പോഴും അണികള്‍ അതിനെ എത്ര കണ്ടു ഭയക്കും എന്ന ശങ്ക തന്നെയാണ് നടപടി വെറും തിരുത്തലില്‍ മാത്രമായി ഒതുക്കാന്‍ നേതൃത്വം തീരുമാനിച്ചതും എന്ന കാര്യത്തിലും തര്‍ക്കം വേണ്ട.

ഇതൊക്കെ പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഈ വേളയില്‍ ജയരാജനെതിരെ ആക്ഷേപം ഉയര്‍ന്നതും അത് അച്ചടക്ക നടപടിയിലേക്കു നീണ്ടതും ശ്രദ്ധേയമാകുന്നത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന കണ്ണൂരിലാണ് സി പി എമ്മിന് ഏറ്റവും ശക്തമായ സംഘടനാ സംവിധാനം ഉള്ളത് എന്നത് ആരും തര്‍ക്കിക്കാന്‍ ഇടയില്ലാത്ത വസ്തുതയാണ്. ആ സംവിധാനത്തിന്റെ ജില്ലയിലെ അമരക്കാരനാണ് നിലവില്‍ പി ജയരാജന്‍. ജയരാജന്‍ ജില്ലാ സെക്രട്ടറി ആയതിനു ശേഷം ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റ് ഓ കെ വാസു അടക്കമുള്ളവര്‍ സി പി എമ്മില്‍ ചേര്‍ന്നത് സംഘപരിവാറിന് ജില്ലയില്‍, പ്രത്യേകിച്ചും പാനൂര്‍ മേഖലയില്‍ ഉണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നുമല്ല. അതുകൊണ്ടു തന്നെ സംഘപരിവാര്‍ ഏറ്റവുമധികം വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന ഒരാള്‍ കൂടിയാണ് പി ജയരാജന്‍ എന്നതും ഒരു വസ്തുത തന്നെ. കേരളം പിടിക്കാന്‍ ലക്ഷ്യമിടുന്ന മോദി - അമിത് ഷാ കൂട്ടുകെട്ട് പ്രധാന ടാര്‍ഗറ്റ് ആയി പ്രഖ്യാപിച്ചിട്ടുള്ളതും കണ്ണൂര്‍ ജില്ലാ തന്നെ. ഇതിന്റെ തെളിവായിരുന്നു അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്ത കുമ്മനം രാജശേഖരന്‍ നയിച്ച 'ജനരക്ഷാ യാത്ര' കണ്ണൂര്‍ ജില്ലക്കുവേണ്ടി മാത്രം നാല് ദിവസം നീക്കി വെച്ചത്.

സംഘ പരിവാറിനെ പ്രതിരോധിക്കുന്നതിനൊപ്പം രോഗികളെയും വൃദ്ധരെയും പരിപാലിക്കുക എന്ന ലക്ഷ്യത്തോടെ ജയരാജന്‍ മുന്‍കൈ എടുത്തു തുടങ്ങിയ പാലിയേറ്റിവ് കെയര്‍ പദ്ധതി ജില്ലയില്‍ നല്ല രീതിയില്‍ തന്നെ വളരെ ജനകീയമായി മുന്നോട്ടു പോകുന്നുണ്ട്. ജയരാജന്‍ സംഘപരിവാറും ഇതര രാഷ്ട്രീയ ശത്രുക്കളും ചാര്‍ത്തി നല്‍കിയിട്ടുള്ള 'കൊലയാളി' പരിവേഷത്തിനും അപ്പുറമാണ് ജനകീയവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജയരാജന്‍ നേടിയെടുത്തിട്ടുള്ള ഇമേജ്. ഇതിനെ പാര്‍ട്ടിയിലെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് തന്നെയുള്ള ചില നേതാക്കള്‍ വല്ലാതെ ഭയക്കുന്നുണ്ട്. ജയരാജന്‍ വീണ്ടും ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നത് തങ്ങളുടെ രാഷ്ട്രീയ ഭാവിക്കു മാത്രമല്ല സ്വത്തു സമ്പാദന ശ്രമങ്ങള്‍ക്കും കനത്ത വെല്ലുവിളി ആകുമെന്ന അത്തരക്കാരുടെ ഭയം തന്നെയാണ് ജയരാജനെതിരെ ഉയര്‍ന്നു വന്ന ആക്ഷേപത്തിന് പിന്നില്‍ എന്ന് കരുതുന്നവരാണ് കണ്ണൂര്‍ സി പി എമ്മില്‍ ഭൂരിഭാഗവും.

http://www.azhimukham.com/mv-nikesh-kumar-visit-p-jayaranja-vadagara-tv-rajesh-binoy-kurian/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories