UPDATES

ട്രെന്‍ഡിങ്ങ്

‘ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി. നിങ്ങൾ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കി’ : മോഡി സർക്കാരിനെതിരെ കനയ്യ കുമാർ

വിയോജിപ്പ് എന്നത് ജനാധിപത്യത്തിന്റെ സേഫ്റ്റി വാൽവ് ആണ്. സേഫ്റ്റി വാൽവ് ഇല്ലെങ്കിൽ പ്രെഷർ കുക്കർ പൊട്ടിത്തെറിക്കുമെന്ന്

സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും മാവോയിസ്‌റ്റെന്ന് മുദ്രകുത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റും, എ ഐ വൈ എഫ് നേതാവുമായ കനയ്യകുമാര്‍.

‘ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കി.’ കനയ്യ കുമാർ തന്റെ ട്വിറ്ററിൽ കുറിച്ചു.. ‘ഭരണഘടനയെ കത്തിക്കുന്നവരാണ് ദേശസ്‌നേഹികള്‍, ഭരണഘടനയുടെ രക്ഷകരായി നില്‍ക്കുന്നവര്‍ ദേശവിരുദ്ധരും അല്ലേ,? കലാപമുണ്ടാക്കുന്നവര്‍ ദേശസ്‌നേഹികളും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ നക്‌സലുകളും?’ എന്നും കനയ്യകുമാര്‍ ചോദിച്ചു.

മഹാരാഷ്ട്രയിലെ ഭീമ കോറിഗാവ് സംഘര്‍ഷത്തിന് പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് 5 സാമൂഹ്യ പ്രവർത്തകർക്കെതിരെ പൂനെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട് വരുകയായിരുന്നുവെന്നും 35 കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായുമെല്ലാം പൊലീസ് ആരോപിക്കുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൂനെ പൊലീസിന്റെ നടപടി. പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നും പറഞ്ഞായിരുന്നു പൊലീസ് നടപടി.

ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചരിത്രകാരി റോമിലാ ഥാപ്പര്‍, ഇടതുചിന്തകനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ ആറുവരെ അറസ്റ്റിലായവരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിയോജിപ്പ് എന്നത് ജനാധിപത്യത്തിന്റെ സേഫ്റ്റി വാൽവ് ആണ്. സേഫ്റ്റി വാൽവ് ഇല്ലെങ്കിൽ പ്രെഷർ കുക്കർ പൊട്ടിത്തെറിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജി പരിഗണിക്കവെ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍